Wednesday, 30 January 2019

ഉടല്‍ കറുപ്പിന്റെ രാഷ്ട്രീയ കാഴ്ചകള്‍

ഡോ. രശ്മി ജി

സോഷ്യല്‍ ഡ്രാമയെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി രൂപപ്പെട്ട മലയാള സിനിമ അതിന്റെ വളര്‍ച്ചാവഴിയില്‍ വ്യത്യസ്ത ജനുസുകളിലേയ്ക്കു സഞ്ചരിക്കുകയുണ്ടായി. ഫാമിലി ഡ്രാമ മുതല്‍ സ്ലാപ്സ്റ്റിക് കോമഡി ചിത്രങ്ങള്‍ വരെയും ഇത്തരത്തില്‍ പ്രേക്ഷകനെ തേടിയെത്തി. വിപണി വിജയം ലക്ഷ്യമിട്ടു നിര്‍മ്മിക്കപ്പെടുന്ന കമ്പോള ചിത്രങ്ങള്‍ പ്രേക്ഷകന്റെ യുക്തി ബോധങ്ങളെ അലോസരപ്പെടുത്താതെ കൃത്യമായ നായാന്യായങ്ങള്‍ നിരത്തി 'കഥപറച്ചിലിനൊപ്പം' അവനെ അയത്‌നലളിതമായി സഞ്ചരിക്കുവാന്‍ പ്രേരിപ്പിച്ചിരുന്നു. അതേസമയം  കലാചിത്രങ്ങളാകട്ടെ (സമാന്തര സിനിമകള്‍) പ്രേക്ഷകന്റെ ബൗദ്ധികമണ്ഡലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും പൊതുസമൂഹത്തിനു മുമ്പില്‍ പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. വ്യത്യസ്ത ധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന ഇത്തരം ചലച്ചിത്രങ്ങളില്‍ ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നത് കമ്പോള ചലച്ചിത്രങ്ങള്‍ക്കായിരുന്നു. കമ്പോള ചലച്ചിത്രങ്ങളുടെ ആധിപത്യങ്ങള്‍ക്കിടയില്‍ കലയുടെ സാമൂഹ്യ പ്രതിബദ്ധതയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം. കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ ട്രാന്‍സ്ജന്ററിന്റെ ജീവിതം പറയുന്ന സിനിമയെന്ന നിലയില്‍ ചരിത്രപരമായ പ്രാധാന്യം നേടിയ ചിത്രം കൂടിയാണിത്.

ഉടലിന്റെ വിഹ്വലതകള്‍
പണിയ വിഭാഗത്തില്‍പ്പെട്ട ഗുളികന്റെ ഉടലിന്റെ വിഹ്വലതകളാണ് ഉടലാഴമെന്ന ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. ഗര്‍ഭപാത്രമുള്ള പുരുഷന്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദിവാസി ട്രാന്‍സ്ജന്ററിന്റെ ജീവിതമെഴുതിയ ഉണ്ണികൃഷ്ണന്‍ ആവള അത്തരമൊരു പശ്ചാത്തലത്തില്‍ നിന്നാണ് ഗുളികന്റെ മാതൃകയെ സൃഷ്ടിച്ചെടുത്തത്. രാജുവെന്ന ആദിവാസിയുടെ ജീവിതത്തിന്റെ അനുകരണമല്ല ഉടലാഴമെങ്കിലും ഗുളികനില്‍ രാജുവിന്റെ അനുഭവങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുന്നതാണ്. പതിനാലാം വയസ്സില്‍ കുലാചാര പ്രകാരം മാതയെ വിവാഹം കഴിച്ചതു മുതല്‍ വീര്‍പ്പുമുട്ടലോടെ കഴിയുന്ന ഗുളികന്റെ പലായനങ്ങളാണ് ഉടലാഴത്തിലുള്ളത്. ബാഹ്യരൂപത്തില്‍ ആണായിരിക്കുമ്പോഴും ആന്തരികമായി സ്‌ത്രൈണ സ്വത്വത്തെ ഉടലില്‍ വഹിക്കേണ്ടിവരുന്ന ഗുളികന്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ തനിക്കൊരു ദാമ്പത്യജീവിതം സാധ്യമല്ലെന്നു തിരിച്ചറിയുകയും മാതയുടെ ലൈംഗിക തൃഷ്ണകള്‍ക്കു മുമ്പിലും പ്രത്യുല്പാദനമെന്ന ആവശ്യകതയ്ക്കു മുമ്പിലും പരാജയപ്പെടുന്നു. ആണ്‍ പെണ്‍ ദ്വന്ദ്വ ഭാവനകള്‍ക്കും പാരമ്പര്യശീലങ്ങള്‍ക്കും പൊതുബോധങ്ങള്‍ക്കുമപ്പുറത്ത് ട്രാന്‍സ്ജന്റര്‍ (ട്രാന്‍സ്‌മെന്‍/ട്രാന്‍സ് വുമണ്‍/ട്രാന്‍സ് സെക്ഷ്വല്‍സ്/ബൈ സെക്ഷ്വല്‍സ്/ഇന്റര്‍ സെക്ഷ്വല്‍സ് അടക്കമുള്ള അനവധി വിഭാഗങ്ങള്‍) എന്ന വ്യക്തിത്വം കൂടിയുണ്ടെന്ന് പൊതുസമൂഹം ചെറിയ തോതില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാന്‍സ്ജന്ററായ ഗുളികന്റെ അതീവ സങ്കീര്‍ണ്ണാവസ്ഥകളെ തിരിച്ചറിയാത്ത പ്രദേശവാസികള്‍ ലൈംഗികാതിക്രമങ്ങളിലൂടെ ചൂഷണം ചെയ്തുകൊണ്ട് ആണത്തത്തിന്റെ അല്പത്തരങ്ങള്‍ പ്രകടമാക്കുന്നു. കാട്ടില്‍ നിന്നും നഗരത്തിന്റെ തിരക്കുകളിലൂടെ സഞ്ചരിച്ചെത്തുന്ന ഗുളികന്‍ രമേശന്റെ മില്ലില്‍ സുരക്ഷിതമായ തൊഴിലിടവും തന്റെ സ്വത്വത്തെ തിരിച്ചറിയുന്ന പ്രണയിയെയും കണ്ടെത്തുന്നു. ഭിന്നവര്‍ഗ്ഗ ലൈംഗികതയില്‍നിന്നും വ്യതിരിക്തമായ, വ്യത്യസ്ത ലൈംഗികാഭിരുചികളില്‍ അസ്വസ്ഥരാകുന്ന യാഥാസ്ഥിതികവാദികളുടെ സദാചാര ഗുണ്ടാ ആക്രമണത്തിനിരയാകുന്ന ഗുളികന്‍ പലായനം ചെയ്യുവാനും ശവങ്ങള്‍ സംസ്‌കരിക്കുന്ന ഇടത്ത് തൊഴില്‍ തേടിയെത്തുവാനും നിര്‍ബന്ധിതനാകുന്നു. എല്ലായിടങ്ങളില്‍നിന്നും പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഗുളികന്‍ കാട്ടില്‍ തിരിച്ചെത്തി മനുഷ്യക്കെണിയില്‍ വീഴുന്നതോടുകൂടി അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങുന്നു.

കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ ട്രാന്‍സ്ജന്ററിന്റെ ജീവിതം ആവിഷ്‌ക്കരിച്ച, ഉടലാഴത്തില്‍ കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ ഹീറോയായ മണിയാണ് കേന്ദ്രകഥാപാത്രമായത്. രഞ്ജന്‍ പ്രമോദിന്റെ ഫോട്ടോഗ്രാഫറിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡു നേടിയ മണിയുടെ തിരിച്ചുവരവാണ് ഉടലാഴം സാധ്യമാക്കിയത്. എന്തുകൊണ്ട് ഇത്രയും കാലമെടുത്തു എന്ന ചോദ്യത്തിനുള്ള ഉത്തരം മണിയില്‍ നിന്നു ലഭ്യമാണ്. ''ഉണ്ണിയേട്ടന്റെ നിരന്തരമായ നിര്‍ബന്ധങ്ങളിലൂടെയാണ് ഞാന്‍ ഉടലാഴത്തിലെത്തുന്നത്. കര്‍ണ്ണാടകത്തില്‍ ഇഞ്ചിത്തോട്ടത്തില്‍ പണിക്കു നിന്നിരുന്ന എന്നെ സിനിമയില്‍ എത്തിച്ചതിനു പിന്നില്‍ ഭാര്യ പവിഴത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബ്ബന്ധങ്ങളും പിന്തുണകളുമുണ്ടായിരുന്നു. 2006 ലെ ഫോട്ടോഗ്രാഫറിനു ശേഷം പല സിനിമകളിലും അവസരങ്ങള്‍ തേടിയെങ്കിലും വഞ്ചിക്കപ്പെട്ടതിനാലാണ് ഞാന്‍ സിനിമ ഉപേക്ഷിച്ച് പണിക്കിറങ്ങുന്നത്. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഞാന്‍ വീണ്ടും മലയാള സിനിമയിലെത്തുന്നത്. എന്റെ കുലത്തിന്റെ (ഗോത്രത്തിന്റെ) സാമൂഹ്യജീവിതത്തെ ആഴത്തില്‍ ഉടലാഴം അവതരിപ്പിക്കുന്നുണ്ട്. ഉടലാഴത്തിനുശേഷം മമ്മുക്കയുടെ അങ്കിളില്‍ മൂന്ന് സീനില്‍ അഭിനയിക്കുവാനുള്ള അവസരം ലഭിച്ചു. സിനിമയെ അത്രമേല്‍ സ്‌നേഹിക്കുന്ന എനിക്ക് സിനിമയില്‍ തുടരണമെന്ന അതിതീവ്രമായ ആഗ്രഹമാണ്.'' മണിയെപ്പോലെയൊരു കറുത്ത ഉടലിന് ചലച്ചിത്രമേഖലയില്‍ എത്രത്തോളം പിടിച്ചുനില്ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ യാതൊരുവിധ ഉറപ്പുമില്ല. സ്ത്രീ ദളിത് ആദിവാസി ട്രാന്‍സ് വിരുദ്ധതകളാല്‍ ജനപ്രിയ കാഴ്ചകള്‍ സൃഷ്ടിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് മണിയെപ്പോലുള്ളവരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കലാഭവന്‍മണി മുതല്‍ വിനായകനും ചെമ്പന്‍ വിനോദ് ജോസും വരെ സ്ഥിരം വാര്‍പ്പുമാതൃകകളില്‍ പ്രതിഷ്ഠിക്കപ്പെട്ടതും ജാതീയമായ, വംശീയമായ അധിക്ഷേപങ്ങള്‍ സൃഷ്ടിക്കുന്ന അളിഞ്ഞ ഹാസ്യങ്ങളില്‍ നിറഞ്ഞാടേണ്ടിവന്നതും അവരുടെ കറുത്ത ഉടലിനെ കേന്ദ്രീകരിച്ചുള്ള പൊതുബോധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.

ക്വീയര്‍ ദളിത് രാഷ്ട്രീയം
ജാതി സാമൂഹ്യനിലകളില്‍ പിന്നാക്കമായിപ്പോയ ജനവിഭാഗങ്ങളുടെ ചരിത്രപരമായ അതിജീവനങ്ങളെയാണ് ദളിത് രാഷ്ട്രീയം കുറിക്കുന്നതെങ്കില്‍ പൊതു ഇടങ്ങളില്‍ നിന്നും തിരസ്കൃതരായ ലൈംഗിക/ജന്റര്‍ ന്യൂനപക്ഷങ്ങളുടെ പ്രതിരോധങ്ങളെയും അതിജീവനങ്ങളെയും ക്വീയര്‍ രാഷ്ട്രീയം അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്ക്കുന്നുവെന്നു ധ്വനിപ്പിക്കുമ്പോഴും അടിസ്ഥാനപരമായി പാര്‍ശ്വവല്‍കൃതര്‍ എന്ന പൊതുഭൂമികയില്‍ ദളിത് രാഷ്ട്രീയവും ക്വീയര്‍ രാഷ്ട്രീയവും ഒത്തുചേരുന്നു. തൊഴില്‍, സാമൂഹ്യനില, സാമ്പത്തികം എന്നിവയുടെ അടിസ്ഥാനത്തില്‍ താഴേക്കിടയിലായിപ്പോയവരാണ് ദളിതരെങ്കില്‍ ലൈംഗികതയിലും ജന്ററിലും പിന്നാക്കം പോയവരാണ് ക്വീയര്‍ ഗ്രൂപ്പിനുള്ളിലുള്ളത്. മതം, ജാതീയത, ലിംഗപദവി, ലൈംഗികത, ലിംഗസ്വത്വം എന്നിവയെല്ലാംകൂടി ചേര്‍ന്നാണ് ക്വീയര്‍  ദളിതുകളുടെ ജീവിതത്തെ പ്രശ്‌നവല്ക്കരിക്കുന്നത്. ദളിത് ജനസമൂഹത്തിനുള്ളില്‍ ക്വീയറും ക്വീയറിനുള്ളിലെ ദളിതരുമായ വ്യക്തികളില്‍ ചിലരാണ് വിജയരാജമല്ലിക, ചിഞ്ചു അശ്വതി, രമ്യ തുടങ്ങിയവര്‍. കേരളത്തിലെ ട്രാന്‍സ്ജന്റര്‍ കവിയെന്ന വിശേഷണം നേടിയെടുത്ത വിജയരാജമല്ലികയുടെ ജീവിതം സാഹസികതകള്‍ നിറഞ്ഞതായിരുന്നു. ആണ്‍കുട്ടിയായി ജനിക്കുകയും ഉള്ളില്‍ പെണ്ണായി ജീവിക്കുകയും ചെയ്യേണ്ടിവന്ന വിജയരാജമല്ലിക ശാരീരിക മാനസിക സംഘര്‍ഷങ്ങളിലൂടെ നിരവധി വര്‍ഷങ്ങള്‍ സഞ്ചരിച്ച് ഒടുവില്‍ ട്രാന്‍സ്ജന്ററായി സ്വത്വം പ്രഖ്യാപിക്കുകയും ചെയ്തു. 

അങ്കമാലി സ്വദേശിയായ ചിഞ്ചു അശ്വതി എല്‍ ജി ബി റ്റി ക്യു ഐ യിലെ 'ഐ' യെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ആണ്‍ പെണ്‍ ശാരീരിക അവസ്ഥകളെ, ബോധങ്ങളെ മാറിമാറി ഉടലില്‍ വഹിക്കുന്ന ചിഞ്ചു ഇന്റര്‍ സെക്ഷ്വല്‍ എന്ന അപൂര്‍വ്വ വ്യക്തിത്വമാണ്. സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ കള്ളികള്‍ സൃഷ്ടിച്ച് അധികാരകേന്ദ്രിതമായ പദവികള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്ന സമൂഹത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ആത്യന്തികമായി തീര്‍പ്പുകല്പിക്കുവാന്‍ കഴിയാത്ത വിഭാഗങ്ങളെക്കുറിക്കുന്നതാണ് ഇന്റര്‍സെക്‌സ് എന്ന പദം. ഉഭയലൈംഗികര്‍ എന്നു പുരാണങ്ങളിലും പ്രാചീന കാലത്തും പറഞ്ഞു കേട്ടിരുന്ന വിഭാഗങ്ങളാണ് ബൈസെക്ഷ്വല്‍സും ഇന്റര്‍സെക്ഷ്വല്‍സും. ജീവശാസ്ത്രപരമായി ഇരുവരും വ്യത്യസ്തരായിക്കുമ്പോള്‍ തന്നെ ഭിന്നവര്‍ഗ്ഗലൈംഗികതയിലും സ്വവര്‍ഗ്ഗലൈംഗികതയിലും ഇടപെടുവാന്‍, ഭാഗമാക്കുവാന്‍ ബൈസെക്ഷ്വല്‍സിനും ഇന്റര്‍സെക്ഷ്വല്‍സിനും കഴിയുന്നുണ്ട്. ബൈസെക്ഷ്വല്‍സിനെ അപേക്ഷിച്ച് സങ്കീര്‍ണ്ണമായ ശാരീരികജീവിതാവസ്ഥകളാണ് ഇന്റര്‍സെക്ഷ്വലുകള്‍ക്കുള്ളത്.ക്വീയര്‍ ദളിതിലുള്‍പ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു തീക്കടി കോളനി വാസിയായിരുന്ന രാജുവും. ചിഞ്ചു അശ്വതിയെപ്പോലെ ഇന്റര്‍സെക്‌സ് വിഭാഗത്തിലുള്‍പ്പെടുന്ന രാജു. ഒട്ടനവധി പ്രതിസന്ധികളിലൂടെ ജീവിച്ചു മരിക്കേണ്ടിവന്ന വ്യക്തികൂടിയാണ്. രാജുവിന്റെയും അറിയപ്പെടാത്ത അനവധി ക്വീയര്‍ ദളിതുകളുടെയും സംഘര്‍ഷ ജീവിതങ്ങളെ ഉടലാഴത്തില്‍ കണ്ടെത്താവുന്നതാണ്. 

വെള്ളിത്തിരയില്‍ ക്വീയര്‍ ദളിത് ജീവിതങ്ങളെ ആവിഷ്‌ക്കരിച്ച മറ്റു ചിത്രങ്ങളാണ് ജയന്‍ചെറിയാന്റെ കാബോഡി സ്‌പേസ്, മുഹമ്മദ്റാസിയുടെ വെളുത്തരാത്രികള്‍ തുടങ്ങിയവ. പുരുഷ സ്വവര്‍ഗ്ഗ പ്രണയത്തിന്റെ രാഷ്ട്രീയ ഭാഷ്യം എന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ട കാബോഡി സ്‌കേപ്‌സില്‍ ഉടല്‍ കറുത്ത, സംഘ് പരിവാറുകാരനായ വിഷ്ണുവും വെളുത്ത ഉടല്‍രൂപമുള്ള ഹാരിസും തമ്മിലുള്ള സ്വവര്‍ഗ്ഗ പ്രണയ - പ്രണയാനന്തര സംഘര്‍ഷങ്ങളാണുള്ളത്. മുഹമ്മദ്‌റാസിയുടെ വെളുത്ത രാത്രികളാകട്ടേ ജാത്യാധികാര ഘടനയില്‍  താഴേക്കിടയിലായിപ്പോയ ദളിത് ആദിവാസികള്‍ക്കിടയിലെ സ്ത്രീ സ്വവര്‍ഗ്ഗ പ്രണയത്തിന്റെ കാഴ്ചകളെയാണ് അവതരിപ്പിച്ചത്. ഇരു ചിത്രങ്ങളില്‍ നിന്നും ഉടലാഴം വ്യത്യസ്തമാകുന്നത് ട്രാന്‍സ്ജന്റര്‍ എന്ന നിലയിലും ആദിവാസി എന്ന നിലയിലും ഒരു വ്യക്തി നേരിടേണ്ടിവരുന്ന ദ്വിമുഖമായ പ്രതിസന്ധികളെ ആവിഷ്‌കരിക്കുന്നു എന്നതിനാലാണ്. കാട്ടിലും നാട്ടിലും സ്വന്തമായൊരിടമില്ലാതെ നാഗരിക മനുഷ്യന്റെ ആക്രമണങ്ങള്‍ക്കു വിധേയമാകേണ്ടിവരുന്ന അതിജീവനം സാധ്യമല്ലാത്ത ഒട്ടനവധി ആദിവാസികളുടെ പ്രതിരൂപത്തെ ഗുളികനില്‍ കണ്ടെത്തുവാന്‍ കഴിയുന്നതാണ്. ഗേ/ലെസ്ബിയന്‍/ട്രാന്‍സ്ജന്റര്‍ ഉടലുകളുടെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ പൊതുമണ്ഡലത്തില്‍ സാധ്യമാകുമ്പോള്‍ തന്നെ മതപുരോഹിത്യത്തിന്റെയും വര്‍ഗ്ഗീയഅസംഘടനയുടെയും സംഘടിതമായ ആക്രമണങ്ങള്‍ക്കു വിധേയമാകേണ്ടി വരുന്നതിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി ഉടലാഴം നിര്‍വ്വഹിക്കുന്നുണ്ട്. ജാതി/മത/വര്‍ണ്ണ/വര്‍ഗ്ഗ/ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചു നിലനില്ക്കുന്നതും പ്രചരിച്ചുവരുന്നതുമായ അപകടകരമായ പൊതുബോധങ്ങളെയും ഫ്യൂഡല്‍ വരേണ്യ യുക്തികളെയും മലയാള സിനിമ പൊളിച്ചെഴുതേണ്ടതുണ്ടെന്ന രാഷ്ട്രീയ നിലപാടിന്റെ വിളംബരം കൂടിയാണ് ഉടലാഴം.

സാംസ്‌കാരിക കൂട്ടായ്മയുടെ കൃഷിപാഠങ്ങള്‍

കെ ബിനോയ് പ്രസാദ്

ണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത പായം ഗ്രാമത്തിലെ ഗ്രന്ഥശാല പുസ്തകവായനയുടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം മാത്രമല്ല. നാടിന്റെ നന്മ ലക്ഷ്യമാക്കിയുള്ള സര്‍ഗാത്മകമായ നിരവധി ഇടപെടലുകള്‍ നടത്തുമ്പോഴും കൃഷിയിലൂടെയും പരസ്പര സഹകരണത്തിലൂടെയും ദുരിത സഹായ സാന്ത്വന പ്രവര്‍ത്തനങ്ങളിലൂടെയും മാതൃകയാവുകയാണ് 1951 ല്‍ സ്ഥാപിതമായ പായം ഗ്രാമീണ ഗ്രന്ഥാലയം. കര്‍ഷക സമരത്തിന്റെ ഭാഗമായി ധീരരായ ആറു കര്‍ഷകര്‍ മരിച്ചുവീണ മണ്ണിലാണ് വായനയുടെയും കൃഷിയുടെയും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും വിത്തുകള്‍ വീണ്ടും വീണ്ടും മുളപൊട്ടിക്കൊണ്ടിരിക്കുന്നത്. 

ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം വിഷരഹിതവും രാസരഹിതവുമായ കൃഷിയില്‍ വര്‍ഷങ്ങളായി സജീവമാണ് ഗ്രന്ഥശാലാസംഘം. അതിന്റെ മുന്‍കയ്യിലുള്ള കാര്‍ഷികക്ലബ് ഇരുപത്തി ഒന്ന് അംഗങ്ങളുമായി കൃത്യതയാര്‍ന്നതും സമയബന്ധിതവും ഊഴം വച്ചുള്ളതുമായ കാര്‍ഷിക വൃത്തിയിലൂടെ ഒരു ഗ്രാമത്തിനാവശ്യമായ ജൈവ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നു. മുരളീധരന്‍ അത്തിക്കയും, എം ദിനേശന്‍ മാസ്റ്ററും നേതൃത്വം നല്‍കുന്ന കാര്‍ഷിക ക്ലബ് പ്രധാനമായും കൃഷി ചെയ്യുന്നത് ചീര, വെണ്ട, തക്കാളി, മത്തന്‍, പാവല്‍, പച്ചമുളക്, കത്തിരി, വെള്ളരി, പയര്‍, കുമ്പളം, ചേന തുടങ്ങിയ പച്ചക്കറികളും നെല്‍കൃഷിയുമാണ്. കാര്‍ഷിക ക്ലബിന്റെ ഭാഗമായി പരിശീലനം സിദ്ധിച്ച അന്‍പതിലധികം തേനീച്ച കര്‍ഷകരും പായം ഗ്രാമത്തിലുണ്ട്. 

ഒന്നിലധികം പത്രമാസികകള്‍ എല്ലാ വീട്ടിലും വരുത്തുന്നതിനാല്‍ ഗ്രന്ഥശാലയില്‍ പത്രം വായനക്കായി ആളുകള്‍ ഒത്തുകൂടുന്നത് മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവായതിനാല്‍ പുസ്തകവായനയിലേയ്ക്കും സാമൂഹ്യ സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും കൃഷിയിലേയ്ക്കും കുട്ടികളെയും മുതിര്‍ന്നവരെയും അടുപ്പിക്കുക എന്ന സാമൂഹികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കാന്‍ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് ഗ്രന്ഥശാല ഭാരവാഹികളായ രഞ്ജിത് കമലും എം പവിത്രനും പറയുന്നു.കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചിരുന്ന പായം ഗ്രാമത്തില്‍ നിന്ന് ഇപ്പോള്‍ വിവിധ വകുപ്പുകളിലായി ധാരാളം സര്‍ക്കാര്‍, ഉദ്യോഗസ്ഥന്മാരുണ്ട്. 1951 മുതലാരംഭിച്ച ഗ്രന്ഥശാലാപ്രവര്‍ത്തനങ്ങളാണ് തൊഴിലിലും കൃഷിയിലും വിദ്യാഭ്യാസത്തിലും ഈ ഗ്രാമത്തിന് മുന്നേറ്റമുണ്ടാകാനുള്ള കാരണം. പട്ടാളത്തില്‍ നിന്ന് വിരമിച്ചവരും കൃഷി വകുപ്പില്‍ ജോലി ചെയ്തിരുന്നവരും അധ്യാപകരും ബാങ്ക് ജീവനക്കാരുമൊക്കെ ഉള്‍പ്പെടുന്ന നാട്ടുകൂട്ടായ്മ വിളയിക്കുന്ന പച്ചക്കറികളും അരിയുമൊക്കെ ഈ ഗ്രാമത്തിന്റെ ആവശ്യത്തിനെടുത്തതിനുശേഷം ബാക്കിവരുന്നവ 
മാത്രമാണ് അടുത്ത പട്ടണമായ ഇരിട്ടിയില്‍ വില്‍ക്കുന്നത്.

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ കണ്ണൂര്‍ ജില്ലയിലെ മികച്ച ഗ്രന്ഥശാലയായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പായം ഗ്രാമീണ ഗ്രന്ഥാലയം സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്‌കാരത്തിനായുള്ള പരിഗണന പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിലെ സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവരെയുമൊക്കെ കൃഷിയിലേയ്ക്കും വായനയിലേയ്ക്കും ചര്‍ച്ചകളിലേയ്ക്കും സംവാദങ്ങളിലേയ്ക്കും അടുപ്പിച്ച് നിര്‍ത്താന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന വായനശാലകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കും ആവുമെന്ന സന്ദേശമാണ് ഗ്രാമീണ ഗ്രന്ഥശാല പകര്‍ന്നു നല്‍കുന്നത്. വരുന്ന ഓണം വിപണിയെ ലക്ഷ്യമാക്കി കൃഷി ചെയ്തിട്ടുള്ള ഒരേക്കറിയിലെ ചേനയും നാലേക്കറോളം വരുന്ന നെല്‍ക്കൃഷിയും തികച്ചും രാസവളരഹിതമായി കൃഷി ചെയ്തിരിക്കുന്നു. 

മണ്ണും മനുഷ്യനും പ്രകൃതിയും ഒത്തുചേരുന്ന കാര്‍ഷിക ജീവിതത്തിന്റെ പാരമ്പര്യം തുടരുന്ന ഈ നാട്ടുകൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഈ ആധുനികയുഗത്തിലും മണ്ണും കൃഷിയും അന്യമാവരുതെന്ന് കരുതുന്നവര്‍ക്ക് മാതൃകയാക്കാം. സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പലതലങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ കൂട്ടായ്മ നിലനില്‍ക്കുന്നത്. ആദിവാസികുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതുള്‍പ്പെടെ പരിസ്ഥിതി, റോഡ്, അംഗന്‍വാടി, മൃഗസംരക്ഷണം, കൃഷി തുടങ്ങി ഒരു നാടിന്റെ എല്ലാ അടിസ്ഥാന കാര്യങ്ങളിലും സമഗ്രമായി നടത്തുന്ന ഇടപെടല്‍ അനുകരണീയമായ മാത്യക തന്നെയാണ്.

Tuesday, 25 December 2018

ആര്‍ത്തവം അശുദ്ധമല്ല

ഡോ ഡി ഷില
സ്ത്രീ രോഗവിഭാഗം മേധാവി
വിഷ്ണു ആയുര്‍വേദ കോളേജ്
ഷൊര്‍ണൂര്‍

സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതിനുവേണ്ടി ലോകത്താകമാനം പുരോഗമനപരമായ മാറ്റങ്ങള്‍ക്കായി കിണഞ്ഞു പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ് ഇന്ത്യയുടെ പരമോന്നത കോടതി വളരെ പുരോഗമനപരമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു രാജ്യത്തിലെ വിശ്വാസികള്‍ ആചരിച്ചുപോന്നിരുന്ന ഒരു ആചാരത്തെ ഭരണഘടനാപരമായി വിലയിരുത്തുകയും വിവേചനത്തിന്റെ പ്രകരണങ്ങള്‍ എടുത്ത് മാറ്റുകയുമാണ് സുപ്രീം കോടതി ചെയ്തത്. ആണിനും പെണ്ണിനും ഇടയിലുള്ള തുല്യത ഉറപ്പിക്കുകവഴി സുപ്രീംകോടതിയുടെ ഈ വിധി നിര്‍ണായകമായ ഒരു നാഴികകല്ലാണ് എന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ ഈ വിധിയെ സ്വാഗതം ചെയ്തവര്‍ പോലും വളരെ പെട്ടെന്ന് ഇരുതല മൂര്‍ച്ചയുള്ള വാളുകളുമേന്തി തെരുവിലിറങ്ങി. നാമജപം ചെയ്ത് അലമുറയിടുന്നതിന് പിന്നിലുള്ള രാഷ്ട്രീയ അജണ്ട എന്തു തന്നെയായാലും കാലത്തിന്റെ ഏടുകളില്‍ കരികൊണ്ട് കോറിവച്ച കറുത്ത കോലങ്ങളായി നാളെ ചരിത്രം വായിച്ചെടുക്കുമെന്നതിന് സംശയമില്ല. ഭരണഘടനാപരമായ വിവേചനം സ്ത്രീയുടെ ജൈവപരമായ ശേഷിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കാണുന്ന അപാകതയാണ് കോടതി പരിഹരിച്ചത്. ശബരിമലയില്‍ രജസ്വലയായിരിക്കുന്നവര്‍ പോകണമെന്ന നിര്‍ദ്ദേശമല്ല അതെന്ന് അറിയാത്തവരല്ല സമരപഥങ്ങളിലേയ്ക്ക് സ്ത്രീകളെ നയിച്ചുകൊണ്ടിരിക്കുന്നവര്‍. ആര്‍ത്തവമുള്ള ജീവിതകാലം 10 മുതല്‍ 50 വരെയെന്നതില്‍ പെണ്ണിന്റെ ഏറ്റവും ആരോഗ്യമുള്ള പ്രായമാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. കൗമാരവും യൗവനവും കഴിഞ്ഞ് വരുന്ന വാര്‍ദ്ധക്യാവസ്ഥയിലേയ്ക്ക് ഒരു ദീര്‍ഘ കാലയളവിലേയ്ക്ക് ആചാരപ്രകാരം ഒരു വിഭാഗത്തിന് മാത്രമായി അവര്‍ ആഗ്രഹിക്കുന്ന ക്ഷേത്ര ദര്‍ശനം നീട്ടി വയ്ക്കുന്നത് എന്നതിലെ അസാംഗത്യമാണ് നിയമനിര്‍മ്മിതിയിലൂടെ പരിഹരിക്കപ്പെട്ടത്. ഇപ്രകാരമൊക്കെ ചര്‍ച്ച ചെയ്യുമ്പോഴും ഒരു ആരോഗ്യപ്രവര്‍ത്തക എന്ന രീതിയില്‍ ഉണരുന്ന ചോദ്യം ആര്‍ത്തവം എങ്ങിനെ അശുദ്ധമാകും എന്നതാണ്.

ഓരോ മാസവും അടുത്ത തലമുറയിലെ ജീവന്റെ ഉല്‍പ്പാദനത്തിനുവേണ്ടി ഒരുക്കപ്പെട്ട വളരെ സങ്കീര്‍ണമായ ഒരു സംവിധാനം അതിന്റെ ഫലപ്രാപ്തിയിലെത്താതെ അടര്‍ന്നു മാറുകയും അടുത്തമാസവും കരുതലോടെയുള്ള വളര്‍ച്ചയ്ക്ക് വഴിമാറികൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ആര്‍ത്തവം. അത്തരമൊരവസ്ഥയ്ക്ക് അശുദ്ധിയുടെ നിറം ചാര്‍ത്തിയത് രക്തസ്രാവത്തിന്റെ പേരിലാവാം. ആര്‍ത്തവസമയത്തെ ക്ഷീണവും ശാരീരികമായ സമ്മര്‍ദ്ദങ്ങളും വേദനയുമൊക്കെ സഹിക്കാനായി ദൈനംദിന ജോലികളില്‍ നിന്നും ഒഴിവായി വിശ്രമം നിര്‍ദ്ദേശിക്കുന്ന ആ ദിവസങ്ങളില്‍ ആയുര്‍വേദഗ്രന്ഥങ്ങളിലൊന്നും തന്നെ ആര്‍ത്തവത്തെ കെട്ടിവയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ദര്‍ഭപുല്ല് വിരിച്ച് കിടക്കാനും കട്ടി കുറഞ്ഞ ഭക്ഷണം കുറഞ്ഞ അളവില്‍ കഴിക്കാനുമാണ് നിര്‍ദ്ദേശം. ശരീരത്തില്‍ നിന്നും ഒഴുകിപ്പോകുന്ന ആര്‍ത്തവത്തിന്റെ സ്വാഭാവിക ഗതിയെ തടയുവാനുള്ള ഉപാധികള്‍ സ്വീകരിച്ചിട്ടില്ല എന്ന് വേണം കരുതുവാന്‍. ഗോഷ്ഫണ ബന്ധം എന്ന ബന്ധനവിധി അന്ന് അറിയാത്തതല്ല. ഗര്‍ഭാശയം പുറത്ത് വരുന്ന 'മഹായോനി' എന്ന അവസ്ഥയില്‍ ഗോഷ്ഫണ (കോണകം) ബന്ധം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അപ്പോള്‍ ആര്‍ത്തവസമയത്തെ രക്തസ്രുതി ബന്ധനം കൊണ്ട് തടുക്കേണ്ടതില്ല എന്ന ആരോഗ്യകരമായ കാഴ്ച്ചപ്പാട് വച്ചുകൊണ്ട് കിടക്കാനുപയോഗിക്കുന്ന ദര്‍ഭപുല്ല് ഡിസ്‌പോസിബള്‍ ആയ ഒരു കിടക്ക എന്ന രീതിയിലുമാവാം വിഭാവനം ചെയ്തിരിക്കുന്നത്. ശരാവം എന്നത് ചെറിയ ഒരു മണ്‍പാത്രമാണ്. അതില്‍ കൊള്ളുന്ന ഭക്ഷണം കഴിക്കുക എന്നത് കൊണ്ട് അളവ് കുറയുക എന്നതാണ് ഉപദേശിച്ചിട്ടുള്ളത്. അന്ന് സാനിറ്ററി നാപ്കിനുകള്‍ക്കോ മെന്‍സസ് കപ്പുകള്‍ക്കോ പകരമായാണ് 'ദര്‍ഭസംസ്തരശായി'യാവാനുള്ള നിര്‍ദ്ദേശം. മുയലിന്റെ ചോരയുടെ നിറമുള്ളതും, എല്ലാ ചാന്ദ്രമാസങ്ങളിലും (28 ദിവസം കൂടുമ്പോള്‍) മൂന്നു മുതല്‍ ഏഴു ദിവസം വരെ യോനിയിലൂടെ സ്രവിക്കുന്ന, തുണിയില്‍ കറശേഷിപ്പിക്കാത്ത രക്തമാണ് ശുദ്ധമായ ആര്‍ത്തവരക്തം. ഈ ശുദ്ധ ആര്‍ത്തവരക്തം ആരോഗ്യമുള്ള, ഗര്‍ഭാദാനശേഷിയുള്ള സ്ത്രീ ബീജത്തിന്റെ ലക്ഷണം കൂടിയാണ്. ആര്‍ത്തവ സ്രുതി നിന്ന് കഴിഞ്ഞാല്‍ കുളിച്ച് ശരീര ശുദ്ധി വരുത്തി സന്താനോല്‍പ്പാദനത്തിനായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള നിര്‍ദ്ദേശമാണ് ആയുര്‍വേദം വിധിച്ചിരിക്കുന്നത്. രജസ്വലയായുള്ള കാലം ലൈംഗിക ബന്ധത്തിന് നിഷേധിച്ചിട്ടുള്ള കാലമാണ്. ആധുനിക വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഇതിനെ വിശകലനം ചെയ്യുമ്പോള്‍ ഈ നിര്‍ദ്ദേശവും ശാസ്ത്രീയമാണെന്ന് പറയാം. യോനീ പ്രദേശത്ത് അണുബാധകളില്‍ നിന്നും സംരക്ഷണം നല്‍കുന്നത് അമ്ലത്ത്വമാണ്. ഈ അമ്ലസ്വഭാവം രക്തസ്രുതിയുണ്ടാവുമ്പോള്‍ ക്ഷാരമായി മാറുകയും അണുബാധയ്ക്കുള്ള സാധ്യതകള്‍ ഏറുകയും ചെയ്യും. മാത്രമല്ല, സ്ത്രീ ശരീരത്തിലെ അസ്വസ്ഥതകള്‍ പൊതുവെ ഇക്കാലത്തെ ലൈംഗികസുഖത്തിന്റെ അനുഭവം സ്വീകരിക്കാനുള്ള പാകമുള്ള സമയവുമല്ല. രജസ്വലയായിരിക്കുന്ന സ്ത്രീക്ക് ശാരീരിക സുഖം നിഷേധിച്ചിരിക്കുന്നതിന് ഇതൊക്കെ കാരണമാവാം.

ആര്‍ത്തവം അശുദ്ധമാകുന്നത് ആര്‍ത്തവത്തിന്റെ സ്വാഭാവികമായ നിറവും അളവും സാന്ദ്രതയുമൊക്കെ വ്യത്യാസപ്പെടുമ്പോഴാണ്. ഇവയെ ആര്‍ത്തവ ദുഷ്ടി എന്നാണ് ആയുര്‍വേദത്തില്‍ വിവരിച്ചിട്ടുള്ളത്. ഈ അശുദ്ധ ആര്‍ത്തവം സ്ത്രീ ബീജത്തിന്റെ ദുഷ്ടിയെ സൂചിപ്പിക്കുന്നു. തന്‍മൂലം ഗര്‍ഭാധാന സമര്‍ത്ഥമല്ലാതാവുന്നു. ദുഷിച്ച ആര്‍ത്തവത്തെ ശുദ്ദമായ ആര്‍ത്തവമാക്കി മാറ്റാനുള്ള ഔഷധങ്ങള്‍ വിവരിക്കുന്നതാണ് ആര്‍ത്തവദോഷ ചികിത്സ. അപ്പോള്‍ എല്ലാ മാസവും 3 മുതല്‍ 7 വരെ ദിവസം നീണ്ടുനില്‍ക്കുന്ന, യോനിയിലൂടെയുള്ള രക്തസ്രാവത്തെയാണ് ശുദ്ധമായ ആര്‍ത്തവം എന്ന വിവരിച്ചിരിക്കുന്നത്,  ഈ ശുദ്ധമായ ആര്‍ത്തവത്തെയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്. ഇന്ന് കാലം ഒരുപാട് മാറി. അന്ന് പ്രവര്‍ത്തി തുടങ്ങുന്ന ദിവസങ്ങളില്‍ നിന്നിരുന്ന മാറ്റിനിര്‍ത്തല്‍ തുടച്ചുമാറ്റപ്പെട്ടു. ആധുനിക യുഗത്തിലെ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലത്തുള്ള ശുചിത്വവും ആരോഗ്യരക്ഷയും വേണ്ട നിര്‍ദ്ദേശങ്ങളും സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാനും ഉപയോഗിച്ചവ നശിപ്പിച്ചുകളയാനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്ന കാലമാണ്. മാറ്റിയിരുത്തലല്ല ഇക്കാലം കൂടെയിരുത്തലാണ് വേണ്ടതെന്ന സന്ദേശമാണല്ലോ ഇതൊക്കെ ചെയ്യുമ്പോള്‍ ഉണ്ടാവുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സാമൂഹികനിര്‍മിതിയില്‍ ഉപയോഗിക്കാതിരുന്ന പെണ്‍കരുത്ത് അടുക്കളയില്‍ വേവിക്കുന്നതില്‍ മാത്രമൊതുങ്ങേണ്ടതല്ല എന്ന തിരിച്ചറിവാണ് ലിംഗസമത്വത്തിനും, ലിംഗനീതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്.

ലോകജനസംഖ്യയുടെ പാതിയിലധികം സ്ത്രീകളാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ വിദ്യാഭ്യാസമുണ്ടായിട്ടുപോലും സ്വാതന്ത്ര്യബോധമില്ലാതെ ആണധികാര വ്യവസ്ഥയുടെ കപടമായ സംരക്ഷണ വലയത്തിന്റെ സുഷുപ്തിയിലും വിധേയത്വത്തിന്റെ തടവറകളിലുമാണ് അവരില്‍ കൂടുതല്‍ പേരും. അതുകൊണ്ടാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്ളവരുടെ വീട്ടമ്മവത്കരണം കേരളത്തില്‍ നടക്കുന്നത്. 92% സാക്ഷരതയുള്ള കേരളസ്ത്രീകളില്‍ തൊഴില്‍ പങ്കാളിത്തം വെറും 24 ശതമാനമായി നില്‍ക്കുന്നത്. സ്വയം സമ്പാദിച്ച് ധനം സമാഹരിക്കുമ്പോഴും അതിന്റെ വിനിയോഗത്തിന് സ്വയം തീരുമാനമെടുക്കാന്‍ കഴിയാതെ നില്‍ക്കുന്നത്. സാമൂഹികമായി ഉന്നതിയിലെത്താന്‍ കഴിയാത്ത ഒരു സമൂഹമായി കേരളത്തിലെ സ്ത്രീ ഇന്നും നിലകൊള്ളുന്നത്. ഭരണചക്രം ഏറ്റെടുത്ത് നടത്തുവാനും സ്ത്രീകളുടെ സാമ്രാജ്യങ്ങള്‍ വളരെ വലിയ വിഹായസ്സിലേയ്ക്ക് ഉയര്‍ത്തുവാനുമുള്ള പുരോഗമനപരമായ നീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് ഈ ആര്‍ത്തവ അശുദ്ധി ആക്രോശങ്ങള്‍. പൊതുധാരയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ആസൂത്രിതമായ ഇടപെടലാണ് ഇത്തരം ആണധികാരവ്യവസ്ഥകള്‍.

ഹീനമായ എല്ലാ മതാചാരങ്ങളേയും മാറ്റിനിര്‍ത്താനുള്ള ലിംഗസമത്വം കാത്തുസൂക്ഷിക്കാനുമുള്ള അവസരമാണ് സുപ്രീംകോടതിയുടെ കാലികമായ ഇടപെടല്‍ നല്‍കുന്നത്. ഈ വിധിക്കെതിരായുള്ള മുറിവിളികളെ ചെറുത്തു തോല്‍പ്പിക്കാന്‍ എല്ലാ സ്ത്രീകളും ഉയര്‍ത്തേണ്ട മുദ്രാവാക്യം ആര്‍ത്തവം അശുദ്ധമല്ല, അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള വരമാണ്; ആര്‍ത്തവം പെണ്ണിന്റെ അഭിമാനമാണ് എന്നതാണ്.

വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും പ്രമേഹത്തെ അകറ്റാം

ഡോ. ശ്രീജിത്ത് എന്‍ കുമാര്‍/വിന്‍സന്റ് പീറ്റര്‍

പ്രമേഹചികിത്സയിലും ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ ഐ എം എയുടെ ദേശീയ ഭക്ഷ്യസുരക്ഷാ സമിതി ചെയര്‍മാനും ട്രോമാ റെസ്‌ക്യൂ ഇനീഷ്യേറ്റീവ് ടി ആര്‍ ഐ സെക്രട്ടറിയുമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് പൂര്‍ത്തിയാക്കിയ ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ പൂനെ എ എഫ് എം സിയില്‍ നിന്ന് മെഡിസിനില്‍ എം ഡിയും ക്രൊയേഷ്യയിലെ വക്‌വര്‍ഹൊവാക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയബറ്റോളജിയില്‍ ഡിപ്ലോമയും നേടി. റിസര്‍ച്ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്‍ ഇന്ത്യയുടെ ന്യൂഡല്‍ഹി സമ്മേളനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രമേഹ ഗവേഷണത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രം പ്രമേഹചികിത്സാരംഗത്ത് നടത്തിയ കണ്ടെത്തലുകളെപ്പറ്റി ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു.

പ്രമേഹരോഗചികിത്സയില്‍ ആധുനിക വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ആഹാര നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം ക്രമീകരിച്ചാല്‍ പ്രമേഹത്തെ അകറ്റി നിര്‍ത്താനും മാറ്റാനും കഴിയുമെന്നാണത്. മരുന്നുകളില്ലാതെ പ്രമേഹത്തെ ചെറുക്കാന്‍ കഴിയുമോ? വിശദീകരിക്കാമോ?
പ്രമേഹം പ്രധാനമായും രണ്ട് തരത്തിലാണ്. ടൈപ്പ് ഒന്നും ടൈപ്പ് രണ്ടും. ടൈപ്പ് ഒന്ന് എന്ന പ്രമേഹം ഇന്‍സുലിന്‍ അഭാവം നിമിത്തമുണ്ടാകുന്നതാണ്. ഇത്തരത്തിലുള്ള പ്രമേഹത്തിന് ഇന്‍സുലിന്‍ തന്നെയാണ് ചികിത്സ. ഇത് ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവ കൊണ്ടുമാത്രം 
നിയന്ത്രിക്കാന്‍ കഴിയില്ല. ടൈപ്പ് രണ്ടില്‍ വിവിധ രീതികളിലും വിവിധ തലങ്ങളിലുമുള്ള പ്രമേഹങ്ങളുണ്ട്. എന്ന് പറയുമ്പോള്‍തന്നെ ഭൂരിപക്ഷം പേരിലും കണ്ടുവരുന്നത് കുടുംബപാരമ്പര്യമുള്ള, അമിതവണ്ണമുള്ളവരിലുള്ള പ്രമേഹമാണ്. അമിത വണ്ണം പ്രമേഹത്തിന് പ്രധാന കാരണമാണ്. അത് നിയന്ത്രിക്കുകയാണെങ്കില്‍ത്തന്നെ പ്രമേഹത്തിന് വലിയൊരളവ് പരിഹാരമാകും. ശരിയായ ശരീര ഭാരത്തിലേക്കെത്തുകയാണെങ്കില്‍ 60% ആളുകള്‍ക്കും രോഗം നിയന്ത്രിക്കാനോ അല്ലെങ്കില്‍ പ്രമേഹം വരാതെ കാക്കാനോ കഴിയും. പ്രമേഹപ്രതിരോധപഠനങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. പ്രമേഹം ബാധിക്കുന്നതിന് മുന്‍പ് പ്രീഡയബറ്റീസ് എന്നൊരവസ്ഥയുണ്ട്. ഈ അവസ്ഥയിലുള്ള ആളുകള്‍ നന്നായി വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ശരീരഭാരം നിയന്ത്രിച്ചാല്‍ 50 മുതല്‍ 60 ശതമാനം ആളുകളിലും പ്രമേഹം ഉണ്ടാകുന്നതുതന്നെ തടയാന്‍ കഴിയും. 6 വര്‍ഷംവരെ പ്രമേഹമുള്ള രോഗികള്‍ക്ക് ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും ശരീരഭാരം നിയന്ത്രിച്ച് രോഗം മാറ്റുവാന്‍ പറ്റുമോ എന്ന പഠനമായിരുന്നു 2017 ല്‍ നടന്നത്. പ്രമേഹം മാറ്റിനിര്‍ത്താനാവുമോ എന്നതായിരുന്നു അത്. കുറച്ച് ജീവിതകാലം മുഴുവന്‍ ആണോ അതോ ഏതാനും വര്‍ഷങ്ങളാണോ എന്നത് വര്‍ഷങ്ങള്‍ കൊണ്ടേ നമുക്ക് മനസിലാക്കാന്‍ കഴിയൂ. 2017 പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 15 കിലോയോളം ശരീരഭാരം കുറച്ചവരില്‍ 80 ശതമാനത്തോളം പേര്‍ക്ക് ഒരു വര്‍ഷത്തോളം പ്രമേഹം മാറിനിന്നു എന്നത് വസ്തുതയാണ്. അവര്‍ക്ക് രണ്ട് മാസത്തിലധികം മരുന്നുകളില്ലാതെ തന്നെ പ്രമേഹമില്ലാത്ത അവസ്ഥ കാണുകയും ചെയ്തു. അതുകൊണ്ട് പ്രമേഹം പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം മാറ്റുവാന്‍ സാധിക്കില്ല എന്ന് പറയുന്നത് ശരിയല്ല. ആരംഭക്കാരിലും അമിതവണ്ണമുള്ളവരിലും നന്നായി ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം നിയന്ത്രിക്കുകയാണെങ്കില്‍ ഏറെപ്പേരില്‍ ഒന്നുകില്‍ പൂര്‍ണമായി മാറ്റുവാനോ അല്ലെങ്കില്‍ ഏറെക്കാലം മാറ്റിനിര്‍ത്തുവാനോ പറ്റുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പലരിലും പല രീതിയിലായിരിക്കുമല്ലോ ലക്ഷണങ്ങളും രോഗാവസ്ഥയും ഉണ്ടാവുക?
ഏത് രോഗത്തിന്റെയും ഗതി ത്വരിതപ്പെടുത്തുവാന്‍ പ്രമേഹത്തിന് കഴിയും. അതുകൊണ്ട് രക്തത്തില്‍ പഞ്ചസാര കൂടിനില്‍ക്കുന്നത് ചിലരില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചിലരില്‍ അത്രതന്നെ പ്രശ്‌നങ്ങളുണ്ടാക്കാതെ പോകുകയും ചെയ്യുന്നുണ്ട്. അതിന് ജനിതക കാരണങ്ങളും മറ്റ് ചില കാരണങ്ങളുമുണ്ട്. അത്തരം കാരണങ്ങള്‍ പൂര്‍ണ്ണമായി ഏതാണെന്ന് നമുക്ക് വ്യക്തതയില്ല. നിലവിലെ സാഹചര്യത്തില്‍ ഈ പറയുന്ന രോഗി ആരായാലും ഏത് തരം ശരീരപ്രകൃതമുള്ളയാളായാലും കഴിയുന്നിടത്തോളം ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ച് നിര്‍ത്തുക എന്നത് തന്നെയാണ് ചെയ്യേണ്ടത്. അമിതവണ്ണമുള്ളവരില്‍ കൂടുതല്‍ ഗുണം ചെയ്യുമെങ്കിലും വണ്ണം കുറഞ്ഞവരിലും തീര്‍ച്ചയായും ഭക്ഷണക്രമീകരണം ഗുണം ചെയ്യും. അതുകൊണ്ട് ശരീരപ്രകൃതത്തിനനുസരിച്ചുള്ള പ്രത്യേക ചികിത്സാ ഓരോ രോഗിക്കും വേണ്ടിവന്നേക്കും. എന്നാലും ഭക്ഷണ ക്രമീകരണവും വ്യായാമവും എല്ലാപേരും ചെയ്യുന്നത് സമൂഹത്തിനാകെ ഗുണമുണ്ടാകും.

മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ ഭക്ഷണം കാര്യമായി നിയന്ത്രിക്കേണ്ട എന്നൊരുതോന്നല്‍ മലയാളികളുടെ ഇടയിലുണ്ട്. അത് ശരിയാണോ?
ആ ധാരണ പൂര്‍ണമായും തെറ്റാണ്. മറ്റ് രോഗങ്ങള്‍ക്ക്, ഉദാഹരണത്തിന് ആസ്ത്മയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നിരിക്കട്ടെ. ആ രോഗം നമുക്ക് പൂര്‍ണമായും നിയന്ത്രിക്കാന്‍ പറ്റുന്ന രോഗമല്ല. മരുന്നുകൊണ്ട് മാത്രമേ നിയന്ത്രിക്കാനാകൂ. അപസ്മാരമുള്ള ഒരാള്‍ക്ക് മരുന്ന് കൊടുക്കാതെ രോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. അത് നടക്കില്ല. ആസ്ത്മയെ സംബന്ധിച്ചും അലര്‍ജിയുണ്ടാക്കുന്ന പല ഘടകങ്ങളും ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കുമെങ്കിലും തീര്‍ച്ചയായും നമുക്ക് മരുന്ന് വേണ്ടിവരും. എന്നാല്‍ ജീവിത ശൈലീ രോഗങ്ങളങ്ങനെയല്ല. നിങ്ങള്‍ ജീവിതശീലിനിയന്ത്രിക്കുന്നതുകൊണ്ട് പൂര്‍ണമായും മാറ്റുവാനോ നിയന്ത്രിക്കുവാനോ കഴിയുമെന്നത് ഉറപ്പാണ്. 
ജീവിതശൈലീരോഗങ്ങളിലാണ് അമിതരക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍, പ്രമേഹം ഒക്കെ ഉള്‍പ്പെടുന്നത്. ഭക്ഷണക്രമീകരണവും വ്യായാമവും കൊണ്ട് മാറ്റാതെ മരുന്ന് കൊണ്ട് മാത്രം മാറ്റാനാണ് ശ്രമിക്കുന്നതെങ്കില്‍ അതൊരുപാട് ദോഷം ഉണ്ടാക്കാം. എന്ന് മാത്രമല്ല അങ്ങനെയുള്ളവരില്‍ വണ്ണം കൂടും. അമിതവണ്ണവും അമിത കൊളസ്‌ട്രോളും രക്താതിമര്‍ദ്ദവും ക്ഷണിച്ച് വരുത്തും. ഇത് ഹൃദയസ്തംഭനത്തിനും പക്ഷാഘാതത്തിനും കാരണമാകും. ശരീരഭാരം കുറയ്ക്കുകയാണെങ്കില്‍ പ്രമേഹത്തിന്റെ മരുന്ന് മാത്രമല്ല ഹൃദ്രോഗത്തിന്റെയും കൊളസ്‌ട്രോളിന്റെയും രക്താതിമര്‍ദ്ദത്തിന്റെയുമൊക്കെ മരുന്നുകള്‍ ഒഴിവാക്കാന്‍ സാധിക്കും എന്നുമാത്രമല്ല ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും കാന്‍സറിന്റെയുമൊക്കെ സാധ്യതകുറയ്ക്കാനും കഴിയും. അപ്പോള്‍ മരുന്ന് മാത്രം കഴിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ നോര്‍മല്‍ വാല്യൂ കൂട്ടിയാല്‍ മതിയോ അതോ ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം കുറച്ച് ശരീരത്തിന്റെ അവസ്ഥ ആരോഗ്യകരമായി നിലനിര്‍ത്തണമോ എന്നുള്ളതാണ് ചോദ്യം. മരുന്നുകള്‍ മോശമായതുകൊണ്ടല്ല ഭക്ഷണക്രമീകരണം വഴി ശരീരഭാരം നിയന്ത്രിച്ച് മരുന്നുകളുടെ അളവ് പരിമിതപ്പെടുത്തുന്നത് ശാരീരികാരോഗ്യത്തിനും സാമ്പത്തികാരോഗ്യത്തിനും കൂടുതല്‍ ഗുണകരം.

ജീവിതശൈലീജന്യമായ പ്രമേഹരോഗത്തെ ജീവിതശൈലീ ക്രമീകരണത്തിലൂടെ മാറ്റാം എന്നുതന്നെയല്ലേ അതിനര്‍ത്ഥം?
അതെ. രോഗഹേതുവിനെ നാം പരിഗണിക്കണം. കാരണം കാണാതെ ചവറിന്റെ മേല്‍ ചവിട്ട്‌മെത്തയെടുത്തുവച്ചതുകൊണ്ടായില്ല. ചവറും മാറ്റാന്‍ സാധിക്കണം. ചവറിനെത്തന്നെ മാറ്റുന്ന തരത്തിലുള്ള ചികിത്സയാണ് വേണ്ടത്. ഹേതു അമിതവണ്ണമാണെന്ന് മനസിലാക്കി ശരീരഭാരം കുറച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളുമൊക്കെ നോര്‍മലാകും. ശരീരഭാരം കുറയണമെങ്കില്‍ ഭക്ഷണ നിയന്ത്രണവും ചിട്ടയായ വ്യായാമവും കൃത്യമായും നടത്തണം. അത് ഒന്നോ രണ്ടോ ദിവസം ചെയ്തതുകൊണ്ടാവില്ല. ജീവിതചര്യയായി മാറ്റാന്‍ കഴിയണം. അപ്പോള്‍ ജീവിതശൈലീ ജന്മനാ രോഗമായ പ്രമേഹവും അനുബന്ധ രോഗങ്ങളും ജീവിത ശൈലി തിരുത്തി കൊണ്ട് അകറ്റി നിര്‍ത്താന്‍ കഴിയും. അതുകൊണ്ട് മാറാത്തപക്ഷം വേണ്ടുന്ന അളവില്‍ മാത്രം മരുന്നുകള്‍ ഉപയോഗിക്കാം.

കേരളത്തിന്റെ അവസ്ഥയില്‍ പ്രമേഹം വലിയതോതില്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. ജീവിതശൈലി ക്രമീകരിച്ച് ഭാരനിയന്ത്രണത്തിലൂടെ മാറ്റാനോ അകറ്റിനിര്‍ത്താനോ കഴിയുമെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമൂഹത്തിന് ഗുണമാകാന്‍ വേണ്ടി സ്‌കൂളിള്‍ പാഠ്യപദ്ധതിയിലൊക്കെ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ?
സത്യം പറഞ്ഞാല്‍ ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാനാവുമെന്ന് നാം മനസിലാക്കുന്നില്ല. വളരെ ലളിതമായ ഒരു സത്യമായതിനാല്‍ ഇത് അവിശ്വസനീയമായി തുടരുകയാണ്. ഇത് വായിക്കുമ്പോഴും ആള്‍ക്കാരിത് വിശ്വസിക്കില്ല. അതിലൊക്കെ കള്ളക്കളിയാണെന്നാവും കരുതുക. ഇത് വളരെ സിമ്പിളായ കാര്യമാണ്. നമ്മുടെ രക്ഷാകര്‍ത്താക്കള്‍, ഭരണാധികാരികള്‍ ആരും ഇത് ശ്രദ്ധിക്കുന്നില്ല. വ്യായാമത്തിനും ഭക്ഷണ ക്രമീകരണത്തിനുമുള്ള ഒരവസരവും ആരും ഉപയോഗപ്പെടുത്തുന്നില്ലെന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. അത് അജ്ഞതകൊണ്ട് മാത്രമാണ്. ഈ തലത്തിലേക്ക് അറിവ് കൊണ്ടുവരുന്നതിനായി ഐ എം എയുടെ നേതൃത്വത്തില്‍ ഒരു പ്രസ്ഥാനം തുടങ്ങിയിട്ടുണ്ട്. ദേശീയതലത്തില്‍ 26 സംസ്ഥാനങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. ഞാനതിന്റെ നാഷണല്‍ ചെയര്‍മാന്‍ കൂടിയാണ്. ഈ തത്വം ജനങ്ങളിലേക്കെത്തിക്കാന്‍ ഫുഡ് പ്ലേറ്റ് അഡാപ്റ്റ് ചെയ്തുകൊണ്ട് പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും ഉപയോഗം കൂട്ടി അരിയുടെ അമിതമായ ഉപയോഗം കുറച്ച്കൊണ്ട് അന്നജത്തിന്റെ അളവ് ഒരു അന്‍പത് ശതമാനമെങ്കിലും കുറച്ചാല്‍ സ്ത്രീക്കും പുരുഷനും ശുപാര്‍ശ ചെയ്തിരിക്കുന്ന ഉദര ചുറ്റളവ് യഥാക്രമം സ്ത്രീക്ക് 80 സെന്റീമീറ്റര്‍ പുരുഷന് 90 സെന്റീമീറ്റര്‍ എന്ന പരിധിയിലെത്തിച്ചാല്‍ ഗണ്യമായി നമുക്കീരോഗം കുറയ്ക്കാനാകും. അത് പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണം. എന്റെ അഭിപ്രായത്തില്‍ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അമിതോപയോഗം നിയന്ത്രിച്ചുകൊണ്ട് പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള നിയമ നിര്‍മ്മാണം നടത്തണം. അത്രയും പ്രധാനമാണ് അത്. അല്ലെങ്കില്‍ വളരെ ചുരുങ്ങിയ നമ്മുടെ വിഭവ സ്രോതസ്സുകള്‍ പ്രമേഹം പോലുള്ള രോഗങ്ങളും അതിന്റെ സങ്കീര്‍ണതകളും ചികിത്സിക്കുന്തോറും ചെലവഴിച്ച് കൊണ്ടിരിക്കേണ്ടിവരും. അത് അങ്ങേയറ്റത്തെ തെറ്റാണ്. സങ്കീര്‍ണതകള്‍ വരുത്തിവച്ചിട്ട് അവയെ ചികിത്സിക്കാമെന്നുള്ള പൊതുജനാരോഗ്യനയംതന്നെ തെറ്റാണ്.

സാമൂഹികാരോഗ്യത്തെ വലിയൊരളവില്‍ ബാധിക്കുന്ന രോഗമാണല്ലോ പ്രമേഹം. നമ്മുടെ പരമ്പരാഗത ഭക്ഷണ രീതികളും ജീവിതരീതികളും മാറിയതാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമെന്ന് പറയാന്‍ പറ്റുമോ?
യഥാര്‍ത്ഥത്തില്‍ ഞാന്‍ പറയുന്നത് തിരിച്ചാണ്. നമ്മുടെ പാരമ്പര്യാനുസൃതമുള്ള ഭക്ഷണ രീതികള്‍ കാലാനുസൃതമായി പുനര്‍നിര്‍വചിക്കാത്തതിന്റെ പ്രശ്‌നമാണിത്. കാരണം നമ്മള്‍ ഉച്ചക്ക് ചോറ് തിന്നുന്നു. രാത്രിയില്‍ കഞ്ഞികുടിക്കുന്നു. ഇതെല്ലാം മാറ്റേണ്ട സമയം അതിക്രമിച്ചു. നാം അതല്ല ചെയ്യേണ്ടത്. നമുക്ക് കഴിഞ്ഞ അരനൂറ്റാണ്ട് മുന്‍പുണ്ടായിരുന്ന കായികാധ്വാനം വളരെ കുറഞ്ഞു. അന്ന് നമ്മള്‍ നോക്കിയാല്‍ കുടവയര്‍ ഉണ്ടായിരുന്നവര്‍ കുറവായിരുന്നു. ഇന്ന് കുടവയറും അമിതവണ്ണവുമുള്ളവര്‍ കൂടുതലാണ്. അതിന് കാരണം തീര്‍ച്ചയായും കഞ്ഞിയും ചോറുമൊക്കെത്തന്നെയാണ്. അപ്പോള്‍ പരമ്പരാഗത രീതിയായ രാവിലെ പുട്ടും കടലയും അല്ലെങ്കില്‍ ദോശയും ചമ്മന്തിയുമൊക്കെ ചേര്‍ന്ന മൂന്ന് നേരത്തെ അരിഭക്ഷണവും വളരെ കുറഞ്ഞ നിരക്കില്‍ പച്ചക്കറികള്‍ കഴിക്കുകയും ചെയ്യുന്ന രീതി മാറണം. നമ്മള്‍ പഴങ്ങള്‍ കഴിക്കുന്നത് 
തുലോം കുറവാണ്. അതിലും കുറവാണ് നട്ട്‌സ് കണ്‍സംപ്ഷന്‍. ആകെ നമ്മള്‍ ഭക്ഷണമെന്ന് പറയുന്നത് കൊഴുപ്പും വലിയൊരളവില്‍ അന്നജവുമാണ്. അത് നമുക്ക് പുനര്‍നിര്‍ണയിക്കണം വേണം. അതിന് നമുടെ പാരമ്പര്യം ഒരുപരിധിവരെ കാരണമാണ്. വേദങ്ങളിലൊക്കെ പറഞ്ഞിട്ടുള്ളതുപോലെ ഒരുനേരം കഴിക്കുന്നവന്‍ യോഗി, രണ്ട് നേരം കഴിക്കുന്നവന്‍ ഭോഗി, മൂന്ന് നേരം കഴിക്കുന്നവന്‍ രോഗി, നാല് നേരം കഴിക്കുന്നവന്‍ ദ്രോഹി എന്നത് നാം മനസ്സിലാക്കണം. അതുകൊണ്ട് വളരെ മിതമായ ഭക്ഷണം എന്ന രീതിയിലേക്ക് നാം മാറണം.

ഭക്ഷണ നിയന്ത്രണത്തിനും വ്യായാമത്തിനും പ്രാധാന്യം നല്കിക്കൊണ്ടുള്ള ചികിത്സകള്‍ ആയുര്‍വേദത്തിലും നാച്ചുറോപ്പതിയിലുമൊക്കെ പറയുന്നുണ്ട്. അതുമൊക്കെയായി പൊരുത്തപ്പെടാവുന്ന മേഖലകള്‍ ആധുനിക വൈദ്യശാസ്ത്രത്തിലുണ്ടോ?
ഏത് ശാസ്ത്രമേഖലയായാലും ഭക്ഷണക്രമീകരണത്തെയും വ്യായാമത്തെയും പ്രോത്സാഹിപ്പിക്കുന്നത് തീര്‍ച്ചയായും നല്ലതു തന്നെയാണ്. ആധുനിക വൈദ്യത്തിലും ശാസ്ത്രസിദ്ധാന്തങ്ങള്‍ പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുന്നകാലമാണ്. രണ്ട് വര്‍ഷമായി വന്നുകൊണ്ടിരിക്കുന്ന പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണനിയന്ത്രണത്തിനും വ്യായമത്തിനും കൂടുതല്‍ പ്രാധാന്യം നല്കണമെന്നാണ് പറയുന്നത്. 20 കൊല്ലം മുന്‍പ് 25 ദശലക്ഷണം ഡയബറ്റിക് രോഗികളുണ്ടായിരുന്നു എന്നത് ഇപ്പോള്‍ 72 ദശലക്ഷം എന്നായിരിക്കുന്നു. അപ്പോള്‍ ഡയറ്റ് ആന്റ് എക്‌സര്‍സൈസ് എന്ന ഒരുപ്രതിരോധമാര്‍ഗം ഉണ്ട് എന്നുള്ളപ്പോള്‍ അതിന് പ്രത്യേകമായും ഒരു ചെലവും ഇല്ല എന്നുള്ളപ്പോള്‍ അത് ജനങ്ങളിലേക്ക് എത്തിക്കുക എന്നതിന്റെ ചുമതല എല്ലാ ചികിത്സാ ശാസ്ത്രങ്ങള്‍ക്കുമുണ്ട്. അതിന്റെ ഗുണം സമൂഹത്തിനാകെയാണ് കിട്ടുക. 

പഴങ്ങള്‍ കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കില്ല എന്ന് പറയുന്നത് ശരിയാണോ?
പലതരത്തിലുള്ള പഴങ്ങളുണ്ടല്ലോ. അവയില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയതും കുറഞ്ഞവയുമുണ്ട്. അരിയിലും ഗോതമ്പിലുമുള്ള ഗ്ലൂക്കോസിന്റെ അളവുമായി താരതമ്യം ചെയ്യുമ്പോള്‍ പഴങ്ങളില്‍ അത് കുറവാണ്, പക്ഷേ പഴവര്‍ഗ്ഗങ്ങളെല്ലാം ഒരുപോലെയല്ല. ചില പഴങ്ങള്‍ക്ക് ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനുള്ള ശേഷിയുണ്ട്. പഴം, മാമ്പഴം എന്നിവക്ക് പെട്ടെന്ന് ഗ്ലൂക്കോസിന്റെ അളവ് കൂട്ടാന്‍ കഴിയും. അതില്‍ കലോറി കൂടുതലുമാണ്. എന്നാല്‍ പേരയ്ക്ക, സബര്‍ജല്ലി, ആപ്പിള്‍ തുടങ്ങിയവയ്ക്ക് ഗ്ലൈസിവിക്ക് കുറവാണ്. നല്ലപോലെ പഴുക്കാത്ത പഴങ്ങളിലും ഗ്ലൈസിവിക് കുറവായിരിക്കും. ഗ്ലൈസിവിക് കുറഞ്ഞ പഴങ്ങള്‍ കൂടുതലായി കഴിക്കാം. വാഴപ്പഴമൊക്കെ നല്ലതുപോലെ പഴുക്കാതെ കഴിക്കുന്നതാണ് പ്രമേഹരോഗികള്‍ക്ക് നല്ലത്. പഴച്ചാറ് പ്രമേഹരോഗികള്‍ക്ക് ഉത്തമമല്ല. ഡയബറ്റിക് ഇല്ലാത്തവര്‍ക്ക് ലോ കലോറി പഴങ്ങളാണ് നല്ലത്. ഡ്രൈഫ്രൂട്ട് കുറഞ്ഞ അളവിലേ കഴിക്കാവൂ.

നാച്ച്വറോപ്പതി അനുശാസിക്കുന്ന ഭക്ഷണരീതികളുമായി ഡോക്ടര്‍ പറഞ്ഞ മെനു ഒത്തു പോകുന്നുണ്ടോ?
നാച്ച്വറോപ്പതിക്കാരായാലും ആയുര്‍വേദക്കാരായാലും അലോപ്പതിക്കാരായാലും അധുനിക ഡയറ്റ് അനുശാസിക്കുന്ന ഫുഡ് പ്ലെയിറ്റ് അനുസരിച്ച് പ്ലെയിറ്റിന്റെ പകുതി പച്ചക്കറികളും മറുപകുതിയുടെ പകുതി ധാന്യങ്ങളും ബാക്കി പകുതിയില്‍ മാംസ്യവും അടങ്ങുന്ന ഒരു ഭക്ഷണ രീതിയാണ് നാം പിന്‍തുടരേണ്ടത്. അരി ആഹാരങ്ങളായ ചോറ്, ഇഡ്ഡലി, പുട്ട്, ദോശ തുടങ്ങിയവയൊക്കെ കഴിക്കുമ്പോള്‍ അമിത അളവിലുള്ള അന്നജമാണ് ശരീരത്തിലെത്തുന്നത്. രോഗിയായിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ 
ശാരീരികാവസ്ഥ പഠിച്ചതിന് ശേഷമേ ഡയറ്റ് നിര്‍ദ്ദേശിക്കാന്‍ പാടുള്ളു. രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനമുണ്ടാകാം ഇന്‍സുലിന്‍ എടുക്കുന്നയാളോട് ഭക്ഷണം നിയന്ത്രിച്ചുകൊണ്ട് ഇന്‍സുലിന്‍ പൂര്‍ണമായും നിര്‍ത്തിക്കോളൂ എന്നൊക്കെ പറയുന്ന ചികിത്സകള്‍ അപകടകരമാണ്. അതാതുകാലത്ത് അതാത് സ്ഥലത്ത്  കിട്ടുന്ന ഭക്ഷണങ്ങളാണ് നാം കഴിക്കേണ്ടത്.
തീരെ അസ്വാഭാവികമായ കാര്യങ്ങള്‍ അടിച്ചേല്പിക്കാതെ രോഗിക്ക് പൊരുത്തപ്പെട്ടുപോകാന്‍ പറ്റുന്ന ഒരു ചികിത്സപദ്ധതി സ്ഥിരമായി ചെയ്യുക എന്നതാണ് പ്രമേഹചികിത്സയില്‍ പ്രധാനം.

Monday, 22 October 2018

ജലംകൊണ്ട് മുറിവേറ്റവര്‍ക്കൊപ്പം


ഡോ. പ്രിയ ദേവദത്ത്


ന്നോളം കാണാത്ത കാഴ്ചകളുടെയും അനുഭവങ്ങളുടെയും ദുരന്തപ്പെരുമഴയിലൂടെയാണ് ഈ ആഗസ്റ്റില്‍ ഞാനും കടന്നു പോയത്. ശമനമില്ലാതെ പെയ്യുന്ന മഴയില്‍ ചുറ്റുവട്ടം ഉള്ളവരെല്ലാം ദുരിതക്കയത്തില്‍പ്പെട്ടത് 19 വര്‍ഷമായി മാന്നാറില്‍ താമസിക്കുന്ന എന്നെ സംബന്ധിച്ച് അത്യന്തം സങ്കടകരമായ ഒരനുഭവം ആയിരുന്നു... ഒടുവില്‍ തിരക്ക് കൂട്ടി തുള്ളിത്തുളുമ്പി നിന്ന പുഴ ഓരവും വയലും കടന്നു കരകളെല്ലാം സ്വന്തമാക്കി കുതിച്ച് ഒഴുകി. അതോടെ ഇതുവരെ അവര്‍ കാത്തുവച്ചതെല്ലാം അപ്രതീക്ഷിതമായി കുത്തോഴുക്കില്‍പ്പെട്ടു പോയി.. മെല്ലെ മെല്ലെയാണ് മഴ പിടിമുറിക്കിയത്. ഒരുസെക്കന്റ് പോലും വിശ്രമിക്കാതെ ഒന്നടങ്ങി എന്നുതോന്നുമ്പോള്‍ ആര്‍ത്തലച്ചെത്തുന്ന പെരുമഴ. ആഗസ്റ്റ് 15 ന് കോരിച്ചൊരിയുന്ന മഴതുടരുന്നതിനിടയില്‍ കൊഴുവല്ലൂരുള്ള ജയിംസ് മാത്യൂ വന്നു തന്നെ വേഗം വിടണമെന്ന് പറഞ്ഞു. ചെങ്ങന്നൂരില്‍ വെള്ളം കയറുന്നുണ്ടെന്നും രണ്ടുമൂന്നാഴ്ചത്തേയ്ക്ക് മരുന്നുവേണമെന്നും പറഞ്ഞു. അയാള്‍ ആകെ സംഭ്രമിച്ചിരുന്നു. ദുരിതാശ്വാസക്യാമ്പ്, അവിടെ തുടങ്ങുന്നുവെന്നും മരുന്നു വാങ്ങുന്നതിനിടയില്‍ അയാള്‍ പറയുന്നുണ്ടായിരുന്നു.അന്ന് സന്ധ്യയായതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറാന്‍ തുടങ്ങി. രാത്രിഞ്ചരനെപ്പോലെ രാവിന്റെ മറവിലായിരുന്നു പളയത്തിന്റെ കടന്ന് വരവ്. നേരം പുലര്‍ന്നപ്പോഴേയ്ക്കും ചെങ്ങന്നൂര്‍ വെള്ളത്തിലാണ്ടു. മിക്കവരും രാവിലെ ഉണര്‍ന്നത് മുട്ടൊപ്പം വെള്ളത്തില്‍ ചവിട്ടിക്കൊണ്ടാണ്. ഇതിനകം തുടങ്ങിയ ക്യാമ്പുകളിലേയ്ക്ക് നിരവധി പേര്‍ കൂട്ടമായി എത്തിതുടങ്ങി. രാത്രി മഴയിലും കാറ്റിലും വൈദ്യുതി ബന്ധം നിലച്ചതിനാല്‍ മൊബൈലും ടിവി യും പ്രവര്‍ത്തന രഹിതമായി. പത്രവും വിതരണം ചെയ്യാനാളില്ലാതെ കെട്ടിക്കിടന്നു. നാട് ഒറ്റപ്പെട്ടു. വീട്ടിലുള്ളവരെയും ബന്ധുക്കളെയും വിളിച്ച് കിട്ടാതെവന്നപ്പോള്‍ മറ്റ് സ്ഥലങ്ങളിലുള്ളവര്‍ ആശങ്കയിലായി. പലരും എന്നെ വിളിച്ചു. പിറ്റേന്ന് രാവിലെ വോളന്റിയര്‍മാരുടെ സഹായത്തോടെ കണ്ടെത്തിയവരുടെ വിവരങ്ങള്‍ നല്‍കാനായി.

ചെങ്ങന്നൂരെയും റാന്നിയിലെയും പ്രളയദുരിതങ്ങള്‍ കേട്ടും അറിഞ്ഞും കുട്ടനാട്ടിലും ഭീതി പടര്‍ന്നിരുന്നു. ജൂണ്‍ മഴയുടെ ആദ്യ പ്രഹരത്തില്‍ നിന്ന് അവര്‍ മുക്തരായി വരുന്നതേയുള്ളൂ. മാത്രമല്ല ഇത്തവണ പകര്‍ച്ചവ്യാധികളുടെ ആക്രമണം ഇല്ലാതിരുന്നതിന്റെ ആശ്വാസത്തിലുമായിരുന്നു അവര്‍. മിത്രക്കരിയിലുള്ള ആഭ എന്ന പേഷ്യന്റിനെ വിളിച്ച് ഞാന്‍ വിവരങ്ങള്‍ തിരക്കി. കുട്ടനാട്ടുകാരെ സംബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന വെള്ളപ്പൊക്കം അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ചില്ലറ ദുരിതങ്ങള്‍ അവശേഷിപ്പിക്കുമെങ്കിലും വെള്ളപ്പൊക്കത്തെ ഒരു ജലോല്‍സവമായി കാണാനാണ് അവര്‍ ഇഷ്ടപ്പെടുക. പെരുമഴയത്ത് പിണ്ടിച്ചങ്ങാടമോ, ചെറുചങ്ങാടമോ കെട്ടി പുഞ്ചപ്പാടത്ത് പോകുന്നതും ഒറ്റാലുമായി ഊത്ത(ചെറുമീന്‍)പിടിക്കുന്നതും സുഖമുള്ള ഒരോര്‍മ്മയായി അവരില്‍ പലരും പങ്കുവച്ചിട്ടുണ്ട്. ഇത്തവണ കാര്യങ്ങള്‍ കരുതുന്നതിലും അപ്പുറമായിരുന്നു. ആറുകളെല്ലാം കരകവിഞ്ഞതോടെ കുട്ടനാടും അപ്പര്‍ കുട്ടനാടുമെല്ലാം മുങ്ങിയമര്‍ന്നു. 

ഒറ്റപ്പെട്ട് കഴിയുന്നവര്‍ ക്യാമ്പിലെത്തണമെന്ന് പറഞ്ഞുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് ദൂരെയെവിടെയോ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടടുത്തുള്ള മാന്നാര്‍ നായര്‍ സമാജം സ്‌കൂളിലെ ക്യാമ്പിലേയ്ക്ക് പോയി. അവിടെ ഒരു മെഡിക്കല്‍ ക്യാമ്പ് അനിവാര്യമായിരുന്നു. സ്‌കൂള്‍ ഗേറ്റിനടുത്തുവച്ച് തന്നെ പേഷ്യന്റ് സുജ കരഞ്ഞുകൊണ്ടോടിയെത്തി. എല്ലാം നഷ്ടമായി. ഭര്‍ത്താവ് ബിജുവിനെ കാത്ത് നില്‍ക്കുകയാണ്. വീട് നോക്കാന്‍ പോയതാ. ഫോണില്‍ ചാര്‍ജ്ജും തീര്‍ന്നു എന്ന് പറഞ്ഞാണ് കരച്ചില്‍.  ക്ലിനിക്കില്‍ പോയി റീചാര്‍ജു ചെയ്യാന്‍ ഏര്‍പ്പാടാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ഒരു വലിയ കൂട്ടം തന്നെ അവിടെയുണ്ടായിരുന്നു. മുഖപരിചയം ഉള്ളവരും ഇല്ലാത്തവരുമായി. ഒന്നര മണിയായി. ഊണിന്റെ തിരക്ക് കഴിഞ്ഞിരിക്കുകയാണെല്ലാവരും.

അവരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞശേഷം മരുന്നെടുക്കാനായി വീണ്ടും ക്ലിനിക്കില്‍ പോയി. ഒരു പലചരക്ക് കടയും സൂപ്പര്‍മാര്‍ക്കറ്റും ഒഴിച്ച് കടകളെല്ലാം അടഞ്ഞുകിടക്കുന്നു. വരുന്നവഴി സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി പരമാവധി സാനിട്ടറി നാപ്കിനുകളും അവര്‍ക്കായി കരുതി. ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങള്‍, കുട്ടികള്‍, വൃദ്ധര്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയവരെല്ലാവരും ക്യാമ്പിലുണ്ടായിരുന്നു. വീട്ടിനുള്ളിലൂടെ പുഴ ഒഴുകുന്നത് കണ്ട് പകച്ചുപോയവര്‍. പ്രളയം ശക്തമായ മാനസികാഘാതമാണ് ഇവരില്‍ സൃഷ്ടിച്ചിരിക്കുന്നത്. രണ്ടു ബഞ്ച് ചേര്‍ത്തിട്ട് കിടത്തിയിരുന്ന കുഞ്ഞിനാണ് ആദ്യം മരുന്ന് നല്‍കിയത്. ആമിന എന്നാണവളുടെ പേര്. ചൂടും പനിയുമുണ്ട്. അച്ഛന്‍ കുഞ്ഞിനെ പൊക്കിഉയര്‍ത്തി പിടിച്ച് രണ്ട് കിലോമീറ്റര്‍ കഴുത്തൊപ്പം വെള്ളത്തിലൂടെ നടന്നാണ് റോഡിലെത്തിയത്. കരഞ്ഞ് കരഞ്ഞ് പനിപിടിച്ചതാണ് അവര്‍ കൂട്ടിച്ചേര്‍ത്തു. 

പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ നഷ്ടപ്പെട്ടവര്‍ അവിടെ ധാരാളമുണ്ടായിരുന്നു. രണ്ടാഴ്ചത്തേയ്ക്കുള്ള മരുന്നുകള്‍ അവര്‍ക്ക് നല്‍കി. തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും മലിനജലവുമായുള്ളസമ്പര്‍ക്കം മൂലം വളംകടിയും ചൊറിച്ചിലും ബാധിച്ചിരുന്നു. ഇതിനെല്ലാമുപരി മാനസികമായ ആഘാതമാണ് അവരെ തളര്‍ത്തിയിരുന്നത്. ഉറക്കക്കുറവ്, ആകാംക്ഷ, ഭയം, ഉത്കണ്ഠ, നിസ്സഹായാവസ്ഥ, അലഞ്ഞുതിരിയാനുള്ള പ്രവണത, സ്ഥലകാല വിഭ്രാന്തി ഒക്കെ ഉള്ളവര്‍ ഉണ്ടായിരുന്നു. ഒരു വീട്ടിലെ ആളുകള്‍ പല ക്യാമ്പുകളിലായി കൂട്ടംതെറ്റിപ്പോയതും ചിലരില്‍ മനോവിഷമത്തിനിടയാക്കി.

മുട്ടുവേദനയും കാലുവേദനയുമായി വന്നവരായിരുന്നു പിന്നെയേറെയും. ലോണെടുത്തുവാങ്ങിയ 1500 താറാവുകള്‍ ഒഴുകിപ്പോയതിന്റെ ദുഃഖത്തിലായിരുന്നു ജോസഫും മറിയയും. കടുത്ത ആസ്ത്മരോഗിയാണ് മറിയ. താറാവുകളെ കരയ്ക്ക് ഭദ്രമായി വലയ്ക്കുള്ളില്‍ കെട്ടിയിട്ടിരുന്നതാണ്. പെരുവെള്ളത്തില്‍ അവ ഒലിച്ചുപോയി. ശ്വാസംമുട്ടലിനിടയിലും മറിയ പറഞ്ഞുകരഞ്ഞു. കരയുന്ന മൂന്ന് വയസ്സുകാരന്‍ ആര്യനെയും കൊണ്ട് അമ്മ ഇടയ്ക്ക് കയറി. നിര്‍ത്താതെ കരച്ചിലാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടാണ് അവന്റെ പ്രശ്‌നം. ബാഗില്‍ സൂക്ഷിച്ചിരുന്ന ചെറിയൊരു ലെറ്റര്‍ ഹെഡും സ്‌കെച്ച്പപെന്നും അവന് നല്‍കി. ചില കുട്ടികള്‍ പുതിയ സൗഹൃദങ്ങളുമായി ഇഴുകിച്ചേരുന്നുണ്ട്. സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് പെട്ടെന്ന് പറിച്ച് മാറ്റിയതിന്റെ അരക്ഷിതാവസ്ഥ മിക്ക കുട്ടികളുടെയും മുഖത്തുണ്ട്.

സന്ധ്യയാകുന്നു. മഴ വീണ്ടും കരുത്താര്‍ജിക്കുകയാണ്. തത്കാലം പരിശോധന നിര്‍ത്തി പുറത്തേക്കിറങ്ങുവാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ കയ്യില്‍ പിടിച്ചുകൊണ്ട് ഒരമ്മ ചോദിച്ചു, കിടപ്പ് രോഗിയെ നോക്കാമോയെന്ന്! പാചകപുരയ്ക്ക് സമീപമുള്ള ക്ലാസ്സ് മുറിക്കടുത്തേയ്ക്ക് ഞങ്ങള്‍ നടന്നു. മിനിട്ട് വച്ച് ക്യാമ്പില്‍ ആള് കൂടുകയാണ്. വലിയ ആരവങ്ങള്‍. നനഞ്ഞ തുണിയുമൊതുക്കിപിടിച്ച് ട്രക്കില്‍ നിന്ന് ഇറങ്ങുന്നവര്‍. അധ്വാനിച്ചതെല്ലാം വെള്ളത്തിലമരുന്നതിന്റെ മരവിപ്പ് എല്ലാ മുഖങ്ങളിലുമുണ്ട്. വിരിവച്ച് കിടക്കുന്ന ഭര്‍ത്താവിനെ ആ അമ്മയും രണ്ട് പേരും ചേര്‍ന്ന് താങ്ങി എഴുന്നേല്‍പ്പിച്ചിരുത്തി. അയാള്‍ ആര്‍ക്കും മുഖം തരുന്നില്ല. രണ്ടുമുട്ടുകളിലും നീരുണ്ട്, വേദനയും. അയാള്‍ക്കെന്തോ പറയാനുള്ള പോലെ. മുഖത്ത് കടുത്ത ദുഃഖം, അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. അവള്‍ അറിയണ്ട. വീട് മുഴുവന്‍ മുങ്ങിത്താണു.ഞാന്‍ പോയിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതാണ്. കുറിപ്പടിയും മരുന്നുമായി ഭാര്യ വരുന്നത് കണ്ട് അയാള്‍ കണ്ണീരൊപ്പി. ഇവിടെ കഴിയുന്ന നാളെങ്കിലും അവള്‍ സമാധാനമായിരിക്കട്ടെ. കണ്ണുകള്‍ നിറഞ്ഞൊഴുകിയ ആ വൃദ്ധനെ ഒരിക്കലും മറക്കില്ല.

റോഡിലേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ബ്രഡും റസ്‌കും വിതരണം ചെയ്യുന്നതിന്റെയിടയില്‍ നിന്നൊരു വോളന്റിയര്‍ ഓടിയെത്തി. പ്രശ്‌നം രൂക്ഷമാണ്. ഇടനാട്ടില്‍ ഓട് പാകിയ വീടുകളുടെ മേല്‍ക്കൂര അപ്പടി ഒഴുകിപ്പോയി. മാന്നാറിന്റെ രണ്ടര കിലോമീറ്റര്‍ ചുറ്റിലും കടപ്രയുടെ ഉയര്‍ന്നപ്രദേശങ്ങളും ഒഴിച്ച് ബാക്കിയെല്ലാം വെള്ളം മൂടിയിരിക്കുകയാണ്. തികച്ചും ആശങ്കയുടെ നിമിഷങ്ങളായിരുന്നു അത്. ഒറ്റപ്പെട്ടവരെ രാത്രി വൈകിയും പ്രതികൂലകാലാവസ്ഥയില്‍ നാട്ടുവഴികളിലൂടെ വള്ളമോടിച്ച് രക്ഷിച്ചത് മത്സ്യത്തൊഴിലാളികളാണ്. ആഴത്തില്‍ മുങ്ങിയും ഊളിയിട്ടും കയ്യാലയും വാഴത്തടകളും വെട്ടിമാറ്റിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ അവരെ എത്ര പ്രശംസിച്ചാലും അധികമാവില്ല. പാണ്ടനാട്ടില്‍ പ്രളയത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ശരീരം ഒഴുകിപ്പോകാതെ കെട്ടിവച്ച് കാവലിരുന്ന വീട്ടമ്മയുടെ വേദന ഹൃദയത്തില്‍ ആഴത്തില്‍ തൊട്ടു. ഗൃഹനാഥനും മകനും മുത്തശ്ശിയുമടക്കം മൂന്നു പേര്‍ മരിച്ച കൂടൂംബവും നീറുന്ന ഓര്‍മ്മയിലെ ചിലതു മാത്രം. സ്വന്തം ജീവന്‍ രക്ഷിക്കുന്ന തിരക്കില്‍ മിണ്ടാപ്രാണികളെ അഴിച്ച് വിടാന്‍ മറന്നവരും, കിട്ടിയ വിലയ്ക്ക് ജീവിതമാര്‍ഗ്ഗമായ പശുക്കളെ വിറ്റവരുമൊക്കെ ദുഃഖിതരാണ്.

എണ്ണിയാലൊടുങ്ങാത്ത ഒട്ടനവധി വെല്ലുവിളികളാണ് ഈ ആഗസ്റ്റ് നമുക്ക് നല്‍കിയത്. സംസ്ഥാന ഏകോപനസെല്ലിന്റെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റെയും നിര്‍ദ്ദേശങ്ങള്‍ ചിട്ടയോടെ പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങിയ ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വയം സന്നദ്ധ സേവനത്തിനിറങ്ങിയ പതിനായിരക്കണക്കിന് യുവാക്കള്‍, എഴുപത്തിരണ്ട് മണിക്കൂറോളം തുടര്‍ച്ചയായി ഉറങ്ങാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍, നാവികസേന, എയര്‍ഫോഴ്‌സ് ഇവരുടെ ഒരുമയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തനമാണ്  മരണനിരക്ക് ഗണ്യമായി കുറച്ചത്.

പ്രളയം കഴിഞ്ഞ് മൂന്നാഴ്ചയോളം പിന്നിട്ടു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സാന്ത്വനസ്പര്‍ശമായി പാണ്ടനാട്ടില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് നടത്തുകയുണ്ടായി. അങ്ങോട്ടുള്ള യാത്രയില്‍ ഉത്തരേന്ത്യയിലെ മഴകണ്ടിട്ടില്ലാത്ത ഉള്‍നാടന്‍ ഗ്രാമത്തിലൂടെ പോകുന്ന പ്രതീതിയാണെനിക്കുണ്ടായത്. എവിടെയും ചെളിയുണങ്ങിയ മണ്ണും പൊടിയും. പ്രളയം പാണ്ടനാടിന്റെ പച്ചപ്പും പ്രസരിപ്പും ചോര്‍ത്തിക്കളഞ്ഞിരുന്നു. തകര്‍ന്നടിഞ്ഞ വീടുകളും മതിലുകളും കുന്നുകൂടിക്കിടക്കുന്ന ഉപയോഗശൂന്യമായ ഗൃഹോപകരണങ്ങളും ആളൊഴിഞ്ഞ കെട്ടിടങ്ങളും കേടായ വാഹനങ്ങളുമെല്ലാം പാണ്ടനാടിന്റെ നഷ്ടപ്രതാപങ്ങള്‍ വിളിച്ചോതുന്നു. ഭ്രാന്തമായി ഒഴുകിയ പമ്പയാര്‍ മെലിഞ്ഞുണങ്ങി ശാന്തമായൊഴുകുന്നു. ഒടിഞ്ഞ് വീണൊഴുകിയ വൃക്ഷത്തലപ്പുകളൊന്നുമില്ല, പകരം പുതുതായി രൂപപ്പെട്ട മണല്‍ത്തിട്ടകള്‍ മാത്രം. പൊടിക്കാറ്റില്‍ നിന്നും രക്ഷനേടാന്‍ മൂക്കും വായയും മറച്ചാണ് മിക്ക രോഗികളും ക്യാമ്പിലെത്തിയത്. മാനസികമായും ശാരീരികമായും തളര്‍ന്നവര്‍. തിരിച്ചെത്തിയപ്പോള്‍ അവരെ കാത്തിരുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും രോഗങ്ങളുമെല്ലാം സങ്കടകണ്ണീരായൊഴുകി. ദുഃഖങ്ങള്‍ മറക്കാന്‍ പഠിക്കുകയാണവരിപ്പോള്‍. ഗവണ്‍മെന്റും സുമനസ്സുകളും ചൊരിഞ്ഞ സ്‌നേഹത്തണലില്‍ പുതുജീവിതം തളിരിടുകയാണിവിടെ. പ്രളയം ബാക്കിവച്ച മുറിവുകള്‍ ഉണങ്ങട്ടെ. ജീവിതത്തിലേയ്ക്ക് പതുക്കെ തുഴഞ്ഞടുക്കുകയാണവര്‍.

Saturday, 13 October 2018

പ്രളയം തുറന്ന കണ്ണുകള്‍

ഷിജു ഏലിയാസ്

യിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിലെ വെള്ളപ്പൊക്കം ദൈവത്തിനു പറ്റിയ കൈപ്പിഴയല്ലെന്ന് 2018 തെളിയിച്ചിരിക്കുന്നു. 1924 നു മുന്‍പും അതിനു ശേഷവും ഉണ്ടായ ചെറുതും വലുതുമായ പ്രളയങ്ങളുടെ ചരിത്രം അറിയാത്തതുപോലെ നടിച്ചവര്‍ക്ക് ഇനി ഉണര്‍ന്നേ കഴിയൂ. കേരള സംസ്ഥാനത്തിന്റെ വലിയൊരു ഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന സ്ഥലങ്ങളാണ്. പേമാരിക്കു ശേഷം പ്രളയത്തിന്റെ മുന്നറിയിപ്പു നല്‍കി ആളുകളെ രക്ഷിക്കുക എന്നത് കേരളത്തിന്റെ സാഹചര്യത്തില്‍ പ്രായോഗികമല്ല. സഹ്യപര്‍വ്വതത്തിനും അറബിക്കടലിനും ഇടയിലുള്ള ചെറിയ ദൂരം മഴവെള്ളം ഒഴുകാന്‍ മണിക്കൂറുകള്‍ മതി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള പോംവഴി. ഭൂവിനിയോഗവും ജലവിനിയോഗവും ശാസ്ത്രീയമാവണം. നിര്‍മാണ ചട്ടങ്ങള്‍ കാലത്തിനും കേരളത്തിന്റെ ഭൂപ്രകൃതിക്കും അനുസൃതമായി മാറണം. ശാസ്ത്രവും സാങ്കേതിക വിദ്യയും ശരിയായ ലക്ഷ്യബോധത്തോടെ വിനിയോഗിക്കാന്‍ നമുക്കാവണം. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഔദ്യോഗിക സംവിധാനങ്ങളെക്കാളേറെ, ജനങ്ങള്‍ തന്നെ ജനങ്ങളെ രക്ഷിച്ചതാണ്  ഈ പ്രളയകാലത്തെ അനുഭവം. മല്‍സ്യത്തൊഴിലാളികളായി അവതരിച്ച 'ദൈവങ്ങള്‍' ഇല്ലായിരുന്നുവെങ്കില്‍ കേരളം ശവപ്പറമ്പായി മാറുമായിരുന്നു. നമ്മുടെ വികസന മുന്‍ഗണനകളിലും സമീപനത്തിലും മാറ്റം വരാത്ത പക്ഷം, ഇനിയൊരു പ്രളയമോ ഭൂകമ്പമോ ഉണ്ടായാലും - അങ്ങനെ ഉണ്ടാകില്ലെന്ന് കണ്ണുമടച്ച് വിശ്വസിക്കുന്നത് ഭോഷ്‌ക്കാണ് - ഇതു തന്നെ ആവര്‍ത്തിക്കും. ജീവന്‍ പണയം വച്ചും ഉടപ്പിറപ്പുകളെ രക്ഷിക്കാന്‍ പതിനായിരങ്ങള്‍ അന്നും രംഗത്തിറങ്ങും. അതൊരു പദ്ധതിയല്ല; ഈ ജനതയുടെ നന്മ മാത്രമാണത്.

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കീഴില്‍, കേരളത്തിലും ലക്ഷദ്വീപിലും കര്‍ണ്ണാടകത്തിലുമായി പതിന്നാലോളം നിരീക്ഷണകേന്ദ്രങ്ങളും എഴുപതോളം മഴവെള്ള മാപനകേന്ദ്രങ്ങളും ഉണ്ടായിരുന്നിട്ടും, കേരളത്തെ മുക്കിക്കളയുന്ന ഈ ദുരന്തം പടിവാതില്‍ക്കല്‍ എത്തിയത് നമ്മള്‍ അറിഞ്ഞില്ല. അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍, ഭൗമ വികിരണത്തിന്റെ അളവു മുതല്‍ അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വരെ യഥാസമയം മനസ്സിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ട്.  ജിപിഎസ് അടക്കമുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് അപ്പപ്പോള്‍ ശേഖരിക്കുന്ന കാലാവസ്ഥാ സംബന്ധമായ വിവരങ്ങള്‍ അവ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കൈയിലെത്തുമ്പോള്‍, വെറും സര്‍ക്കാര്‍ ഫയലുകളായി ചുരുങ്ങിപ്പോകരുത്. കേരളത്തില്‍ പ്രളയം ഉണ്ടാകില്ലെന്ന അന്ധമായ തോന്നലാണ് നമ്മെ നയിച്ചത്. മുന്നൂറിലധികം പേരുടെ ജീവനും ആയിരക്കണക്കിനു കോടിയുടെ സ്വത്തുവകകള്‍ക്കുമൊപ്പം നമ്മുടെ ഈ അബദ്ധവിശ്വാസം കൂടിയാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. നൂറുകണക്കിന് കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നുപോയി. അതിന്റെ എത്രയോ ഇരട്ടി റോഡുകള്‍ക്ക് കേടുപാടു സംഭവിച്ചു. ആയിരക്കണക്കിന് വീടുകള്‍ നിലംപൊത്തി. പതിനായിരക്കണക്കിന് വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചു. കന്നുകാലികളും ആടുകളുമടക്കം പതിനായിരത്തിലേറെ വളര്‍ത്തുമൃഗങ്ങള്‍ ചത്തു. പതിനായിരക്കണക്കിന് ഹെക്ടറിലെ കൃഷി നശിച്ചു. പലയിടത്തും മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ഭൂമി കൃഷിയോഗ്യമല്ലാതായി. പൊതു സ്ഥാപനങ്ങള്‍ക്കും പൊതു സൗകര്യങ്ങള്‍ക്കുമുണ്ടായ നഷ്ടം നികത്താനും സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനും സര്‍ക്കാരിനു കഴിഞ്ഞേക്കും. എത്ര തന്നെ സര്‍ക്കാര്‍ സഹായം ഉണ്ടെങ്കിലും, സ്വകാര്യ വ്യക്തികളുടെ സ്വത്തുവകകള്‍ക്കുണ്ടായ നഷ്ടം പൂര്‍ണ്ണമായി നികത്താന്‍ അതൊന്നും പര്യാപ്തമാവില്ല. കൈവിട്ടു പോയ ജീവിതം തിരിച്ചുപിടിക്കേണ്ട പ്രാഥമികമായ ബാധ്യത ദുരിതം ബാധിച്ച മനുഷ്യരുടേതു തന്നെയാണ്.

ദുരന്തത്തിന്റെ വ്യാപ്തി കണക്കുകള്‍ നിരത്തി പറയുന്നതിലും മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതിലും എത്രയോ അധികമാണ്. അന്നന്നത്തെ അധ്വാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഒന്നോ രണ്ടോ മാസം തൊഴിലില്ലാതായാല്‍ അവരനുഭവിക്കുന്ന ദുരിതം ഒരു കണക്കെടുപ്പിലും ഉള്‍പ്പെട്ടിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രാത്രിയും പകലുമില്ലാതെ ഓടി നടക്കുന്ന പതിനായിരക്കണക്കിന് ചെറുപ്പക്കാരും സന്നദ്ധ പ്രവര്‍ത്തകരും മറ്റു തൊഴിലുകള്‍ ഇല്ലാത്തവരല്ല. ഈ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും പോലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ ജീവിതത്തെ ബാധിക്കാതിരിക്കില്ല. വിലപ്പെട്ട റവന്യൂ രേഖകള്‍ നഷ്ടപ്പെട്ടു പോയ വില്ലേജ് ഓഫീസുകളുണ്ട്. സര്‍ക്കാര്‍ എന്തൊക്കെ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചാലും ഈ ഓഫീസുകള്‍ കയറിയിറങ്ങി ജനങ്ങള്‍ പെടാപ്പാടു പെടുന്ന നാളുകളാണ് വരാനിരിക്കുന്നത്. എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും ജനങ്ങളെ നടത്തി കാലൊടിച്ച അതേ അധികാരികള്‍ തന്നെയാണ് ഒരു രേഖയും ഇല്ലാത്ത ഓഫീസില്‍ ഇരുന്ന് ഇനിയുള്ള കാലം ജനങ്ങളെ സേവിക്കാന്‍ പോകുന്നത്. ആത്മഹത്യകള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഇത് ആവശ്യത്തില്‍ അധികമാണ്.

വടക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കലിതുള്ളിയ 2018 ഇനിയുള്ള ഒരു നൂറ്റാണ്ടുകാലം കേരളത്തിന്റെ ചരിത്രത്തിലെ മഹാപ്രളയകാലമായി ഓര്‍മിക്കപ്പെടും. ഇതിനു മുന്‍പ്  പ്രളയത്തിന്റെ സൂചനകള്‍ കണ്ടപ്പോഴൊക്കെ, നമ്മള്‍ പറഞ്ഞു പോന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെ കുറിച്ചാണ്. പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പു വരെ ആ വെള്ളപ്പൊക്കം നേരില്‍ കണ്ട ആളുകള്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു. അവരുടെ വാക്കുകളില്‍ നിന്ന് മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളാണ് ആ മഹാപ്രളയത്തെ കുറിച്ച് നമ്മുടെ മനസ്സിലുള്ളത്. ഒരു വെള്ളപ്പൊക്കം എത്രകണ്ട് ഭയാനകമായിരിക്കുമെന്ന് നാമിന്ന് നേരിട്ടനുഭവിച്ച് മനസ്സിലാക്കിയിരിക്കുന്നു. നമുക്കിനി തൊണ്ണൂറ്റി ഒമ്പതിനേക്കുറിച്ച് പറയേണ്ടി വരില്ല. അതിലും വ്യാപ്തിയുള്ള ദുരന്തത്തിന്റെ നാളുകളാണ് നാമിപ്പോള്‍ പിന്നിട്ടിരിക്കുന്നത്. മഴയുടെ അളവോ, വെള്ളം വിഴുങ്ങിയ പ്രദേശങ്ങളുടെ വ്യാപ്തിയോ അല്ല, ജനങ്ങള്‍ അനുഭവിച്ച ദുരന്തത്തിന്റെ ഭയാനകതയാണ് ഈ വെള്ളപ്പൊക്കത്തെ ചരിത്രത്തില്‍ വേറിട്ടതാക്കുന്നത്. ഈ വെള്ളപ്പൊക്ക കാലത്ത്  കേരളത്തിലെ ഒരു പ്രദേശവും ദുരിതമുക്തമായിരുന്നില്ല. വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ഇരട്ടിയാക്കി, മലമ്പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പോലും മണ്ണിടിഞ്ഞ് ആളും അര്‍ത്ഥവും നശിച്ചു. അണക്കെട്ടുകളില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ, ആകെയുള്ള 42 അണക്കെട്ടുകളില്‍ 35 എണ്ണത്തിന്റെയും ഷട്ടറുകള്‍ തുറന്നു. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടര്‍ന്നപ്പോള്‍, ദിവസങ്ങളോളം ഷട്ടറുകള്‍ തുറന്നു തന്നെ വയ്‌ക്കേണ്ടി വന്നു. മറ്റു പ്രദേശങ്ങളിലെ കനത്ത മഴ കൂടിയായപ്പോള്‍, കേരളം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തില്‍ മുങ്ങി. പ്രളയത്തിന്റെ വ്യാപ്തി ശരിയായി പ്രവചിക്കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ അതിദയനീയമായി പരാജയപ്പെട്ടു. പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തുന്നതിനു മുന്‍പു തന്നെ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കണമെന്ന യാതൊരു സൂചനയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നല്‍കാന്‍ ഈ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞില്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ,  മഴ അടങ്ങുമെന്ന സാധാരക്കാരുടെ പ്രതീക്ഷ അവരും പങ്കുവയ്ക്കുകയായിരുന്നു. 

മഴ കൂടുതലായി പെയ്തതു കൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായത് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.  മഴയാണ് വില്ലന്‍ എന്നൊരു സൂചനയാണ് ഇത് നല്‍കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സഹ്യപര്‍വ്വതത്തില്‍ 1 മീറ്റര്‍ മഴ പെയ്താല്‍, ഇതേ ദുരന്തം ഇതുപോലെ ഇനിയും ആവര്‍ത്തിക്കും എന്നാണതിന്റെ അര്‍ത്ഥം. മഴ പെയ്താല്‍ വെള്ളപ്പൊക്കമുണ്ടാവും, മഴ തോര്‍ന്നാല്‍ വെള്ളമിറങ്ങും എന്ന് പറയാനാണെങ്കില്‍, കോടികള്‍ മുടക്കി നിലനിര്‍ത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും കാലാവസ്ഥാ നിരീക്ഷണോപാധികളും ദുരന്തനിവാരണ നിയമങ്ങളും ഭൂവിനിയോഗ മാനദണ്ഡങ്ങളും നിര്‍മാണ ചട്ടങ്ങളും എന്തിനാണെന്ന ചോദ്യം പ്രസക്തമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ പരിമിത വട്ടത്തിനുള്ളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നവര്‍ പരിഹാസ്യരാവും. അണക്കെട്ടുകളാണ് വെള്ളപ്പൊക്കമുണ്ടാക്കുന്നത് എന്നൊരു മുടന്തന്‍ വാദവും ഇതിനിടെ ഉയരുന്നുണ്ട്. പ്രളയമുണ്ടാക്കുകയല്ല, വെള്ളപ്പൊക്കം നിയന്ത്രിക്കുകയാണ് അണക്കെട്ടുകള്‍ ചെയ്യുന്നത്. അശാസ്ത്രീയമായ മാനേജ്‌മെന്റിലൂടെ പ്രളയം സൃഷ്ടിക്കാനും അണക്കെട്ടുകള്‍ കൊണ്ട്  സാധിക്കുമെന്നതാണ് അതിന്റെ മറുവശം. ഒരു തത്ത്വമെന്ന നിലയില്‍ പറഞ്ഞാല്‍, മലനിരകളില്‍ പെയ്യുന്ന മഴവെള്ളം ഒറ്റയടിക്ക് കുത്തിയൊലിച്ച് താഴെയെത്താന്‍ അനുവദിക്കാതെ റിസര്‍വ്വോയറുകളില്‍ തടഞ്ഞു നിര്‍ത്തി പ്രളയ സാധ്യത ഇല്ലാതാക്കുകയാണ് ഡാമുകള്‍ ചെയ്യുന്നത്. ഡാമുകളില്‍ ശേഖരിക്കുന്ന വെള്ളം സുരക്ഷിതമായ അളവില്‍ യഥാസമയം തുറന്നു വിടണം. അതു ചെയ്യാതെ, പരമാവധി സംഭരണ ശേഷി എത്തുന്നതു വരെ ഡാമിന്റെ ഷട്ടറുകള്‍ അടച്ചിട്ടതിനു ശേഷം, കണക്കില്ലാത്ത വെള്ളം ഒറ്റയടിക്ക് തുറന്നു വിട്ടാല്‍ പ്രളയമുണ്ടാകും. ഒരേ നദിയില്‍ ഒന്നിലധികം അണക്കെട്ടുകള്‍ ഉള്ളപ്പോള്‍, താഴെയുള്ള ഡാമുകളിലെ ഷട്ടറുകള്‍ ആദ്യം തുറന്നില്ലെങ്കില്‍, മുകളിലുള്ള ഡാമുകള്‍ തുറക്കുമ്പോള്‍, പരമാവധി സംഭരണ ശേഷിക്കും മുകളില്‍ വെള്ളം എത്താനുള്ള സാധ്യതയുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. അണക്കെട്ടുകളിലെ വെള്ളം കൈകാര്യം ചെയ്ത രീതിയില്‍ അശാസ്ത്രീയതയുണ്ടോ എന്ന് പരിശോധിക്കുന്നത് ഭാവിയില്‍ സമാന സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ സഹായകമാവും. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകളിലെ ഷട്ടറുകള്‍ തുറന്നത് അവര്‍ക്ക് തോന്നിയ സമയത്താണ്. കരകവിഞ്ഞൊഴുകുന്ന നദികളിലേക്കാണ്, മതിയായ മുന്നറിയിപ്പില്ലാതെ, ഈ വെള്ളം ഒഴുക്കിവിട്ടത് എന്നോര്‍ക്കണം.  ബാണാസുര, ശബരിഗിരി മുതലായവയിലെ അണക്കെട്ടുകള്‍ തുറന്നു വിട്ടതു സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉണ്ടായി. ഡാം സുരക്ഷാ അതോറിറ്റി കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതി എത്രകണ്ട് ശാസ്ത്രീയമാണെന്ന അന്വേഷണം ഇനിയും വൈകാനിടയില്ല. ഒരു പെരുമഴക്കാലത്ത് ഡാമിന്റെ ഷട്ടറുകളില്‍ കൂടി വരുന്ന വെള്ളത്തിന്റെ അളവു മാത്രം വച്ച് പ്രളയമുണ്ടാകുമോ എന്ന് കണക്കു കൂട്ടാനാവില്ല. ആറുകളിലൂടെയും തോടുകളിലൂടെയും ചെറു നീര്‍ച്ചാലുകളിലൂടെയും അതിന്റെ എത്രയോ ഇരട്ടി ജലം ഒഴുകിയെത്താനിടയുണ്ട്. അതിനു മുകളിലേക്കാണ് തുറന്നു വിട്ട അണക്കെട്ടുകളില്‍ നിന്നുള്ള ജലം എത്തുന്നത്. അപ്പോഴും ഡാമുകളാണ് വില്ലന്‍ എന്ന് പറയാനാവില്ല. പശ്ചിമഘട്ടത്തില്‍ പെയ്ത മഴയ്ക്കുത്തരവാദി നമ്മളാണെന്ന് പറഞ്ഞാല്‍ അത് അര്‍ദ്ധ സത്യമാവും. എന്നാല്‍, ഈ പേമാരി ഇത്ര ഭയാനകമായ പ്രളയമാക്കിയതില്‍ അശാസ്ത്രീയമായ ഭൂവിനിയോഗത്തിനും ജലവിഭവ മാനേജ്‌മെന്റിനും സുസ്ഥിരമല്ലാത്ത നിര്‍മാണത്തിനും പങ്കുണ്ടെന്നത് തര്‍ക്കമറ്റ കാര്യമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെതിരായ പ്രകൃതിയുടെ താക്കീത് ഇതിലുണ്ട്.

കേരളത്തിലെ വൈവിധ്യമാര്‍ന്ന തണ്ണീര്‍ത്തടങ്ങളില്‍ ബഹുഭൂരിപക്ഷവും അപ്രത്യക്ഷമായിക്കഴിഞ്ഞു. വെള്ളം സംഭരിച്ചു നിര്‍ത്തിയിരുന്ന വയലുകളും കുളങ്ങളും ചെറുനീര്‍ത്തോടുകളും ഒട്ടു മുക്കാലും നികന്നു. മഴവെള്ളം മണ്ണില്‍ കിനിഞ്ഞിറങ്ങാനുള്ള സാധ്യതയും ഒരളവുവരെ നമ്മള്‍ അടച്ചു കഴിഞ്ഞു. ചെറിയ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ മിക്കതും നികന്ന് റോഡുകളോടോ പുരയിടങ്ങളോടോ കൂട്ടിച്ചേര്‍ക്കപ്പെട്ടു. വെള്ളം പിടിച്ചു നിര്‍ത്തുന്ന മണ്ണിന്റെ ഹരിതാവരണവും ഇല്ലാതാവുകയാണ്. മലകളില്‍ പെയ്യുന്ന മഴവെള്ളം കുത്തിയൊലിച്ചു വന്ന് താഴ്ന്ന പ്രദേശങ്ങളെ മൂടാന്‍ ഏതാനും മണിക്കൂറുകള്‍ മതി.

ഭൂവിനിയോഗത്തിന്റെയും ജലവിഭവ മാനേജ്‌മെന്റിന്റെയും തണ്ണീര്‍ത്തട സംരക്ഷണത്തിന്റെയും  നിര്‍മാണ ചട്ടങ്ങളുടെയും ഖനനത്തിന്റെയും കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള നിലപാടുകള്‍ ആവശ്യമാണെന്ന് വാദിക്കുന്നവര്‍ ഇത്രയും കാലം കേരളത്തില്‍ ആര്‍ക്കും വേണ്ടാത്തവരായിരുന്നു. പൊതുവില്‍  എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഈ വക കാര്യങ്ങളില്‍ ഏറെക്കുറേ ഒരേ കാഴ്ചപ്പാടായിരുന്നു. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ സംഘടനകള്‍ പോലും, പൊതുവികാരത്തിനൊപ്പം നിന്നതാണ് സംസ്ഥാനത്തിന് വിനയായത്. ദുരന്തങ്ങളാണ് മനുഷ്യരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ ദുരന്തത്തിന്റെ  പശ്ചാത്തലത്തില്‍ കേരളം ഒരു പുനര്‍ചിന്തനത്തിന് തയ്യാറായിരിക്കുന്നു. മുതലാളിത്ത വികസന സങ്കല്‍പ്പങ്ങളുടെ തിമിരം ബാധിച്ച മലയാളി മാറിചിന്തിക്കാന്‍ തയ്യാറാവുന്ന ഈ ഘട്ടത്തില്‍ അവനെ പിറകില്‍ നിന്ന് പിടിച്ചു വലിക്കാതിരിക്കാനുള്ള വിവേകം പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണം. 'നിങ്ങള്‍ക്ക് വികസനം വേണ്ടേ' എന്ന് ജനങ്ങളോട് ചോദിക്കുന്നവര്‍ ' സുസ്ഥിര വികസനം' എന്ന ലക്ഷ്യത്തിലേക്ക് മാറ്റിപ്പിടിക്കാന്‍ തയ്യാറാവണം. ഒലിച്ചുപോയ റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതും തകര്‍ന്നു പോയ കെട്ടിടങ്ങള്‍ അതേ സ്ഥലത്ത് കെട്ടിയുയര്‍ത്തുന്നതും മാത്രമാവരുത് കേരളത്തിന്റെ പുനര്‍നിര്‍മാണം. പരിസ്ഥിതി ലോല പ്രദേശങ്ങളെ സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ വിവേകശാലികളായ നേതാക്കള്‍ മുന്‍കൈയെടുക്കണം. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കൂടുതല്‍ ശാസ്ത്രീയവും സമഗ്രവും കര്‍ക്കശവുമാകണം. മണലും പാറയും അടക്കമുള്ള പ്രകൃതി വിഭവങ്ങളെ ലക്കും ലഗാനുമില്ലാതെ ചൂഷണം ചെയ്യുന്ന രീതിയാണ് ഇന്നനുഭവിക്കുന്ന ദുരിതത്തില്‍ മലയാളിയെ എത്തിച്ചത്. എന്നിട്ടും നിര്‍മാണ ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കാനുള്ള സമ്മര്‍ദ്ദമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കൊണ്ടിരുന്നത്. നിയമപരമായി അനുവദനീയമായതിനെ എതിര്‍ക്കേണ്ട കാര്യമെന്ത് എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. പ്രകൃതിക്കും പരിസ്ഥിതിക്കും ചേരാത്ത നിയമങ്ങള്‍ മാറണം. മാറ്റാനുള്ള ഇച്ഛാശക്തി ഭരണാധികാരികള്‍ക്ക് ഉണ്ടാവണം. രണ്ടു പേര്‍ക്ക് താമസിക്കാന്‍ 4000 ച. അടി വീട് പണിയുന്നവരും അതിന് അനുമതി നല്‍കുന്നവരും വരും തലമുറകളോട് കടുത്ത ദ്രോഹമാണ് ചെയ്യുന്നത്. കൈയ്യേറ്റം ചെയ്യപ്പെട്ട പുഴകള്‍ ഒന്നു കുതറിയപ്പോള്‍ അത് കേരളത്തിന് താങ്ങാവുന്നതില്‍ അപ്പുറമായി. നികത്തപ്പെട്ടു പോയ അസംഖ്യം നീര്‍ത്തോടുകളും അമര്‍ത്തപ്പെട്ട ഉറവകളും,  ഉണ്ടാക്കിയ സമ്മര്‍ദ്ദമാണ് ഈ പെരുമഴക്കാലത്ത് കേരളത്തിന്റെ പല പ്രദേശങ്ങളെയും തകര്‍ത്തു കളഞ്ഞത്. എല്ലാവരും ദുരന്തബാധിതരുടെ പുനരധിവാസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് കരുതുന്നവരുണ്ടാകും. വാസ്തവം നേരേ മറിച്ചാണ്. ഇതാണ് ഒരു പുനരാലോചനയ്ക്ക് യോജിച്ച സമയം. അടുത്ത മഹാപ്രളയം വരെ നമുക്കതിന് കാത്ത് നില്‍ക്കാനാവില്ല. വികസനം മുന്നോട്ടു പോകണമെങ്കില്‍ അതിന് സുസ്ഥിരമായ അടിത്തറ വേണം. കേവല വികസനമല്ല, സുസ്ഥിര വികസനമാണ് നമുക്കു വേണ്ടത്. 3 മീറ്ററിലധികം മഴ ലഭിക്കുന്ന ആയിരക്കണക്കിന് ച.കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുള്ള കേരളത്തില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ അവഗണിച്ചു കൊണ്ടുള്ള വികസനം സ്ഥായിയാവുകയില്ല. അതിന്റെ സൂചന ഈ ദുരന്തത്തില്‍ കാണാനാവുന്നില്ലെങ്കില്‍, ഈ മഹാപ്രളയത്തില്‍ നിന്ന് നമ്മള്‍ ഒന്നും പഠിക്കുന്നില്ല എന്ന് പറയേണ്ടി വരും.

Friday, 21 September 2018

ഹൃദയത്തെ പരിപാലിക്കാം

ഡോ. ജോര്‍ജ്ജ് തയ്യില്‍
സീനിയര്‍ കണ്ടസള്‍ട്ടന്റ്
കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ്ദ് ഹോസ്പിറ്റല്‍
എറണാകുളം

താണ്ട് 50 ശതമാനം ഇന്ത്യക്കാരും സസ്യഭുക്കുകളായിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള ഒരു രാജ്യമായി മാറുകയാണ് ഇന്ത്യ. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ കണക്കുകള്‍ അവലോകനം ചെയ്താല്‍ ഹൃദ്രോഗം ഇന്ത്യയില്‍ വര്‍ദ്ധിച്ചത് 300 ശതമാനമാണ്. അതില്‍ത്തന്നെ നല്ലൊരു ഭാഗം കേരളീയരാണ്. വിദേശരാജ്യങ്ങളില്‍ ഹൃദ്രോഗികളുടെ എണ്ണം കുറയുന്നതായി കാണുമ്പോള്‍ ഇന്ത്യയില്‍ മറിച്ചാണ് സംഭവിക്കുന്നത്. വിദേശത്തുണ്ടായ ഈ അനുകൂല പരിവര്‍ത്തനത്തിന്റെ ഒരു പ്രധാന കാരണം അവരിലെ പുകവലി ശീലം കുറഞ്ഞു എന്നതാണ്. ഇന്ത്യക്കാരില്‍ പുകവലിയോടും അശാസ്ത്രീയമായ ഭക്ഷണശൈലികളോടുമൊപ്പം പല അജ്ഞാത ഘടകങ്ങളും ശക്തമായ ജനിതക പ്രവണതയും വര്‍ദ്ധിച്ച ഹൃദ്രോഗസാധ്യതകള്‍ക്ക് ഹേതുവാകുന്നു. പ്രമേഹം വര്‍ദ്ധിച്ച് കാണുന്നതിനോടൊപ്പം 'നല്ല' എച്ച് ഡി എല്‍ കൊളസ്‌ട്രോളിന്റെ അഭാവവും 'ചീത്ത' എല്‍ ഡി എല്‍ കൊളസ്‌ട്രോളിന്റെ അതിപ്രസരവും രോഗാതുരതയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഒരാള്‍ക്ക് ഹൃദ്രോഗമോ അതിന്റെ മൂര്‍ത്തിമത്ഭാവമായ ഹാര്‍ട്ടറ്റാക്കോ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കുവാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. വിദേശത്ത് അപകടഘടകങ്ങളുടെ രൂക്ഷതയെപ്പറ്റി അറിവുണ്ടായപ്പോള്‍ അത് നിയന്ത്രണവിധേയമാക്കാന്‍ അവര്‍ സന്നദ്ധരായി. ഇന്ത്യയിലാകട്ടെ അറിവ് പലര്‍ക്കുമില്ല. ഇനി അറിവുള്ളവര്‍തന്നെ അതത്രകാര്യമാക്കുന്നുമില്ല. ഹൃദ്രോഗ ഗവേഷണരംഗത്ത് അതിനൂതന പരിശോധനോപാധികളും ചികിത്സാമുറകളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും ഹൃദയദിനത്തില്‍ സ്ഥാനമില്ലെന്നോര്‍ക്കണം. ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി ഇവയെല്ലാം രോഗം തീവ്രമായതിനുശേഷമുള്ള ചികിത്സാ വിധികളാണ്. അവയൊക്കെ ആയുര്‍ദൈര്‍ഘ്യം താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കാനുള്ള ഉപാധികള്‍ മാത്രം. മനുഷ്യ ഹൃദയത്തെ കാര്‍ന്നുതിന്നുന്ന രോഗാതുരതയ്ക്ക് കടിഞ്ഞാണിടാന്‍ അവ ഉപകരിക്കില്ലെന്നോര്‍ക്കണം. പെട്ടെന്നുണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ ദൂരീകരിക്കാന്‍ ആന്‍ജിയോപ്ലാസ്റ്റിയും ബൈപ്പാസ് സര്‍ജറിയും ഏറെ പ്രയോജനം ചെയ്യും. അതുതന്നെയാണ് ഇന്നു നടക്കുന്നതും. മുന്‍കരുതലുകള്‍ എടുക്കണമെന്ന് എത്രയൊക്കെ ശക്തമായ ഭാഷയില്‍ പറഞ്ഞാലും ചെവികൊടുക്കാതെ അവസാനം തീവ്രപരിചരണ വിഭാഗത്തിലകപ്പെടുമ്പോഴാണ് പൊട്ടികരയുന്നതും. അപ്പോള്‍ ചെയ്യുന്ന 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി' തീര്‍ച്ചയായും ഹാര്‍ട്ടറ്റാക്കിന്റെ സങ്കീര്‍ണ്ണതകളെ പിടിയിലൊതുക്കാന്‍ സഹായിക്കും. എന്നാല്‍ രാജ്യത്തെ 70 ശതമാനത്തോളം പേര്‍ക്കും ഇത്തരം ചെലവേറിയ ചികിത്സാപദ്ധതികള്‍ തികച്ചും അപ്രാപ്യമാണെന്നോര്‍ക്കണം. കടുത്ത സാമ്പത്തിക ബാധ്യതതന്നെ കാരണം. ഇക്കൂട്ടര്‍ക്ക് അഭയമായി ഒന്നേയുള്ളൂ; രോഗം വരാതെ നോക്കുക; അതു സാധ്യവുമാണ്.

52 രാജ്യങ്ങളില്‍ നിന്നായി 27,000 ആള്‍ക്കാരെ ഉള്‍പ്പെടുത്തി നടത്തിയ വിഖ്യാതമായ 'ഇന്റര്‍ഹാര്‍ട്ട്' പഠനത്തില്‍ ഒമ്പത് ആപത്ഘടകങ്ങളുടെ (പുകവലി, രക്താതിമര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, വ്യായാമക്കുറവ്, മദ്യസേവ, വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍, അപഥ്യമായ ആഹാരക്രമം, സ്‌ട്രെസ്) അതിപ്രസരം 85 ശതമാനത്തോളം ഹൃദ്രോഗമുണ്ടാകുവാന്‍ കാരണമാകുമെന്ന് അസന്നിഗ്ധമായി തെളിയിച്ചു. ഈ ഒന്‍പത് ആപത്ഘടകങ്ങളെ സമയോചിതമായി നിയന്ത്രിക്കുക വഴി 85-90 ശതമാനത്തോളം ഹൃദ്രോഗ സാധ്യത തടയാമെന്ന് വ്യക്തമായി. ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം 'എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം' (മൈ ഹാര്‍ട്ട്, യുവര്‍ ഹാര്‍ട്ട്) എന്നതാണ്. നിങ്ങളുടെയും മറ്റുള്ളവരുടെയും ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന സത്ത്വര നടപടികള്‍ സംയുക്തമായി കൈക്കൊള്ളുക. ഒരു ലളിതമായ പ്രതിജ്ഞ നിങ്ങളെടുക്കണം: ഹൃദയസൗഹൃദ ഭക്ഷണവും ഊര്‍ജ്ജസ്വലമായ വ്യായാമവും നിങ്ങളുടെ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം. പുകവലി കര്‍ശനമായി സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റണം. ഇതാണ് ഈ വര്‍ഷത്തെ ഹൃദയ ദിനസന്ദേശം ഏവരോടും അഭ്യര്‍ത്ഥിക്കുന്നത്. എന്തൊക്കെ മേന്മയേറിയ സാങ്കേതികമികവുള്ള പരിശോധനാ-ചികിത്സാസംവിധാനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും ഹൃദയദിനത്തില്‍ സ്ഥാനമില്ല.ഹൃദയാരോഗ്യം കാത്തുപരിപാലിക്കാന്‍ നിങ്ങള്‍ അനുവര്‍ത്തിക്കുന്ന ജീവിത ശൈലിയും മുന്‍കരുതലുകളും പ്രതിരോധ നടപടികളും മറ്റുള്ളവര്‍ക്കും പ്രയോജനകരമാം വിധം പങ്കുവയ്ക്കുക. ചുറ്റും എത്ര പേരാണ് ഈവക കാര്യങ്ങളെപ്പറ്റി അവബോധമില്ലാത്തവര്‍. ഭൂമുഖത്തുള്ള എല്ലാവര്‍ക്കും ഹൃദയാരോഗ്യം കാത്തു പരിപാലിക്കാനുള്ള പ്രചോദന സ്രോതസ്സായി ഓരോരുത്തരുടെയും ജീവിതശൈലി മാറണമെന്ന് ഹൃദയദിനം ഓര്‍മ്മപ്പെടുത്തുന്നു. അതിനായി നാല് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു.ഹൃദയത്തിന്റെ ഇന്ധനം (ഭക്ഷണം) ആരോഗ്യപൂര്‍ണ്ണമാക്കുക, കൃത്യമായ വ്യായാമമുറകളിലൂടെ ഹൃദയത്തിന് കെല്പും ഓജസ്സും നല്‍കുക, പുകയില ഉപയോഗം വര്‍ജ്ജിച്ചുകൊണ്ട് ഹൃദയത്തെ സ്‌നേഹിക്കുക. കൂടാതെ രക്തസമ്മര്‍ദ്ദത്തിന്റെയും കൊളസ്‌ട്രോളിന്റെയും ശരീരഭാരത്തിന്റെയും അളവുകള്‍ പരിധിക്കുള്ളിലാക്കുക. പ്രകൃതിതത്ത്വങ്ങള്‍ക്ക് വിപരീതമായി പോഷണശാസ്ത്രത്തെ മാറ്റിമറിച്ച മനുഷ്യന് കാലാന്തരത്തില്‍ രോഗപീഢകള്‍ ഒന്നൊന്നായി വന്നുപെട്ടു. വിശപ്പുമാറ്റാന്‍ മാത്രമല്ല, ആസ്വദിക്കാന്‍ കൂടിയുള്ളതാണ് ഭക്ഷണം എന്ന ചിന്ത ആധുനിക മനുഷ്യനെ രോഗാതുരതകളിലേക്ക് വലിച്ചിഴച്ചു. വിചിത്രമായ ഭക്ഷണ വിഭവങ്ങള്‍ക്ക് പിറകെ അവന്‍ വെറിപൂണ്ട് ഓടിത്തുടങ്ങി. രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉദ്യമിക്കുന്ന ഇന്നത്തെ ഗവേഷകരും അതുതന്നെയാണ് ഉറച്ച സ്വരത്തില്‍ പറയുന്നത്. മാംസാഹാരങ്ങളോടുള്ള ആര്‍ത്തികുറച്ച് കൂടുതലായി സസ്യവിഭവങ്ങള്‍ കഴിച്ചു തുടങ്ങുക. പൂരിതകൊഴുപ്പും ട്രാന്‍സ്ഫാറ്റുകളും അടങ്ങുന്ന രുചിവിഭവങ്ങള്‍ വെടിഞ്ഞ് കൂടുതലായി ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കുക. അതുപോലെ പഞ്ചസാരയും മുഖ്യവില്ലനാകുന്നു. 'വെളുത്തവിഷം' എന്നാണ് പഞ്ചസാരയുടെ പുതിയ നാമധേയം. ശരീരത്തെ രോഗാതുരമാക്കാന്‍ ഏറ്റവും വീര്യമുള്ള പദാര്‍ത്ഥമായി മാറുകയാണ് പഞ്ചസാര. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, അന്നജം നാം ആഹരിക്കുന്ന ആകെയുള്ള കലോറിയുടെ 10 ശതമാനത്തില്‍ കുറവേ ആകാന്‍ പാടുള്ളൂ. മുമ്പുണ്ടായിരുന്ന 25 ശതമാനം എന്ന തോത് വെട്ടിക്കുറച്ചു. മധുരമുള്ള ഒരു സോഡ കുടിച്ചാല്‍ ഈ തോതായി എന്നോര്‍ക്കണം. അപ്പോള്‍ മധുരപാനീയങ്ങളും ബേക്കറി പലഹാരങ്ങളും നന്നേ കുറയ്ക്കണം. അമിതവണ്ണവും പ്രമേഹവും കൊളസ്‌ട്രോളും ഹൃദയ ധമനീ രോഗങ്ങളും വര്‍ദ്ധിപ്പിക്കുന്നതില്‍ ഉപരി ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണവും അത് കുറയ്ക്കുന്നു.

32 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഹൃദ്രോഗബാധ ഭീതിജനകമാം വിധം ചെറുപ്പക്കാരിലേക്ക് പടരുകയാണ്. പത്തു ശതമാനം ഹാര്‍ട്ട് അറ്റാക്കും 40 വയസ്സില്‍ കുറഞ്ഞവരിലാണ് സംഭവിക്കുന്നത്. കാനഡയിലുള്ളവരേക്കാള്‍ ഇരട്ടിയും ജപ്പാന്‍കാരേക്കാള്‍ 20 മടങ്ങുമാണ് ഇന്ത്യക്കാരുടെ ഹൃദ്രോഗ സാധ്യത. ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ കേരളീയര്‍ ഇന്ത്യന്‍ ശരാശരിയുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇന്ത്യയില്‍ ഏറ്റവും അധികം മാംസം ഉപയോഗിക്കുന്നവരാണ് കേരളീയര്‍. മറ്റുള്ളവരെക്കാള്‍ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ കൊളസ്‌ട്രോള്‍ അളവിലും ഹൃദ്രോഗബാധ കൂടുതലായി കാണുന്നു. അതുകൊണ്ട് വിദേശ രാജ്യങ്ങളിലെ അളവുകളും നിര്‍ദ്ദേശങ്ങളും അപ്പാടെ ഇന്ത്യക്കാരിലേക്ക് പകര്‍ത്തുവാന്‍ പറ്റില്ല.

നാം ആഹരിക്കുന്ന ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കലോറിയും ശരീരാദ്ധ്വാനത്തിലൂടെ ദിവസേന ചെലവഴിക്കുന്ന കലോറിയും സന്തുലിതമായാലേ ശരീരഭാരം ആരോഗ്യപൂര്‍ണ്ണമായി നിലനില്‍ക്കുകയുള്ളൂ. ആ അനുപാതം തെറ്റിയാല്‍ പിന്നെ ശരീരം രോഗങ്ങളുടെ വിളഭൂമിയായി മാറുകയാണ്. എന്നാല്‍ ഭാരം കുറയ്ക്കാനായി പട്ടിണി കിടന്ന് ശരീരത്തിന്റെ ഊര്‍ജ്ജസ്രോതസ്സായ ആഹാരവിഭവങ്ങള്‍ വളരെ കുറച്ച് എഴുന്നേറ്റ് നടക്കാന്‍ പോലും ത്രാണിയില്ലാതെ ജീവിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. സമീകൃത ഭക്ഷ്യവിഭവങ്ങള്‍ തെരഞ്ഞെടുക്കണം.

ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണ ക്രമീകരണത്തോടൊപ്പം പ്രാധാന്യം കൊടുത്ത് മുന്നോട്ടു വയ്ക്കുന്ന ഒന്നാണ് കൃത്യവും ഊര്‍ജ്ജസ്വലവുമായ വ്യായാമ പദ്ധതികള്‍. മരണത്തിലേയ്ക്ക് നയിക്കുന്ന പത്ത് പ്രധാന ആപത്ഘടകങ്ങളുടെ മുന്‍പന്തിയില്‍ വ്യായാമരാഹിത്യം സ്ഥാനം പിടിച്ചിരിക്കുന്നു. പൊതുവായി പറഞ്ഞാല്‍ ഭൂമുഖത്തുള്ള 25 ശതമാനം പേര്‍ക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. 11നും 17നും ഇടയ്ക്ക് പ്രായമുള്ള 80 ശതമാനം കുട്ടികളും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല. വ്യായാമം ചെയ്യണമെന്നു പറഞ്ഞാല്‍ മലയാളിക്ക് പൊതുവെ മടിയാണ്. രാവിലെ എഴുന്നേറ്റ് വെയിലുറയ്ക്കുന്നതിന് മുമ്പ് 45 മിനിട്ടോളം ആഴ്ചയില്‍ ആറുദിവസമെങ്കിലും കൃത്യമായി നടക്കുക. വെറുതെ നടന്നാല്‍പ്പോര, 45 മിനിട്ടില്‍ കുറഞ്ഞത് 5 കിലോമീറ്ററെങ്കിലും തീര്‍ക്കാന്‍ സാധിച്ചാല്‍ ശരീരത്തിന്റെ ആരോഗ്യസ്രോതസ്സിനെ സമ്പുഷ്ടമാക്കാന്‍ പിന്നെ കൂടുതലൊന്നും ചെയ്യണ്ട. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഊര്‍ജ്ജസ്വലമാക്കുന്ന ഈ പ്രക്രിയ ഏവരും കൃത്യനിഷ്ടയോടെ അനുവര്‍ത്തിക്കണം.

17.5 ദശലക്ഷം പേരുടെ ജീവനാണ് ലോകത്ത് പ്രതിവര്‍ഷം ഹൃദ്രോഗം അപഹരിച്ചെടുക്കുന്നത്. ഈ സംഖ്യ 2030-ല്‍ 23.6 ദശലക്ഷമായി ഉയരും. അതില്‍ 80 ശതമാനവും പട്ടിണി രാജ്യത്തുള്ളവര്‍തന്നെ. ഇന്ത്യ ഹൃദ്രോഗ തലസ്ഥാനമായി മാറുന്ന ദാരുണ പ്രതിഭാസം നാം കാണുന്നു. ഹാര്‍ട്ടറ്റാക്കിനെത്തുടര്‍ന്ന് എല്ലാ 33 സെക്കന്റിലും ഒരാള്‍ ഇവിടെ മരണപ്പെടുകയാണ്. വികസിത രാജ്യങ്ങളുടെ ശരാശരിയെക്കാള്‍ അധികമാണ് ഇന്ത്യയില്‍ ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന ആപത്ഘടകങ്ങളുടെ അതിപ്രസരം. കേരളത്തില്‍ ആകെയുള്ള മരണസംഖ്യയില്‍ 14 ശതമാനത്തിലേറെ ഹൃദ്രോഗാനന്തരമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളത്തിലെ ഹൃദ്രോഗികളുടെ സംഖ്യ. വിദ്യാസമ്പന്നരായ മലയാളികള്‍ക്കും ആരോഗ്യം കാത്തു പരിപാലിക്കുവാന്‍ ആകെ മടിയാണ്. പിന്നെ ഇവിടെയുള്ള മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങള്‍കൊണ്ട് ആയുസ്സ് നീട്ടിക്കിട്ടുന്നു. ഇങ്ങനെപോയാല്‍ പോര. ഹൃദ്രോഗത്തിലേയ്ക്ക് തള്ളിവിടുന്ന അപകട ഘടകങ്ങളേതെന്ന് തിരിച്ചറിഞ്ഞ് അവയെ കാലേക്കൂട്ടി പ്രതിരോധിക്കാന്‍ ഏവരും ഉദ്യമിക്കണം. പ്രതിരോധമാണ് ചികിത്സയുടെ നെടുംതൂണ്.