Tuesday 12 June 2018

ഔഷധസസ്യങ്ങളുടെ പാഠശാല

ഷീജമാറോളി

തിരുവനന്തപുരം നഗരത്തിലെ കരമനയ്ക്കടുത്ത് മരുതൂര്‍ക്കടവ് എന്ന സ്ഥലത്ത് നാലുസെന്റ് പുരയിടത്തിലെ വീടിന്റെ മട്ടുപ്പാവ് മുഴുവന്‍ വലിയ ഒരു വനത്തിന്റെ കൊച്ചു പതിപ്പൊരുക്കിയിരിക്കുകയാണ് വി എസ് എസ് സിയില്‍ ജൂനിയര്‍ എന്‍ജിനീയറായ ഷാജു വി. ഇരുപത്തിയഞ്ചും മുപ്പതും വര്‍ഷം പ്രായമുള്ള അരയാലും പേരാലും രക്തചന്ദനവും ഒക്കെ ഉള്‍പ്പെടുന്ന ഈ വനം അപൂര്‍വ്വ ഇനം വൃക്ഷങ്ങളുടെയും അമൂല്യമായ ഔഷധ സസ്യങ്ങളുടെയും ശേഖരമാണ്. വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ദുര്‍ലഭമായ ഇനം സസ്യങ്ങളും മുപ്പത്തിരണ്ടിനം തുളസികളും ഇലപിഴിഞ്ഞ് നീരെടുത്ത് വെള്ളത്തില്‍ ചേര്‍ത്താല്‍ വെള്ളം ജെല്‍ രൂപത്തിലാകുന്ന ജലസ്തംഭിനി, രാമനാമപ്പച്ച, മഹാവില്വം തുടങ്ങി സസ്യലോകത്തെ വിസ്മയങ്ങളുമാണ് ഷാജു എന്ന ഈ എന്‍ജിനീയറുടെ ടെറസിനെ വൃക്ഷ-സസ്യ വൈവിധ്യങ്ങളുടെ അപൂര്‍വ്വമായ പാഠശാലയാക്കുന്നത്. വളരെ ചെറുപ്പം മുതല്‍ തന്നെ വനയാത്രകള്‍ നടത്തിയിരുന്ന ഷാജുവിന് വനത്തിലെ വൃക്ഷങ്ങളോട് തോന്നിയ സ്‌നേഹവും അവയെക്കുറിച്ച് കൂടുതലായി മനസിലാക്കണമെന്നുള്ള ആഗ്രഹവും ഒത്തുചേര്‍ന്നപ്പോഴാണ് അവയെ നട്ടുവളര്‍ത്തുന്നതിന് നാലുസെന്റ് സ്ഥലവും അതിലൊരു വീടും മാത്രമുള്ള ഈ വൃക്ഷസ്‌നേഹി ടറസ് ഉപയോഗിച്ച് സ്ഥലപരിമിതിയെ അതിജീവിച്ചത്.

പഴയ സ്യൂട്ട്‌കേസിന്റെ ഇരുഭാഗങ്ങള്‍ വേര്‍പ്പെടുത്തി മണ്ണ് നിറച്ച് അവയില്‍ വൃക്ഷതൈകള്‍ നട്ടു. ആവശ്യത്തിന് വെള്ളവും ബയോഗ്യാസ് സ്ലറി വളമായും നല്കിയപ്പോള്‍ പ്രകൃതിയിലന്തര്‍ലീനമായ അതിജീവനത്തിന്റെ സൂഷ്മപാഠങ്ങള്‍ തളിരിടുന്നത് അദ്ദേഹം നേരില്‍ കണ്ടു. മട്ടുപ്പാവിലെ പഴയ സ്യൂട്ട്‌കേസ് ഒരു പാളിയിലെ പരിമിതിക്കുള്ളില്‍ നില്‍ക്കാന്‍ വേരുകള്‍ നിര്‍ബന്ധിതമായതുകൊണ്ടാവണം മണ്ണിന് മുകളിലേയ്ക്കുള്ള ഇവയുടെ വളര്‍ച്ചയും അതിനനുസൃതമായി കുറഞ്ഞറ്റ് പോകുന്നത്. ഇരുപത്തിയഞ്ച് വര്‍ഷം പ്രായമുള്ള ഒരു ആല്‍മരത്തിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള അരമീറ്റര്‍ പോലും പൊക്കമില്ലാത്ത ആല്‍മരത്തെ ഈ ടെറസില്‍ നമുക്ക് കാണാം. വളര്‍ച്ച മുരടിപ്പിക്കാനായി ശിഖിരങ്ങളും വേരുകളും മുറിച്ച് മാറ്റുന്നതടക്കമുള്ള ബാഹ്യമായ യാതൊരു ഇടപെടലും തന്റെ വൃക്ഷങ്ങളില്‍ ഇദ്ദേഹം നടത്താറില്ല. മണ്ണിന്റെ ആഴങ്ങളിലേയ്ക്ക് വേരുകളാഴ്ത്തി പടര്‍ന്നുപന്തലിക്കാനുള്ള വൃക്ഷങ്ങളുടെ ജനിതകവും പ്രകൃതി ദത്തവുമായ അഭിവാഞ്ഛയെ തൃപ്തിപ്പെടുത്താനാവുന്നില്ലെങ്കിലും കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍കൊണ്ട് നിറഞ്ഞ കേരളത്തില്‍ ഹരിതബോധത്തിന്റെ ഇത്തരം കൊച്ച് മാതൃകകള്‍ക്ക് സ്ഥാനമുണ്ട് എന്ന നിരീക്ഷണമാണ് ഈ വൃക്ഷമിത്രം നമ്മോട് പങ്കുവയ്ക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ ഇദ്ദേഹത്തിന് വൃക്ഷത്തൈകളും വിത്തുകളും സമ്മാനിക്കും. വൃക്ഷ സ്‌നേഹികളും പ്രകൃതിസ്‌നേഹികളുമായ വലിയൊരു കൂട്ടം ആളുകളുടെ പ്രോത്സാഹനം ഇന്ത്യയിലുടനീളം സഞ്ചരിക്കാനും അപൂര്‍വ്വമായ ഔഷധസസ്യങ്ങള്‍ ശേഖരിക്കാനും ഇദ്ദേഹത്തിന് സഹായകമാകുന്നുണ്ട്.

നെല്ല് കായ്ക്കുന്ന മരമേതാണെന്ന് കുട്ടികള്‍ ചോദിക്കുന്ന, ആയുര്‍വേദം എം ഡി പഠിച്ച, കുറുന്തോട്ടിയുടെ ഗുണങ്ങളെല്ലാമറിയുന്ന കുറുന്തോട്ടി നേരില്‍ കണ്ടിട്ടില്ലാത്ത ഡോക്ടറുമൊക്കെയുള്ള ഇക്കാലത്ത് നമുക്ക് ചുറ്റുമുള്ള വൃക്ഷങ്ങളെക്കുറിച്ചും സസ്യലതാദികളെക്കുറിച്ചും പുതുതലമുറയ്ക്ക് സാമാന്യ അവബോധമുണ്ടാകേണ്ടതാവശ്യമാണെന്ന തിരിച്ചറിവാണ് ഷാജുവിനെ ടെറസിലെ വനവത്ക്കരണം എന്ന ആശയത്തിലേക്കെത്തിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളേജിലെ എം എസ് സി കുട്ടികളുടെ ലാബ്‌പോലെയാണ് ഇദ്ദേഹത്തിന്റെ ടെറസ്. കുട്ടികള്‍ക്ക് വരാനും അത്യപൂര്‍വ്വമായ വൃക്ഷങ്ങളും അവയുടെ വേരും തടിയും ഇലയും പൂവും ഒക്കെ കണ്ടും തൊട്ടും മണത്തുമൊക്കെ അവയുടെ വീര്യവും, ഗുണവുമൊക്കെ മനസിലാക്കാനാവും. 25 ഉം 30 ഉം വയസായിട്ടും കുഞ്ഞുമരങ്ങളായതുകൊണ്ടുകൂടിയാണ് ഇത് സാധ്യമാകുന്നത്. 

അപൂര്‍വ്വമായ ഒരു മരം തേടി വനത്തിലെത്തിയാല്‍ അതിന്റെ ചുവട്ടില്‍ നിന്ന് മുകളിലേക്ക് നോക്കികാണാനേ കഴിയൂ. ഇലയും പൂവുമൊന്നും തൊടാനോ മണക്കാനോ കഴിഞ്ഞെന്നുവരില്ല. റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത തെര്‍മോസെറ്റ്‌മെറ്റീരിയലിലും പഴയ സ്യൂട്ട്‌കേസിന്റെ പാതികളിലും സ്വന്തമായി ഉണ്ടാക്കിയ സിമന്റ് ചട്ടികളിലുമാണ് മരങ്ങള്‍ നട്ടിട്ടുള്ളത്. പഴയ ഹെല്‍മറ്റ്, ഫൈബര്‍ ഗ്ലാസ് ഉല്‍പ്പന്നങ്ങളായ വാഷ്‌ബേസിന്‍ തുടങ്ങിയവയും ചെടികള്‍ നടാന്‍ ഉപയോഗിക്കുന്നു. ഇവയൊന്നും മണ്ണിലലിയാത്ത വസ്തുക്കളായതിനാല്‍ പരിസ്ഥിതി സംരക്ഷണത്തില്‍ അവയെ ഉപയോഗിക്കുന്നതോടൊപ്പം ഉപയോഗിച്ച് വലിച്ചെറിയുന്ന ഇത്തരം സാധനങ്ങള്‍ പ്രകൃതിയിലുണ്ടാക്കിയേക്കാവുന്ന ദോഷങ്ങള്‍ 25 വര്‍ഷം കഴിയുമ്പോഃഃള്‍ അവയ്ക്കുണ്ടാക്കാന്‍ കഴിഞ്ഞെന്നുവരില്ല. അത്തരമൊരു പരീക്ഷണവും ഈ വൃക്ഷ സംരക്ഷണത്തിന്റെ പിന്നിലുണ്ട്. ഇത്രയധികം മരങ്ങള്‍ ടെറസില്‍ നില്‍ക്കുന്നത് കൊണ്ട് ഏതു വേനലിലും തന്റെ വീട്ടില്‍ നല്ല തണുപ്പാണെന്ന് അദ്ദേഹം പറയുന്നു. നാല് സെന്റില്‍ പെയ്യുന്ന മഴവെള്ളം മുഴുവനും വാട്ടര്‍ ഹാര്‍വിസ്റ്റ് സംവിധാനം വഴി മണ്ണില്‍ താഴ്ത്തുന്നു. പാചകത്തിന് ബയോഗ്യാസും കറണ്ടിനായി സോളാര്‍ പവറും ഉപയോഗിക്കുന്നു. ഏറെ പ്രത്യേകതകളുള്ള വൃക്ഷമാണ് കാഞ്ഞിരം. ഒരു കാഞ്ഞിരമരത്തിന് 20 ഏക്കര്‍ ചുറ്റളവിലുള്ള വൃക്ഷങ്ങളെ സംരക്ഷിക്കാനാവുമെന്ന് പഠനങ്ങളുണ്ട് കാഞ്ഞിരം വൃക്ഷങ്ങളുടെ ഡോക്ടര്‍ എന്നാണ് അറിയപ്പെടുന്നത്. ഓരോ വീട്ടിലും പറ്റുന്നത്രയും ഔഷധ സസ്യങ്ങളും മരങ്ങളും വച്ച് പിടിപ്പിക്കണമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. റെസിഡന്‍സ് അസോസിയേഷനുകളുടെ ഡയറക്ടറി തയ്യാറാക്കുമ്പോള്‍ അഡ്രസും ഫോണ്‍ നമ്പറും എഴുതുന്നതോടൊപ്പം ആ വീട്ടിലുള്ള ഔഷധ സസ്യങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തുന്ന രീതി നടപ്പിലാക്കണം. കേരളത്തിലൊരു വന മ്യൂസിയമുണ്ടാക്കാന്‍ സര്‍ക്കാരും വനം വകുപ്പും തയ്യാറാകണം. അതിലൂടെ വൃക്ഷസ്‌നേഹികളായ ഒരുപാടാളുകളെ സൃഷ്ടിക്കാന്‍ കഴിയും. നമ്മുടെ നാട്ടില്‍ സുലഭമായിരുന്ന മുരിക്കുകള്‍ ഇന്നില്ലാതായിക്കൊണ്ടിരിക്കുന്നു. ഒരു ഇനം വൃക്ഷം ഇല്ലാതാവുമ്പോള്‍ പ്രകൃതിയില്‍ അതിനനുസൃതമായ കുറവുകള്‍ ഉണ്ടാകും. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്. നമ്മുടെ നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വൃക്ഷങ്ങളുള്‍പ്പെടെ ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലണ്ട്, ശ്രീലങ്ക, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വൃക്ഷങ്ങള്‍ തന്റെ മട്ടുപ്പാവില്‍ നട്ടുവളര്‍ത്തുന്നത്. 

രുദ്രാക്ഷം, കുന്തിരിക്കം, കരിനൊച്ചി, നീലനൊച്ചി, അല്പം, രാമനാമപ്പച്ച, അഴുകണ്ണി, കായം, കായാമ്പൂ, താഴംമ്പൂ, രക്തചന്ദനം, പാല്‍മുളക്, നീലഅമരി, ഇടംപിരി വലംപിരി, പലകപ്പയ്യാനി, അരയാല്‍, പേരാല്‍, അത്തി, ഇത്തി, വിവിധയിനം മാവുകള്‍, കുലച്ച തെങ്ങ്, കൂവളം, ജലസ്തംഭിനി, കണ്ടലുകള്‍, പൊന്‍കൊരങ്ങി തുടങ്ങി വിവിധയിനം വൃക്ഷങ്ങളുണ്ടിവിടെ. പലയിനം മാവുകളുടെ വിത്തുകള്‍ ഒരുമിച്ച് നട്ട് ഒറ്റവൃക്ഷമായി വളര്‍ത്തി അതില്‍ നിന്നും വിവിധ രുചികളിലുള്ള മാങ്ങകള്‍ ലഭിക്കുന്നു. പ്ലാവും അങ്ങനെ ചെയ്യാനാവും. വൃക്ഷങ്ങളെപ്പറ്റി പ്രാചീനമായ ഒരുപാട് അറിവുകളുണ്ട്. ആധുനികമായ ഗ്രാഫ്റ്റിംഗിനേക്കാള്‍ പ്രകൃതിദത്തവും ഗുണകരവുമായ രീതിയായിരുന്നു അവ. പ്രാചീനമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അന്തര്‍ലീനമായിരുന്ന അത്തരം പ്രകൃതി ബോധം ഇന്ന് അന്ത്യമായിരിക്കുന്നു.

കയ്യുന്നിയും പൂവാംകുരുന്നിലും ഓരില മൂവിലയും തുമ്പയും തുളസിയും വയല്‍ച്ചുള്ളിയും ഇഞ്ചിയും കുരുമുളകും പനിക്കൂര്‍ക്കിലയുമൊക്കെ ഔഷധങ്ങളായി ഉപയോഗിക്കുകയും അസുഖങ്ങളെ അകറ്റുകയും ചെയ്തിരുന്ന ഒരുകാലം വളരെ പിന്നിലല്ല. അതൊന്നും തിരിച്ച് പിടിക്കാവുന്നതിലും അകലത്തിലല്ല എന്ന് ഷാജുവിന്റെ ടെറസിലെ ഔഷധസസ്യങ്ങളും വൃക്ഷങ്ങളും നമ്മെ ഓര്‍മിപ്പിക്കും. വന്യതയുടെ ചെറുതുരുത്തുകളില്‍ നിന്നും ശുദ്ധവായുവും മാനസികാരോഗ്യവും കൈവരിക്കാന്‍ സസ്യവിജ്ഞാനത്തിന്റെ ഈ വടവൃക്ഷത്തെ നമുക്കോരോരുത്തര്‍ക്കും മാതൃകയാക്കാം. നമ്മുടെ 
തൊടിയിലും ടെറസിലും കൂടി വൃക്ഷങ്ങള്‍ നടാം.

No comments:

Post a Comment