Thursday 13 February 2020

ഒക്കിനാവന്‍ ചോറും ചപ്പാത്തിയിലെ കാന്‍സറും

ഡോ. രാജഗോപാല്‍ കെ
എം പി കൃഷ്ണന്‍ വൈദ്യന്‍ മെമ്മൊറിയല്‍ എസ്
കെ വി എ ഫാര്‍മസി
കൊല്ലം


ദീര്‍ഘായുസ്സിന്റെ പ്രാധാന്യം മുന്നില്‍ കണ്ട് അതിലേക്കുള്ള പാത പിന്‍തുടരാന്‍ മനുഷ്യനെ പഠിപ്പിച്ചത് രണ്ടു പൗരാണിക സംസ്‌കാരങ്ങളാണ്. ജാപ്പനീസ് സംസ്‌കാരത്തിലും പൗരാണിക ഭാരതീയ സംസ്‌കാരങ്ങളിലും തുടര്‍ന്നുവന്ന ആഹാര-വിഹാര രീതികള്‍ ദീര്‍ഘായുസ്സും ആരോഗ്യത്തിലേക്കും ഉള്ള കവാടങ്ങളാണ്. ആയുസ്സിന്റെ ശാസ്ത്രം ആണ് ആയുര്‍വേദം. ഒരു മനുഷ്യ ജീവിതത്തില്‍ ആയുസ്സ് നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പുരുഷാര്‍ത്ഥങ്ങള്‍ നേടാനും മറ്റുള്ളവര്‍ക്ക് നന്മചെയ്യാനും 'പ്രാണേഷ്ണഃ' നിലനിര്‍ത്തുക എന്നത് അഭിഭാജ്യമാണ്. വടക്കന്‍ ജപ്പാനിലെ 'ഒക്കിനാവ' എന്ന കൊച്ചു ദ്വീപ് ഈ വസ്തുക്കളുടെ ജീവിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ 'സെന്റിനേറിയന്‍സ്' (100 വയസിന് മുകളില്‍ പ്രായം ഉള്ളവര്‍) ന്റെ സാന്ദ്രത ഒക്കിനാവ എന്ന കൊച്ചു ദ്വീപില്‍ ആണ്. ഒക്കിനാവയില്‍ എല്ലാ 1 ലക്ഷം പേരിലും 24.6 പേര്‍ സുഖമായി 100 തികഞ്ഞ് ജീവിക്കുന്നവര്‍ ആണ്. ഹൃദയ സംബന്ധമായ രോഗങ്ങളും കാന്‍സറും വന്ന് മരിക്കുന്നവരുടെ എണ്ണം ജപ്പാനില്‍ വച്ച് ഏറ്റവും കുറവും ഈ ദ്വീപിലാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്നാണ് ഒക്കിനാവല്‍ ന്യൂട്രിഷന്‍. കണ്ണുകെട്ടി ഓടുന്ന ആധുനിക ലോകത്തിന് ആയുസിന്റെ വേദവും ഒക്കിനാവല്‍ സംസ്‌കാരവും നല്‍കുന്ന വെളിച്ചവും അവയുടെ താരതമ്യ പഠനവും നമുക്ക് നോക്കാം.

ആയുര്‍വേദ സിദ്ധാന്തപ്രകാരം ആഹാരം സേവിക്കേണ്ട അളവ് അഥവ 'മാത്ര' രണ്ടു കാര്യങ്ങളെ അപേക്ഷിച്ച് നിലകൊള്ളുന്നു. സേവിക്കുന്ന വ്യക്തിയുടെ ദഹനശേഷിയും, കഴിക്കുന്ന ആഹാരത്തിന്റെ സ്വഭാവവും. ചരകന്‍, താരതമ്യേന വേഗം ദഹിക്കുന്നവയെ 'ലഘു അന്നം' എന്നും ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവയെ 'ഗുരു അന്നം' എന്നും വിഭജിക്കുന്നു.

ലഘു അന്നം
  1.  ഉദാ: ചെന്നല്ലരി, നവരയരി, ചെറുപയറ്, കാട മാംസം
  2. തൃപ്തി ആകുന്ന മാത്രയില്‍ സേവിക്കാം
  3. അധികമായി സേവിച്ചാല്‍ അല്പദോഷമേ ഉണ്ടാകൂ.

ഗുരു അന്നം
  1. ഉദാ:അരിമാവ്, ഗോതമ്പ് മാവ്, മൈദ (വിഷ്ട അന്നം) പാല്‍, ഉഴുന്ന്, മത്സ്യം, ബീഫ്, പോത്ത്, പന്നി തുടങ്ങിയ മാംസങ്ങള്‍
  2. തൃപ്തി വരുന്നതിന്റെ നാലില്‍ മൂന്ന് അളവിലോ രണ്ടില്‍ ഒന്ന് അളവിലോ മാത്രം സേവിക്കുക
  3. അധികമായി സേവിച്ചാല്‍ രോഗകാരി ആയി നിലകൊള്ളുന്നു.

ആഹാരത്തിന്റെ മാത്ര വ്യക്തിനിഷ്ഠമായ ദഹനശേഷിയെ ആശ്രയിച്ച് നില്‍ക്കുന്നു. വ്യായാമംകൊണ്ടും ദഹനശേഷി വര്‍ദ്ധിച്ചിരിക്കുന്നവരില്‍ ഗുരു അന്നം സേവിക്കുന്നതില്‍ തെറ്റില്ല എന്ന് സാരം. എന്നിരുന്നാലും ആയുര്‍വേദ മതപ്രകാരം വയറിന്റെ 3/4 അളവോ 1/2 അളവോ മാത്രം ആഹാരം സേവിക്കുക. ഗുരു അന്നം സ്ഥിരമായി ശീലിക്കുന്നത് ശാരീരിക ദോഷങ്ങള്‍ ഉണ്ടാക്കുകയും രോഗോത്പത്തിക്ക് കാരണമാവുകയും ചെയ്യുന്നു. ശാരീരിക പ്രകൃതിയെ ഉപഹനിക്കാതെ മാത്രക്ക് അനുസരിച്ച് ആഹാരം കഴിക്കുന്നവര്‍ ബലം, വര്‍ണ്ണം, സുഖം, ആയുസ്സ് എന്നിവയെ നിശ്ചയമായും പ്രാപിക്കുമെന്നത് ചരക മതം. ജപ്പാനില്‍ 'ഹാര ഹാച്ചി ബു' എന്ന വാചകം ഭക്ഷണം കഴിക്കുന്നതിന് മുന്നെയും ശേഷവും നിത്യം ചൊല്ലുന്നതാണ് ഇതിന്റെ അര്‍ത്ഥം 'വയറ് 80% മാത്രം നിറയ്ക്കുക' എന്നതാണ് 'സേനന്‍ യാജ്‌നി' എന്ന 12-ാം നൂറ്റാണ്ടില്‍ എഴുതിയ ബുദ്ധിസ്റ്റ് ഗ്രന്ഥത്തില്‍ മൂന്നില്‍ രണ്ട് ഭാഗം മാത്രം സേവിക്കാന്‍ അനുശാസിക്കുന്നു. ഇന്നും ബുദ്ധ സന്യാസിമാരുടെ ഇടയില്‍ ഈ തത്വം നിരന്തരം ശീലിക്കുന്നു ഇവ ബുദ്ധിസ്സവും ആയുര്‍വേദവും തമ്മിലുള്ള പൗരാണിക ബന്ധത്തെ സൂചിപ്പിക്കുന്നു. 'ഇക്കിഗായ്' എന്ന പുസ്തകത്തില്‍ ഈ വസ്തുക്കളെ കുറിച്ച് വിശദീകരിക്കുന്നു.
ആയുര്‍വേദ മത പ്രകാരം സ്ഥിരമായും അധികമായും ശീലിക്കാന്‍ പാടില്ലാത്ത ആഹാരങ്ങള്‍ കൂര്‍ച്ചിക, കിലാടം (പാല്‍ പിരിച്ച് ഉണ്ടാക്കുന്നവ), പന്നിമാംസം, ഗോമാംസം, മത്സ്യം, തൈര്, ഉഴുന്ന്, തുവര സ്ഥിരമായി ശീലിക്കാവുന്നവ ചെന്നല്ലരി, നവരയരി, ചെറുപയറ്, ഇന്തുപ്പ്, നെല്ലിക്ക, യവം, മഴ വെള്ളം, നെയ്യ്, തേന്‍, ജാംഗല മാംസം (ഉദ: കാട)

ഏതൊരു ആഹാര വിഹാരാദികള്‍ കൊണ്ട് ആരോഗ്യത്തെ നിലനിര്‍ത്തുവാന്‍ കഴിയുന്നുവോ അവയേയും ഏതൊന്ന് ഇല്ലാത്ത രോഗങ്ങളെ ഉണ്ടാക്കാതിരിക്കുന്നുവോ അതിനേയും എല്ലായ്‌പ്പോഴും ശീലിക്കണം. ഇവിടെ ചെറുപയറ് ശീലിക്കാന്‍ വിധിക്കുന്നു എന്നാല്‍ അവ കഴിച്ചാല്‍ ഗ്യാസ് ഉണ്ടാകുന്ന വ്യക്തികളില്‍ അവ വ്യക്തിനിഷ്ഠമായി ശീലിക്കരുത് എന്ന് മനസ്സിലാക്കുക.

ഡബ്ല്യു എച്ച് ഒ കണക്കുകള്‍ പ്രകാരം ഏറ്റവും ദീര്‍ഘായുസ്സ് ഉള്ള മനുഷ്യര്‍ ജപ്പാനിലാണ് പുരുഷന്മാര്‍ക്ക് 85 ഉം സ്ത്രീകള്‍ക്ക് 87.3 വയസ്സുമാണ് ശരാശരി പ്രായം ഇന്ത്യയില്‍ ഇത് 68 ആണെന്ന് ഓര്‍ക്കുക ശരാശരി 20 വയസ്സിന്റെ വ്യത്യാസം. ജപ്പാനില്‍ തന്നെ ഒക്കിനാവന്‍ പ്രോവിന്‍സ് ആണ് അതില്‍ ലോക മുത്തശ്ശി. ബ്രാഡ്‌ലി ജെ വില്‍കോസും ഡി ക്രേഗ് വില്‍കോസ്സും മകോട്ടൊ സൂസൂക്കി എന്ന പ്രശസ്ത കാര്‍ഡിയോളജിസ്റ്റും ചേര്‍ന്ന് തയ്യാറാക്കിയ 'ദി ഒക്കിനാവ പ്രോഗ്രാം' എന്ന പുസ്തകമാണ് ഒക്കിനാവന്‍ ആഹാര ശൈലികളെ വിവരിക്കുന്ന ആധികാരിക ഗ്രന്ഥം. അവയില്‍ കണ്ടെത്തിയ വിവരണങ്ങള്‍ ഇങ്ങനെ.
  • ഒക്കിനാവന്‍ സംസ്‌കാരത്തില്‍ അവര്‍ 206 വിവിധതരം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഒരു ദിവസം തന്നെ 18 തരം ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും നിറഞ്ഞ സമ്പുഷ്ടമായ ആഹാര ശൈലി.
  • ഒരു ദിവസം അഞ്ചോ അതില്‍ അധികമോതരം പച്ചക്കറികളും പഴങ്ങളും സേവിക്കുന്നു. വിവിധ നിറങ്ങളില്‍ ഉള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനെ 'ഈറ്റിംഗ് ദി റെയിന്‍ബോ' എന്ന് വിശേഷിപ്പിക്കാം. ഒരു നേരത്തെ ഭക്ഷണത്തില്‍ തന്നെ ക്യാരറ്റ്, ചീര, കോളിഫ്‌ളവര്‍, ബ്രിഞ്ചാള്‍ ഇങ്ങനെ വിവിധ നിറത്തിലെ പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗം, സോയ എന്നിവ കൊണ്ട് നിറഞ്ഞത്. 30% ഒക്കിനാവല്‍ ഭക്ഷണവും പച്ചക്കറികള്‍ നിറഞ്ഞതാണ്.
  • ചോറാണ് ഒക്കിനാവന്‍ ഡയറ്റിലെ അടിസ്ഥാന ധാന്യം. ജപ്പാനില്‍ ചോറ് ദിവസവും സേവിക്കുന്ന ധാന്യമാണ്. ഗ്ലൂട്ടന്‍ അടങ്ങുന്ന ഗോതമ്പ്, മൈദ, റവ തുടങ്ങിയവ അവര്‍ ഉപയോഗിക്കാറില്ല.
  • പഞ്ചസാരയും മറ്റു മധുര പലഹാരങ്ങളും അധികം ഉപയോഗിക്കാറില്ല.
  • ഉപ്പിന്റെ ഉപയോഗം വളരെ കുറവാണ് ഒക്കിനാവയില്‍. ശരാശരി 7 ഗ്രാമില്‍ താഴെ ആണ് ഒരു ദിവസത്തെ ഉപയോഗം, 12-18 ഗ്രാം വരെയാണ് മറ്റു സ്ഥലങ്ങളിലെ ശരാശരി.
  • ഒക്കിനാവന്‍ രീതിയില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കലോറിയും വളരെ കുറവാണ്. 1785 കാലറി ആണ് ശരാശരി ഉപയോഗിക്കുന്നത്. 2200-2800 വരെ ആണ് ആധുനിക മനുഷ്യന്‍ തിന്ന് തീര്‍ക്കുന്നത്.

കുറഞ്ഞ കാലറി ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഇന്‍സുലിന്‍ ലൈക്ക് ഗ്രോത്ത് ഫാക്ടര്‍ - 1 എന്ന, പ്രോട്ടീന്റെ അളവ് കുറയുകയും അതുകൊണ്ട് പ്രായ പ്രക്രിയയ്ക്ക് വേഗത കുറയുകയും ചെയ്യുന്നു. ലഘു അന്നം മാത്ര അനുസരിച്ച് സേവിക്കണം എന്ന ആയുര്‍വേദ വചനം ഇത് തന്നെയാണ് കാണിക്കുന്നത്. ഇത് വഴി പ്രമേഹം, കാന്‍സര്‍ തുടങ്ങിയവയുടെ രോഗഗതിക്ക് തടയിടുവാനും സാധിക്കും.

ഒക്കിനാവന്‍ സംസ്‌കാരത്തില്‍ സേവിക്കുന്ന 15 തരം ആന്റി ഓക്‌സിഡന്റ്‌സ് നിറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍.
ടോഫു (സോയ), മീസൊ, ട്യൂണ (മത്സ്യം), ക്യാരറ്റ്, ഗോയ (കയ്പയ്ക്ക വര്‍ഗ്ഗം), കോമ്പു (കടല്‍ സസ്യം), ക്യാബേജ്, നോറി (കടല്‍ സസ്യം), വലിയ ഉള്ളി, സോയ സ്പ്രൗട്ട് (മുളപ്പിച്ചത്), ഹെചിമ (വെള്ളരിക്ക വര്‍ഗ്ഗം), സോയബീന്‍, മധുര കിഴങ്ങ്, കുരുമുളക്, റെഡ് പെപ്പര്‍, സാന്‍പിന്‍ - ച (ജാസ്മിന്‍ ടീ)
'സാന്‍പിന്‍-ച' എന്നത് ഗ്രീന്‍ ടീയും മുല്ലപ്പൂവും ചേര്‍ത്ത് ഉണ്ടാക്കുന്ന ചായ ആണ്. ഒക്കിനാവക്കാര്‍ 3 കപ്പ് വരെ അവ സേവിക്കുന്നു, കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും, ബലം വര്‍ദ്ധിക്കുന്നതിനും വിശേഷ ഔഷധം കൂടിയാണ് 'സാന്‍പിന്‍ - ച'. ആയുര്‍വേദം അനുശാസിക്കുന്ന ഭക്ഷ്യശൈലിയും ഒക്കിനാവന്‍ ശൈലിയും തമ്മില്‍ വളരെ സാമ്യത കാണാം.

  • രണ്ട് സംസ്‌കാരങ്ങളും വയറിന്റെ 3/4 ഭാഗം മാത്രം ഭക്ഷണം സേവിക്കാന്‍ അനുശാസിക്കുന്നു.
  • അരി (ചെന്നലരി, ഞവരയരി) തുടങ്ങിയവ പ്രധാന ധാന്യം ആയി ഉപയോഗിക്കുന്നു. ഗ്ലൂട്ടന്‍ അടങ്ങിയ ഗോതമ്പ്, മൈദ തുടങ്ങിയവ തീരെ ഉപയോഗിക്കുന്നില്ല.
  • അല്പ മാത്രയില്‍ ആഹാരം സേവിക്കാന്‍ അനുശാസിക്കുന്നു. കുറഞ്ഞ കാലറി ഭക്ഷണങ്ങള്‍ വിവിധ തരം ന്യൂട്രിഷന്‍ അടങ്ങുന്ന പഴങ്ങളും പച്ചക്കറികളും.
  • കുറഞ്ഞ അളവില്‍ ഉപ്പ്, പഞ്ചസാര ഉപയോഗം. ആയുര്‍വേദത്തില്‍ ഇന്തുപ്പ് ദിവസവും ഉപയോഗിക്കാന്‍ വിധിക്കുന്നു.
  • പ്രധാനമായും സസ്യ ആഹാരം ശീലിക്കാന്‍ അനുശാസിക്കുന്നു. മാംസം, തൈര്, പാല്‍വര്‍ഗ്ഗങ്ങള്‍ എന്ന ഗുരു ആയ ആഹാരങ്ങളുടെ ഉപയോഗം ശീലിക്കാതിരിക്കുക.

ലോകത്ത് ഇന്ന് കാണുന്ന കാന്‍സറുകളില്‍ 30-50% രോഗങ്ങളും ആഹാര-വിഹാര ക്രമീകരണങ്ങള്‍ കൊണ്ട് തടയിടുവാന്‍ സാധിക്കുന്നവയാണ്. അന്നനാളം, ആമാശയം, കരള്‍ തുടങ്ങിയവയില്‍ വരുന്ന അര്‍ബുദങ്ങള്‍ ഭൂരിഭാഗവും നമ്മുടെ ആഹാരശൈലിയും വ്യായാമക്കുറവും കാരണം രൂപപ്പെടുന്നതാണ്. പുകവലിയും മദ്യപാനവും അര്‍ബുദ രോഗത്തിലേക്ക് നയിക്കാവുന്ന പ്രധാന കാരണങ്ങള്‍ ആണ്. എന്നിരുന്നാലും ആഹാരവും വ്യായാമക്കുറവും തന്നെയാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളെയും ഹൃദ്രോഗികളെയും സൃഷ്ടിക്കുന്നത്. കേരളം ആണ് ഇന്ന് ഇന്ത്യയിലെ കാന്‍സര്‍ തലസ്ഥാനം ഇതിന് പ്രധാനകാരണം മലയാളികളുടെ ആഹര ശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ്. ഗ്ലൂട്ടന്‍ അടങ്ങിയ ഗോതമ്പ്, മൈദ, റവ എന്നിവയുടെ നിത്യ ഉപയോഗം, അമിതമായ മാംസാഹാര ശീലം, പാല്‍ തൈര് മറ്റ് പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും മലയാളിയുടെ കുടലില്‍ ഇംഫ്‌ളമേഷന്‍ ഉണ്ടാക്കുകയും മലബന്ധം, കൂടുതല്‍ തവണ മലം അയഞ്ഞു പോകുകയും അര്‍ശസ്സ്, ഫിഷര്‍ തുടങ്ങിയ രോഗാവസ്ഥയ്ക്കും കാരണം ആകുന്നു. നിരന്തരം കുടലില്‍ ഉണ്ടാകുന്ന ചുടുച്ചില്‍ മൂലം കുടലിലെ കോശങ്ങള്‍ക്കും ബാക്ടീരിയയ്ക്കും മാറ്റങ്ങള്‍ സംഭവിക്കുകയും അവ കോശങ്ങള്‍ക്ക് മ്യൂട്ടേഷന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുടലില്‍ ബാക്ടീരിയയ്ക്ക് വരുന്ന മാറ്റങ്ങള്‍ ശരീര കോശങ്ങളില്‍ മ്യൂട്ടേഷന്‍ ഉണ്ടാക്കി അര്‍ബുദ വളര്‍ച്ചയ്ക്ക് സാധ്യത കൂട്ടുന്നു.

നമ്മള്‍ ജനിക്കുമ്പോള്‍ കുടിക്കുന്ന മുലപ്പാല്‍ മുതല്‍ ഇന്നലെ രാത്രി കഴിച്ച പെറോട്ടവരെ ശരീരത്തിലെ ഓരോ കോശം രൂപപ്പെടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങള്‍ കഴിക്കുന്നത് ആണ് നിങ്ങളായി പരിണമിക്കുന്നത് എന്ന പ്രപഞ്ച സത്യം ഉള്‍ക്കൊള്ളാന്‍ മനുഷ്യന് ഇത് വരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് കശ്യപ മഹര്‍ഷി ആഹാരത്തെ മഹാഭൈഷജ്യം എന്ന് വിളിക്കുന്നത്. ആഹാര ശീലങ്ങള്‍ ലോകത്ത് സിഗരറ്റ്, മദ്യം എന്നിവയുടെ എത്രയോ ഇരട്ടി മനുഷ്യരെ കൊല്ലുന്നു. പെറോട്ടയും ബീഫും 
കഴിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന ചുടിച്ചിലും കോശ വ്യതിയാനങ്ങളും മദ്യത്തെക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ്.

എന്താണ് ഗ്ലൂട്ടന്‍
ഗ്ലൂട്ടന്‍ എന്നത് ഗോതമ്പ്, മൈദ, റൈ തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങളില്‍ കാണുന്ന പ്രോട്ടീന്‍ ആണ്. പൗരാണിക ധാന്യങ്ങളില്‍ ഗ്ലൂട്ടന്റെ അളവ് വളരെ കുറവായിരുന്നു. 2-3%. എന്നാല്‍ 'ഗ്രീന്‍ റെവല്യൂഷ'നുശേഷം രോഗ പ്രതിരോധ ശേഷി വര്‍ദ്ധിച്ച, ഗ്ലൂട്ടന്‍ 18% വരെ ഉള്ള 'സൂപ്പര്‍ ക്രോപ്‌സ്' എന്ന് അറിയപ്പെടുന്നവയാണ് ഇന്ന് കൃഷി ചെയ്യുന്നത്. ബേക്കറി, പേസ്ട്രി, ബര്‍ഗര്‍ ഇന്‍ഡസ്ട്രി എന്നിവയില്‍ ഗ്ലൂട്ടന്‍ കൂടിയ ഗോതമ്പ്, മൈദ എന്നിവ ഉപയോഗം അനിവാര്യമാക്കി. ഗ്ലൂട്ടന്‍ പശ പോലെയാണ് വേഗം ഒട്ടിപ്പിടിക്കും. 18% ഗ്ലൂട്ടന്‍ ഉള്ള ഗോതമ്പ്, മൈദ, റവ എന്നിവയാണ് ഇന്ന് നമുക്ക് ലഭിക്കുന്നത്. ഗ്ലൂട്ടന്‍ ദഹിപ്പിക്കാന്‍ മനുഷ്യന്റെ കുടലുകള്‍ക്ക് സാധിക്കില്ല. ചപ്പാത്തി കഴിക്കുമ്പോള്‍ ദഹിക്കാത്ത ഗ്ലൂട്ടന്‍ കാരണം, 'സീറം സോണുലിന്‍' എന്ന വസ്തു ഉത്പാദനം കൂടുന്നു. സോണുലിന്‍ കുടലില്‍ ആഹാര രസം വലിച്ചെടുക്കേണ്ട ദ്വാരങ്ങള്‍ വലുതാക്കുന്നു അവയിലൂടെ ദഹിക്കാത്ത ഗ്ലൂട്ടനും മറ്റ് ആഹാരവിഷങ്ങള്‍ രക്തത്തിലേക്ക് കലരുന്നു. ഇവ പലതരം ആന്റിബോഡീസ് പ്രവര്‍ത്തിപ്പിക്കുകയും പ്രമേഹം, വാതരക്തം, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് കാരണം ആകുന്നു. നിങ്ങള്‍ പിസ്സ കഴിച്ച ശേഷം അല്ലെങ്കില്‍ പറോട്ട കഴിച്ച ശേഷം വയറ് പെരുകുന്നതും ഗ്യാസ് ഉണ്ടാകുന്നതും ഗ്ലൂട്ടന്‍ കുടലില്‍ ഉണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനം മൂലം ആണ്.

പ്രമേഹ രോഗികള്‍ 'ചപ്പാത്തി' കഴിക്കണം എന്ന മണ്ടന്‍ ആശയം, കേരളത്തില്‍ പ്രചരിപ്പിച്ചത് അല്പജ്ഞാനികളായ മെഡിക്കല്‍ സമൂഹം തന്നെയാണ്. വേഗത്തില്‍ ഗ്ലൂക്കോസായി പരിണമിച്ച് ഇന്‍സുലിന്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങളെ പ്രൊ ഇംഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍ എന്ന് പറയുന്നു. ഇന്ന് മാര്‍ക്കറ്റില്‍ ഉപയോഗിക്കുന്ന പാക്കറ്റ് ഗോതമ്പിന്റെ ഗ്ലൈസിമിക്ക് ഇന്‍ടെക്‌സ് 80% ആണ്. വെള്ളത്തിന് 0% ഒരു ടീസ്പൂണ്‍ പഞ്ചസാരയ്ക്ക് 100% എന്നതാണ് ഗ്ലൈസിമിക്ക് ലെവല്‍.

100-200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലും മറ്റും ഉത്പാദിപ്പിച്ച ഗോതമ്പില്‍ 2-3% ഗ്ലൂട്ടന്‍ മാത്രമെ ഉള്ളു. അവയുടെ ഗ്ലൈസിമിക് ലെവല്‍ 20-30% ആയിരുന്നു. പൗരാണിക ഗോതമ്പിനെ 'ഗോധൂമം' എന്നാണ് സംസ്‌കൃതത്തില്‍ ചരകന്‍ വിശേഷിപ്പിക്കുന്നത് അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഗോധൂമം, യവം എന്നിവ ഭക്ഷണമായി ഉപയോഗിക്കാന്‍ വിധിക്കുന്നു. 20% ഗ്ലൈസിമിക്ക് ലെവല്‍ ഉള്ള 'ഗോധൂമം' വിധിച്ചെടത്ത് 80% ഉള്ള 'ആട്ട' ഉപയോഗിക്കുന്നത് തികച്ചും അശാസ്ത്രീയവും അപകടകരവുമാണ്. ചപ്പാത്തി സേവിച്ചാല്‍ ഗ്ലൂക്കോസ് കൂടുകമാത്രമല്ല പ്രശ്‌നം ഗ്ലൂട്ടന്‍ ഉണ്ടാക്കുന്ന ആന്റി ബോഡീസ് പ്രമേഹ രോഗം വഷളാക്കുകയും ചെയ്യുന്നു. കൂടാതെ വാതരക്തം, അര്‍ബുദം തുടങ്ങിയ അനുബന്ധരോഗത്തിനും കാരണം ആകുന്നു.

ലോകത്ത് 1% ആള്‍ക്കാര്‍ സീലിയക്ക് രോഗം ഉള്ളവരാണ്, 50-60% ആള്‍ക്കാര്‍ ഗ്ലൂട്ടന്‍ അസഹിഷ്ണുത ഉള്ളവര്‍, ഗോതമ്പ് 8-ാമത് മികച്ച അലര്‍ജന്‍ കൂടിയാണ്. അതുകൊണ്ടാണ് ഇന്ന് ഏറ്റവും കൂടുതല്‍ കുടല്‍ മലാശയ അര്‍ബുദങ്ങള്‍ കാണുന്നത് വടക്കെ ഇന്ത്യയിലും കേരളത്തില്‍ മലബാര്‍ പ്രദേശത്തുമാണ്. മലബാറില്‍ നോമ്പ് തുറക്കാന്‍ ഉപയോഗിക്കുന്ന മിക്ക പലഹാരങ്ങളും മൈദ ചേര്‍ന്നതാണ്, പറോട്ട മലബാറുകാരന്റെ കാമുകിയും, ഈ പ്രണയം ചോര തുപ്പിചാവുന്നതു വരെ മലയാളി തുടരും. പ്രമേഹ രോഗികള്‍ ചപ്പാത്തി പ്രണയം നിര്‍ത്തി ചെന്നലരി, നവരയരി, റാഗി, ക്യുനോവ തുടങ്ങിയ ധാന്യങ്ങള്‍ ഉപയോഗിക്കണം. പച്ചക്കറികള്‍ കൂടുതലായും ഉള്‍പ്പെടുത്തണം. ഏതെങ്കിലും ഡോക്ടര്‍മാര്‍ ചപ്പാത്തി തിന്നാന്‍ പറഞ്ഞാല്‍ ഈ വസ്തുത ചോദിച്ച് അറിയുകയും ചെയ്യണം.

മാംസാഹാര ശീലമാണ് കാന്‍സര്‍ വളരെ അധികം വര്‍ദ്ധിക്കാന്‍ മറ്റൊരു കാരണം. ബര്‍ഗര്‍, പിസ്സ, സോസേജ് എന്നിവയില്‍ ഉള്ള പ്രൊസെസ്ഡ് മാംസം ഗ്രൂപ്പ് -1 കാര്‍സിനോജന്‍ ആയി ആണ് ഡബ്ല്യു എച്ച് ഒ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഗ്രൂപ്പ് - 1 കാര്‍സിനോജന്‍സ് ആസ്‌ബെസ്‌റ്റോസ്, പുകയില, പ്ലൂട്ടോണിയം. അതെ കേട്ടതു ശരിതന്നെ 'പ്ലൂട്ടോണിയ'വും മാംസവും കാന്‍സര്‍ ഉണ്ടാക്കാന്‍ ഒരുപോലെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. കുട്ടികള്‍ക്ക് ബര്‍ഗര്‍ കൊടുക്കുമ്പോള്‍ ഒരു ബാര്‍ പ്ലൂട്ടോണിയമാണ് നിങ്ങള്‍ സ്‌നേഹത്തോടെ വായില്‍ വയ്ക്കുന്നത് എന്ന് ഓര്‍ക്കുക. ചിക്കന്‍, മട്ടണ്‍, ബീഫ്, പോര്‍ക്ക് തുടങ്ങിയതില്‍ അടങ്ങിയിരിക്കുന്ന ഡെഡ് മീറ്റ് ബാക്ടീരിയല്‍ ടൊക്‌സിന്‍സ് വളരെ വേഗം ഇംഫ്‌ളമേഷന്‍ തുടങ്ങുന്നു. ദിവസവും 50 ഗ്രാം മാംസം കഴിച്ചാല്‍ കുടല്‍ മാലാശയ അര്‍ബുദത്തിനുള്ള സാധ്യത 18% വര്‍ദ്ധിക്കുന്നു, പ്രമേഹം വരാനുള്ള സാധ്യത 51% വരെ വര്‍ദ്ധിക്കുന്നു.

പാലും പാല്‍ ഉല്‍പ്പനങ്ങളും ഇന്ന് എല്ലാ വിധ ഭക്ഷണത്തിലും ചേര്‍ത്ത് കാണുന്നു. പാലില്‍ ഉള്ള പ്രോട്ടീനുകള്‍ കുട്ടികള്‍ക്ക് ദഹിപ്പിക്കാന്‍ കഴിവുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ലഭിക്കുന്ന പാല്‍, തൈര് ഉല്‍പന്നങ്ങളില്‍ ആന്റിബയോട്ടിക്ക് അളവ് വളരെ കൂടുതല്‍ ആണ്. ലാക്ടോസ് ഇന്‍ടോളറന്‍സ്, കുട്ടികളില്‍ ഓട്ടിസം ലക്ഷണങ്ങള്‍ വരുന്നതിനും അലര്‍ജി തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് പ്രധാന കാരണം പാലും പാലില്‍ അടങ്ങിയിരിക്കുന്ന ആന്റി ബയോട്ടിക്‌സുമാണ്. അതുകൊണ്ടുതന്നെ 'ഓട്ടിസം ഫ്രീ പ്രോട്ടോകോള്‍, ഗ്ലൂട്ടന്‍ ഫ്രീ, ഡയറി ഫ്രീ, ക്രസീന്‍ ഫ്രീ) ഡയറ്റ് ആണ് അനുശാസിക്കുന്നത്.

ആരോഗ്യത്തിനും കാന്‍സര്‍ മുതലായ രോഗങ്ങള്‍ വരാതിരിക്കാനും ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റ് പാലിക്കുക എന്നത്. അനിവാര്യമാണ്. ആന്റി ഇഫ്‌ളമേറ്ററി ഡയറ്റില്‍ ശ്രദ്ധിക്കേണ്ടവ:
  • ഗ്ലൂട്ടന്‍ അടങ്ങിയ ഗോതമ്പ്, മൈദ, റവ ഉദാ: ബിസ്‌ക്കറ്റ്, പിസ, ബര്‍ഗര്‍ എന്നിവ ഒഴിവാക്കുക.
  • സസ്യ ആഹാരം ശീലിക്കുക ധാരാളം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും സേവിക്കുക.
  • പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ കുറയ്ക്കുക ഉദാ: ചായ, ഐസ്‌ക്രീം പകരം തേങ്ങാ പാല്‍, സോയ മില്‍ക്ക് എന്നിവ ഉപയോഗിക്കുക.

ഗ്ലൂട്ടന്‍ അധികം ഉള്ള ഭക്ഷണങ്ങള്‍ (ഒഴിവാക്കേണ്ടത്) ഗോതമ്പ്, ബാര്‍ളി, റൈ, ട്രിടികേല്‍ (ഹൈബ്രിഡ് - ഗോതമ്പ് + റൈ), മൈദ, ബീര്‍ ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണം മില്ലറ്റ്, റാഗി, റൈസ്, സൊര്‍ഗം, സോയ, മേസ്, ക്യുനോവ, അമരാന്ത്, ആരോറൂട്ട്, കപ്പ, കിഴങ്ങ്പ്ലൂ ട്ടോണിയം കഴിച്ചു വളരുന്ന ഒരു തലമുറയാണ് ഇന്ന് നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. എന്നിട്ട് എന്തേ കേരളത്തില്‍ ഇത്രയും കാന്‍സര്‍ വരുന്നത് എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ മര കൊമ്പില്‍ ഇരുന്ന് മഴുകൊണ്ട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവന്റെ കഥയാണ് ഓര്‍മ്മവരുന്നത്. ഹാഫ് ബേക്ട് ചപ്പാത്തിയും ബീഫും ഐസ്‌ക്രീം ഷേക്കും കുഞ്ഞുങ്ങള്‍ക്ക് വിളമ്പുന്ന മാതാ-പിതാക്കളെ, ചെര്‍ണോബില്‍ പ്ലൂട്ടോണിയത്തില്‍ കത്തി എരിഞ്ഞതുപോലെ എരിയും അവരുടെ ശരീരവും.

Saturday 13 April 2019

പ്രമേഹരോഗികളില്‍ ദുഷ്‌ക്കരമാകുന്ന ഹൃദ്രോഗ ചികിത്സ

ഡോ. ജോര്‍ജ്ജ് തയ്യില്‍

ഭൂമുഖത്ത് പ്രമേഹ ബാധിതരുടെ എണ്ണം ഭീതിദമാംവിധം വര്‍ദ്ധിക്കുകയാണ്. 1980-ല്‍ 108 ദശലക്ഷമായിരുന്നത് 2014 ആയപ്പോള്‍ 422 ദശലക്ഷമായി ഉയര്‍ന്നു. 18 വയസ്സില്‍ കവിഞ്ഞവരില്‍ 1980-ല്‍ 4.7 ശതമാനമായിരുന്ന പ്രമേഹ ബാധ 2014 ആയപ്പോള്‍ 8.5 ശതമാനമായി വര്‍ദ്ധിച്ചു. പ്രമേഹം മൂലം 2015-ല്‍ 1.6 ദശലക്ഷം പേരാണ് മരണപ്പെട്ടത്. പണക്കാരേക്കാളുപരി സാമ്പത്തികമായി താഴെക്കിടയിലുള്ളവരെ കൂടുതലായി ബാധിക്കുന്ന ഒരു രോഗാതുരതയായി ഈ മഹാമാരി മാറുകയാണ്. 2015-ലെ കണക്കു പ്രകാരം ഇന്ത്യയില്‍ 69.1 ദശലക്ഷം പേര്‍ക്ക് പ്രമേഹബാധയുണ്ട്. ഇന്ത്യയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 9 ശതമാനം പേരും പ്രമേഹത്തിന്റെ പിടിയിലാണ്. അതായത് ഈ മഹാരോഗത്തിന്റെ ലോക തലസ്ഥാനമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക്. ഇന്ത്യയില്‍ 2010-ല്‍ 51 ദശലക്ഷമുണ്ടായിരുന്ന പ്രമേഹബാധിതര്‍ 2030 ആകുമ്പോള്‍ 58 ശതമാനമായി വര്‍ദ്ധിച്ച് 87 ദശലക്ഷമായി ഉയരും. നമ്മുടെ കൊച്ചു കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണെന്നു പറഞ്ഞാല്‍ ഞെട്ടരുത്. ഇവിടെയുള്ള 20 ശതമാനം പേര്‍ക്കും  ഈ രോഗം സ്വന്തം. അതായത് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി. കേരളത്തിലെ ഗ്രാമീണരും പ്രമേഹബാധയില്‍ നഗരവാസികളോടൊപ്പമെത്തുന്ന പ്രവണത നാം കാണുന്നു. ഏറ്റവും ദാരുണമായ പ്രശ്‌നം, പ്രമേഹബാധയുള്ള ഏതാണ്ട് 50 ശതമാനം ആള്‍ക്കാര്‍ക്കും ഈ രോഗമുണ്ടെന്ന അവബോധമുണ്ടാകുന്നില്ല എന്നതാണ്. ഇന്റര്‍നാഷണല്‍ ഡയബെറ്റിക് ഫെഡറേഷന്റെ കണക്കുപ്രകാരം ലോകത്തുള്ള 193 ദശലക്ഷം ആള്‍ക്കാരും തങ്ങള്‍ പ്രമേഹ ബാധക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. കൂടാതെ പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരില്‍ 40 ശതമാനം പേര്‍ മാത്രമേ രക്തത്തിലെ പഞ്ചസാര പരിധികള്‍ക്കുള്ളില്‍ നിയന്ത്രിക്കുന്നുള്ളൂ. 17 ശതമാനം പേര്‍ യാതൊരു ചികിത്സയും എടുക്കാന്‍ മുതിരുന്നില്ല. 15 ശതമാനം പേര്‍ ഭക്ഷണം ക്രമീകരിച്ച് ചികിത്സിക്കുന്നു. 68 ശതമാനം പേര്‍ മരുന്നുകള്‍ എടുക്കുന്നു.

അസാംക്രമികരോഗങ്ങളുടെ അനിയന്ത്രിതമായ വര്‍ദ്ധനയെ കടിഞ്ഞാണിടാന്‍ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും പലതവണ യോഗം ചേരുകയും അവയെ പിടിയിലൊതുക്കുവാനുള്ള ക്രിയാത്മക മാര്‍ഗ്ഗങ്ങളാരായുകയും ചെയ്തു. ഹൃദ്രോഗവും പ്രമേഹവും അര്‍ബുദവും ചേര്‍ന്ന് ലോകജനസംഖ്യയുടെ സിംഹഭാഗം പേരെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ പുതിയ ബോധവത്കരണ ശൈലിയിലൂടെ ഇവയെ നേരിടാന്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സംവിധാനം ചെയ്യുകയുണ്ടായി. പ്രമേഹ ചികിത്സയുടെ പരാജയത്തിനുള്ള പ്രധാന കാര്യം രോഗികള്‍ക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സമുചിതമായ പരിഗണനയും കരുതുലും ലഭിക്കാത്തതുകൊണ്ടാണെന്ന് പഠനങ്ങള്‍ തെളിയിച്ചു. പ്രമേഹരോഗി ഒറ്റക്കല്ല, കുടംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി രോഗിയോടൊപ്പം നിന്ന് പ്രമേഹനിയന്ത്രണത്തിന് സാഹചര്യമൊരുക്കണമെന്ന് ആഹ്വാനമുണ്ടായി. ഈ ആശയം തന്നെയാണ് കഴിഞ്ഞ വര്‍ഷത്തെ പ്രമേഹദിന സന്ദേശവും. പ്രമേഹ നിയന്ത്രണം രോഗിയുടെ മാത്രമല്ല, അയാള്‍ ഉള്‍ക്കൊള്ളുന്ന കുടുംബാംഗങ്ങളുടെ മൊത്തമായ പരിശ്രമത്തിലൂടെയാണ് സമഗ്രമാക്കേണ്ടത്. ആത്മാര്‍ത്ഥമായ പിന്തുണയും കരുതലുമായി കുടുംബത്തിലെ എല്ലാ അംഗങ്ങളും എപ്പോഴും രോഗിയോടൊപ്പമുണ്ടാവണം. അതായത് രോഗിക്കു മാത്രമായി ഒരു ഭക്ഷണക്രമമില്ല. അതും രോഗിയെ ഒറ്റപ്പെടുത്തും. ശാസ്ത്രീയവും പഥ്യവുമായ ഭക്ഷണശൈലി പ്രമേഹ രോഗിക്കുമാത്രമല്ല കുടംബത്തിലെ മറ്റംഗങ്ങള്‍ക്കും പ്രയോജനപ്പെടും. അവര്‍ക്ക് പ്രമേഹ സാധ്യതയുണ്ടെങ്കില്‍ അതും കുറയ്ക്കുകയും ചെയ്യും. പഥ്യമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമശീലവും മുടങ്ങതെയുള്ള ഔഷധ സേവനവും സ്വായത്തമാക്കാന്‍ രോഗിക്ക് താങ്ങും തണലുമായി കുടുംബാംഗങ്ങളും എപ്പോഴുമുണ്ടാവണം.

പ്രമേഹ രോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാന കാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ പരാജയം, അമിതരക്തസമ്മര്‍ദ്ദം, ധമനികളുടെ പൊതുവായ ജരിതാവസ്ഥ എന്നിവയാണ്. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്‍സുലിന്‍ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തര മരണം പത്തിരട്ടിയും ഇന്‍സുലിന്‍ അനാശ്രിതപ്രമേഹ രോഗികളിലെ മരണ സംഖ്യ നാലിരട്ടിയുമാണ്. നിയന്ത്രണ വിധേയമാകാത്ത പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തില്‍ കുമിഞ്ഞുകൂടുന്ന കൊളസ്‌ട്രോളും മറ്റ് ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീഞരമ്പുകള്‍, ധമനികള്‍ എന്നീ അവയവങ്ങളില്‍ വൈവിധ്യമാര്‍ന്ന ജരിതാവസ്ഥയുണ്ടാക്കുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പുകണികകള്‍ പറ്റിപ്പിടിച്ച് അവയുടെ ഉള്‍വ്യാസം ചെറുതാകുന്നു. ഹൃദയധമനികളിലെ കൊഴുപ്പുനിക്ഷേപം വീണ്ടുകീറി അവിടെ ഒരു രക്തക്കട്ട ഉണ്ടായി ധമനിയിലൂടെ ഉള്ള രക്തപര്യയനം ദുഷ്‌കരമായാല്‍ ഹാര്‍ട്ടറ്റാക്കാണ് അനന്തരഫലം.

പ്രമേഹ രോഗികളിലെ ഹൃദയാഘാതം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങള്‍ രോഗികള്‍ എപ്പോഴും തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പലപ്പോഴും പൂര്‍ണ്ണമായി അനുഭവപ്പെടാത്ത ഹാര്‍ട്ടറ്റാക്ക് (സയലന്റ് അറ്റാക്ക്) പ്രമേഹ ബാധിതര്‍ക്ക് സ്വന്തം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന 'ഓട്ടോണമിക് നാഡീവ്യൂഹ'ത്തിനു സംഭവിക്കുന്ന അപചയംതന്നെ ഇതിന്റെ കാരണം. നാഡീവ്യൂഹത്തിന്റെ മാന്ദ്യം നിമിത്തം ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ നെഞ്ചുവേദനയുടെ തീവ്രത അനുഭവിച്ചറിയാന്‍ രോഗിക്ക് പറ്റാതെ പോകുന്നു. ഏതാണ്ട് 35 ശതമാനം രോഗികള്‍ക്കും നെഞ്ചുവേദന കൃത്യമായി അനുഭവപ്പെടാറില്ല. അതിനുപകരം ശ്വാസതടസ്സം, ഓക്കാനം, തളര്‍ച്ച, തലകറക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. അതുപോലെ ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച മരണസാധ്യതയും പ്രമേഹരോഗികളില്‍ അധികരിച്ചു കാണുന്നു. 

മേല്‍പറഞ്ഞ സങ്കീര്‍ണ്ണമായ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തില്‍ പ്രമേഹബാധിതരിലെ ഹൃദ്രോഗ ചികിത്സ അത്യന്തം ദുഷ്‌കരമാണ്. ഒരു ഹൃദ്രോഗ വിദഗ്ധന്റെയടുത്ത് വരുന്ന രോഗികളില്‍ ഭൂരിഭാഗവും പ്രമേഹമുള്ളവരാണ്. 70 ശതമാനം പ്രമേഹരോഗികളും മരണപ്പെടുന്നത് ഹൃദ്രോഗാനന്തരമാണെന്നോര്‍ക്കണം. അതുകൊണ്ട് ഹൃദ്രോഗ വിദഗ്ധന്‍ ഒരു പ്രമേഹ ചികിത്സാ വിദഗ്ധന്‍ കൂടിയാകുന്നു. പ്രമേഹ രോഗിക്ക് ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ വഷളാകുന്നത്. നെഞ്ചുവേദന കാര്യമായി അനുഭവപ്പെടാത്തതു മൂലം പലരും വളരെ വൈകിയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോഴേയ്ക്കും ഹൃദയാഘാതത്തിന്റെ സങ്കീര്‍ണ്ണതകള്‍ മൂര്‍ച്ഛിച്ചിരിക്കും. കലശലായ ശ്വാസതടസ്സവും നെഞ്ചിലെ അസ്വാസ്ഥ്യവും തളര്‍ച്ചയും ക്രമരഹിതമായ നെഞ്ചിടിപ്പും തലകറക്കവും രോഗിയെ അത്യാസന്നനിലയിലെത്തിക്കുന്നു. നിയന്ത്രണത്തില്‍ അശ്രദ്ധ കാണിക്കുന്ന രോഗിയുടെ രക്തത്തിലെ പഞ്ചസാര എപ്പോഴും കൂടിയിരിക്കും. അതുപോലെ കൊളസ്‌ട്രോളും. പ്രമേഹരോഗികളില്‍ ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച് ചെയ്യുന്ന 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി' അത്ര എളുപ്പമുള്ള കാര്യമല്ല. നനുത്ത് ചെറുതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ഏറെ ദുഷ്‌കരമാണ്. പലപ്പോഴും എല്ലാ കൊറോണറി ധമനികളിലും തന്നെ ബ്ലോക്കുണ്ടാകും. കൂടാതെ വൈകി ആശുപത്രിയിലെത്തുന്നതിനാല്‍ ഹൃദയ പരാജയമുണ്ടാകാനുള്ള സാധ്യതയും ഏറും. അതുകൊണ്ട് തന്നെ സാധാരണഗതിയില്‍ പ്രമേഹരോഗികളെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണ് പതിവ്. കൂടുതല്‍ ഹൃദയധമനികളെ ബാധിച്ചിരിക്കുന്ന ബ്ലോക്ക് സങ്കോചന ശേഷിയുടെ മാന്ദ്യം തുടങ്ങിയ കാരണങ്ങളാല്‍ ഒരു പ്രമേഹ രോഗിക്ക് ഏറ്റവും ഉചിതമായത് ബൈപ്പസ് സര്‍ജറി തന്നെ.ആന്‍ജിയോപ്ലാസ്റ്റിക്കോ ബൈപ്പാസ് സര്‍ജറിക്കോ ശേഷം ഒരു പ്രമേഹരോഗിയുടെ ജീവിതക്രമത്തില്‍ കര്‍ശനമായ പലപരിവര്‍ത്തനങ്ങളുമുണ്ടകണം. ഈ ക്രിയാത്മകമായ കരുതല്‍ തന്നെയാണ് രോഗിയെ അകാല മൃത്യുവില്‍ നിന്ന് രക്ഷപ്പെടുത്തുന്നതും. പഞ്ചസാര അധികമുള്ളതെന്തും വര്‍ജിച്ചു കൊണ്ടുള്ള പഥ്യമായ ആഹാരശൈലി ഏറ്റവും പ്രധാനം. പ്രമേഹ രോഗി പട്ടിണി കിടക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. യോജിച്ച ഭക്ഷണക്രമം തെരഞ്ഞെടുക്കാന്‍ പഠിക്കണം. കൃത്യവും ഊര്‍ജ്ജസ്വലവുമായ വ്യായാമ പദ്ധതി ആരംഭിക്കണം കുറഞ്ഞത് 45 മിനിട്ടെങ്കിലും ദിവസേന വ്യായാമം ചെയ്യണം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും പൊതുവായ ശാരീരാരോഗ്യം സന്തുലിതമാകാനും വ്യായാമം എന്ന ഔഷധം അനിവാര്യം. ഹൃദ്രോഗ വിദഗ്ധന്‍ നിര്‍ദ്ദേശിക്കുന്ന ഔഷധങ്ങള്‍ പിഴവു കൂടാതെ സേവിക്കണം. വൈദ്യ നിര്‍ദ്ദേശമില്ലാതെ യാതൊരു കാരണവശാലും മരുന്നുകള്‍ നിര്‍ത്തരുത്. ബ്ലഡ് ഷുഗറും കൊളസ്‌ട്രോളും നിശ്ചിത കാലയളവില്‍ പരിശോധിച്ച് തിട്ടപ്പെടുത്തണം. ഹൃദ്രോഗ പരിശോധനകളായ എക്കോ കാര്‍ഡിയോ ഗ്രാഫിയും ട്രെഡ്മില്‍ ടെസ്റ്റും കൃത്യകാലയളവില്‍ ചെയ്യണം. പ്രമേഹ സൂചകമായ എച്ച് ബി എ വണ്‍ സി 6.5-ല്‍ താഴെയാവാന്‍ പരിശ്രമിക്കണം. രക്തസമ്മര്‍ദ്ദവും അമിത വണ്ണവും കര്‍ശനമായി നിയന്ത്രിക്കണം.പ്രമേഹ നിയന്ത്രണത്തിന് കുറുക്കുവഴികളില്ലെന്നോര്‍ക്കണം. പരസ്യങ്ങള്‍ക്കോ ഒറ്റമൂലികള്‍ക്കോ പിറകെ പോയി വഞ്ചിതരാകരുത്. അല്പമൊന്നു മെനക്കെട്ടാല്‍ പ്രമേഹരോഗിയുടെ ജീവിതം തികച്ചും ആസ്വാദ്യജനകമാക്കാം.

Thursday 14 March 2019

കുമ്പളങ്ങിയിലെ ദേശവും മനുഷ്യരും

എന്‍ പി മുരളീകൃഷ്ണന്‍

റവാട്ടില്‍ പിറന്നതിന്റെ അന്തസ്സും മഹിമയും ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഒരു ശീലം ഇടക്കാലത്ത് മലയാള സിനിമയ്ക്കുണ്ടായിരുന്നു. പ്രത്യേകിച്ചും മലയാള സിനിമ ആള്‍ക്കൂട്ടക്കൂത്തായി മാറിയ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലും. അന്നത്തെ പല സിനിമകളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലും അവയുടെ ഭൂമികയിലുമെല്ലാം ഈ സവിശേഷ സ്വഭാവം നിലനിന്നു പോന്നു. ഇത് കാണികളില്‍ പുതിയൊരു കാഴ്ചശീലവും തങ്ങളുമായി യാതൊരു തരത്തിലും ബന്ധിപ്പിക്കാന്‍ കഴിയാത്ത പുതിയൊരു തരം സവര്‍ണരും അമാനുഷികരുമായ മനുഷ്യരെയും വെള്ളിത്തിരയില്‍ സൃഷ്ടിക്കാനും ഇടയാക്കി. തങ്ങളുടെ വീട്ടകവും വീട്ടുപരിസരവുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാരന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ നിരന്തരം ചെയ്ത് ആളുകളില്‍ അത്ഭുതത്തിന്റെയും ആരാധനയുടെയും വീരരസം പകര്‍ന്ന് താരരൂപങ്ങളായി നിലകൊണ്ട അതിമാനുഷ്യരില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ മലയാള സിനിമയ്ക്ക് ഏറെക്കാലമെടുക്കേണ്ടി വന്നു. പൂര്‍ണമായും ഇപ്പോഴും വിടുതി നേടാനുമായിട്ടില്ല. അവസരം കിട്ടുമ്പോഴെല്ലാം ഈ കുല, വീര പുരുഷന്മാര്‍ അവതാരപ്പിറവിയെടുത്തു കൊണ്ടേയിരിക്കുന്നു. ഇത് സിനിമയി ലും സമൂഹപരിസരത്തും ഒരുപോലെയാണ്. അനുകൂല സാമൂഹിക സാഹചര്യങ്ങള്‍ വരുമ്പോഴാണ് അകമേ അധികം ആഴത്തിലല്ലാതെ വേരോടിക്കിടക്കുന്ന സവര്‍ണ, പുരുഷ ചിന്താഗതികളും മേല്‍ക്കോയ്മകളുമെല്ലാം മറനീക്കി പുറത്തുവരുന്നത്. മധു സി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സിലേതു പോലെ ഒട്ടുമേ കുലമഹിമയില്ലാതെ, വ്യത്യസ്ത തന്തമാര്‍ക്കും തള്ളമാര്‍ക്കും പിറന്ന മക്കള്‍, ഒരു തുരുത്തിലെ പുറംവാതില്‍ പോലുമില്ലാത്ത ചായം പൂശാത്ത ചെറുകൂരയില്‍ കലഹിച്ചും സ്‌നേഹിച്ചും, കുടിച്ചും വലിച്ചും നാട്ടുനടപ്പ് തെറ്റിച്ച് ഇഷ്ടപ്പെട്ട പെണ്ണുങ്ങളെ കൂടെക്കൊണ്ടുവന്നു പൊറുപ്പിക്കുന്നതും പ്രമേയമാക്കി സിനിമ ചെയ്യുന്നതു ചിന്തിക്കാനുള്ള ശേഷി പോലും മേല്‍പ്പറഞ്ഞ കാലത്തെ മുഖ്യധാരാ സിനിമയ്ക്കില്ലായിരുന്നു. അങ്ങനെ ചിന്തിക്കാനും അതിനെ ജനപ്രിയമാക്കി അവതരിപ്പിക്കാനും കഴിയുന്നു എന്നതാണ് പുതുകാല മലയാള സിനിമയുടെ ഏറ്റവും ഗുണപരമായ മാറ്റം. നേരത്തെപറഞ്ഞ തറവാട്ടു സിനിമകളിലെ തറനിരപ്പില്‍ തൊടാത്ത മനുഷ്യരുടെ ചെയ്തികളും സംഭാഷണങ്ങളും കണ്ടും കേട്ടും അന്തം വിട്ടിരിക്കേണ്ടിവന്ന ഹതഭാഗ്യരായ കാണികളായിരുന്നു ഏറെക്കാലം നമ്മള്‍.

കുമ്പളങ്ങി നൈറ്റ്‌സില്‍ എത്തുമ്പോഴാകട്ടെ അതിലെ നെപ്പോളിയന്റെ മക്കളെയും അവരുടെ വീടും അവര്‍ ചെയ്യുന്ന ജോലികളും അവരുടെ ജോലിയില്ലായ്മയും സംസാരവും തമാശയും പ്രണയവും സങ്കടങ്ങളുമെല്ലാം അടുത്തറിയാനും നമ്മളെത്തന്നെ ബന്ധപ്പെടുത്താനുമാകുന്നു. തിയേറ്റര്‍ വിട്ടിറങ്ങിയാലും സജിയും ബോണിയും ബോബിയും ഫ്രാങ്കിയുമെല്ലാം വേമ്പനാട്ടു കായലിന്റെ തീരത്ത് കുമ്പളങ്ങിയിലോ പള്ളിത്തോടോ കായലില്‍ വലയെറിഞ്ഞോ തോണി തുഴഞ്ഞോ ഏതെങ്കിലും തുരുത്തില്‍ ആരോടെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് തോന്നും. യാഥാര്‍ഥ്യത്തോട് അത്രയും ചേര്‍ന്നുനിന്നാണ് മധു സി.നാരായണനും ശ്യാം പുഷ്‌കരനും ഷൈജു ഖാലിദും കുമ്പളങ്ങിയെന്ന ദേശത്തെയും അവിടത്തെ സാധാരണക്കാരായ മനുഷ്യരെയും അവതരിപ്പിച്ചിരിക്കുന്നത്. സങ്കീര്‍ണതകളിലേക്കും ബാഹ്യലോകത്തിലേക്കും ഉപകഥകളിലേക്കും പോകാതെ ഒരു ദേശത്തിലേക്കു മാത്രം ചുരുങ്ങുന്നതിന്റെ എല്ലാ വലുപ്പവും സൗന്ദര്യവും കുമ്പളങ്ങിക്കുണ്ട്. രണ്ടു തരം മനുഷ്യരെയാണ് ശ്യാം പുഷ്‌കരന്‍ കുമ്പളങ്ങി നൈറ്റ്‌സില്‍ എഴുതി വയ്ക്കുന്നത്. ഫഹദ് അവതരിപ്പിക്കുന്ന ഷമ്മി ശരാശരി മലയാളി ആണധികാര ബോധത്തിന്റെ പ്രതിനിധി തന്നെയാണ്. ഞാനാണ് വീടിന്റെയും വീട്ടിലെ പെണ്ണുങ്ങളുടെയും സര്‍വ്വനാഥന്‍, എന്റേതാണ് അവസാന വാക്ക് എന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. പെണ്ണുങ്ങള്‍ കൂടുതലായൊന്നും പറയേണ്ട, അതിന് ഇവിടെ ആണുങ്ങളുണ്ട് എന്നാണ് ഷമ്മി പറയുന്നത്. സദാ ഒരുങ്ങി, മീശയും മുടിയും ചീകി വെട്ടിയൊതുക്കി സുന്ദരപുരുഷനായി നടക്കുന്ന അയാളെ ഭരിക്കുന്നതാകട്ടെ പ്രാകൃത വികാരങ്ങള്‍ മാത്രമാണ്. ഇതുപോലുള്ള മനുഷ്യരെ നമ്മുടെ സാമൂഹിക ചുറ്റുപാടിലാകെ കാണാം. പുറമേയ്ക്ക് സുന്ദര, മാന്യ രൂപങ്ങള്‍. അകമേ നവോത്ഥാനത്തിന്റേയോ പുരോഗമനത്തിന്റെയോ വെളിച്ചമെത്തുകയോ മാറ്റങ്ങളെ തിരിച്ചറിയുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാനാകാത്തവര്‍.

ഇനി നെപ്പോളിയന്റെ മക്കളാകട്ടെ തറനിരപ്പില്‍ തൊട്ട് മനുഷ്യന്റെ ഉള്ളറിഞ്ഞ്, സകലതിനെയും സ്‌നേഹത്തോടെ സ്വീകരിക്കാന്‍ തക്ക വലിയ മനസ്സുള്ളവരാണ്. പുറമേ നിന്ന് ഷമ്മിയുടെ അടക്കമുള്ളവരുടെ നോട്ടത്തില്‍ നെപ്പോളിയന്റെ പിള്ളേര് തല്ലിപ്പൊളികളും അടുപ്പിക്കാന്‍ കൊള്ളാത്തവരും യാതൊരു കുലമഹിമയും പേറാത്തവരും വെളിപ്പറമ്പില്‍ താമസിക്കുന്നവരുമാണ്. നല്ല ചിരി കുടുംബത്തിന്റെ സൂര്യ
പ്രകാശമെന്ന പ്രയോഗത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴാകട്ടെ നെപ്പോളിയന്റെ പുറംവാതിലില്ലാത്ത വീടിനു തന്നെയാണ് ഷമ്മിയുടെ അടച്ചുറപ്പും ഭംഗിയുമുള്ള വീടിനേക്കാള്‍ തിളക്കം. നല്ല കുടുംബങ്ങള്‍ക്ക്  ഒരു സംസ്‌കാരമുണ്ട് അത് നമ്മള്‍ കാത്തു സൂക്ഷിക്കണം എന്ന ബോബിയുടെ പറച്ചിലിന് സംസാരശേഷിയില്ലാത്ത ബോണിയിലൂടെ സിനിമ നല്‍കുന്ന മറുപടി മലയാളി സമൂഹത്തിന്റെ കപട സദാചാര ബോധത്തിനാകെയുള്ളതാണ്. ശരാശരി ജീവിത നിലവാരത്തിന് താഴെയുള്ള ഭൂരിപക്ഷ മലയാളികളുടെ പ്രതിനിധികളാണ് നെപ്പോളിയന്റെ മക്കള്‍. അവര്‍ക്ക് അതിസമ്പന്നരാകണമെന്നോ വീടിന്റെ വലുപ്പത്തിലോ വാഹനത്തിലോ പണത്തിലോ മറ്റുള്ളവരുമായി മത്സരിക്കണമെന്നോ ഇല്ല. അന്നന്നത്തെ ഭക്ഷണവും അതിനുള്ള ഉപാധിയുമാണ് അവരെ സംബന്ധിച്ച് വലിയ കാര്യം. അടിപിടി കൂടുമെങ്കിലും അവരുടെ പിണക്കങ്ങള്‍ അധികനേരം നീളില്ല. തുറന്ന സംസാരവും ചിരിയും തന്നെയാണ് അവര്‍ക്കിടയില്‍ 'എന്റെ മുരിങ്ങമരച്ചോട്ടിലെ വലിയ ആകാശം' എന്ന സങ്കല്പം തീര്‍ക്കുന്നത്.

സോഫയില്‍ തേങ്ങ കാര്‍ന്നു തിന്ന് കിടന്ന് സിനിമാ വാരിക വായിക്കുന്ന മനുഷ്യന്‍ മുതല്‍ ഒരുവേള മനോനില തെറ്റിയെന്ന തോന്നലില്‍ 'എന്നെയൊന്ന് ഡോക്ടറുടെയടുത്ത് കൊണ്ടുപോകാമോ'യെന്ന് അനിയനോട് ചോദിക്കുകയും പിന്നീട് ഡോക്ടറുടെ നെഞ്ചില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്ന ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്റേതടക്കമുള്ള നിരവധിയായ സ്വാഭാവിക ഭാവങ്ങളുള്ള സജിയുടെ മുഖവും ശരീരവുമാണ് ഈ സിനിമയിലെ കഥാപാത്ര സൃഷ്ടിയുടെ പ്രബലമായ മാനുഷിക മുഖം. സൗബിന്‍ ഷാഹിര്‍ എന്ന നടന്‍ സ്‌ക്രീനില്‍ വരുമ്പോഴെല്ലാം ചിരി പ്രതീക്ഷിച്ച് അതിന് തയ്യാറെടുക്കുന്ന ഓഡിയന്‍സിന് സജിയിലൂടെ അയാള്‍ പകരം നല്‍കുന്നത് നിയന്ത്രിതാഭിനയത്തിന്റെ അസാധാരണ മുഖമാണ്. താന്‍ മൂലം കൊല്ലപ്പെടുന്ന കൂട്ടുകാരന് ജീവിതത്തിലൂടെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉദാത്തമായ കര്‍മ്മം അശരണയായ അവന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുക്കുക എന്നതാണ്. അവരുമായി തോണി തുഴഞ്ഞ് തന്റെ വീട്ടിലേക്ക് വരുന്ന സജിയില്‍ മനുഷ്യരൂപം പൂണ്ട മാലാഖയെ തന്നെയാണ് കാണാനാകുക. ബോബിയുടെയും ബേബിയുടെയും പ്രണയം മാമൂലുകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കുമപ്പുറത്തെ സാധാരണക്കാരന്റെ ജീവിതത്തിന്റെ വേരാഴമുള്‍ക്കൊള്ളുന്നതാണ്. ഒരു പെണ്‍കുട്ടിക്ക് കയറിച്ചെല്ലാന്‍ പറ്റാത്ത വീട് എന്നു സ്വന്തം വീട്ടുകാര്‍ കൂടി പറയുമ്പോഴും അവള്‍ക്ക് പ്രണയിയിലും അവര്‍ക്കിടയിലെ പ്രണയത്തിലും അവന്റെ വീട്ടിലും വിശ്വാസമുണ്ട്. അനാഥത്വത്തിന്റെയും നിരാശയുടെയും സ്‌നേഹനിരാസത്തിന്റെയും ഒറ്റപ്പെടലിന്റെയും ഉള്ളുലയ്ക്കുന്ന തീഷ്ണമായ അനുഭവങ്ങളിലൂടെയാണ് ഇതിലെ കഥാപാത്രങ്ങളോരോന്നും കടന്നുപോകുന്നത്. കലഹിച്ചും സേന്ഹിച്ചും അതീസങ്കീര്‍ണ്ണമായ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ഈ വിചിത്രസാഹോദര്യത്തിലെ ഒരോ മനുഷ്യരും കേരളീയ ജീവിതത്തില്‍ അത്യസാധാരണമല്ല. കൃത്യമായൊരു പൈതൃകം അവകാശപ്പെടാനില്ലാത്തതിന്റെയും പാരമ്പര്യമില്ലാത്തതിന്റെയും തൊഴില്‍ രാഹിത്യത്തിന്റെയും ഒക്കെ പ്രശ്‌നങ്ങളെ നേരിടുന്ന അപൂര്‍വ്വ സഹോദര്യം അതീജീവനത്തിനായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി ധാനകേന്ദ്രത്തില്‍ കഴിയുന്ന അമ്മയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമം നടത്തുണ്ട്. പക്ഷേ അമ്മയില്‍ നിന്നും അനുകൂലമായ പ്രതികരണമല്ല മക്കള്‍ക്ക് ലഭിക്കുന്നത്. ചെറുപ്പം മുതല്‍ തങ്ങള്‍ക്ക് ലഭിക്കാതെ പോയ മാതൃസേന്ഹം അവരില്‍ നിന്ന് വീണ്ടും ദൈവവിശ്വാസത്തിന്റെ അകത്തളങ്ങളിലേക്ക് അകന്നുപോകുന്നതിന്റെ വൈരുദ്ധ്യവും ഈ സിനിമയില്‍ നമുക്കു കാണാം. മണ്ണിലേക്കും മനുഷ്യനിലേക്കും പ്രാദേശികതയിലേക്കും കൂടുതല്‍ വേരുകളാഴ്ത്തി ഇറങ്ങിച്ചെല്ലുന്നതിലൂടെയാണ് സിനിമ അതിന്റെ വിതാനം കൂടുതല്‍ വലുതാക്കുന്നത്. അങ്ങനെയാണ് കലാസൃഷ്ടിക്ക് കാലത്തിനും ദേശത്തിനും ഭാഷയ്ക്കുമപ്പുറത്തേക്ക് സഞ്ചരിക്കാനുമാകുന്നത്. ചില കാഴ്ചകള്‍ സാമൂഹികമായ അവബോധങ്ങളിലേയ്ക്കും ജീവിതയാഥാത്ഥ്യങ്ങളുടെ തനിമയാര്‍ന്ന സാധരണത്വങ്ങളിലേക്കും നമ്മെ കൂട്ടികൊണ്ടുപോകും. ഈയൊരു സവിശേഷത കുമ്പളങ്ങി നൈറ്റ്‌സിലുടനീളം തെളിഞ്ഞു കാണാം. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, സൗബിന്‍ ഷാഹിറിന്റെ പറവ, രാജീവ് രവിയുടെ കമ്മട്ടിപ്പാടം തുടങ്ങി അടുത്ത കാലത്തിറങ്ങിയ പല മുഖ്യധാരാ മലയാള സിനിമകള്‍ക്കും ഇതേ പ്രത്യേകത അവകാശപ്പെടാനാകും.

Monday 25 February 2019

മലയാളികള്‍ കര്‍ശനമായ തിരുത്തലുകള്‍ക്ക് തയ്യാറാവണം

ഡോ. ജോര്‍ജ്ജ് തയ്യില്‍

കേരളത്തിന്റെ വിശിഷ്ടമായ ആരോഗ്യമാതൃക അന്താരാഷ്ട്രതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കേരള സംസ്ഥാനം രൂപവത്കരിച്ചിട്ട് ആറ് ദശകങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. എന്നാല്‍ പ്രശംസകള്‍ ഏറ്റുവാങ്ങാന്‍ മാത്രം സമ്പന്നമാണോ കേരളത്തില്‍ ഈയടുത്തകാലത്ത് മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യസംസ്‌കാരം. പരിതാപകരമായ പല പാളിച്ചകളും കേരളീയരുടെ ആരോഗ്യസുരക്ഷക്ക് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ മുഖ്യമാണ് പകര്‍ച്ചവ്യാധികളും ജീവിത ശൈലീ രോഗങ്ങളും നിയന്ത്രണവിധേയമാക്കുന്നതിലുണ്ടായ പരാജയങ്ങള്‍. ഇതിനുള്ള പ്രധാന കാരണം ചികിത്സ മാത്രം പ്രാമുഖ്യം കൊടുക്കുന്ന ഒരു വികല ആരോഗ്യസംസ്‌കാരം കേരളത്തില്‍ വളര്‍ന്നുവരുന്നു എന്നതാണ്. ഭക്ഷണത്തേക്കാള്‍ മരുന്നിനു പണം ചെലവഴിക്കുന്നവരാണ് മലയാളികളെന്നാണ് ഈയിടെ നടന്ന ചില കണക്കെടുപ്പുകളുടെയും ഫലം. സമഗ്രവും സമ്പൂര്‍ണ്ണവുമായ ആരോഗ്യസംരക്ഷണത്തിന് വലിയ ഒരാശുപത്രിയും മികച്ച ഡോക്ടര്‍മാരും അടുത്തുണ്ടായാല്‍ മതി എന്നതാണ് ശരാശരി മലയാളിയുടെ ചിന്ത. ഈ വീക്ഷണഗതി ശരിയല്ല. ആശുപത്രിയുടെ വലുപ്പത്തിലും ഡോക്ടര്‍മാരുടെ ബിരുദത്തിലും അമിത വിശ്വാസം പുലര്‍ത്തുന്ന നാം കാതലായ പല അടിസ്ഥാന സത്യങ്ങളും കാണാതെ പോകുന്നു. ആരോഗ്യപരിപാലനത്തിന്റെ വേരുകള്‍ ചികിത്സയിലല്ല രോഗത്തിന്റെ സമൂലമായ പ്രതിരോധ പ്രക്രിയയിലാണ് തഴച്ചുവളരേണ്ടത്. പ്രത്യേകിച്ച് രോഗവും ചികിത്സയും കൊണ്ട് ദാരിദ്രത്തിലേക്ക് അധപതിച്ച കുടുംബങ്ങളുടെ കഥകള്‍ കൂടി കേള്‍ക്കുമ്പോള്‍ ഇതിന്റെ പൊരുള്‍ കൂടുതല്‍ വ്യക്തമാകുന്നു.

എത്രയൊക്കെ മികച്ച ചികിത്സ ലഭിച്ചാലും പല രോഗബാധകളില്‍ നിന്നും രക്ഷപ്രാപിക്കാന്‍ സാധ്യമല്ലെന്ന് ഈയടുത്തകാലത്തുണ്ടായ പനിബാധകളുടെ വ്യാപനകഥ നമ്മെ പഠിപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ മലയാളികളുടെ സ്വസ്ഥതകെടുത്തി. ജപ്പാന്‍ ജ്വരം, മസ്തിഷ്‌കജ്വരം, ഡെങ്കിപ്പനി, പന്നിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, എബോള തുടങ്ങി നിപ്പ ബാധവരെ നമ്മുടെ നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നിപ്പ വൈറസ് മലയാളിക്ക് ഒരു ഗുണപാഠം നല്‍കി. മനുഷ്യന്റെ ആരോഗ്യം അവന്‍ വസിക്കുന്ന മണ്ണിനോടും പരിസ്ഥിതിയോടും ചുറ്റുമുള്ള ജീവജാലങ്ങളോടും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അതില്‍ വിരാജിക്കുന്ന ജീവജാലങ്ങളുടെയും ആരോഗ്യവും സന്തുലിതാവസ്ഥയും മനുഷ്യാരോഗ്യത്തെ നിര്‍വ്വചിക്കുന്നു. അല്ലാതെ അവയെ നശിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തിന് അസ്ഥിത്വമില്ല. മലേഷ്യയില്‍ കാടുകള്‍ നശിപ്പിച്ചപ്പോഴാണ് വവ്വാലുകള്‍ ആഹാരം തേടി ജനവാസ കേന്ദ്രങ്ങളിലെത്തിച്ചേര്‍ന്നത്. അങ്ങനെ മനുഷ്യരില്‍ നിപ്പ പിടിപെട്ടു. പകര്‍ച്ചവ്യാധികള്‍ നമ്മുടെ നാട്ടില്‍ പടരുന്നത് ഇവിടത്തെ അനുകൂലമായ അവസ്ഥകൊണ്ടുതന്നെ. എപ്പോഴും രോഗം ഏറ്റുവാങ്ങാന്‍ സന്നദ്ധമാണ് കേരളം. വീടും മുറ്റവും മാത്രം മനോഹരമാക്കാന്‍ വ്യഗ്രതകാട്ടുന്ന മലയാളി പരിസ്ഥിതിയെയും സ്‌നേഹിച്ചു തുടങ്ങണം. ആരോഗ്യസൂചികയില്‍ ഒന്നാമത് നില്‍ക്കുന്ന സിങ്കപ്പൂര്‍ അവിടത്തെ ശുചിത്വാവസ്ഥകൊണ്ടു മാത്രമാണ് അത് സാധിച്ചെടുത്തത്.

പൊടിയും പുകമഞ്ഞും നിറഞ്ഞ് ശ്വാസം മുട്ടുന്ന ഡല്‍ഹിയുടെ ചിത്രം നാം കണ്ടുകൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ ജനിക്കുന്ന ശിശുക്കള്‍ ശ്വസിക്കുന്നത് 20 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ വിഷപ്പുകയാണെന്ന് വിദഗ്ധര്‍ പ്രസ്താവിക്കുന്നു. മലിനീകൃത ഡല്‍ഹി ഇന്ത്യയുടെ ഇതര നഗരങ്ങള്‍ക്കുള്ള താക്കീതാണ്. കേരളത്തിലെ വാഹനപ്പെരുപ്പവും പ്ലാസ്റ്റിക്കിന്റെ അമിത വിനിയോഗവും അന്തരീക്ഷ ഖരമാലിന്യങ്ങളുടെ ആധിക്യവും ഒരിക്കലും വൃത്തിയാകാത്ത ഓടകളും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പല പുതിയ രോഗങ്ങള്‍ക്കും വിത്തുകള്‍ പാകുന്നു. തൂവാലയും മാസ്‌കും കൊണ്ട് മുഖം മറച്ച് നടന്നുനീങ്ങുന്ന ആളുകള്‍ കൊച്ചി നഗരത്തില്‍ ഇപ്പോള്‍ പതിവുകാഴ്ചയാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ തുടങ്ങിയവ കൊച്ചിയിലെ കുട്ടികളില്‍ കൂടുതലായി കണ്ടുവരികയാണ്. ആഹാരപദാര്‍ത്ഥ ങ്ങളിലെ മായവും വിഷചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരുവലിയ പ്രശ്‌നം. മലയാളികളുടെ 'ഭക്ഷണഭ്രാന്ത്' മനസ്സിലാക്കിയ അയല്‍ സംസ്ഥാനക്കാര്‍ ആവുംവിധം വ്യാജന്മാരെ ഇങ്ങോട്ടിറക്കുമതിചെയ്യുന്നു. ഹോര്‍മോണ്‍ കുത്തിവച്ച കോഴി, ഫോര്‍മാലിനും അമോണിയയും കലര്‍ത്തിയ മത്സ്യം, കീടനാശിനികള്‍ വിതറിയ പഴങ്ങളും പച്ചക്കറികളും. മറ്റ് വിലകുറഞ്ഞ എണ്ണകള്‍ കലര്‍ത്തിയ വെളിച്ചെണ്ണ, കൃത്രിമപാല്‍, മായം കലര്‍ന്ന തേയിലപ്പൊടിയും അശുദ്ധമായ കുടിവെള്ളവും, അങ്ങനെ പോകുന്നു നീണ്ടപട്ടിക. ഇപ്രകാരം വിഷപൂരിതമായ വായുവും ജലവും ഭക്ഷണവും ഉള്‍ക്കൊണ്ട് അര്‍ബുദം മുതല്‍ ഹൃദ്രോഗം വരെ ഉണ്ടാകുന്നവര്‍ ആശുപത്രികളിലേക്ക് നെട്ടോട്ടമാണ്. ഇപ്പോള്‍ വീട്ടില്‍ ശുദ്ധഭക്ഷണം പാകപ്പെടുത്തി കഴിക്കുന്നതിന് മലയാളികള്‍ക്ക് മടിയോ കുറച്ചിലോ സംഭവിച്ചിട്ടുണ്ട്. സമയമില്ലെന്ന് പറയുന്നത് സത്യമല്ല. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണമുണ്ടാക്കാന്‍ സമയമില്ലെങ്കില്‍ പിന്നെന്ത് ജീവിതം? നാട്ടില്‍ റെസ്റ്ററന്റുകളുടെയും ബേക്കറികളുടെയും എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ. തട്ടുകടകളും അനധികൃത ഭക്ഷണ-പാനീയ ശാലകളും വേറെയും സര്‍ക്കാര്‍ തലത്തില്‍ കൃത്യമായി യാതൊരുവിധത്തിലുള്ള ഗുണനിലവാരപരിശോധനയോ നിയന്ത്രണമോ ഇല്ലാതെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ആഹാരവിഷബാധയോടനുബന്ധിച്ച് നിരവധിപേര്‍ മരണപ്പെടുമ്പോള്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണുതുറക്കുന്നത്. രാജ്യത്തെ 61.8 ശതമാനം മരണവും ജീവിതശൈലീ രോഗങ്ങള്‍ മൂലമാണ്. ഇതുതന്നെയാണ് കേരളവും അഭിമുഖീകരിക്കുന്ന ഇന്നത്തെ തീവ്രമായ പ്രശ്‌നം. അതില്‍ ഹൃദ്രോഗബാധയ്ക്കാണ് പ്രഥമസ്ഥാനം. വികലമായ ജീവിതശൈലിയും അപഥ്യമായ ഭക്ഷണക്രമവും വിഷലിപ്തമായ ആഹാരപദാര്‍ത്ഥങ്ങളും ഒക്കെ മലയാളികളെ വിവിധ ജീവിതശൈലി രോഗങ്ങളുടെ പിടിയിലമര്‍ത്തുന്നു. കേരളത്തില്‍ 40 ശതമാനം പേര്‍ക്ക് അമിതരക്തസമ്മര്‍ദ്ദമുണ്ട്. 30 ശതമാനം പേര്‍ക്ക് പ്രമേഹബാധയുമുണ്ട്. 45 ശതമാനം പേര്‍ക്ക് വര്‍ദ്ധിച്ച കൊളസ്‌ട്രോളുമുണ്ട്. ഇക്കൂട്ടരില്‍ ഏതാണ്ട് 15 ശതമാനം പേര്‍ മാത്രമാണ് ഈ രോഗാതുരതകളെ വേണ്ടവിധം നിയന്ത്രണവിധേയമാക്കുന്നത്. കൂടാതെ അമിതവണ്ണവും ദുര്‍മേദസ്സും കേരളീയരെ നശിപ്പിക്കാനെത്തിയ മറ്റൊരു രോഗാവസ്ഥയാണ്. ഇടം വലം നോക്കാതെ നാവിനു സ്വാദേറുന്ന എന്തും എത്രവേണമെങ്കിലും വെട്ടി വിഴുങ്ങുന്ന മലയാളികളുടെ അന്തകനാണ് അമിതവണ്ണം. ഇന്ത്യയില്‍ ഹൃദയധമനീ രോഗങ്ങള്‍ മൂലം മൃതിയടയുന്നത് 29 ശതമാനം പേരാണ്. എന്നാല്‍ കേരളത്തില്‍ ഇത് 40 ശതമാനമാണ്. ഇതില്‍ 26 ശതമാനം പേര്‍ ഹൃദ്രോഗം മൂലവും 9 ശതമാനം പേര്‍ മസ്തിഷ്‌ക്കാഘാതം മൂലവും മരണപ്പെടുന്നു. കേരളത്തില്‍ പ്രതിവര്‍ഷം 63,000 പേര്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു മരിക്കുന്നു. ഹാര്‍ട്ടറ്റാക്കിന്റെ പ്രധാന ചികിത്സയായ ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം സംസ്ഥാനത്ത് പെരുകുകയാണ്. ഇത് വികസിത രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുകയാണെന്നോര്‍ക്കണം. കേരളത്തില്‍ ഏതാണ്ട് എല്ലാ 20 കിലോമീറ്ററിലും ഒരു 'കാത്ത് ലാബ്' എന്നാണ് കണക്ക്. പണമുള്ള മലയാളികള്‍ ഹാര്‍ട്ടറ്റാക്ക് വന്നതിനുശേഷം ജീവന്‍ രക്ഷിക്കാന്‍ പണം വാരിക്കോരിക്കൊടുക്കുകയാണ്. കൂടാതെ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന രോഗികളും വേറെ. എന്നാല്‍ ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ടെന്നും അവ സ്വായത്തമാക്കണമെന്നും പറഞ്ഞാല്‍ കേള്‍ക്കാന്‍ ആര്‍ക്കം സമയമില്ല. പാരമ്പര്യ പ്രവണതയൊഴിച്ചാല്‍, ക്രിയാത്മകമായ ജീവിത-ഭക്ഷണക്രമീകരണങ്ങളിലൂടെ ഹൃദ്രോഗത്തെ 85 ശതമാനം വരെ പടിപ്പുറത്ത് നിര്‍ത്താം എന്ന യാഥാര്‍ത്ഥ്യം ഗവേഷണനിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഇനി ഹാര്‍ട്ടറ്റാക്കോ ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ കഴിഞ്ഞും ഡോക്ടര്‍ നിഷ്‌ക്കര്‍ഷിക്കുന്ന മരുന്നുകള്‍ കൃത്യമായി സേവിക്കുന്നവര്‍ 25 ശതമാനത്തില്‍ താഴെ. രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കാതിരുന്നാല്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ സ്റ്റെന്റും ബൈപ്പാസ് സര്‍ജറിയുടെ ഗ്രാഫ്റ്റും അടഞ്ഞു പോകുമെന്നു പറഞ്ഞാല്‍ അതനുസരിക്കാത്തവര്‍ ഏറെ. ഒരു പ്രാവശ്യം അറ്റാക്കുവന്നവര്‍ പിന്നീടൊന്ന് വരാതിരിക്കുവാന്‍ ആവശ്യമായി കഴിക്കേണ്ട ദ്വതീയ പ്രതിരോധമരുന്നുകളുണ്ട്. അതും ലാഘവത്തോടെ സേവിക്കാതിരിക്കുന്നവര്‍ ധാരാളം. പ്രതിരോധത്തിനു യാതൊരുപ്രാധാന്യവും കൊടുക്കാതെ രോഗമുണ്ടാകുമ്പോള്‍ മാത്രം ജീവന്‍ രക്ഷിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളികളെക്കൊണ്ട് നിറയുകയാണ് കേരളം. വരും കാലങ്ങളില്‍ കേരള സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കാന്‍ പോകുന്നതും ഹൃദ്രോഗബാധയുടെ ചികിത്സക്കുവേണ്ടിയാണെന്നോര്‍ക്കണം.

ഏതൊരു നാടിന്റെയും ആരോഗ്യസൂചിക വിലയിരുത്തുന്ന അടിസ്ഥാനപ്രമാണം അവിടെയുള്ള വയോനജങ്ങളുടെ സുസ്ഥിതിയും ആരോഗ്യനിലവാരവും തൃപ്തികരമാണോ എന്നറിയുകയാണ്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേരളം നേരിടുവാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം വൃദ്ധജനസംഖ്യയാല്‍ ഉണ്ടാകുന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ്. ജനനനിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ചെയ്തതോടെ കേരളസമൂഹത്തില്‍ വയോധികരുടെ എണ്ണം കുതിച്ചുയരുകയാണ്. അവരുടെ സമഗ്രമായ ആരോഗ്യപരിപാലനത്തില്‍ കേരളം ഏത്രകണ്ട് വിജയിക്കും? അടുത്ത രണ്ടു ദശകങ്ങളില്‍ കേരള ജനതയില്‍ മൂന്നിലൊന്നും 60 വയസ്സ് കഴിഞ്ഞവരായിരിക്കും. സ്ത്രീകളുടെ ആയുസ്സ് പുരുഷന്മാരെക്കാള്‍ കൂടുതലായതുകൊണ്ടും വിവാഹം കഴിക്കുമ്പോഴുള്ള പ്രായവ്യത്യാസം മൂലവും വയോധികരില്‍ ഭൂരിഭാഗവും വിധവകളായിരിക്കും. വാര്‍ദ്ധക്യം ഇന്ന് പലര്‍ക്കും ഒരു ശാപമാണ്. സ്വന്തം മക്കള്‍ക്കുവേണ്ടി എന്തും ചെയ്യുന്നവര്‍ അവരുടെ മാതാപിതാക്കളെപ്പറ്റി ചിന്തിക്കാറേയില്ല. കിടക്കാനൊരിടമോ ഭക്ഷണമോ നല്‍കാതെ ഉപേക്ഷിച്ച് പെരുവഴിയിലിറക്കുന്ന എത്ര മാതാപിതാക്കളെ നാം കാണുന്നു. ഇക്കൂട്ടര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ നിയമപരിഷ്‌ക്കാരങ്ങളും സാമ്പത്തിക സഹായപദ്ധതികളും ഉണ്ടാവണം.

ഇന്നത്തെ ഡോക്ടര്‍മാരെല്ലാം രോഗികളെ സമുചിതമായി ചികിത്സിക്കുന്നതിന് പ്രാപ്തരാണോ? ഡോക്ടര്‍-രോഗീ ബന്ധം മനുഷ്യത്വപരമല്ലാതാവുന്നുവെന്ന് പരക്കെ പരാതിയുണ്ട്. രോഗിയെ സഹജീവിയായി കാണുന്നതിനുപകരം ഉപഭോഗവസ്തുവായോ യന്ത്രമായോ കണ്ട് മറ്റൊരു യന്ത്രം കൊണ്ട് 'റിപ്പയര്‍' ചെയ്യുന്ന പ്രവണത. സാങ്കേതിക വിദ്യകളുടെ കുതിച്ചുചാട്ടത്തിന് ഇങ്ങനെയൊരു മറുവശമുണ്ട്. ഡോക്ടര്‍മാര്‍ പലരും കൂടുതല്‍ പ്രതിരോധപരമായ പരിചരണ പദ്ധതികള്‍ സംവിധാനം ചെയ്യുന്നതിലും ഊന്നല്‍ നല്‍കുന്നു. അതായത് അസ്വാരസ്യങ്ങള്‍ക്ക് ഇടം നല്‍കാത്ത ചികിത്സാരീതി. ഇതിന് രോഗികളും ബന്ധുക്കളും തന്നെ കാരണക്കാര്‍. ചികിത്സയിലിരിക്കുന്ന രോഗികള്‍ മരിച്ചാല്‍ ഉടനെ ഡോക്ടര്‍ക്കും ആശുപത്രിക്കും എതിരായി ബന്ധുക്കള്‍ തിരിയുകയാണ്. എല്ലാ രോഗങ്ങള്‍ക്കും വൈദ്യശാസ്ത്രത്തില്‍ പ്രതിവിധികളില്ലെന്നും ചികിത്സിച്ച് നൂറുശതമാനം ഭേദപ്പെടുത്താവുന്നവയല്ല എല്ലാ രോഗങ്ങളെന്നുമുള്ള യാഥാര്‍ത്ഥ്യം പലരും മനസ്സിലാക്കുന്നില്ല.

രോഗിയുടെ ശാരീരിരകവും മാനസ്സികവും സാമൂഹികവുമായ ഘടകങ്ങള പരിഗണിച്ചുകൊണ്ടുള്ള ഒരു 'ഹോളിസ്റ്റിക്' ചികിത്സാരീതി ഇന്ന് പല യുവഡോക്ടര്‍മാര്‍ക്കുമറിയില്ല. അതിനു പ്രധാന കാരണം അവരെ പഠിപ്പിച്ച് ഡോക്ടര്‍മാര്‍ ആക്കിയ പഴയ മെഡിക്കല്‍ പാഠ്യപദ്ധതിതന്നെ. 1997-ല്‍ നിലവില്‍ വന്ന പഴയ പാഠ്യപദ്ധതി പരിഷ്‌കരിച്ച്, രോഗികളുമായി മാനുഷിക ബന്ധം സ്ഥാപിക്കാന്‍ കഴിവുള്ളവരും സാമൂഹ്യ സേവനതല്പരരുമായ ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്ന പുതിയ മെഡിക്കല്‍ സിലബസ് കഴിഞ്ഞവര്‍ഷം പ്രാബല്യത്തില്‍ വന്നത് ഏറെ സ്വാഗതാര്‍ഹം തന്നെ. പുതിയ പാഠ്യപദ്ധതി ഫലവത്തായി നടപ്പിലാക്കിയാല്‍ മാനുഷിക മൂല്യങ്ങളും ആധുനികവൈദ്യശാസ്ത്രവിജ്ഞാനവും നൈപുണ്യങ്ങളും കൈമുതലായിട്ടുള്ള ഡോക്ടര്‍മാരുടെ പുതിയൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും. ഇവര്‍ പുതിയൊരു ആരോഗ്യകേരളം കെട്ടിപ്പെടുക്കുന്നതില്‍ നെടുംതൂണുകളായി പ്രവര്‍ത്തിക്കും.

Thursday 14 February 2019

ലിവര്‍കാന്‍സര്‍ ആയുര്‍വേദ സാധ്യതകള്‍

ഡോ. രാജഗോപാല്‍ കെ

കേരളീയന്റെ കരള്‍ ഇന്ന് കാന്‍സര്‍ റിസര്‍ച്ച് ശാഖയില്‍ ഏറ്റവും .കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മലയാളിയുടെ കരള്‍ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുന്നതായാണ് കണ്ടുവരുന്നത്. ഇതിന് പല കാരണങ്ങള്‍ പറയാം എങ്കിലും നമ്മുടെ ആഹാര-വിഹാരങ്ങളില്‍ വന്ന മാറ്റവും, കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന മാരകമായ വിഷാംശങ്ങളും ഇതില്‍ പ്രധാന ഘടകങ്ങളാണ്. മദ്യപാനം മൂലം മലയാളിയുടെ കരളില്‍ സിറോസിസ് വരുകയും പിന്നീട് അത് ലിവര്‍ കാന്‍സര്‍ ആയി പരിണമിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ ജീവിതത്തില്‍ മദ്യം കഴിക്കാത്ത ആളുകളില്‍ സിറോസിസും കരള്‍ അര്‍ബുദവും ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.

ലിവര്‍ സിറോസിസ്

ഏതു പ്രായത്തിലും മനുഷ്യന് പിടിപെടാവുന്നതും, ദീര്‍ഘകാലം നിലനില്‍ക്കുകയും കാലക്രമേണ മരണത്തിലേക്ക് നയിക്കുന്നതുമായ രോഗാവസ്ഥയാണ് സിറോസിസ്. ഇന്ന് ലിവറില്‍ വരുന്ന അര്‍ബുദത്തിന്റെ പ്രധാന കാരണവും സിറോസിസ് തന്നെ. ലിവര്‍ കോശങ്ങള്‍ കാലക്രമേണ നശിച്ച് അവയ്ക്ക് പകരം അവിടെ പ്രവര്‍ത്തന രഹിതമായ സ്‌കാര്‍ ടിഷ്യു രൂപപ്പെടുന്നു. ഈ പ്രക്രിയ മൂലം ലിവറിന്റെ പ്രവര്‍ത്തനക്ഷമത നശിക്കുകയും തുടര്‍ന്ന് ദഹനപ്രക്രിയക്ക് ബുദ്ധിമുട്ടുണ്ടാവുകയും രക്തസ്രാവം, മഞ്ഞപിത്തം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. രോഗം മൂര്‍ഛിക്കുന്ന അവസ്ഥയില്‍ വയറില്‍ വെള്ളക്കെട്ട് (ഉദര രോഗം) ഉണ്ടാവുക, ലിവര്‍ കോശങ്ങള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിച്ച് അവ അര്‍ബുദമായി മാറുകയും ചെയ്യുന്നു. സിറോസിസ് രോഗം വരാനുള്ള ചില കാരണങ്ങള്‍ കുറിക്കുന്നു. 
  • മദ്യപാനം 
  • ഹെപ്പറ്റൈറ്റിസ്
  • നോണ്‍ അല്‍കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്
  • ബൈലറി സിറോസ് (പിത്താശയ രോഗം)
  • ലിവറില്‍ ഇരുമ്പ് അധികമായി അടിയുന്ന അവസ്ഥ 
പല കാരണങ്ങള്‍ ഉണ്ടെങ്കിലും മലയാളിയെ സംബന്ധിച്ച് പ്രധാനമായ 2 ഘടകങ്ങള്‍ - മദ്യപാനവും നോണ്‍ അല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ എന്ന അവസ്ഥയുമാണ്. ഇതില്‍ അമിത കൊഴുപ്പുള്ള ഭക്ഷണം, അമിത വണ്ണം, പ്രമേഹം തുടങ്ങിയ അവസ്ഥകളില്‍ ലിവറിന്റെ പുറത്ത് കൊഴുപ്പ് അടിഞ്ഞ് കൂടുകയും കാലക്രമേണ കോശങ്ങള്‍ നശിച്ച് സിറോസിസ് ആയി മാറുകയും ചെയ്യുന്നു. ഇന്ന് സ്ത്രീകളില്‍ സ്ഥിരമായി കാണാറുള്ള രോഗങ്ങളാണ് തൈറോയ്ഡ് പ്രശ്‌നവും പോളി സിസ്റ്റിക്ക് ഓവറി എന്ന അസുഖവും. ഇവയില്‍ രണ്ടിലും ഫാറ്റ് മെറ്റാബോളിസം തകരാറിലാവുന്നു. അതുമൂലം കൊഴുപ്പ് ശരീരത്തില്‍ അടിയാന്‍ ഉള്ള സാധ്യതയും കൂടുന്നു. ഈ പ്രക്രിയ ലിവറില്‍ കൊഴുപ്പ് അടിഞ്ഞ് സിറോസിസ് ഉണ്ടാക്കാന്‍ ഉള്ള സാധ്യത കൂട്ടുന്നു. മദ്യപാനിക്ക് സിറോസിസ് വരുന്നത് അവന്റെ കര്‍മ്മഫലം എന്നപോലെയാണ് ആഹാര-വിഹാരങ്ങളുടെ പാളിച്ചകൊണ്ട് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. പത്തുവര്‍ഷമോ അതിലധികമോ സ്ഥിരമായി 2-3 ഡ്രിങ്ക്‌സ് കഴിക്കുന്നവരില്‍ 20 ശതമാനം ആള്‍ക്കാര്‍ സിറോസിസ് രോഗികളാകും എന്നാണ് കണക്ക്. ദിവസവും കുപ്പികണക്കിന് മദ്യം കുടിക്കുന്ന മലയാളിയുടെ കരളിന്റെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ!

സിറോസിസ് രോഗം വര്‍ഷങ്ങളോളം യാതൊരു രോഗ ലക്ഷണങ്ങളും കാണിക്കാതെ നില കൊള്ളുന്നു. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേക്കും കരളിന്റെ പകുതിയിലേറെ കോശങ്ങള്‍ നശിച്ചിട്ടുണ്ടാവും, പിന്നീട് ഒരു തിരിച്ച് പോക്ക് അസാധ്യമാവും. ഈ നിശബ്ദ കൊലയാളിയുടെ ചില പ്രധാന ലക്ഷണങ്ങള്‍.
  • ക്ഷീണം
  • അരുചി
  • വിശപ്പില്ലായ്മ
  • രക്തസ്രാവം
  • വയറിലും പാദത്തിലും നീര്
  • ചൊറിച്ചില്‍, കണ്ണിന്റെ വെള്ളയിലും തൊലിക്കും മഞ്ഞനിറം
  • പെണ്ണുങ്ങളില്‍ ആര്‍ത്തവം നില്‍ക്കുക
  • ആണുങ്ങളില്‍ മുല വളര്‍ച്ച, വൃഷണം ചുരുങ്ങല്‍ 

ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പൊഴേക്കും സിറോസിസ് രോഗം വളരെ പുരോഗമിച്ചിട്ടുണ്ടാവും. കൃത്യമായ വൈദ്യ പരിശോധനയും ആഹാരക്രമവും പാലിച്ച് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. മദ്യം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ അധികം സേവിക്കുക, അമിത വണ്ണവും കൊഴുപ്പും കുറയ്ക്കുക തുടങ്ങിയവ രോഗവ്യാപ്തിക്ക് തടയിടാന്‍ സഹായകരമാകും. ഈ അവസ്ഥയില്‍ സ്വയം ചികിത്സിക്കാതെ കൃത്യമായ വൈദ്യപരിശോധനയ്ക്കു വിധേയമായി ചികിത്സയും ആഹാരക്രമവും ചിട്ടപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്.

കരള്‍ രോഗം
ഹൃദയത്തിന്റെ അധോ ഭാഗത്ത് വലതുവശത്തായി കോഷ്ഠത്തില്‍ സ്ഥിതി ചെയ്യുന്ന അവയവമാണ് കരള്‍ (യകൃത്). ആയുര്‍വേദമത പ്രകാരം നമ്മള്‍ കഴിക്കുന്ന ആഹാര രസത്തെ പാകം വരുത്തി രക്തമാക്കി ധാതു പോഷണത്തെ ചെയ്യുന്ന പ്രധാന അവയവം. രക്ത രൂപീകരണത്തില്‍ സഹായിക്കുന്ന രഞ്ജക പിത്തസ്ഥാനവും രക്തവാഹിനികളായ സ്രോതസ്സുകളുടെ മൂല സ്ഥാനമായും പറഞ്ഞിരിക്കുന്നു. ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ ദഹന പ്രക്രിയ വഴി വിഭജിച്ച ശേഷം അവ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത് രക്തമാണ്. ഒരു വ്യക്തിക്ക് ആഹാരം ദഹിപ്പിക്കാനുള്ള ശക്തിയെ ആയുര്‍വേദത്തില്‍ 'അഗ്നി' എന്ന് പറയുന്നു. ആധുനിക ശാസ്ത്രത്തില്‍ ഇതിനെ മെറ്റാബോളിക്ക് റേറ്റ് എന്ന് വിശേഷിപ്പിക്കാം. അഗ്നി വര്‍ദ്ധിച്ചിരിക്കുന്ന വ്യക്തിക്ക് ഏത് ആഹാരവും കൃത്യമായി ദഹിപ്പിച്ച് പോഷണ വിഭജനം നടത്തി എല്ലാ ധാതുക്കളെയും ശരീര അവയവങ്ങളെയും പോഷിപ്പിക്കാന്‍ സാധിക്കും. അഗ്നി മാന്ദ്യം ഉള്ള വ്യക്തികളിലാകട്ടെ ലഘുവായ ആഹാരങ്ങള്‍ പോലും ദഹിപ്പിക്കാനോ കൃത്യമായി പോഷണ വിഭജനം നടത്തുവാനോ സാധിക്കില്ല. രക്തരൂപീകരണത്തിലും അഗ്നിയെ സമാവസ്ഥിയില്‍ നിലനിര്‍ത്തുന്നതിനും കരള്‍ പ്രധാന പങ്കുവഹിക്കുന്നു. ആധുനിക ശാസ്ത്രത്തില്‍ രക്തഘടകങ്ങളായ ഡബ്ലിയു ബി സി, ആര്‍ ബി സി തുടങ്ങിയവ പ്രധാനമായും ഉണ്ടാകുന്നത് മജ്ജയില്‍ നിന്നാണ്. എന്നാല്‍ ആധുനിക ഭ്രൂണശാസ്ത്രത്തില്‍ രക്തം ഉണ്ടായിത്തുടങ്ങുന്ന പ്രധാന അവയവം കരള്‍ ആകുന്നു. ഗര്‍ഭസ്ഥ ശിശുവില്‍ 2 മുതല്‍ - 7-ാം മാസം വരെ ശരീരത്തില്‍ രക്തഘടകങ്ങളെ ഉണ്ടാക്കുന്നത് കരള്‍ - പ്ലീഹ ആണ്. ജനന ശേഷം ഈ പ്രക്രിയ മജ്ജയിലുള്ള കോശങ്ങള്‍ ഏറ്റെടുക്കുന്നു. പിന്നീട് ചില രോഗാവസ്ഥയില്‍ യകൃത് - പ്ലീഹ അവയവങ്ങള്‍ മുതിര്‍ന്നവരില്‍ രക്തഘടകങ്ങളെ ഉണ്ടാക്കി കാണുന്നു. എന്നിരുന്നാലും മനുഷ്യനില്‍ രക്തത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് യകൃത് - പ്ലീഹ അവയവങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ആയുര്‍വേദത്തില്‍ ഉദര രോഗം (അസൈറ്റിസ്) വിവരിക്കുമ്പോള്‍ ആണ് യകൃത് വൃദ്ധി മൂലം ഉണ്ടാകുന്ന ഉദരത്തെ കുറിച്ച് പറയുന്നത്. ഭാവമിശ്രന്‍ പഞ്ചവിധ പ്ലീഹ - യകൃത് വൃദ്ധിയെ വിശാലമായി വിവരിക്കുന്നു. യകൃത് വൃദ്ധി ഉണ്ടാകുന്ന കാരണങ്ങളും ഭിന്നമായ ലക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവയെ അഞ്ചായി പറഞ്ഞിരിക്കുന്നത്. യകൃത് വൃദ്ധി കാലക്രമേണ ഉദരരോഗം ആയി മാറുന്ന രോഗ പ്രക്രിയയാണ് ചരകനും സുശ്രുതനും ഉദരരോഗ വിവരണത്തില്‍ പറയുന്നത്. യകൃത് വൃദ്ധി മൂലം ഉണ്ടാകുന്ന ഉദരത്തിന്റെ ഹേതു - ലക്ഷണങ്ങള്‍ താഴെ വിവരിക്കാം.

ആഹാരം

  • അമ്ലം, ലവണം, മദ്യം എന്നിവയുടെ അമിത ഉപയോഗം
  • വിഷ പദാര്‍ത്ഥങ്ങള്‍ കഴിക്കുക
  • വിരുദ്ധമായ ആഹാരം
  • മാംസാഹാരം അധികമായി കഴിക്കുക
  • വിദാഹത്തെ ഉണ്ടാക്കുന്ന ആഹാരം കഴിക്കുക.

അഭിഘാതം

കരള്‍ - പ്ലീഹസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന അഭിഘാതം അവയ്ക്ക് സ്ഥാന ച്യൂതി നിമിത്തം വൃദ്ധി ഉണ്ടാകുന്നു.

മറ്റു രോഗങ്ങള്‍
  • പ്ലീഹരോഗം 
  • അര്‍ശസ്സ്
  • ഗ്രഹണി

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ അര്‍ശസ്സ്, ഗ്രഹണി തുടങ്ങിയ രോഗങ്ങള്‍ മൂലമോ രൂക്ഷമായ ആഹാരാദികള്‍ കൊണ്ടുമോ ഉണ്ടാകുന്ന ദീര്‍ഘകാലം നിലനില്‍ക്കുന്ന മലരോധം കാലക്രമേണ കരള്‍ രോഗമായി പരിണമിക്കാന്‍ സാധ്യത പറയുന്നു.

ഉദരരോഗം ഉണ്ടാകാനുള്ള പ്രധാന കാരണം 'അഗ്നി' മാന്ദ്യം ആണെന്ന് മനസ്സിലാക്കണം. കൊഴുപ്പുള്ളതായ ആഹാരങ്ങള്‍ അധികം സേവിക്കുന്നതുകൊണ്ടും, വ്യായാമ ശീലം ഇല്ലാതാകുന്നതു മൂലവും മനുഷ്യന്റെ അഗ്നി കുറയാന്‍ കാരണമാകുന്നു. ഇതിന് പുറമെ മദ്യപാന ശീലം, അര്‍ശസ്സ്,  പ്രമേഹം, ഗ്രഹണി തുടങ്ങിയ അനുബന്ധ രോഗങ്ങള്‍ യകൃത് വികാരം മൂര്‍ഛിക്കാന്‍ ഇടവരുത്തുന്നു. ഇന്ന് കേരളീയന്റെ ആഹാര പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷാംശം (ഗര വിഷം) നിത്യം സേവിക്കുന്നത് യകൃത് വൃദ്ധിയില്‍ നിന്നും അര്‍ബുദമായി പരിണമിക്കാന്‍ ഉള്ള കാലയളവ് കുറയ്ക്കുന്നു. വരാനിരിക്കുന്ന ഉദര രോഗത്തെ മനസ്സിലാക്കാന്‍ ചരകസംഹിതയില്‍ അവയുടെ പൂര്‍വ്വരൂപങ്ങള്‍ വ്യക്തമായി വിവരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ ഈ പൂര്‍വ്വ രൂപ ജ്ഞാനം സമൂഹത്തില്‍ വളരെ പ്രായോഗികമായി ഉപയോഗപെടുത്താം എന്നു കരുതുന്നു.
  • വിശപ്പ് കുറയുക
  • കൊഴുപ്പ് കൂടിയ ആഹാരം, മധുര പലഹാരങ്ങള്‍ എന്നിവ ദഹിക്കാന്‍ കൂടുതല്‍ സമയം / ദഹിക്കാതെ ഇരിക്കുക
  • കഴിച്ച ശേഷം അമിതമായ പുളിച്ച് തികട്ടല്‍
  • ദഹനം നടന്നോ ഇല്ലയോ എന്ന തിരിച്ചറിവ് നഷ്ടപ്പെടുക
  • അമിതാഹാരത്തോട് അസഹിഷ്ണുത
  • കാലില്‍ നീര് കെട്ടിക്കിടക്കുക,
  •  ബലക്ഷയം
  • അല്പ വ്യായാമത്തില്‍ ശ്വാസ തടസം ഉണ്ടാവുക
  • വയറ് വീര്‍ക്കുക
  • അര്‍ശസ്സ് - ഉദാവര്‍ത്തം നിമിത്തം ഉണ്ടാകുന്ന വേദന സ്ഥിരമായി ബുദ്ധിമുട്ടിക്കുക
  • അല്‍പാഹാര സേവയില്‍ തന്നെ വയറ് വീര്‍ക്കുക
  • കലശലായ മലബന്ധം / മലത്തിന് നിറ വ്യത്യാസം
ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് എല്ലാം കരള്‍ രോഗം ഉണ്ടാകും എന്നല്ല, മറിച്ച് ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാര - വിഹാരങ്ങളില്‍ മാറ്റം വരുത്താതെ വൈദ്യ സഹായം തേടാതെ ഇരുന്നാല്‍ കാലക്രമേണ ഗൗരവമായ രോഗാവസ്ഥയിലേക്ക് നീങ്ങും എന്ന് വേണം മനസ്സിലാക്കാന്‍.

ഇന്ന് മലയാളികളില്‍ പ്രത്യേകിച്ചും യൗവന-മധ്യ വയസ്‌കരില്‍ വര്‍ദ്ധിച്ചു വരുന്ന രോഗങ്ങളാണ് അര്‍ശസ്സ്, ഗ്രഹണി, പ്രമേഹം മുതലായവ. പണ്ട് കാലത്ത് 45-50 വയസ്സിനു ശേഷം കണ്ടുവരുന്ന ഈ രോഗങ്ങള്‍ ചെറുപ്പക്കാരില്‍ വര്‍ദ്ധിച്ചു കാണുന്നത് ഭാവിയില്‍ അര്‍ബുദ സാധ്യത കൂട്ടുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, വ്യായാമക്കുറവ്, മലബന്ധം, മലം പലവട്ടം അയഞ്ഞ് പോവുക, നിരന്തരം നിലനില്‍ക്കുന്ന ഗ്യാസ്‌റ്റൈറ്റിസ് ഇവയെല്ലാം മുമ്പ് പറഞ്ഞ രോഗങ്ങള്‍ കാരണമോ, കൊഴുപ്പുള്ള മാംസം, മൈദ, ഗോതമ്പ്, മദ്യം തുടങ്ങിയവ കുടല്‍ ഭിത്തിയില്‍ ഉണ്ടാക്കുന്ന താപം നിമിത്തമൊ ആകാം. നിരന്തരം ഈ ഹേതുക്കള്‍ നിലകൊള്ളുമ്പോള്‍ കുടലിലെ കോശങ്ങള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിച്ച് അര്‍ബുദത്തിന് കാരണമാകുന്നു. ഇങ്ങനെ മലാശയത്തില്‍ വരുന്ന അര്‍ബുദം കരളിലേക്ക് പടര്‍ന്ന് മരണകാരിയായി തീരുന്നു.

മലബാര്‍ മേഖലയില്‍ പ്രധാനമായി കാണുന്ന അര്‍ബുദങ്ങളാണ് ഗുദം, വന്‍കുടല്‍, ചെറുകുടല്‍, വയറ് എന്നീ അവയവങ്ങളില്‍ വരുന്നവ. മലബാര്‍ മേഖലയിലെ ചെറുപ്പക്കാരില്‍ അര്‍ശസ്സ്, ഫിസ്റ്റുല, ഗ്രഹണി രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതും കാണാം. ഭാവിയില്‍ വരാനിരിക്കുന്ന അര്‍ബുദ സൂചകമായി ഇതിനെ കാണേണ്ടിവരും. വളര്‍ന്നു വരുന്ന ഫാസ്റ്റ് ഫുഡ് രീതി, റെഡ് മീറ്റ് (ആട്, പോത്ത്), അമിതമായ കൊഴുപ്പ് (ഡാല്‍ഡ, എണ്ണ) എന്നിവയുടെ ഉപയോഗം മലബാറുകാരുടെ ദഹന-വിസര്‍ജന പ്രക്രിയയ്ക്ക് വലിയ പ്രശനങ്ങള്‍ ഉണ്ടാക്കുന്നതായി പഠനങ്ങളുണ്ട്. ഇന്ന് ആര്‍ സി സിയില്‍ വരുന്ന മലാശയ - വയറ്, ലിവര്‍ കാന്‍സറുകിളില്‍ വലിയ ശതമാനം ഇവരാണ്. 20-40 വയസ്സ് പ്രായമുള്ളവരില്‍ പലര്‍ക്കും അര്‍ശസ്, ഗ്രഹണി തുടങ്ങിയ അസുഖങ്ങള്‍ ദീര്‍ഘകാലമായി നിലകൊള്ളുന്ന ഗ്യാസ്, മലബന്ധം എന്നിവ നിസാരവല്‍കരിച്ച് പിന്നീട് അവ അര്‍ബുദ രോഗമായും ലിവര്‍ സിറോസിസ് ആയും പരിണമിക്കുന്നതായാണ് ഇന്ന് കാണുന്നത്. ഭാവമിശ്രന്‍ യകൃത് രോഗം വര്‍ണ്ണിക്കുമ്പോഴും, സുശ്രുതനും ചരകനും യകൃത് ഉദര രോഗി ലക്ഷണം പറയുമ്പോഴും ഈ വസ്തുത സ്പഷ്ഠമാക്കുന്നു. വാതിക യകൃത് രോഗത്തില്‍ നിത്യം വയറു വീര്‍പ്പ് നിത്യമായ ഉദാവര്‍ത്ത പീഡ എന്നിവ ലക്ഷണങ്ങളായി പറയുന്നു. ഉദാവര്‍ത്തം എന്നത് അര്‍ശോ രോഗത്തിന്റെ ഉപദ്രവ വ്യാധിയാണ്. അര്‍ശസ്സ് മൂലം മലതടസം ഉണ്ടായി വായുവും മലവും തടഞ്ഞ് നിന്ന് വേദനയെ ഉണ്ടാക്കുന്ന അവസ്ഥയാണ് ഇത്. ഈ രോഗ പ്രക്രിയ അര്‍ബുദ രോഗം ഉണ്ടാക്കുന്നതിനും യകൃത് വികാരങ്ങളെ ജനിപ്പിക്കുന്നതിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല ഇവ ഈ രോഗങ്ങളില്‍ പ്രധാന ലക്ഷണങ്ങളായും നിലകൊള്ളുന്നു.

ലിവര്‍ കാന്‍സര്‍

കരളില്‍ വരുന്ന അര്‍ബുദങ്ങള്‍ ഹെപാറ്റൊ സെല്ലുലര്‍ കാര്‍സിനോമ (എച്ച് സി സി), കൊളാന്‍ജിയൊ കാര്‍സിനോമ, പിത്താശയ അര്‍ബുദം തുടങ്ങി പല വിഭാഗമായി കാണാം, കരളില്‍ അര്‍ബുദം വരുന്ന സ്ഥാനത്തെയും അര്‍ബുദ കോശങ്ങളുടെ വ്യത്യാസമനുസരിച്ചും ആണ് ഈ വിഭജനം. ഇതില്‍ എച്ച് സി സി എന്ന വിഭാഗമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും മരണ കാരണമാകുന്നതും. 80 ശതമാനം ലിവര്‍ കാന്‍സറുകളും എച്ച് സി സി എന്ന വിഭാഗത്തില്‍ പെടുന്നു. ഇവ പ്രധാനമായും കാണപ്പെുടന്നത് സിറോസിസ് രോഗികളില്‍ ആണ് (80 ശതമാനം). ഈ കാരണത്താല്‍ തന്നെ ഒരേ സമയം രണ്ടു രോഗങ്ങള്‍ കരളിനെ ബാധിക്കുന്നു, സിറോസിസ് കരളിന്റെ പ്രവര്‍ത്തനം നശിപ്പിക്കുന്നത് തുടരുകയും പുറമേ വളരുന്ന അര്‍ബുദം ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഈ പറഞ്ഞ രണ്ടു രോഗങ്ങളും മരണകാരിയായി തീരും. ചികിത്സ അത്യന്തം ദുഷ്‌കരമാക്കുകയും മരണ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

എച്ച് സി സി
ഹെപ്പറ്റൊ സെല്ലുല്‍ കാര്‍സിനോമ ഇന്ന്  ലോകത്ത് വര്‍ദ്ധിച്ചു വരുന്ന മരണകാരിയായ കാന്‍സറുകളില്‍ പ്രധാനിയാണ്. ശരീരത്തില്‍ വരുന്ന മറ്റു പല അര്‍ബുദങ്ങളും മരണകാരിയായി തീരുന്നത് അവ കരളിനെ ബാധിക്കുമ്പോഴാണ്. ഇവ പ്രധാനമായി രണ്ടു വിധത്തില്‍ പറയുന്നു.

പ്രൈമറി എച്ച് സി സി
ശരീരത്തില്‍ മറ്റെവിടെയും അര്‍ബുദ ബാധ ഇല്ലാതിരിക്കെ കരളിലെ കോശങ്ങള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിച്ച് അവ അര്‍ബുദ കോശങ്ങളായി പരിണമിക്കുന്നതിനെ പ്രൈമറി എച്ച് സി സി എന്ന് വിശേഷിപ്പിക്കുന്നു. ഇതിന് 
പ്രധാന കാരണങ്ങള്‍ താഴെ പറയുന്നു.
  • സിറോസിസ് മൂലം ആണ് 80 ശതമാനം എച്ച് സി സിയും ഉണ്ടായി കാണുന്നത്.
  • വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി
  • അമിത മദ്യപാനം
  • നോണ്‍ അല്‍കഹോളിക് സ്റ്റിയാറ്റൊ ഹെപ്പറ്റൈറ്റിസ്
  • അഫ്‌ളറ്റോക്‌സിന്‍ തുടങ്ങിയ വിഷ പദാര്‍ത്ഥം 

മേല്‍ പറഞ്ഞവ സിറോസിസിനും എച്ച് സി സിക്കും ഒരുപോലെ കാരണമാണ്. ഇതുകൂടാതെ പിത്താശയത്തില്‍ വരുന്ന സിറോസിസ്, കരളില്‍ ഇരുമ്പിന്റെ അംശം അടിഞ്ഞു കൂടുക തുടങ്ങി പല കാരണങ്ങളാലും ഇവ ഉണ്ടായിക്കാണുന്നു. ഹെപ്പറ്റൈറ്റിസ് രോഗം, വൈറസ് ബാധ മൂലം ഉണ്ടാകുന്നതാണ്. ഇവയില്‍ ഹെപ്പറ്റൈറ്റിസ് സി വിഭാഗത്തില്‍ പെടുന്നവ മൂലം ഉണ്ടാകുന്ന എച്ച് സി സിയില്‍ സിറോസിസ് കൂടുതല്‍ നിബിഡമായും പുരോഗമിച്ച അവസ്ഥയിലും കാണപ്പെടുന്നു. ബി വിഭാഗത്തില്‍ നിന്നും ഉണ്ടാകുന്ന എച്ച് സി സില്‍ 50 ശതമാനം സിറോസിസ് കാണപ്പെടുന്നു.

മേല്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ പ്രമേഹ രോഗം എച്ച് സി സി വരാന്‍ ഉള്ള സാധ്യത കൂട്ടുന്നു. ഒരു പ്രമേഹ രോഗിക്ക് ലിവര്‍ കാന്‍സര്‍ വരാന്‍ ഉള്ള സാധ്യത 3-7 മടങ്ങ് കൂടുതലാണ്, പ്രമേഹ രോഗത്തിന്റെ കാലയളവും രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കൂടുന്നതും അര്‍ബുദ പരിണാമത്തിനുള്ള സാധ്യത കൂട്ടുന്നതായി കാണുന്നു. എച്ച് സി സി ചികിത്സിക്കാന്‍ വളരെ ദുഷ്‌കരവും വേഗത്തില്‍ മരണത്തിലെത്തിക്കുന്നതുമാണ്. സിറോസിസ് അനുബന്ധമായി നില്‍ക്കുന്നു എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഇത് കൂടാതെ രോഗം വളരെ മൂര്‍ച്ഛിച്ചതിന് ശേഷം മാത്രം കണ്ടെത്തുന്നു എന്നതും മരണ സംഖ്യ വര്‍ദ്ധിപ്പിക്കുന്നു. എച്ച് സി സിയില്‍ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍ കുറിക്കുന്നു.

  • വയറു വേദന
  • ശരീര ഭാരം കുറയുക
  • ക്ഷീണം
  • ശരീരത്തില്‍ നീര് കെട്ടുക
  • മഞ്ഞപിത്തം
  • ഉദര രോഗം
  • ആഹാരത്തില്‍ വെറുപ്പ്
  • ഛര്‍ദ്ദി
  • മലം അധികമായി ഇളകുക/പോകാതിരിക്കുക
  • മലത്തിന് നിറ വ്യത്യാസം (കറുപ്പ്, ചുവപ്പ്) 

ഇവ കൂടാതെ ലിവര്‍ - പ്ലീഹ തുടങ്ങിയ അവയവങ്ങള്‍ പ്രത്യക്ഷത്തില്‍ വലുതാവുക, വൃഷ്ണം ചുരുങ്ങുക/നീര്‍കെട്ട് ഉണ്ടാവുക, ചൊറിച്ചില്‍, അര്‍ശസ്സ് വലുതാവുക - വേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കൂടുക എന്നിവയും കാണാം. രോഗം മൂര്‍ഛിക്കുമ്പോള്‍ രക്തം തുപ്പുക, മറ്റു സ്രോതസ്സുകളിലൂടെ രക്തം പോവുക എന്ന ലക്ഷണങ്ങള്‍ കലശലായി കാണാം. എച്ച് സി സി മരണകാരിയായി മാറുന്നത് പൊതുവെ ലിവര്‍ പ്രവര്‍ത്തനം നിലയ്ക്കുക, അണുബാധ, അമിതമായ രക്തസ്രാവം തുടങ്ങിയ കാരണങ്ങള്‍ മൂലമാണ്. വയറില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും തന്‍ നിമിത്തം വയറു വീര്‍പ്പ്, വയറില്‍ രക്തകുഴലുകള്‍ തെളിഞ്ഞ് കാണുകയും ക്രമേണ ആന്തരികമായ രക്തസ്രാവം നിമിത്തം രോഗി മരണപ്പെടുന്നു.

സെക്കണ്ടറി / മെറ്റസ്റ്റാറ്റിക്ക് എച്ച് സി സി
ശരീരത്തില്‍ മറ്റു ഭാഗങ്ങളില്‍ വരുന്ന അര്‍ബുദം, രക്തവാഹിനികള്‍വഴി കരളില്‍ വന്ന് അടിഞ്ഞ് രക്തപോഷണം വഴി വളരുകയും അര്‍ബുദമായി തീരുകയും ചെയ്യുന്നു. ഇന്ന് കാണുന്ന എച്ച് സി സികളില്‍ ഭൂരിഭാഗവും ഈ ഇനത്തില്‍ പെടുന്നവയാണ്. മറ്റു പല അര്‍ബുദങ്ങളുടെ മരണ കാരണം പലപ്പോഴും മെറ്റസ്റ്റാറ്റിക്ക് എച്ച് സി സി ആണ്. ആമാശയത്തിലും മലാശയത്തിലും വരുന്ന അര്‍ബുദങ്ങള്‍ എല്ലാം തന്നെ കരളിനെ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഘടനാപരമായ സാന്നിദ്ധ്യവും അന്നോന്യമായ രക്തപ്രവാഹവുമാണ് ഇതിന് കാരണം. താഴെ പറയുന്ന അവയവങ്ങളില്‍ വരുന്ന അര്‍ബുദങ്ങള്‍ കരളിലേക്ക് പടരാന്‍ അധികം സാധ്യത കല്‍പ്പിക്കുന്നു. 
  • അന്നനാളം
  • വയറ്
  • വന്‍കുടല്‍
  • ഗുദം
  • ചെറുകുടല്‍
  • പാന്‍ക്രിയാസ്
  • വൃക്ക
  • സ്തനം
  • ശ്വാസകോശം
  • അണ്ഡാശയം
  • ഗര്‍ഭാശയം 

എന്നീ ശരീരഭാഗങ്ങളില്‍ ആദ്യം അര്‍ബുദം ഉണ്ടാകുകയും പിന്നീട് അത് ലിവറിലേക്ക് പരിണമിക്കുകയും ചെയ്യുന്നു. ഈ അവയവങ്ങളില്‍ വന്ന അര്‍ബുദങ്ങള്‍ ശസ്ത്രക്രിയ ചെയ്തു മാറ്റുകയോ ചികിത്സിച്ച് ഭേദമാക്കുകയോ ചെയ്താലും കാലക്രമേണ ലിവറില്‍ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാല്‍ ചികിത്സ വളരെ ദുഷ്‌കരവും പെട്ടെന്നുതന്നെ മരണം സംഭവിക്കുകയും ചെയ്യും. ഈ അവയവങ്ങളില്‍ അര്‍ബുദം ചികിത്സിച്ച് ഭേദമായ രോഗികള്‍ കൃത്യമായി പരിശോധന നടത്തുകയും താഴെ പറയുന്ന ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനെ വൈദ്യ സഹായം തേടേണ്ടതുമാണ്.
  • നിരന്തരം ഛര്‍ദ്ദിക്കുക
  • ഒന്നിലധികം ദിവസം പലതവണ ഛര്‍ദ്ദിക്കുക
  • ഛര്‍ദ്ദിയില്‍ രക്താംശം കാണുക
  • പെട്ടെന്ന് ശരീര ഭാരം കുറയുക
  • മലം കറുത്ത നിറത്തില്‍ പോകുക
  • കാലിലും വയറിലും നീര് കെട്ടുക
  • കണ്ണിന്റെ വെള്ളയിലും തൊലിക്കും മഞ്ഞ നിറം കാണുക

കാന്‍സറിനെ അതിജീവിക്കുന്ന എല്ലാവരും കൃത്യമായി രക്തപരിശോധന, സ്‌കാനിംഗ്, വൈദ്യ പരിശോധന എന്നിവ സമയാനുസൃതമായി ചെയ്യേണ്ടതാണ്. ഇതു നിമിത്തം ലിവര്‍ മെറ്റാസ്റ്റാസിസ് മുന്‍കൂട്ടി അറിയാനും അതനുസരിച്ച് ആഹാര-ജീവിത ശൈലി തിട്ടപ്പെടുത്താനും, രോഗഗതിക്ക് തടയിടുവാനും സാധിക്കും. 

സുശ്രുതാചാര്യന്‍ അര്‍ബുദ രോഗം പറയുമ്പോള്‍ അവ 6 തരത്തില്‍ ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. ഈ വിഭജനം അവയുടെ ഭൗതിക ഘടന, ലക്ഷണം, സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലാണ് പറഞ്ഞിരിക്കുന്നത്. മദ്യം, അമ്ലം തുടങ്ങിയ വിഭാഹി ആഹാരങ്ങളും മാംസാദികളും അധികമായി സേവിക്കുന്നതുകൊണ്ട് രക്തവാഹി സിരകള്‍ക്ക് ദുഷ്ടി ഉണ്ടാക്കുകയും കാലക്രമേണ രക്ത കഫങ്ങള്‍ക്ക് അധികമായി ദുഷ്ടി സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ ദുഷിച്ച രക്ത കഫങ്ങള്‍ കരള്‍ കോശങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കി കരള്‍ വീക്കം ഉണ്ടാക്കുന്നു. യകൃതിന് കൂര്‍മ്മ സദൃശമായ വൃദ്ധി ഉണ്ടാകും എന്ന് പറയുന്നു. യകൃത് വൃദ്ധി കാലക്രമേണ മാംസദുഷ്ടി ഉണ്ടാക്കി യകൃത് അര്‍ബുദമായും ഉദരമായും പരിണമിക്കുന്നു. കരള്‍ രക്തവാഹ സ്രോതസ്സുകളുടെ മൂലസ്ഥാനം ആയതുകൊണ്ടുതന്നെ അവിടെ രൂപപ്പെടുന്ന അര്‍ബുദത്തിന് രക്തജ അര്‍ബുദ ലക്ഷണങ്ങള്‍ പറയുന്നു. 
  • ഇവ രക്തവാഹി സിരകള്‍ക്ക് സങ്കോചമുണ്ടാക്കുന്നു
  • മാംസ പിണ്ഡരൂപത്തോടു കൂടിയതും മാംസാങ്കുരങ്ങള്‍ നിറഞ്ഞതും ആകുന്നു
  • രക്തസ്രാവം അധികമായി ഉണ്ടാകുന്നു
  • രക്തക്ഷയം കൊണ്ടും മറ്റു ഉപദ്രവങ്ങള്‍ മൂലവും രോഗിക്ക് പാണ്ഡുത്വം ഉണ്ടാകുന്നു.
കരള്‍ അര്‍ബുദത്തില്‍ രക്തവാഹിനികള്‍ വേഗം രൂപംകൊള്ളുന്നത് നിമിത്തം അര്‍ബുദ വളര്‍ച്ച പെട്ടെന്നാവുന്നു അവയുടെ സ്രാവ സ്വഭാവം നിമിത്തം വയറിലും കാലിലും നീര്‍ക്കെട്ട് സംജാതമാകുന്നു. കരളിന്റെ പുറമെ അവ ഏകമാംസപിണ്ഡമായോ പല മാംസാങ്കുരങ്ങളായോ കാണപ്പെടുന്നു. രക്തവാഹിനികളുടെ അതിപ്രസരണം കൊണ്ടും രക്തത്തിന് കട്ടി കുറയുന്നത് കൊണ്ടും അധികമായി രക്തസ്രാവം ഉണ്ടാകുന്നു. രക്തസ്രാവം നിമിത്തവും മറ്റു ഉപദ്രവങ്ങള്‍ കാരണവും രോഗിക്ക് പണ്ഡുത്വം ഉണ്ടാകുന്നു. യകൃത് വൃദ്ധി രോഗത്തില്‍ തന്നെ 'ക്ഷീണ ബലോ അതി പാണ്ഡു' എന്ന് ലക്ഷണം പറഞ്ഞു കാണുന്നു.

Monday 11 February 2019

ഇരകള്‍ ഇനിയും തോല്‍ക്കാതിരിക്കട്ടെ

വിന്‍സന്റ് പീറ്റര്‍

കാസര്‍കോട്ടെ  എന്‍ഡോസള്‍ഫാന്‍ ദുരിതാബാധിതരായ കുഞ്ഞുങ്ങളും അവരുടെ അമ്മമാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ ലോകം ശ്രദ്ധിക്കുന്ന ദുരന്തക്കാഴ്ചകളായി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും കീടനാശിനിക്കമ്പനികളുടെയും ലാഭക്കൊതിയുടെ ഇരകളായി ഭ്രൂണാവസ്ഥയിലേ വൈകല്യം ബാധിച്ച് ജനിച്ച കുട്ടികളുടെ എന്നന്നേയ്ക്കുമായി ഇല്ലാതായ മനുഷ്യാവകാശത്തിന്റെയും ജിവിക്കാനുള്ള സ്വാതന്ത്രത്തിന്റെയും ഒരു തരിമ്പെങ്കിലും നേടിയെടുക്കാന്‍ അവരുടെ അമ്മമാര്‍ നടത്തിയ സമരങ്ങള്‍ നിരവധിയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാബായിയുടെ നിരാഹാരംകൊണ്ട് ലോകശ്രദ്ധനേടിയ  സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ്‌കൊണ്ട് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. മുന്‍ സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ തറക്കല്ലുകളായി കാടുപിടിച്ചുകിടക്കുമ്പോള്‍ ഉടഞ്ഞുപോയ സ്വപ്‌നങ്ങളെ മടിയിലിരുത്തി നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഈ അമ്മമാരുടെ കണ്ണൂനീര്‍ നവകേരളത്തെ ഇനിയൊരിക്കലും പൊള്ളിക്കാതിരിക്കട്ടെ

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടുമൊരു പട്ടിണി സമരത്തിലായിരുന്നു. തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് പടിക്കല്‍ ദുരിതാബാധിതരായ മക്കളെ മടിയിലും ഒക്കത്തുമിരുത്തി പട്ടിണി സമരം നടത്തുന്ന അമ്മമാര്‍ മനസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരെയും വിഷമിപ്പിക്കുന്ന കാഴ്ചയായിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കടുത്ത അലംഭാവത്തിന്റെയും കീടനാശിനിക്കമ്പനിയുടെ അമിത ലാഭക്കൊതിയുടെയും ഇരകളായ മനുഷ്യരിലേറെപ്പേര്‍ മരിച്ച് പോവുകയും അതിലേറെപ്പേര്‍ ജീവിക്കുന്നത് ജീവിതമാണെന്ന് തിരിച്ചറിയാനാവാത്ത വിധം ഭിന്നശേഷിക്കാരായി മാറിയതും മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ വീഴ്ചകളും അലംഭാവങ്ങളും കൊണ്ട് കൂടിയാണ്.കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിതരും അവര്‍ക്കൊപ്പം നില്‍ക്കുന്ന മനുഷ്യസ്‌നേഹികളും എത്രയോ കാലമായി നടത്തിയ സമരപോരാട്ടങ്ങളുടെ ഭാഗമായി ഇരകളുടെ അന്‍പതിനായിരം രൂപ നഷ്ടപരിഹാരം, കടമെഴുതിത്തള്ളല്‍ തുടങ്ങിയ നടപടികള്‍ ഉണ്ടായെങ്കിലും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സാമൂഹ്യസുരക്ഷിതത്വവും സ്വാതന്ത്ര്യവും ആജീവനാന്തചികിത്സയും ഉറപ്പ് വരുത്തുന്ന രീതിയിലേക്ക് നടപടികളൊന്നും എത്തിച്ചേര്‍ന്നില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ആജീവനാന്ത ചികിത്സ സൗജന്യമായി നല്‍കണമെന്ന സുപ്രീം കോടതി വിധിയും ബഡ്‌സ് സ്‌കൂള്‍ തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശവും ഇപ്പോഴും പൂര്‍ണ്ണമായി നടപ്പാക്കപ്പെട്ടിട്ടില്ല.2016-ല്‍ സെക്രട്ടറിയറ്റ് പടിക്കല്‍ ഇതേഅമ്മമാര്‍ കുട്ടികളെയുമായി വന്ന് പട്ടിണി സമരം നടത്തിയിരുന്നു. സമരസമിതി ഉയര്‍ത്തിയ ആവശ്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അംഗീകരിച്ചതിനെ തുടര്‍ന്ന് സമരമവസാനിപ്പിച്ചുവെങ്കിലും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഭിന്നശേഷിക്കാരായ കുട്ടികളെയും കൊണ്ട് ഈ അമ്മമാര്‍ സമരവുമായി തലസ്ഥാനത്തെത്തിയത്.

സഹായപ്പട്ടിക

2011 ലും 2013 ലും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി പ്രത്യേക പരിഗണനയും ചികിത്സയും മറ്റ് സഹായങ്ങളും ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ചലനശേഷിയോ സംസാരശേഷിയോ ഇല്ലാത്ത പല കുട്ടികളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2017 ഏപ്രിലില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സംസാരശേഷിയും ചലനശേഷിയുമില്ലാത്ത ധാരാളം കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന 1905 പേരുള്ള പട്ടിക തയ്യാറാക്കി. സെല്‍യോഗത്തില്‍ അവതരിപ്പിച്ച് അവസാനലിസ്റ്റ് പുറത്ത് വന്നപ്പോഴേക്കും അര്‍ഹരായവരുടെ എണ്ണം 287 ആയി ചുരുങ്ങി. എതിര്‍പ്പുകളെയും സമരങ്ങളെയും തുടര്‍ന്ന് 76 പേരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും അര്‍ഹരായ അനേകം കുട്ടികള്‍ ലിസ്റ്റില്‍ നിന്ന് വീണ്ടും പുറത്തായി.പതിനായിരത്തോളം അപേക്ഷകളില്‍ നിന്ന് പരിശോധനകള്‍ക്ക് ശേഷം തെരെഞ്ഞെടുത്ത നാലായിരത്തോളം പേരാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തത്. ഈ ക്യാമ്പിലാണ് 1905 പേരെ അര്‍ഹരായി കണ്ടെത്തിയെങ്കിലും പിന്നീട് ഈ ലിസ്റ്റ് അട്ടിമറിക്കപ്പെട്ടത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട അടിയന്തിര സഹായവും ചികിത്സയും ആവശ്യമായ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ നിരവധി കുട്ടികള്‍ ഇപ്പോഴും ഈ ലിസ്റ്റിന് പുറത്താണ്. അര്‍ഹരായ മുഴുവന്‍ കുട്ടികളെയും ലിസ്റ്റിലുള്‍പ്പെടുത്തണമെന്ന പ്രധാന ആവശ്യം ഉയര്‍ത്തിക്കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന സമരത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി നിരാഹാരമനുഷ്ഠിച്ചത്.

അമ്മമാര്‍ സമരമുഖത്തേക്ക് വീണ്ടും

2016 ല്‍ സമരസമിതി ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. നാലുമാസങ്ങള്‍ക്ക് ശേഷം അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ആദ്യബജറ്റില്‍ത്തന്നെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കായി 10 കോടി മാറ്റിവച്ചുവെങ്കിലും ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സെല്ലിന്റെ രൂപീകരണത്തിന് ഒന്‍പതുമാസക്കാലമെടുത്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിന്റെ ഭാഗമായി സുപ്രീംകോടതിയില്‍ നിന്ന് രണ്ട് സുപ്രധാന വിധികളുണ്ടായി. രണ്ടും ഡിവൈഎഫ്‌ഐ നേടിയവ. ഇന്ത്യമുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ടുള്ള 2011 ലെ ഉത്തരവും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്കാനുള്ളവര്‍ക്കെല്ലാം മൂന്ന് മാസത്തിനകം പണം കൊടുത്ത് തീര്‍ക്കണമെന്നുള്ള 2017 ജനുവരി 10 ലെ വിധിയുമാണവ. സുപ്രീം കോടതി വിധി വന്നപ്പോള്‍ ഉടന്‍തന്നെ 110 പേര്‍ക്ക് സഹായധനം നല്കിക്കൊണ്ട് സഹായധന വിതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ടു ഗഡു നഷ്ടപരിഹാരം ലഭിച്ചിരുന്ന 2665 പേര്‍ക്ക് മൂന്നാമത്തെ ഗഡുവും വിതരണം ചെയ്തുവെങ്കിലും ലിസ്റ്റിലുള്ള പകുതിയിലധികം പേര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അര്‍ഹതയില്ലാത്തവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാരണം പറഞ്ഞാണ് നഷ്ടപരിഹാരവിതരണം നിര്‍ത്തിവച്ചിരിക്കുന്നത്. വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ പാനല്‍ തയ്യാറാക്കിയ ലിസ്റ്റില്‍ അനര്‍ഹര്‍ കയറിക്കൂടി എന്നവാദം എങ്ങനെ ന്യായീകരിക്കാനാകും എന്ന സമരക്കാരുടെ വാദം ന്യായമാണ്. അനര്‍ഹര്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ അക്കാരണത്താല്‍ അര്‍ഹരായവര്‍ക്കുള്ള സഹായം നല്‍കാതിരിക്കാമോ? 2017 ജനുവരി 10ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുക എന്ന ആവശ്യം ഉയര്‍ന്നുവന്ന സാഹചര്യമിതാണ്.

കേന്ദ്രസര്‍ക്കാര്‍ സമീപനം 

ലോകം മുഴുവനും എന്‍ഡോസള്‍ഫാനെ എതിര്‍ക്കുമ്പോഴും എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പിണറായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ 487 കോടിയുടെ സഹായപദ്ധതി സമര്‍പ്പിച്ചിട്ട് കാലമേറെയായി. കേന്ദ്ര സര്‍ക്കാര്‍ അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. 2010 ലെ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഉണ്ടായിട്ടും ഇന്നോളം കേന്ദ്രസര്‍ക്കാറില്‍ നിന്നും ധനസഹായമെന്നും ഈ വിഷയത്തില്‍ കേരളത്തിന് ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്ന രീതിയിലുള്ള നീതി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടതുണ്ട്.

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍

ദുരിതബാധിരായ കുട്ടികള്‍ക്ക് പഠിക്കാനായി അനുവദിച്ചിട്ടുള്ള ബഡ്‌സ് സ്‌കൂളുകളില്‍ പെരിയയിലേത് ഒഴികെയുള്ള ഒന്നിനും ആധുനിക സൗകര്യങ്ങളൊന്നും തന്നെയില്ല. എന്‍മകജെയിലെയും മുളിയാറിലെയും ദുരിതബാധിതരായ കുട്ടികള്‍ ഇപ്പോഴും അസൗകര്യങ്ങള്‍ മാത്രമുള്ള ഇടുങ്ങിയ കെട്ടിടത്തിന്റെ ആസ്ബസ്‌റ്റോസ് മേല്‍ക്കൂരയ്ക്ക് കീഴിലാണ്. പി. കരുണാകരന്‍ എം പിയുടെ പ്രവര്‍ത്തന ഫലമായി 2013 ല്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഡ്‌സ് സ്‌കൂളുകള്‍ക്കായി ഒന്നരക്കോടി രൂപ വീതം അനുവദിച്ചിരുന്നു. കാറഡുക്കയിലെ പുതിയ സ്‌കൂള്‍ കെട്ടിടം പണിതിട്ട് രണ്ട് വര്‍ഷമായെങ്കിലും പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വേണ്ടത്ര സൗകര്യമില്ലാത്ത, ഏഴ് കൊല്ലമായി തുടരുന്ന അതേ കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന അന്‍പതു കുട്ടികള്‍ കഴിയുന്നത് ഇരുപത് പേര്‍ക്ക് മാത്രമിരിക്കാവുന്ന കൊച്ച് മുറിയിലാണ്. രാഷ്ട്രീയ തര്‍ക്കത്തിനിടയില്‍ എന്‍മകജെയിലെ ബഡ്‌സ് സ്‌കൂളിന് 2013 ല്‍ അനുവദിച്ച ഒന്നരക്കോടി രൂപ ലാപ്‌സായിപോയത് ഭരണാധികാരികളാരും കാണുന്നില്ല. പണി പൂര്‍ത്തിയാക്കിയിട്ടുള്ള പുതിയ കെട്ടിടം എത്രയും വേഗം തുറന്ന് കൊടുക്കേണ്ടതുണ്ട്. 

ആകാശ മാര്‍ഗ്ഗമുള്ള വിഷം തളിക്കല്‍

കാസര്‍കോട്ടെ കശുമാവിന്‍ തോട്ടത്തില്‍ ദീര്‍ഘവര്‍ഷങ്ങള്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത് ഹെലിക്കോപ്ടറിലാണ്. ഹെലിക്കോപ്ടര്‍ പെയ്യിച്ച വിഷമഴയില്‍ എന്‍ഡോസള്‍ഫാന്‍ പടര്‍ന്നതും വ്യാപിച്ചതും നിലത്ത് നമ്മള്‍ രേഖപ്പെടുത്തിയിട്ടുള്ള പഞ്ചായത്തുകളുടെയോ ജില്ലകളുടെയോ അതിര്‍ത്തി രേഖകള്‍ക്കകത്തുതന്നെയാവാന്‍ ഒരുതരവുമില്ല. അന്തരീക്ഷവും ജലവും വിഷലിപ്തമായാല്‍ അത് മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും അതിമാരകമായി ബാധിക്കുമെന്നതിന്റെ തെളിവിന് വിദേശരാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലേക്ക് നോക്കേണ്ടതില്ല. അമേരിക്കയിലും മെക്‌സിക്കോയിലും ആഫ്രിക്കയിലും സ്‌പെയിനിലും തളിച്ചപ്പോള്‍ രോഗങ്ങളുണ്ടായില്ലെന്നും മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ കേരളത്തിലെല്ലായിടത്തുമുണ്ടെന്നുമൊക്കെയുള്ള എതിര്‍വാദങ്ങള്‍ നിരത്തിക്കൊണ്ട് കാസര്‍കോട്ടെ അമ്മാരുടെ സമരത്തെ ഒരു കാസര്‍കോഡന്‍ കള്ളക്കഥ എന്നാക്ഷേപിക്കുന്നവര്‍ ഏത് ശാസ്ത്രയുക്തിയുടെ പേരിലായാലും അതിജീവനത്തിനായി നടത്തുന്ന അവസാന ശ്രമത്തെയാണ് അടച്ചാക്ഷേപിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. സമരത്തിന് പിന്നില്‍ ആര് എന്നതിനെക്കാള്‍ സമരത്തിലേക്ക് ഈ അമ്മമാരെ നയിച്ച ഘടകങ്ങളെന്ത് എന്നത് മാത്രമാവണം പരിഗണന. മനുഷ്യാവകാശ പ്രവര്‍ത്തക ദയാഭായി ഏറ്റെടുത്ത നിരാഹാരസമരം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സമരസമിതിയുടെ പ്രധാന ആവശ്യങ്ങളേറെയും അംഗീകരിക്കപ്പെട്ടതിനാല്‍ പര്യവസാനിച്ചിരിക്കുന്നു. ഇനിയാവശ്യം ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന്റെ സത്വരമായ ഇടപെടലാണ്. ഇരകള്‍ ഇനിയും തോല്‍ക്കാതിരിക്കട്ടെ.

പ്രളയത്തിനും വനിതാമതിലിനും ശേഷമുള്ള കേരളം

ഷിജു ഏലിയാസ്/വിന്‍സന്റ് പീറ്റര്‍


സാമൂഹ്യ മുന്നേറ്റങ്ങളുടെ തീ പാറുന്ന ചരിത്രവുമായി നേരിട്ടു ബന്ധമില്ലാത്ത നമ്മുടെ പുതിയ തലമുറ ജാതിയുടെയും മതത്തിന്റെയും മതില്‍ക്കെട്ടുകള്‍ക്കുള്ളിലേക്ക് ചുരുങ്ങുകയാണെന്ന തോന്നല്‍ അസ്ഥാനത്താണെന്ന് പ്രളയകാലം തെളിയിച്ചു. പരസ്പര സഹകരണത്തിന്റെയും നിഷ്‌കപടമായ ഒത്തൊരുമയുടെയും അവസരമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാറി. നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ച്ചയും വികാസവും തങ്ങളുടെ കൈകളില്‍ സുരക്ഷിതമാണെന്ന്  കേരളത്തിലെ പുതു തലമുറ തെളിയിച്ചു. പരിസ്ഥിതിയെ അവഗണിക്കുന്ന വികസന കാഴ്ചപ്പാട് മുമ്പില്ലാത്ത വിധം തുറന്നു കാട്ടപ്പെട്ടു. സ്ത്രീയുടെയും  കീഴാളസമൂഹങ്ങളുടെയും വികാര വിചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ വിഭാഗങ്ങള്‍  രാഷ്ട്രീയസമൂഹത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ അത് പ്രകടമാക്കി. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് പുതിയ നിറവും ഭാവവും പകര്‍ന്നിരിക്കുന്നു. സ്വന്തം ശക്തി തെളിയിക്കാനുള്ള അവസരമായി ഇതിനെ ഏറ്റെടുത്ത  നവോത്ഥാന വിരുദ്ധര്‍ സ്ത്രീയുടെ പൗര സ്വാതന്ത്ര്യത്തിനെതിരെ സ്ത്രീകളെത്തന്നെ  തെരുവിലിറക്കി. പ്രളയത്തിനും വനിതാ മതലിനും ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് സാമൂഹ്യ ചിന്തകനും എഴുത്തുകാരനുമായ ഷിജു ഏലിയാസ് ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു

മലയാളിയുടെ വികസന സങ്കല്പങ്ങളെ പ്രളയകാലം എങ്ങനെയാണ് സ്വാധീനിച്ചത്? ശരാശരി മലയാളി പ്രളയത്തിനു മുമ്പും അതിനു ശേഷവും പിന്തുടരുന്ന മുതലാളിത്ത വികസന സങ്കല്‍പ്പങ്ങളില്‍ മാറ്റം സാധ്യമാണോ? ഈ ദിശയിലെ പുതിയ സംവാദങ്ങളെ എങ്ങനെ കാണുന്നു?

മനുഷ്യന്റെ അസ്തിത്വ ബോധത്തെ മുതലാളിത്തം വികലമാക്കുന്നത് എങ്ങനെയെന്ന ഫ്രാങ്ക്ഫര്‍ട്ട് ചിന്തകനായ  എറിക് ഫ്രോമിന്റെ വിശകലനമാണ് ഓര്‍മ വരുന്നത്. 'ഠീ ഒമ്‌ല ീൃ ഠീ ആല' എന്നാണ് അദ്ദേഹം ചോദിക്കുന്നത്. താന്‍ എന്താണ് എന്നതിന്റെ അടിസ്ഥാനത്തിലല്ല, തനിക്കെന്ത് സ്വന്തമാക്കാന്‍ കഴിയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് മുതലാളിത്ത മനുഷ്യന്‍ സ്വയം മനസ്സിലാക്കുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയുമടക്കം എന്തും കൂടുതല്‍ ഉപഭോഗവസ്തുക്കള്‍ ഉണ്ടാക്കുന്നതിനു വേണ്ടി മാത്രം ഉപയോഗിക്കുകയാണ് മുതലാളിത്തത്തിന്റെ രീതി. ഒരു ഉല്‍പ്പന്നവും വെറുതെ ഉണ്ടാക്കുന്നതല്ല. അതിന്റെ ലക്ഷ്യം മനുഷ്യനാണ്. ഇവിടെ മനുഷ്യന്‍ ഉപഭോക്താവായി ചുരുക്കപ്പെടുകയാണ്. ഒരു ഉല്‍പ്പന്നം തനിക്ക് ആവശ്യമുള്ളതാണെന്ന തോന്നല്‍ വ്യക്തിയില്‍ ജനിപ്പിക്കാനായാല്‍ മുതലാളിത്തം വിജയിച്ചു. കാട്ടില്‍ത്തന്നെ കഴിഞ്ഞു കൊള്ളാമെന്ന് പറയുന്ന ആദിവാസിയെ മുതലാളിത്തം ഭീകരനാക്കും. 'എന്റെ ദൈവം കുട്ടിച്ചാത്തനാ'ണെന്ന് പറയാന്‍ മുതലാളിത്ത യുഗത്തില്‍ എനിക്ക് അവകാശമില്ല. എന്റെ ദൈവത്തിന്റെ വിപണി മൂല്യമാണ് വിശ്വാസിയെന്ന നിലയിലുള്ള എന്റെ അന്തസ് തീരുമാനിക്കുന്നത്. ഉടുക്കുന്ന വസ്ത്രത്തിന്റെയും അടിക്കുന്ന ബോഡി സ്‌പ്രേയുടെയും ബ്രാന്റ് മൂല്യമാണ് എന്റെ വ്യക്തി മൂല്യം. ഞാനെന്താണ് എന്നതിന്റെസ്ഥാനത്ത് ഞാന്‍ എന്ത് സ്വന്തമാക്കുന്നു എന്ന പുതിയ അളവുകോല്‍ എന്റെ ഭാഗധേയം തീരുമാനിക്കുന്നു. Production of too many useful things results in too many useless people' എന്ന് മാര്‍ക്‌സ് ഒരിടത്ത് പറഞ്ഞിട്ടുണ്ട്. വ്യക്തിത്വമുള്ള മനുഷ്യനെ യാതൊരു വ്യക്തിത്വവുമില്ലാത്ത ഉപഭോക്താവായി ചുരുക്കുന്ന നമ്മുടെ വികസന കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രളയത്തിനു കഴിഞ്ഞു.  

ഒരു ബദല്‍ കാഴ്ചപ്പാട് ഇന്നത്തെ സാഹചര്യത്തില്‍ എത്രമാത്രം സാധ്യമാണ്? അതിനു പറ്റുന്ന സാമൂഹ്യ അന്തരീക്ഷം കേരളത്തിലുണ്ടോ?

മനോഹരമായ ഒരു താഴ്‌വര കണ്ടാല്‍, ഉയരമുള്ള ഒരു പാറക്കെട്ടു കണ്ടാല്‍, അവിടെ എങ്ങനെ ഒരു ടൂറിസം പ്രോജക്ട് കൊണ്ടു വരാം എന്നാണ് ഇന്ന് നമ്മള്‍ ചിന്തിക്കുന്നത്. ചതുപ്പുകള്‍ മണ്ണിട്ട് നികത്തി ഷോപ്പിങ്ങ് മാളുകള്‍ പണിയുന്നതാണ് ഇന്നത്തെ ഫാഷന്‍. വലിയൊരു സാധ്യത എന്തിന് വെറുതെ കളയണം എന്നതാണ് നമ്മള്‍ പതിവായി കേള്‍ക്കുന്ന ചോദ്യം. ഈ പാറക്കെട്ടുകളും താഴ്‌വരകളും കടല്‍ത്തീരവുമെല്ലാം പണ്ടു മുതല്‍ക്കേ ഉണ്ടായിരുന്നു. അതൊരു 'വേസ്റ്റാ'ണെന്ന് നമുക്ക് തോന്നിത്തുടങ്ങിയത് ഉപഭോഗത്തിന്റെ മനശ്ശാസ്ത്രം നമ്മെ കീഴടക്കിയതു മുതല്‍ക്കാണ്. കിഴുക്കാംതൂക്കായ മലഞ്ചെരിവുകളില്‍ എങ്ങനെ നാണ്യവിളകള്‍ കൃഷി ചെയ്ത് പണമുണ്ടാക്കാം എന്നാണ് നമ്മുടെ കാര്‍ഷിക ഗവേഷകര്‍ ഏറെക്കാലം അന്വേഷിച്ചു കൊണ്ടിരുന്നത്. പശ്ചിമഘട്ടം വലിയൊരളവുവരെ നശിപ്പിച്ചു കഴിഞ്ഞപ്പോഴാണ് വെറുതെ കിടന്ന കുന്നും മലകളും കാടും 'വെറുതെ' ആയിരുന്നില്ലെന്ന് നമ്മള്‍  മനസ്സിലാക്കിത്തുടങ്ങിയത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍  നമുക്കുള്ളിലെ മുതലാളിത്തവാദി കൂടുതല്‍ ഉയരത്തില്‍ തല പൊക്കി. കാടും മലയും പുഴയുമൊന്നുമല്ലല്ലോ, മനുഷ്യനല്ലേ പ്രധാനം എന്ന അശ്ലീലമായ ന്യായവും ഉന്നയിക്കപ്പെട്ടു. പ്രകൃതിയുടെ ഭാഗമാണ് താനെന്ന് ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവുപോലും ഇല്ലാതാക്കുന്നതാണ് മുതലാളിത്തത്തിന്റെ മനശ്ശാസ്ത്രം. പ്രളയം തുറന്ന തിരിച്ചറിവുകള്‍ മങ്ങാന്‍ മാസങ്ങളേ വേണ്ടിവന്നുള്ളൂ എന്നിടത്താണ് നമ്മള്‍ സ്വയം തെറ്റുകാരാവുന്നത്. 

വികസനത്തിന്റെ പ്രതിസന്ധി തരണം ചെയ്യാന്‍ നവോത്ഥാനാശയങ്ങള്‍ സഹായിക്കുമോ? ഇന്ന് നടക്കുന്ന നവോത്ഥാന ചര്‍ച്ചകള്‍ കൂടുതല്‍ ജീവിത യോഗ്യമായ ഒരു കേരളം രൂപപ്പെടുത്താന്‍ എത്രകണ്ട് കാരണമാവും?  

മുതലാളിത്തത്തിന്റെ വികാസ ഘട്ടത്തില്‍ എല്ലാ സമൂഹങ്ങളിലും കണ്ട അതേ പ്രതിസന്ധിയാണ് ഇന്ന് മലയാളിയും നേരിടുന്നത്. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം, വികാസമെന്നാല്‍ കൂടുതല്‍ ഉത്പ്പാദിപ്പിക്കലാണ്. കൂടുതല്‍ വില കൊടുത്തു വാങ്ങി ഉപയോഗിക്കലാണ്. വിലയില്ലാത്ത വസ്തു, അതെത്ര മികച്ചതാണെങ്കിലും ആവശ്യക്കാരുണ്ടാവില്ല. വിലയുണ്ടാവുമ്പോള്‍ വില കൊടുത്തു വാങ്ങാനും ആളുണ്ടാവും. കേരളത്തിലെ ഓരോ നാട്ടിന്‍ പുറത്തും അവിടത്തെ കാലാവസ്ഥയും നീരൊഴുക്കും രൂപപ്പെടുത്തിയ പാറക്കെട്ടുകളും ജലാശയങ്ങളും ഉണ്ടായിരുന്നു. പൊട്ടിച്ചു വിറ്റാല്‍ പണം കിട്ടുമെന്നായപ്പോള്‍ ക്വാറി മുതലാളിമാര്‍ ഈ സ്ഥലങ്ങളത്രയും വിപണി വിലയുടെ രണ്ടും മൂന്നും ഇരട്ടി വില കൊടുത്തു വാങ്ങി, പൊട്ടിച്ചു വിറ്റ് അതിന്റെ പത്തും ഇരുപതും ഇരട്ടി ലാഭമുണ്ടാക്കി. 'വീടും ആശുപത്രിയും പണിയാന്‍ കല്ലു കിട്ടിയില്ലേ, പാവപ്പെട്ടവന് പണി കിട്ടിയില്ലേ' എന്നൊക്കെ ചോദിച്ച് നാമതിനെ ന്യായീകരിച്ചു.

'T-he better shaped his product, the more misshapen the worker' എന്നാണ് അന്യവല്‍ക്കരണത്തെ കുറിച്ച് മാര്‍ക്‌സ് പറയുന്നത്. എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ മുടിച്ച്, ഉയര്‍ന്ന ഇടത്തരക്കാരനും പണക്കാരനും വേണ്ടി മണിസൗധങ്ങള്‍ പണിതു കൊടുത്ത പാവപ്പെട്ട പട്ടികജാതിക്കാരില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും മരിച്ചാല്‍ ശവം മറവു ചെയ്യാന്‍ ആറടി മണ്ണു പോലും സ്വന്തമായിട്ടില്ല. പ്രളയാനന്തര കാലത്ത് നവോത്ഥാന ചര്‍ച്ചകള്‍ സജീവമായത് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമല്ല. അതിനൊരു സാമൂഹ്യ പശ്ചാത്തലം കൂടിയുണ്ട്.  നാട്ടിന്‍ പുറങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ, തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെട്ടു. അവിടെ വീടുകളും ഫ്‌ളാറ്റുകളും വാണിജ്യാവശ്യത്തിനുള്ള ബഹുനില ഫ്‌ളാറ്റുകളും ഉയര്‍ന്നു. അതാണ് വികസനമെന്ന് നമ്മെ പഠിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘനകളും മല്‍സരിച്ചു കൊണ്ടിരുന്നു. മുതലാളിത്ത വികസന സങ്കല്പമാണ് നമ്മെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ആധുനിക പൗരസമൂഹം വികാസം പ്രാപിച്ചതോടെ, മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയടക്കമുള്ള സമ്പന്ന രാജ്യങ്ങള്‍ ഈ നിലപാടില്‍ നിന്ന് വളരെയധികം മാറി. നമ്മള്‍ ഇപ്പോഴും മാറിയിട്ടില്ല. രണ്ടോ മൂന്നോ അംഗങ്ങളുള്ള എന്‍ആര്‍ഐ  കുടുംബത്തിന് വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍ താമസിക്കാന്‍ മൂവായിരം ചതുരശ്ര അടിയോ അതിലധികമോ വലിപ്പമുള്ള വീടു പണിയാന്‍, നിലവിലെ നിയമപ്രകാരം, യാതൊരു തടസവുമില്ല. കാശുണ്ടായിട്ടല്ലേ എന്ന് നമ്മള്‍ ചോദിക്കും. പ്രകൃതിയുടെ ലോല ഭാവങ്ങള്‍ നിലനിര്‍ത്തുന്ന പാറക്കെട്ടുകളും മണ്ണിനെ ജലസമൃദ്ധമാക്കുന്ന തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കാന്‍ പണമുള്ളവര്‍ക്ക് ആരാണ് അധികാരം കൊടുത്തത് എന്നു ചോദിച്ചാല്‍ നിങ്ങള്‍ അസൂയക്കാരനും വികസന വിരുദ്ധനുമാകും. പ്രകൃതി വിഭവങ്ങളെ നിത്യനിദാനത്തിന് നേരിട്ട് ആശ്രയിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളാണ്. പ്രകൃതി വിഭവങ്ങളുടെ കൊള്ളയും പരിസ്ഥിതിനാശവും പ്രകൃതിക്കൊപ്പം അവരുടെ ജീവിതവ്യവസ്ഥകളെയും തകര്‍ക്കുന്നു. പാവപ്പെട്ട മല്‍സ്യത്തൊഴിലാളി എത്ര ചൂണ്ടയിട്ട് പിടിച്ചാലും,  എത്രയധികം വലയെറിഞ്ഞാലും കടലിലെ മല്‍സ്യസമ്പത്ത് ഇല്ലാതാവുകയില്ല. കല്ലാശാരി എത്ര കൊല്ലം ഉളിവച്ചു കീറിയാലും ഇന്ന് കാണുന്നതു പോലുള്ള പാറമടകള്‍ ഉണ്ടാകില്ല.  ആദിവാസികള്‍ എങ്ങനെയൊക്കെ വെട്ടി വെളുപ്പിച്ചാലും കാട്ടിലെ മുളയും ഈറ്റയും ചൂരലും തീരില്ല. എന്നിട്ടും നമ്മള്‍ സ്രാവിനും പരല്‍ മീനിനും ഒരേ ചൂണ്ടയിടുന്നു. അതു പോരെന്നാണ് പ്രളയകാലം പറഞ്ഞത്. ഒരു മഞ്ഞുകാലത്ത് അതൊക്കെ നമ്മള്‍ മറന്നതു പോലെ തോന്നുന്നു. അതു കൊണ്ടാണ് നമുക്ക് ഇത്രവേഗം മതവും ആചാരവും പറഞ്ഞ് തമ്മില്‍ ശകാരിക്കാന്‍ കഴിയുന്നത്.  

ഇന്നത്തെ വികസന ചര്‍ച്ചകളായാലും നവോത്ഥാന സംവാദമായാലും ആരുടെ ശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത് എന്ന ചോദ്യം പ്രസക്തമല്ലേ? ശബ്ദം നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി മാറാന്‍ ഈ സംവാദങ്ങള്‍ക്ക് കഴിയുന്നുണ്ടോ?

മണ്ണിനെ മറന്നാല്‍ മണ്ണില്‍ പണിയെടുക്കുന്നവരെ അവഗണിക്കാന്‍ എളുപ്പമാണ്. ആദിവാസിയോടും പട്ടികജാതിക്കാരനോടും പാവപ്പെട്ടവരില്‍ പാവപ്പെട്ടവനോടും നാം എന്തു ചെയ്തു എന്ന ചോദ്യം കൂടിയാണ് പ്രളയാനന്തര കേരളം ഉയര്‍ത്തിയത്. ഉപഭോഗ സംസ്‌കാരത്തിന്റെ തിരത്തള്ളലില്‍ നശിപ്പിച്ച മണ്ണിന്റെ, ഇല്ലാതാക്കിയ കാടിന്റെ, തകര്‍ത്ത പ്രകൃതിയുടെ മാര്‍ത്തട്ടില്‍ സ്വന്തം ജീവിതം ചേര്‍ത്തുവച്ചത് അവരാണ്. 'മുഖ്യധാര' എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന കേരളത്തിലെ സവര്‍ണ്ണ മധ്യവര്‍ഗപുരുഷന്‍ പ്രകൃതിയില്‍ ജീവിക്കുന്നവനല്ല, പ്രകൃതിയ ചൂഷണം ചെയ്ത് അതിന്റെ ചെലവില്‍ ജീവിക്കുന്നവനാണ്. പ്രളയത്തിന്റെ പാഠങ്ങള്‍ നമുക്ക് ഇത്രവേഗം മറക്കാന്‍ കഴിയുന്നത് ഈ മധ്യവര്‍ഗ മനശ്ശാസ്ത്രത്തിന്റെ പ്രഭാവം മൂലമാണെന്ന് ഞാന്‍ സംശയിക്കുന്നു.ചേരാത്ത ഒരു കാര്യം ഇതിനോട് ചേര്‍ത്ത് പറയാം. ജനുവരി ഒന്നിന്റെ വനിതാ മതില്‍ വിജയിപ്പിച്ചത് ഈ അടിസ്ഥാന ജനവിഭാഗങ്ങളാണ്. 

കാര്യങ്ങള്‍ പലപ്പോഴും പറച്ചിലില്‍ ഒതുങ്ങുകയാണല്ലോ? മുതലാളിത്ത സമൂഹത്തിന്റെ പരിമിതിക്കുള്ളില്‍ സര്‍ക്കാരിനും പുരോഗമന പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും എന്തു ചെയ്യാന്‍ കഴിയുമെന്ന മറുചോദ്യവും ഉയരുന്നുണ്ട്. എന്താണ് പ്രതികരണം?

ഭരിക്കുന്ന സര്‍ക്കാരിനും പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യം ബാലിശമാണ്. നമ്മള്‍ ജീവിക്കുന്ന മണ്ണല്ലാതെ നമുക്ക് പ്രവര്‍ത്തിക്കാന്‍ വേറെ ഇടമുണ്ടോ? കാലത്തിന്റെ  വെല്ലുവിളികള്‍ക്കു നേരെ കണ്ണടച്ചിട്ട് എവിടെ നിന്നാണ് പുരോഗമനം കൊണ്ടുവരിക? പ്രളയകാലത്ത് ഉയര്‍ന്നു വന്ന ആരോഗ്യകരമായ ചര്‍ച്ചകളും പ്രളയാനന്തരം ഉണ്ടായ നവോത്ഥാന സംവാദങ്ങളും ആധുനിക ജനാധിപത്യ പൗരസമൂഹത്തിലേക്കുള്ള നമ്മുടെ വഴി ഏതാണന്ന വ്യക്തമായ സൂചന തരുന്നുണ്ട്. പുസ്തകപ്പുഴുക്കളുടെ സിദ്ധാന്തങ്ങള്‍ ലൈബ്രറികളില്‍ വിശ്രമിക്കട്ടെ. ജീവിതമാണ് യഥാര്‍ത്ഥ പാഠപുസ്തകം. 'Philosophy stands in the same relation to the study of actual world as masturbation to sexual love' എന്ന് മാര്‍ക്‌സ് പറഞ്ഞത് ജീവിതഗന്ധിയല്ലാത്ത ദര്‍ശനത്തെ കുറിച്ചാണ്.  'സ്വയംഭോഗത്തിന് ലൈംഗിക പ്രണയവുമായുളള ബന്ധമേ അതിന് ജീവിതവുമായുള്ളൂ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമോ എന്ന് ചോദിക്കുമ്പോള്‍, 'തന്ത്രസമുച്ചയ' ത്തില്‍ എന്ത് പറഞ്ഞിരിക്കുന്നു എന്നന്വേഷിക്കുന്നത് ഈ രീതിയിലുള്ള ദാര്‍ശനിക വ്യായാമമാണ്. അത് നമ്മെ എവിടെയും എത്തിക്കുകയില്ല. പ്രളയത്തിനു ശേഷമുള്ള കേരളം എന്നല്ല, പ്രളയത്തിനും വനിതാ മതിലിനും ശേഷമുള്ള കേരളം എന്നാണ് ഇനി പറയേണ്ടത്.   

വനിതാ മതിലിനെതിരായി ധാരാളം വിമര്‍ശനങ്ങള്‍  ഉയര്‍ന്നു വരികയുണ്ടായല്ലോ? വര്‍ഗീയ മതില്‍ എന്നു വരെ വിമര്‍ശനമുണ്ടായി?

വര്‍ഗീയ മതിലെന്ന ആക്ഷേപം യാദൃച്ഛികമല്ല. പ്രമുഖ സവര്‍ണ്ണ ജാതി സംഘടനകള്‍ പിന്‍മാറിയതുകൊണ്ടാണ് വിമര്‍ശകര്‍ക്ക് ഇത് വര്‍ഗീയ മതില്‍ ആയത്. കീഴാള സമൂഹങ്ങള്‍ സംഘടിച്ച് പൊതുരംഗത്തു വരുന്നതിനെ വര്‍ഗീയതയായി ചിത്രീകരിക്കുന്ന പതിവു സമീപനം തന്നെയാണ് ഇവിടെയും കണ്ടത്. ഇത്രയധികം ആളുകള്‍ ഇതില്‍ പങ്കെടുക്കുമെന്ന് വിമര്‍ശകര്‍ കരുതിയില്ല എന്നതാണ് വാസ്തവം. എല്ലാ ജാതിയിലും മതത്തിലും പെട്ട സ്ത്രീകള്‍ മനുഷ്യമതിലിന്റെ ഭാഗമായി. അതെങ്ങനെ വര്‍ഗീയതയാവും. വനിതാ മതിലിനു ശേഷം കേരളം ചെകുത്താന്റെ നാടാകും എന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. ബ്രാഹ്മണാധിപത്യത്തെ എതിര്‍ത്ത മന്നത്തു പത്മനാഭനെ എന്‍എസ്എസ് മറന്നു കഴിഞ്ഞു. വര്‍ഗീയ വാദിയായ മന്നത്ത് പത്മനാഭനെയാണ് സുകുമാരന്‍ നായര്‍ക്ക് പരിചയം. അടുക്കളയിലും പുറത്തും നരകിച്ച്, ആരോഗ്യവും സ്വസ്ഥതയും സാമൂഹ്യ അംഗീകാരവും നഷ്ടപ്പെട്ടു കഴിയുന്നവരാണ്  ഇന്നും കേരളത്തിലെ സ്ത്രീകളില്‍ നല്ലൊരു വിഭാഗവും. അവര്‍ ഇതുപോലെ പൊതുവിടത്ത് പ്രത്യക്ഷപ്പെട്ട മറ്റൊരു സംഭവം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിന്റെ എത്രയോ ഇരട്ടി സ്ത്രീകള്‍ ഇതില്‍ പങ്കെടുത്തു. ഇതൊരു പ്രതീകാത്മക മുന്നേറ്റമാണ്. പ്രളയാനന്തര കേരളത്തിന്റെ പുന:സൃഷ്ടിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് ശക്തിപ്പെടുത്താന്‍ ഇത് പ്രേരണയാവും. സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും എന്‍എസ്എസിന്റെ നാമജപ സമരാഭാസത്തിന് എതിരാണെന്ന് ഇത് തെളിയിച്ചു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പില്‍ വരുത്താന്‍ ഈ 
സ്പിരിറ്റ് സഹായിക്കും.