Monday 11 February 2019

പ്രളയത്തിനും വനിതാമതിലിനും ശേഷമുള്ള കേരളം

ഷിജു ഏലിയാസ്/വിന്‍സന്റ് പീറ്റര്‍


സാമൂഹ്യ മുന്നേറ്റങ്ങളുടെ തീ പാറുന്ന ചരിത്രവുമായി നേരിട്ടു ബന്ധമില്ലാത്ത നമ്മുടെ പുതിയ തലമുറ ജാതിയുടെയും മതത്തിന്റെയും മതില്‍ക്കെട്ടുകള്‍ക്കുള്ളിലേക്ക് ചുരുങ്ങുകയാണെന്ന തോന്നല്‍ അസ്ഥാനത്താണെന്ന് പ്രളയകാലം തെളിയിച്ചു. പരസ്പര സഹകരണത്തിന്റെയും നിഷ്‌കപടമായ ഒത്തൊരുമയുടെയും അവസരമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാറി. നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ച്ചയും വികാസവും തങ്ങളുടെ കൈകളില്‍ സുരക്ഷിതമാണെന്ന്  കേരളത്തിലെ പുതു തലമുറ തെളിയിച്ചു. പരിസ്ഥിതിയെ അവഗണിക്കുന്ന വികസന കാഴ്ചപ്പാട് മുമ്പില്ലാത്ത വിധം തുറന്നു കാട്ടപ്പെട്ടു. സ്ത്രീയുടെയും  കീഴാളസമൂഹങ്ങളുടെയും വികാര വിചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ വിഭാഗങ്ങള്‍  രാഷ്ട്രീയസമൂഹത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ അത് പ്രകടമാക്കി. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് പുതിയ നിറവും ഭാവവും പകര്‍ന്നിരിക്കുന്നു. സ്വന്തം ശക്തി തെളിയിക്കാനുള്ള അവസരമായി ഇതിനെ ഏറ്റെടുത്ത  നവോത്ഥാന വിരുദ്ധര്‍ സ്ത്രീയുടെ പൗര സ്വാതന്ത്ര്യത്തിനെതിരെ സ്ത്രീകളെത്തന്നെ  തെരുവിലിറക്കി. പ്രളയത്തിനും വനിതാ മതലിനും ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് സാമൂഹ്യ ചിന്തകനും എഴുത്തുകാരനുമായ ഷിജു ഏലിയാസ് ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു

മലയാളിയുടെ വികസന സങ്കല്പങ്ങളെ പ്രളയകാലം എങ്ങനെയാണ് സ്വാധീനിച്ചത്? ശരാശരി മലയാളി പ്രളയത്തിനു മുമ്പും അതിനു ശേഷവും പിന്തുടരുന്ന മുതലാളിത്ത വികസന സങ്കല്‍പ്പങ്ങളില്‍ മാറ്റം സാധ്യമാണോ? ഈ ദിശയിലെ പുതിയ സംവാദങ്ങളെ എങ്ങനെ കാണുന്നു?

മനുഷ്യന്റെ അസ്തിത്വ ബോധത്തെ മുതലാളിത്തം വികലമാക്കുന്നത് എങ്ങനെയെന്ന ഫ്രാങ്ക്ഫര്‍ട്ട് ചിന്തകനായ  എറിക് ഫ്രോമിന്റെ വിശകലനമാണ് ഓര്‍മ വരുന്നത്. 'ഠീ ഒമ്‌ല ീൃ ഠീ ആല' എന്നാണ് അദ്ദേഹം ചോദിക്കുന്നത്. താന്‍ എന്താണ് എന്നതിന്റെ അടിസ്ഥാനത്തിലല്ല, തനിക്കെന്ത് സ്വന്തമാക്കാന്‍ കഴിയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് മുതലാളിത്ത മനുഷ്യന്‍ സ്വയം മനസ്സിലാക്കുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയുമടക്കം എന്തും കൂടുതല്‍ ഉപഭോഗവസ്തുക്കള്‍ ഉണ്ടാക്കുന്നതിനു വേണ്ടി മാത്രം ഉപയോഗിക്കുകയാണ് മുതലാളിത്തത്തിന്റെ രീതി. ഒരു ഉല്‍പ്പന്നവും വെറുതെ ഉണ്ടാക്കുന്നതല്ല. അതിന്റെ ലക്ഷ്യം മനുഷ്യനാണ്. ഇവിടെ മനുഷ്യന്‍ ഉപഭോക്താവായി ചുരുക്കപ്പെടുകയാണ്. ഒരു ഉല്‍പ്പന്നം തനിക്ക് ആവശ്യമുള്ളതാണെന്ന തോന്നല്‍ വ്യക്തിയില്‍ ജനിപ്പിക്കാനായാല്‍ മുതലാളിത്തം വിജയിച്ചു. കാട്ടില്‍ത്തന്നെ കഴിഞ്ഞു കൊള്ളാമെന്ന് പറയുന്ന ആദിവാസിയെ മുതലാളിത്തം ഭീകരനാക്കും. 'എന്റെ ദൈവം കുട്ടിച്ചാത്തനാ'ണെന്ന് പറയാന്‍ മുതലാളിത്ത യുഗത്തില്‍ എനിക്ക് അവകാശമില്ല. എന്റെ ദൈവത്തിന്റെ വിപണി മൂല്യമാണ് വിശ്വാസിയെന്ന നിലയിലുള്ള എന്റെ അന്തസ് തീരുമാനിക്കുന്നത്. ഉടുക്കുന്ന വസ്ത്രത്തിന്റെയും അടിക്കുന്ന ബോഡി സ്‌പ്രേയുടെയും ബ്രാന്റ് മൂല്യമാണ് എന്റെ വ്യക്തി മൂല്യം. ഞാനെന്താണ് എന്നതിന്റെസ്ഥാനത്ത് ഞാന്‍ എന്ത് സ്വന്തമാക്കുന്നു എന്ന പുതിയ അളവുകോല്‍ എന്റെ ഭാഗധേയം തീരുമാനിക്കുന്നു. Production of too many useful things results in too many useless people' എന്ന് മാര്‍ക്‌സ് ഒരിടത്ത് പറഞ്ഞിട്ടുണ്ട്. വ്യക്തിത്വമുള്ള മനുഷ്യനെ യാതൊരു വ്യക്തിത്വവുമില്ലാത്ത ഉപഭോക്താവായി ചുരുക്കുന്ന നമ്മുടെ വികസന കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രളയത്തിനു കഴിഞ്ഞു.  

ഒരു ബദല്‍ കാഴ്ചപ്പാട് ഇന്നത്തെ സാഹചര്യത്തില്‍ എത്രമാത്രം സാധ്യമാണ്? അതിനു പറ്റുന്ന സാമൂഹ്യ അന്തരീക്ഷം കേരളത്തിലുണ്ടോ?

മനോഹരമായ ഒരു താഴ്‌വര കണ്ടാല്‍, ഉയരമുള്ള ഒരു പാറക്കെട്ടു കണ്ടാല്‍, അവിടെ എങ്ങനെ ഒരു ടൂറിസം പ്രോജക്ട് കൊണ്ടു വരാം എന്നാണ് ഇന്ന് നമ്മള്‍ ചിന്തിക്കുന്നത്. ചതുപ്പുകള്‍ മണ്ണിട്ട് നികത്തി ഷോപ്പിങ്ങ് മാളുകള്‍ പണിയുന്നതാണ് ഇന്നത്തെ ഫാഷന്‍. വലിയൊരു സാധ്യത എന്തിന് വെറുതെ കളയണം എന്നതാണ് നമ്മള്‍ പതിവായി കേള്‍ക്കുന്ന ചോദ്യം. ഈ പാറക്കെട്ടുകളും താഴ്‌വരകളും കടല്‍ത്തീരവുമെല്ലാം പണ്ടു മുതല്‍ക്കേ ഉണ്ടായിരുന്നു. അതൊരു 'വേസ്റ്റാ'ണെന്ന് നമുക്ക് തോന്നിത്തുടങ്ങിയത് ഉപഭോഗത്തിന്റെ മനശ്ശാസ്ത്രം നമ്മെ കീഴടക്കിയതു മുതല്‍ക്കാണ്. കിഴുക്കാംതൂക്കായ മലഞ്ചെരിവുകളില്‍ എങ്ങനെ നാണ്യവിളകള്‍ കൃഷി ചെയ്ത് പണമുണ്ടാക്കാം എന്നാണ് നമ്മുടെ കാര്‍ഷിക ഗവേഷകര്‍ ഏറെക്കാലം അന്വേഷിച്ചു കൊണ്ടിരുന്നത്. പശ്ചിമഘട്ടം വലിയൊരളവുവരെ നശിപ്പിച്ചു കഴിഞ്ഞപ്പോഴാണ് വെറുതെ കിടന്ന കുന്നും മലകളും കാടും 'വെറുതെ' ആയിരുന്നില്ലെന്ന് നമ്മള്‍  മനസ്സിലാക്കിത്തുടങ്ങിയത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍  നമുക്കുള്ളിലെ മുതലാളിത്തവാദി കൂടുതല്‍ ഉയരത്തില്‍ തല പൊക്കി. കാടും മലയും പുഴയുമൊന്നുമല്ലല്ലോ, മനുഷ്യനല്ലേ പ്രധാനം എന്ന അശ്ലീലമായ ന്യായവും ഉന്നയിക്കപ്പെട്ടു. പ്രകൃതിയുടെ ഭാഗമാണ് താനെന്ന് ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവുപോലും ഇല്ലാതാക്കുന്നതാണ് മുതലാളിത്തത്തിന്റെ മനശ്ശാസ്ത്രം. പ്രളയം തുറന്ന തിരിച്ചറിവുകള്‍ മങ്ങാന്‍ മാസങ്ങളേ വേണ്ടിവന്നുള്ളൂ എന്നിടത്താണ് നമ്മള്‍ സ്വയം തെറ്റുകാരാവുന്നത്. 

വികസനത്തിന്റെ പ്രതിസന്ധി തരണം ചെയ്യാന്‍ നവോത്ഥാനാശയങ്ങള്‍ സഹായിക്കുമോ? ഇന്ന് നടക്കുന്ന നവോത്ഥാന ചര്‍ച്ചകള്‍ കൂടുതല്‍ ജീവിത യോഗ്യമായ ഒരു കേരളം രൂപപ്പെടുത്താന്‍ എത്രകണ്ട് കാരണമാവും?  

മുതലാളിത്തത്തിന്റെ വികാസ ഘട്ടത്തില്‍ എല്ലാ സമൂഹങ്ങളിലും കണ്ട അതേ പ്രതിസന്ധിയാണ് ഇന്ന് മലയാളിയും നേരിടുന്നത്. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം, വികാസമെന്നാല്‍ കൂടുതല്‍ ഉത്പ്പാദിപ്പിക്കലാണ്. കൂടുതല്‍ വില കൊടുത്തു വാങ്ങി ഉപയോഗിക്കലാണ്. വിലയില്ലാത്ത വസ്തു, അതെത്ര മികച്ചതാണെങ്കിലും ആവശ്യക്കാരുണ്ടാവില്ല. വിലയുണ്ടാവുമ്പോള്‍ വില കൊടുത്തു വാങ്ങാനും ആളുണ്ടാവും. കേരളത്തിലെ ഓരോ നാട്ടിന്‍ പുറത്തും അവിടത്തെ കാലാവസ്ഥയും നീരൊഴുക്കും രൂപപ്പെടുത്തിയ പാറക്കെട്ടുകളും ജലാശയങ്ങളും ഉണ്ടായിരുന്നു. പൊട്ടിച്ചു വിറ്റാല്‍ പണം കിട്ടുമെന്നായപ്പോള്‍ ക്വാറി മുതലാളിമാര്‍ ഈ സ്ഥലങ്ങളത്രയും വിപണി വിലയുടെ രണ്ടും മൂന്നും ഇരട്ടി വില കൊടുത്തു വാങ്ങി, പൊട്ടിച്ചു വിറ്റ് അതിന്റെ പത്തും ഇരുപതും ഇരട്ടി ലാഭമുണ്ടാക്കി. 'വീടും ആശുപത്രിയും പണിയാന്‍ കല്ലു കിട്ടിയില്ലേ, പാവപ്പെട്ടവന് പണി കിട്ടിയില്ലേ' എന്നൊക്കെ ചോദിച്ച് നാമതിനെ ന്യായീകരിച്ചു.

'T-he better shaped his product, the more misshapen the worker' എന്നാണ് അന്യവല്‍ക്കരണത്തെ കുറിച്ച് മാര്‍ക്‌സ് പറയുന്നത്. എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ മുടിച്ച്, ഉയര്‍ന്ന ഇടത്തരക്കാരനും പണക്കാരനും വേണ്ടി മണിസൗധങ്ങള്‍ പണിതു കൊടുത്ത പാവപ്പെട്ട പട്ടികജാതിക്കാരില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും മരിച്ചാല്‍ ശവം മറവു ചെയ്യാന്‍ ആറടി മണ്ണു പോലും സ്വന്തമായിട്ടില്ല. പ്രളയാനന്തര കാലത്ത് നവോത്ഥാന ചര്‍ച്ചകള്‍ സജീവമായത് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമല്ല. അതിനൊരു സാമൂഹ്യ പശ്ചാത്തലം കൂടിയുണ്ട്.  നാട്ടിന്‍ പുറങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ, തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെട്ടു. അവിടെ വീടുകളും ഫ്‌ളാറ്റുകളും വാണിജ്യാവശ്യത്തിനുള്ള ബഹുനില ഫ്‌ളാറ്റുകളും ഉയര്‍ന്നു. അതാണ് വികസനമെന്ന് നമ്മെ പഠിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘനകളും മല്‍സരിച്ചു കൊണ്ടിരുന്നു. മുതലാളിത്ത വികസന സങ്കല്പമാണ് നമ്മെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ആധുനിക പൗരസമൂഹം വികാസം പ്രാപിച്ചതോടെ, മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയടക്കമുള്ള സമ്പന്ന രാജ്യങ്ങള്‍ ഈ നിലപാടില്‍ നിന്ന് വളരെയധികം മാറി. നമ്മള്‍ ഇപ്പോഴും മാറിയിട്ടില്ല. രണ്ടോ മൂന്നോ അംഗങ്ങളുള്ള എന്‍ആര്‍ഐ  കുടുംബത്തിന് വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍ താമസിക്കാന്‍ മൂവായിരം ചതുരശ്ര അടിയോ അതിലധികമോ വലിപ്പമുള്ള വീടു പണിയാന്‍, നിലവിലെ നിയമപ്രകാരം, യാതൊരു തടസവുമില്ല. കാശുണ്ടായിട്ടല്ലേ എന്ന് നമ്മള്‍ ചോദിക്കും. പ്രകൃതിയുടെ ലോല ഭാവങ്ങള്‍ നിലനിര്‍ത്തുന്ന പാറക്കെട്ടുകളും മണ്ണിനെ ജലസമൃദ്ധമാക്കുന്ന തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കാന്‍ പണമുള്ളവര്‍ക്ക് ആരാണ് അധികാരം കൊടുത്തത് എന്നു ചോദിച്ചാല്‍ നിങ്ങള്‍ അസൂയക്കാരനും വികസന വിരുദ്ധനുമാകും. പ്രകൃതി വിഭവങ്ങളെ നിത്യനിദാനത്തിന് നേരിട്ട് ആശ്രയിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളാണ്. പ്രകൃതി വിഭവങ്ങളുടെ കൊള്ളയും പരിസ്ഥിതിനാശവും പ്രകൃതിക്കൊപ്പം അവരുടെ ജീവിതവ്യവസ്ഥകളെയും തകര്‍ക്കുന്നു. പാവപ്പെട്ട മല്‍സ്യത്തൊഴിലാളി എത്ര ചൂണ്ടയിട്ട് പിടിച്ചാലും,  എത്രയധികം വലയെറിഞ്ഞാലും കടലിലെ മല്‍സ്യസമ്പത്ത് ഇല്ലാതാവുകയില്ല. കല്ലാശാരി എത്ര കൊല്ലം ഉളിവച്ചു കീറിയാലും ഇന്ന് കാണുന്നതു പോലുള്ള പാറമടകള്‍ ഉണ്ടാകില്ല.  ആദിവാസികള്‍ എങ്ങനെയൊക്കെ വെട്ടി വെളുപ്പിച്ചാലും കാട്ടിലെ മുളയും ഈറ്റയും ചൂരലും തീരില്ല. എന്നിട്ടും നമ്മള്‍ സ്രാവിനും പരല്‍ മീനിനും ഒരേ ചൂണ്ടയിടുന്നു. അതു പോരെന്നാണ് പ്രളയകാലം പറഞ്ഞത്. ഒരു മഞ്ഞുകാലത്ത് അതൊക്കെ നമ്മള്‍ മറന്നതു പോലെ തോന്നുന്നു. അതു കൊണ്ടാണ് നമുക്ക് ഇത്രവേഗം മതവും ആചാരവും പറഞ്ഞ് തമ്മില്‍ ശകാരിക്കാന്‍ കഴിയുന്നത്.  

ഇന്നത്തെ വികസന ചര്‍ച്ചകളായാലും നവോത്ഥാന സംവാദമായാലും ആരുടെ ശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത് എന്ന ചോദ്യം പ്രസക്തമല്ലേ? ശബ്ദം നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി മാറാന്‍ ഈ സംവാദങ്ങള്‍ക്ക് കഴിയുന്നുണ്ടോ?

മണ്ണിനെ മറന്നാല്‍ മണ്ണില്‍ പണിയെടുക്കുന്നവരെ അവഗണിക്കാന്‍ എളുപ്പമാണ്. ആദിവാസിയോടും പട്ടികജാതിക്കാരനോടും പാവപ്പെട്ടവരില്‍ പാവപ്പെട്ടവനോടും നാം എന്തു ചെയ്തു എന്ന ചോദ്യം കൂടിയാണ് പ്രളയാനന്തര കേരളം ഉയര്‍ത്തിയത്. ഉപഭോഗ സംസ്‌കാരത്തിന്റെ തിരത്തള്ളലില്‍ നശിപ്പിച്ച മണ്ണിന്റെ, ഇല്ലാതാക്കിയ കാടിന്റെ, തകര്‍ത്ത പ്രകൃതിയുടെ മാര്‍ത്തട്ടില്‍ സ്വന്തം ജീവിതം ചേര്‍ത്തുവച്ചത് അവരാണ്. 'മുഖ്യധാര' എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന കേരളത്തിലെ സവര്‍ണ്ണ മധ്യവര്‍ഗപുരുഷന്‍ പ്രകൃതിയില്‍ ജീവിക്കുന്നവനല്ല, പ്രകൃതിയ ചൂഷണം ചെയ്ത് അതിന്റെ ചെലവില്‍ ജീവിക്കുന്നവനാണ്. പ്രളയത്തിന്റെ പാഠങ്ങള്‍ നമുക്ക് ഇത്രവേഗം മറക്കാന്‍ കഴിയുന്നത് ഈ മധ്യവര്‍ഗ മനശ്ശാസ്ത്രത്തിന്റെ പ്രഭാവം മൂലമാണെന്ന് ഞാന്‍ സംശയിക്കുന്നു.ചേരാത്ത ഒരു കാര്യം ഇതിനോട് ചേര്‍ത്ത് പറയാം. ജനുവരി ഒന്നിന്റെ വനിതാ മതില്‍ വിജയിപ്പിച്ചത് ഈ അടിസ്ഥാന ജനവിഭാഗങ്ങളാണ്. 

കാര്യങ്ങള്‍ പലപ്പോഴും പറച്ചിലില്‍ ഒതുങ്ങുകയാണല്ലോ? മുതലാളിത്ത സമൂഹത്തിന്റെ പരിമിതിക്കുള്ളില്‍ സര്‍ക്കാരിനും പുരോഗമന പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും എന്തു ചെയ്യാന്‍ കഴിയുമെന്ന മറുചോദ്യവും ഉയരുന്നുണ്ട്. എന്താണ് പ്രതികരണം?

ഭരിക്കുന്ന സര്‍ക്കാരിനും പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യം ബാലിശമാണ്. നമ്മള്‍ ജീവിക്കുന്ന മണ്ണല്ലാതെ നമുക്ക് പ്രവര്‍ത്തിക്കാന്‍ വേറെ ഇടമുണ്ടോ? കാലത്തിന്റെ  വെല്ലുവിളികള്‍ക്കു നേരെ കണ്ണടച്ചിട്ട് എവിടെ നിന്നാണ് പുരോഗമനം കൊണ്ടുവരിക? പ്രളയകാലത്ത് ഉയര്‍ന്നു വന്ന ആരോഗ്യകരമായ ചര്‍ച്ചകളും പ്രളയാനന്തരം ഉണ്ടായ നവോത്ഥാന സംവാദങ്ങളും ആധുനിക ജനാധിപത്യ പൗരസമൂഹത്തിലേക്കുള്ള നമ്മുടെ വഴി ഏതാണന്ന വ്യക്തമായ സൂചന തരുന്നുണ്ട്. പുസ്തകപ്പുഴുക്കളുടെ സിദ്ധാന്തങ്ങള്‍ ലൈബ്രറികളില്‍ വിശ്രമിക്കട്ടെ. ജീവിതമാണ് യഥാര്‍ത്ഥ പാഠപുസ്തകം. 'Philosophy stands in the same relation to the study of actual world as masturbation to sexual love' എന്ന് മാര്‍ക്‌സ് പറഞ്ഞത് ജീവിതഗന്ധിയല്ലാത്ത ദര്‍ശനത്തെ കുറിച്ചാണ്.  'സ്വയംഭോഗത്തിന് ലൈംഗിക പ്രണയവുമായുളള ബന്ധമേ അതിന് ജീവിതവുമായുള്ളൂ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമോ എന്ന് ചോദിക്കുമ്പോള്‍, 'തന്ത്രസമുച്ചയ' ത്തില്‍ എന്ത് പറഞ്ഞിരിക്കുന്നു എന്നന്വേഷിക്കുന്നത് ഈ രീതിയിലുള്ള ദാര്‍ശനിക വ്യായാമമാണ്. അത് നമ്മെ എവിടെയും എത്തിക്കുകയില്ല. പ്രളയത്തിനു ശേഷമുള്ള കേരളം എന്നല്ല, പ്രളയത്തിനും വനിതാ മതിലിനും ശേഷമുള്ള കേരളം എന്നാണ് ഇനി പറയേണ്ടത്.   

വനിതാ മതിലിനെതിരായി ധാരാളം വിമര്‍ശനങ്ങള്‍  ഉയര്‍ന്നു വരികയുണ്ടായല്ലോ? വര്‍ഗീയ മതില്‍ എന്നു വരെ വിമര്‍ശനമുണ്ടായി?

വര്‍ഗീയ മതിലെന്ന ആക്ഷേപം യാദൃച്ഛികമല്ല. പ്രമുഖ സവര്‍ണ്ണ ജാതി സംഘടനകള്‍ പിന്‍മാറിയതുകൊണ്ടാണ് വിമര്‍ശകര്‍ക്ക് ഇത് വര്‍ഗീയ മതില്‍ ആയത്. കീഴാള സമൂഹങ്ങള്‍ സംഘടിച്ച് പൊതുരംഗത്തു വരുന്നതിനെ വര്‍ഗീയതയായി ചിത്രീകരിക്കുന്ന പതിവു സമീപനം തന്നെയാണ് ഇവിടെയും കണ്ടത്. ഇത്രയധികം ആളുകള്‍ ഇതില്‍ പങ്കെടുക്കുമെന്ന് വിമര്‍ശകര്‍ കരുതിയില്ല എന്നതാണ് വാസ്തവം. എല്ലാ ജാതിയിലും മതത്തിലും പെട്ട സ്ത്രീകള്‍ മനുഷ്യമതിലിന്റെ ഭാഗമായി. അതെങ്ങനെ വര്‍ഗീയതയാവും. വനിതാ മതിലിനു ശേഷം കേരളം ചെകുത്താന്റെ നാടാകും എന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. ബ്രാഹ്മണാധിപത്യത്തെ എതിര്‍ത്ത മന്നത്തു പത്മനാഭനെ എന്‍എസ്എസ് മറന്നു കഴിഞ്ഞു. വര്‍ഗീയ വാദിയായ മന്നത്ത് പത്മനാഭനെയാണ് സുകുമാരന്‍ നായര്‍ക്ക് പരിചയം. അടുക്കളയിലും പുറത്തും നരകിച്ച്, ആരോഗ്യവും സ്വസ്ഥതയും സാമൂഹ്യ അംഗീകാരവും നഷ്ടപ്പെട്ടു കഴിയുന്നവരാണ്  ഇന്നും കേരളത്തിലെ സ്ത്രീകളില്‍ നല്ലൊരു വിഭാഗവും. അവര്‍ ഇതുപോലെ പൊതുവിടത്ത് പ്രത്യക്ഷപ്പെട്ട മറ്റൊരു സംഭവം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിന്റെ എത്രയോ ഇരട്ടി സ്ത്രീകള്‍ ഇതില്‍ പങ്കെടുത്തു. ഇതൊരു പ്രതീകാത്മക മുന്നേറ്റമാണ്. പ്രളയാനന്തര കേരളത്തിന്റെ പുന:സൃഷ്ടിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് ശക്തിപ്പെടുത്താന്‍ ഇത് പ്രേരണയാവും. സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും എന്‍എസ്എസിന്റെ നാമജപ സമരാഭാസത്തിന് എതിരാണെന്ന് ഇത് തെളിയിച്ചു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പില്‍ വരുത്താന്‍ ഈ 
സ്പിരിറ്റ് സഹായിക്കും.

No comments:

Post a Comment