കണ്ണുകള്‍ക്ക് സുന്ദരമെന്ന് തോന്നുന്നവ മാത്രം കാണുന്ന മനുഷ്യന്റെ കാഴ്ചശീലങ്ങളില്‍ പെടാതെ പോകുന്ന ചിത്രങ്ങളാണധികവും മണ്‍റോ തുരുത്തിന്റേത്. കഴുത്തൊപ്പം വെള്ളത്തില്‍ നില്‍ക്കുന്ന ടാപ്പില്‍ നിന്നും കുടിവെള്ളം ശേഖരിച്ച് മുട്ടൊപ്പം വെള്ളത്തില്‍ നടന്നു പോകുന്ന സ്ത്രീകള്‍. യൂണിഫോമുകള്‍ നനയാതെ പൊക്കിപ്പിടിച്ച് ബാഗിനൊപ്പം ചെരുപ്പും കൈകളി ലേന്തി നടന്നു നീങ്ങുന്ന സ്‌കൂള്‍ കുട്ടികള്‍. മണ്ഡരി ബാധിച്ചതും മണ്ട പോയതുമായ തെങ്ങുകളുടെ നീണ്ട നിര. അത്ര സുന്ദരമായ കാഴ്ചകളല്ലാത്തതു കൊണ്ടാ വണം ആരുമിത് കാണാന്‍ ശ്രമിക്കാറില്ല.
ചെറുവള്ളങ്ങള്‍ കെട്ടിയിട്ട തോടുകള്‍, വെള്ളത്തില്‍ ഇപ്പോള്‍ മുങ്ങുമെന്ന് തോന്നുന്ന മട്ടില്‍ നില്‍ക്കുന്ന വീടുകള്‍, മുക്കാല്‍ ഭാഗവും വെള്ളം കയറിയ നടപ്പാതകള്‍. പച്ചപ്പുകള്‍ മാഞ്ഞ് മഞ്ഞ നിറമാര്‍ന്ന തെങ്ങോലകള്‍, കായല്‍ക്കാഴ്ചകള്‍. മണ്‍റോ തുരുത്തിന്റെ ഹൃദയരേഖയിലൂടെ തെക്ക്-വടക്ക് കുതിച്ചു പായുന്ന തീവണ്ടികളില്‍ പുറത്തേക്ക് അലസമായി കണ്ണുപായിക്കുന്ന ഏതു യാത്രക്കാരനും കാണുന്ന ദൃശ്യങ്ങളാണിവ. കണ്ണുകള്‍ക്ക് സുന്ദരമെന്ന് തോന്നുന്നവ മാത്രം കാണുന്ന മനുഷ്യന്റെ കാഴ്ചശീലങ്ങളില്‍ പെടാതെ പോകുന്ന ചിത്രങ്ങളാണധികവും മണ്‍റോ തുരുത്തിന്റേത്. കഴുത്തൊപ്പം വെള്ളത്തില്‍ നില്‍ക്കുന്ന ടാപ്പില്‍ നിന്നും കുടിവെള്ളം ശേഖരിച്ച് മുട്ടൊപ്പം വെള്ളത്തില്‍ നടന്നു പോകുന്ന സ്ത്രീകള്‍. യൂണിഫോമുകള്‍ നനയാതെ പൊക്കിപ്പിടിച്ച് ബാഗിനൊപ്പം ചെരുപ്പും കൈകളിലേന്തി നടന്നു നീങ്ങുന്ന സ്ഗൂള്‍ കുട്ടികള്‍. മണ്ഡരി ബാധിച്ചതും മണ്ട പോയതുമായ തെങ്ങുകളുടെ നീണ്ട നിര. അത്ര സുന്ദരമായ കാഴ്ചകളല്ലാത്തതു കൊണ്ടാവണം ആരുമിത് കാണാന്‍ ശ്രമിക്കാറില്ല. തീവണ്ടിയുടെ ശീതീകരിച്ച മുറികളില്‍ അലസമായി ദൃശ്യങ്ങള്‍ കാണുന്നവരുടെ കൂട്ടത്തില്‍ അധികാരികളും ഏറെയുണ്ട്. ദുരിതങ്ങളില്‍ മുങ്ങിത്താഴുമ്പോഴും ഒരു ജനതയുടെ പരിഭവങ്ങള്‍ കേള്‍ക്കേണ്ടവര്‍ കേട്ടില്ല. പൂക്കാനും തളിര്‍ക്കാനുമാവാതെ ദുരിതങ്ങളുടെ ചേറില്‍ ആണ്ടു പോകുന്ന മണ്‍റോ തുരുത്തിലെ ജീവിതങ്ങളെക്കുറിച്ചാണ് 'ജലസമാധി' എന്ന ഡോക്യുമെന്ററി നമ്മളോട് സംസാരിക്കുന്നത്.
1810-ല്‍ തിരുവിതാംകൂറില്‍ ദിവാനായി നിയമിതനായ ബ്രിട്ടീഷുകാരന്‍ കേണല്‍ മണ്‍റോയുടെ സ്മരണാര്‍ത്ഥമാണ് തുരുത്തിന് മണ്‍റോതുരുത്ത് എന്ന പേരു വീണത്. കേണല്‍ മണ്‍റോ കോട്ടയത്തെ ചര്‍ച്ച് സൊസൈറ്റിക്ക് ഈ തുരുത്ത് പാട്ടത്തിനു കൊടുത്തപ്പോള്‍ ചര്‍ച്ച് സൊസൈറ്റിയാണ് തുരുത്തിന് മണ്‍റോയുടെ പേരുനല്‍കിയത്. കൊല്ലം ജില്ലയില്‍ കല്ലടയാറിന്റെയും അഷ്ടമുടി ക്കായലിന്റെയും നടുവിലാണ് ഈ ഭൂവിഭാഗം. കയര്‍ പിരിക്കല്‍, കൃഷി, മൃഗപരിപാലനം, മീന്‍ പിടിത്തം തുടങ്ങിയവയായിരുന്നു ആദ്യകാലത്തെ ഉപജീവനമാര്‍ഗങ്ങള്‍. കല്ലടയാറില്‍ നിന്നുള്ള ഒഴുക്കു വെള്ളത്തില്‍ വന്നടി യുന്ന വളക്കൂറുള്ള എക്കല്‍ മണ്ണിലാണ് തുരുത്തില്‍ കൃഷി തളിര്‍ത്തത്. കല്ലടയാറ്റില്‍ അണക്കെട്ട് വന്നതോടെ എക്കല്‍ അടിയുന്ന പതിവ് കുറഞ്ഞുവന്നു. അതോടെ കൃഷിയുടെ താളം തെറ്റി. 2005 ലെ സുനാമിയുടെ വരവോടെ തകര്‍ച്ചയുടെ വേഗത കൂടി. ഇന്ന് വര്‍ഷ ത്തില്‍ ഏഴ് മാസം വരെ വേലിയേറ്റ ഭീഷണിയിലാണ് തുരുത്തുകാര്‍. കായല്‍ ജലത്തിലെ ലവണാംശത്തിന്റെ തോത് ഉയര്‍ന്നതോടെ കൃഷിയാകെ നശിച്ചു. മത്സ്യ സമ്പത്തിന്റെ ലഭ്യത ഇല്ലാതായി. നാളി കേരങ്ങളുടെ ലഭ്യതയും കുറഞ്ഞു. നാല്‍ക്കാലികള്‍ ചത്തൊടുങ്ങി.
മണ്‍റോതുരുത്തിലെ മിക്ക വാര്‍ഡുകളിലും ഇന്ന് വെള്ളപ്പൊക്ക ഭീഷണിയുണ്ട്. സ്ഥലവാസികളില്‍ പലരും വീട് ഉപേക്ഷിച്ചു പോയി. കല്ലടയാറ്റിലെ അനിയന്ത്രിതമായ മണല്‍വാരലും സ്ഥിതി രൂക്ഷമാക്കി. ദുരിതങ്ങളുടെ വേലിയേറ്റത്തിനിടയിലും പിറന്നമണ്ണ് വിട്ടു പോകാന്‍ കൂട്ടാക്കാത്ത അധ്വാനശീലരായ ആയിരക്കണക്കിന് നിസ്സഹായര്‍ തുരുത്തിലുണ്ട്. ആരാലും തിരിഞ്ഞു നോക്കപ്പെടാത്ത നിസ്സഹായരായ ഒരു പറ്റം മനുഷ്യരുടെ ദുരിതജീവിതത്തിലേക്കാണ് 'ജലസമാധി' യുടെ ക്യാമറക്കണ്ണുകള്‍ തിരി യുന്നത്. ആഗോള താപനവും മറ്റ് മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളും എങ്ങനെയാണ് ഒരു തുരുത്തിനെ, അവിടത്തെ ജീവിതങ്ങളെ മായിച്ചു കളയുന്നതെന്നതിലേക്കാണ് 'ജലസ മാധി' യുടെ സംവിധായകന്‍ ഡി. ധനസുമോദ് വിരല്‍ ചൂണ്ടുന്നത്. വികസനത്തെയും പരിസ്ഥിതിയെയും കുറിച്ച് പലതലങ്ങളില്‍ സംവാദം നടക്കുന്ന സമയത്തുതന്നെയാണ് പ്രകൃതിയെ മുന്നില്‍ കാണാതെയുള്ള വിക സനത്തിന് ഇരയാവുന്ന ഒരു ജനതയുടെ ദുരന്തചിത്രം നമുക്ക് മുന്നിലേക്ക് വരുന്നത്.
വളരെ നിശ്ശബ്ദമായി ഒരു വലിയ പ്രശ്‌നത്തെ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ് 'ജലസമാധി'. ഈ ഡോക്യുമെന്ററി കാണുന്ന ഓരോ പ്രേക്ഷകനും ഇത് തന്റെ കൂടി പ്രശ്‌നമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന വിധമാണ് ഇതിലെ ആഖ്യാനം നിര്‍വഹിക്ക പ്പെട്ടിരിക്കുന്നത്. അതിജീവനത്തിനായുള്ള ഒരു ജനതയുടെ പോരാട്ടങ്ങളെ ഒപ്പിയെടുക്കുമ്പോള്‍ അവ യാഥാര്‍ത്ഥ്യബോധ ത്തോടെ കാഴ്ചക്കാരിലേക്ക് സ്വീകരിക്ക പ്പെടുന്നതിന്റെ പ്രധാന കാരണം ക്യാമറയുടെ ചലനങ്ങളാണ്. എ. മുഹമ്മദ് എന്ന ഛാ യാഗ്രാഹകന്റെ മികവുകളായി പറയാവുന്ന നിരവധി ദൃശ്യങ്ങള്‍ 'ജലസമാധി' യിലുണ്ട്. കഴുത്തൊപ്പം വെള്ളത്തില്‍ നില്‍ക്കുന്ന ടാപ്പ്, ചെരുപ്പ് കൈയ്യില്‍ ധരിച്ചു വരുന്ന കുട്ടികള്‍, ആളൊഴിഞ്ഞ, വെള്ളം ഒഴുകി പ്പരക്കുന്ന വീടുകള്‍ എന്നിവ അതില്‍ ചില തുമാത്രം.
മണ്‍റോതുരുത്തിലെ ജനങ്ങള്‍ അനുഭവി ക്കുന്ന നിരവധി പ്രശ്‌നങ്ങളിലേക്ക് ഈ ഡോ ക്യുമെന്ററി വിരല്‍ ചൂണ്ടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചവ. അടിസ്ഥാന ആവശ്യങ്ങളായി കരുതപ്പെടുന്നവ പോലും ലഭ്യമാകാത്ത ഒരു ജനതയുടെ ദുരിത ചിത്രമാണ് 'ജലസമാധി' അവതരിപ്പിക്കുന്നത്. 'വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടി യ്ക്കാനില്ലൊട്ടും' എന്ന ചൊല്ലിനെ അന്വര്‍ ത്ഥമാക്കും വിധമാണ് മണ്‍റോ തുരുത്തിലെ കുടിവെള്ളക്ഷാമം. കഴുത്തൊപ്പം ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ കുടിവെള്ള ടാപ്പിനടുത്തേക്ക് മുട്ടൊപ്പം വെള്ളത്തില്‍ നീന്തിയാണ് വീട്ടമ്മമാരുടെ യാത്ര. കുടിവെള്ളം മുട ങ്ങല്‍ പതിവാകുന്നതും ജനങ്ങളെ ദുരിതക്കയത്തിലേ ക്കാഴ്ത്തുന്നു. മറ്റൊരു പ്രശ്‌നമാണ് ഭൂമിക്കടിയി ലേക്ക് താഴ്ന്നു പോവുക വഴി വെള്ളം നിറഞ്ഞു കിട ക്കുന്ന സെപ്റ്റിക് ടാങ്കുകള്‍. അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും നിവൃത്തിയില്ലാത്ത ജനത യുടെ നേര്‍ക്കാഴ്ചകളാവുന്നു ജലസമാധിയിലെ ക്യാമറക്കാഴ്ചകള്‍.
പ്രകൃതിയുമായി അതിജീവനസമരങ്ങള്‍ നടത്തുന്ന ഈ ജനതയുടെ ആരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്. വീടിനകത്തു പോലും കെട്ടിക്കിടക്കുന്ന വെള്ളവും തറയിലെയും ചുവരുകളിലെയും ഈര്‍പ്പവും വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടിവര്‍ക്ക്. വാത സംബന്ധമായ രോഗങ്ങളാല്‍ പീഡിതരായി കട്ടിലില്‍ കഴിയുന്നവര്‍ ധാരാളമുണ്ടിവിടെ. ആശുപത്രികളിലേ ക്കുള്ള യാത്രയും ഇവരുടെ മറ്റൊരു ദുരിതക്കാഴ്ച യാവുന്നു. കാതങ്ങളോളം രോഗികളെ മഞ്ചലില്‍ എടുത്ത് മുട്ടോളം വെള്ളത്തിലൂടെയുള്ള യാത്ര. റോഡിലെത്തിയാല്‍ മാത്രം ലഭിക്കുന്ന വാഹന സൗകര്യം. താങ്ങാനാവാത്ത ചികി ത്സാ ചിലവുകള്‍ നടത്തേണ്ടുന്ന പല കുടും ബങ്ങളേയും ഡോക്യുമെന്ററിയിലൂടെ നമുക്ക് കാണാ നാവും. പകര്‍ച്ച വ്യാധികളാല്‍ ഏതു നിമിഷവും ഇല്ലാതാക്കപ്പെടാവുന്ന ഒരിട മായി ഇന്ന് മണ്‍റോ തുരുത്തിലെ ആവാസവ്യവസ്ഥ മാറിക്കഴിഞ്ഞിരിക്കുന്നു.
മണ്‍റോ തുരുത്തിന്റെ പ്രശ്‌നങ്ങള്‍ പൊതു ജനശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച സാമൂഹ്യ പ്രവര്‍ത്തകരും ജനപ്രതിനിധി കളും ഡോക്യുമെന്ററിയില്‍ ഇടം പിടിക്കു ന്നുണ്ട്. പാര്‍ലമെന്റില്‍ മണ്‍റോതുരുത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച മുന്‍ രാജ്യസഭാംഗവും കൊല്ലത്തെ ജനപ്രതിനിധിയുമായ കെ.എന്‍. ബാലഗോപാല്‍, മണ്‍റോ തുരുത്തിന്റെ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ എന്നിവര്‍ ഇവരില്‍ ചിലരാണ്. മികച്ച രീതിയിലുള്ള ശബ്ദസംവിധാനത്തിലൂടെയും വിവരണങ്ങളിലൂടെയും അവതരിപ്പിക്കപ്പെട്ട പ്രശ്‌നത്തെ കൃത്യമായി പ്രേക്ഷകനിലേക്ക് സംവേദിപ്പിക്കാന്‍ ഡോക്യുമെന്ററിക്ക് കഴി ഞ്ഞിട്ടുണ്ട്. 'ജലസമാധി'യുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഡി. ധനസ്സുമോദാണ്. ഡോക്യുമെന്ററിയുടെ ആഖ്യാനം നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നത് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായ എം.എ. ബേബിയുടെ ശബ്ദത്തിലൂടെ യാണ്. ബി. അജിത്ത് കുമാര്‍, റിഞ്ചു ആര്‍ വി എന്നിവരുടെ ചിത്രസംയോജനത്തിന്റെ മികവും 'ജലസമാധി'യെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതില്‍ സഹായകരമായിട്ടുണ്ട്. ഉന്നയിക്കപ്പെട്ട പ്രശ്‌നത്തെ ആഴത്തില്‍ അവതരിപ്പിക്കുക വഴി മികച്ച ഒരു അവബോധം പ്രേക്ഷകനില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞുവെന്നത് 'ജലസമാധി'യുടെ വിജയമാണ്.

No comments:
Post a Comment