Thursday 13 February 2020

ഒക്കിനാവന്‍ ചോറും ചപ്പാത്തിയിലെ കാന്‍സറും

ഡോ. രാജഗോപാല്‍ കെ
എം പി കൃഷ്ണന്‍ വൈദ്യന്‍ മെമ്മൊറിയല്‍ എസ്
കെ വി എ ഫാര്‍മസി
കൊല്ലം


ദീര്‍ഘായുസ്സിന്റെ പ്രാധാന്യം മുന്നില്‍ കണ്ട് അതിലേക്കുള്ള പാത പിന്‍തുടരാന്‍ മനുഷ്യനെ പഠിപ്പിച്ചത് രണ്ടു പൗരാണിക സംസ്‌കാരങ്ങളാണ്. ജാപ്പനീസ് സംസ്‌കാരത്തിലും പൗരാണിക ഭാരതീയ സംസ്‌കാരങ്ങളിലും തുടര്‍ന്നുവന്ന ആഹാര-വിഹാര രീതികള്‍ ദീര്‍ഘായുസ്സും ആരോഗ്യത്തിലേക്കും ഉള്ള കവാടങ്ങളാണ്. ആയുസ്സിന്റെ ശാസ്ത്രം ആണ് ആയുര്‍വേദം. ഒരു മനുഷ്യ ജീവിതത്തില്‍ ആയുസ്സ് നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പുരുഷാര്‍ത്ഥങ്ങള്‍ നേടാനും മറ്റുള്ളവര്‍ക്ക് നന്മചെയ്യാനും 'പ്രാണേഷ്ണഃ' നിലനിര്‍ത്തുക എന്നത് അഭിഭാജ്യമാണ്. വടക്കന്‍ ജപ്പാനിലെ 'ഒക്കിനാവ' എന്ന കൊച്ചു ദ്വീപ് ഈ വസ്തുക്കളുടെ ജീവിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ 'സെന്റിനേറിയന്‍സ്' (100 വയസിന് മുകളില്‍ പ്രായം ഉള്ളവര്‍) ന്റെ സാന്ദ്രത ഒക്കിനാവ എന്ന കൊച്ചു ദ്വീപില്‍ ആണ്. ഒക്കിനാവയില്‍ എല്ലാ 1 ലക്ഷം പേരിലും 24.6 പേര്‍ സുഖമായി 100 തികഞ്ഞ് ജീവിക്കുന്നവര്‍ ആണ്. ഹൃദയ സംബന്ധമായ രോഗങ്ങളും കാന്‍സറും വന്ന് മരിക്കുന്നവരുടെ എണ്ണം ജപ്പാനില്‍ വച്ച് ഏറ്റവും കുറവും ഈ ദ്വീപിലാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്നാണ് ഒക്കിനാവല്‍ ന്യൂട്രിഷന്‍. കണ്ണുകെട്ടി ഓടുന്ന ആധുനിക ലോകത്തിന് ആയുസിന്റെ വേദവും ഒക്കിനാവല്‍ സംസ്‌കാരവും നല്‍കുന്ന വെളിച്ചവും അവയുടെ താരതമ്യ പഠനവും നമുക്ക് നോക്കാം.

ആയുര്‍വേദ സിദ്ധാന്തപ്രകാരം ആഹാരം സേവിക്കേണ്ട അളവ് അഥവ 'മാത്ര' രണ്ടു കാര്യങ്ങളെ അപേക്ഷിച്ച് നിലകൊള്ളുന്നു. സേവിക്കുന്ന വ്യക്തിയുടെ ദഹനശേഷിയും, കഴിക്കുന്ന ആഹാരത്തിന്റെ സ്വഭാവവും. ചരകന്‍, താരതമ്യേന വേഗം ദഹിക്കുന്നവയെ 'ലഘു അന്നം' എന്നും ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവയെ 'ഗുരു അന്നം' എന്നും വിഭജിക്കുന്നു.

ലഘു അന്നം
  1.  ഉദാ: ചെന്നല്ലരി, നവരയരി, ചെറുപയറ്, കാട മാംസം
  2. തൃപ്തി ആകുന്ന മാത്രയില്‍ സേവിക്കാം
  3. അധികമായി സേവിച്ചാല്‍ അല്പദോഷമേ ഉണ്ടാകൂ.

ഗുരു അന്നം
  1. ഉദാ:അരിമാവ്, ഗോതമ്പ് മാവ്, മൈദ (വിഷ്ട അന്നം) പാല്‍, ഉഴുന്ന്, മത്സ്യം, ബീഫ്, പോത്ത്, പന്നി തുടങ്ങിയ മാംസങ്ങള്‍
  2. തൃപ്തി വരുന്നതിന്റെ നാലില്‍ മൂന്ന് അളവിലോ രണ്ടില്‍ ഒന്ന് അളവിലോ മാത്രം സേവിക്കുക
  3. അധികമായി സേവിച്ചാല്‍ രോഗകാരി ആയി നിലകൊള്ളുന്നു.

ആഹാരത്തിന്റെ മാത്ര വ്യക്തിനിഷ്ഠമായ ദഹനശേഷിയെ ആശ്രയിച്ച് നില്‍ക്കുന്നു. വ്യായാമംകൊണ്ടും ദഹനശേഷി വര്‍ദ്ധിച്ചിരിക്കുന്നവരില്‍ ഗുരു അന്നം സേവിക്കുന്നതില്‍ തെറ്റില്ല എന്ന് സാരം. എന്നിരുന്നാലും ആയുര്‍വേദ മതപ്രകാരം വയറിന്റെ 3/4 അളവോ 1/2 അളവോ മാത്രം ആഹാരം സേവിക്കുക. ഗുരു അന്നം സ്ഥിരമായി ശീലിക്കുന്നത് ശാരീരിക ദോഷങ്ങള്‍ ഉണ്ടാക്കുകയും രോഗോത്പത്തിക്ക് കാരണമാവുകയും ചെയ്യുന്നു. ശാരീരിക പ്രകൃതിയെ ഉപഹനിക്കാതെ മാത്രക്ക് അനുസരിച്ച് ആഹാരം കഴിക്കുന്നവര്‍ ബലം, വര്‍ണ്ണം, സുഖം, ആയുസ്സ് എന്നിവയെ നിശ്ചയമായും പ്രാപിക്കുമെന്നത് ചരക മതം. ജപ്പാനില്‍ 'ഹാര ഹാച്ചി ബു' എന്ന വാചകം ഭക്ഷണം കഴിക്കുന്നതിന് മുന്നെയും ശേഷവും നിത്യം ചൊല്ലുന്നതാണ് ഇതിന്റെ അര്‍ത്ഥം 'വയറ് 80% മാത്രം നിറയ്ക്കുക' എന്നതാണ് 'സേനന്‍ യാജ്‌നി' എന്ന 12-ാം നൂറ്റാണ്ടില്‍ എഴുതിയ ബുദ്ധിസ്റ്റ് ഗ്രന്ഥത്തില്‍ മൂന്നില്‍ രണ്ട് ഭാഗം മാത്രം സേവിക്കാന്‍ അനുശാസിക്കുന്നു. ഇന്നും ബുദ്ധ സന്യാസിമാരുടെ ഇടയില്‍ ഈ തത്വം നിരന്തരം ശീലിക്കുന്നു ഇവ ബുദ്ധിസ്സവും ആയുര്‍വേദവും തമ്മിലുള്ള പൗരാണിക ബന്ധത്തെ സൂചിപ്പിക്കുന്നു. 'ഇക്കിഗായ്' എന്ന പുസ്തകത്തില്‍ ഈ വസ്തുക്കളെ കുറിച്ച് വിശദീകരിക്കുന്നു.
ആയുര്‍വേദ മത പ്രകാരം സ്ഥിരമായും അധികമായും ശീലിക്കാന്‍ പാടില്ലാത്ത ആഹാരങ്ങള്‍ കൂര്‍ച്ചിക, കിലാടം (പാല്‍ പിരിച്ച് ഉണ്ടാക്കുന്നവ), പന്നിമാംസം, ഗോമാംസം, മത്സ്യം, തൈര്, ഉഴുന്ന്, തുവര സ്ഥിരമായി ശീലിക്കാവുന്നവ ചെന്നല്ലരി, നവരയരി, ചെറുപയറ്, ഇന്തുപ്പ്, നെല്ലിക്ക, യവം, മഴ വെള്ളം, നെയ്യ്, തേന്‍, ജാംഗല മാംസം (ഉദ: കാട)

ഏതൊരു ആഹാര വിഹാരാദികള്‍ കൊണ്ട് ആരോഗ്യത്തെ നിലനിര്‍ത്തുവാന്‍ കഴിയുന്നുവോ അവയേയും ഏതൊന്ന് ഇല്ലാത്ത രോഗങ്ങളെ ഉണ്ടാക്കാതിരിക്കുന്നുവോ അതിനേയും എല്ലായ്‌പ്പോഴും ശീലിക്കണം. ഇവിടെ ചെറുപയറ് ശീലിക്കാന്‍ വിധിക്കുന്നു എന്നാല്‍ അവ കഴിച്ചാല്‍ ഗ്യാസ് ഉണ്ടാകുന്ന വ്യക്തികളില്‍ അവ വ്യക്തിനിഷ്ഠമായി ശീലിക്കരുത് എന്ന് മനസ്സിലാക്കുക.

ഡബ്ല്യു എച്ച് ഒ കണക്കുകള്‍ പ്രകാരം ഏറ്റവും ദീര്‍ഘായുസ്സ് ഉള്ള മനുഷ്യര്‍ ജപ്പാനിലാണ് പുരുഷന്മാര്‍ക്ക് 85 ഉം സ്ത്രീകള്‍ക്ക് 87.3 വയസ്സുമാണ് ശരാശരി പ്രായം ഇന്ത്യയില്‍ ഇത് 68 ആണെന്ന് ഓര്‍ക്കുക ശരാശരി 20 വയസ്സിന്റെ വ്യത്യാസം. ജപ്പാനില്‍ തന്നെ ഒക്കിനാവന്‍ പ്രോവിന്‍സ് ആണ് അതില്‍ ലോക മുത്തശ്ശി. ബ്രാഡ്‌ലി ജെ വില്‍കോസും ഡി ക്രേഗ് വില്‍കോസ്സും മകോട്ടൊ സൂസൂക്കി എന്ന പ്രശസ്ത കാര്‍ഡിയോളജിസ്റ്റും ചേര്‍ന്ന് തയ്യാറാക്കിയ 'ദി ഒക്കിനാവ പ്രോഗ്രാം' എന്ന പുസ്തകമാണ് ഒക്കിനാവന്‍ ആഹാര ശൈലികളെ വിവരിക്കുന്ന ആധികാരിക ഗ്രന്ഥം. അവയില്‍ കണ്ടെത്തിയ വിവരണങ്ങള്‍ ഇങ്ങനെ.
  • ഒക്കിനാവന്‍ സംസ്‌കാരത്തില്‍ അവര്‍ 206 വിവിധതരം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഒരു ദിവസം തന്നെ 18 തരം ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും നിറഞ്ഞ സമ്പുഷ്ടമായ ആഹാര ശൈലി.
  • ഒരു ദിവസം അഞ്ചോ അതില്‍ അധികമോതരം പച്ചക്കറികളും പഴങ്ങളും സേവിക്കുന്നു. വിവിധ നിറങ്ങളില്‍ ഉള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനെ 'ഈറ്റിംഗ് ദി റെയിന്‍ബോ' എന്ന് വിശേഷിപ്പിക്കാം. ഒരു നേരത്തെ ഭക്ഷണത്തില്‍ തന്നെ ക്യാരറ്റ്, ചീര, കോളിഫ്‌ളവര്‍, ബ്രിഞ്ചാള്‍ ഇങ്ങനെ വിവിധ നിറത്തിലെ പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗം, സോയ എന്നിവ കൊണ്ട് നിറഞ്ഞത്. 30% ഒക്കിനാവല്‍ ഭക്ഷണവും പച്ചക്കറികള്‍ നിറഞ്ഞതാണ്.
  • ചോറാണ് ഒക്കിനാവന്‍ ഡയറ്റിലെ അടിസ്ഥാന ധാന്യം. ജപ്പാനില്‍ ചോറ് ദിവസവും സേവിക്കുന്ന ധാന്യമാണ്. ഗ്ലൂട്ടന്‍ അടങ്ങുന്ന ഗോതമ്പ്, മൈദ, റവ തുടങ്ങിയവ അവര്‍ ഉപയോഗിക്കാറില്ല.
  • പഞ്ചസാരയും മറ്റു മധുര പലഹാരങ്ങളും അധികം ഉപയോഗിക്കാറില്ല.
  • ഉപ്പിന്റെ ഉപയോഗം വളരെ കുറവാണ് ഒക്കിനാവയില്‍. ശരാശരി 7 ഗ്രാമില്‍ താഴെ ആണ് ഒരു ദിവസത്തെ ഉപയോഗം, 12-18 ഗ്രാം വരെയാണ് മറ്റു സ്ഥലങ്ങളിലെ ശരാശരി.
  • ഒക്കിനാവന്‍ രീതിയില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കലോറിയും വളരെ കുറവാണ്. 1785 കാലറി ആണ് ശരാശരി ഉപയോഗിക്കുന്നത്. 2200-2800 വരെ ആണ് ആധുനിക മനുഷ്യന്‍ തിന്ന് തീര്‍ക്കുന്നത്.

കുറഞ്ഞ കാലറി ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഇന്‍സുലിന്‍ ലൈക്ക് ഗ്രോത്ത് ഫാക്ടര്‍ - 1 എന്ന, പ്രോട്ടീന്റെ അളവ് കുറയുകയും അതുകൊണ്ട് പ്രായ പ്രക്രിയയ്ക്ക് വേഗത കുറയുകയും ചെയ്യുന്നു. ലഘു അന്നം മാത്ര അനുസരിച്ച് സേവിക്കണം എന്ന ആയുര്‍വേദ വചനം ഇത് തന്നെയാണ് കാണിക്കുന്നത്. ഇത് വഴി പ്രമേഹം, കാന്‍സര്‍ തുടങ്ങിയവയുടെ രോഗഗതിക്ക് തടയിടുവാനും സാധിക്കും.

ഒക്കിനാവന്‍ സംസ്‌കാരത്തില്‍ സേവിക്കുന്ന 15 തരം ആന്റി ഓക്‌സിഡന്റ്‌സ് നിറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍.
ടോഫു (സോയ), മീസൊ, ട്യൂണ (മത്സ്യം), ക്യാരറ്റ്, ഗോയ (കയ്പയ്ക്ക വര്‍ഗ്ഗം), കോമ്പു (കടല്‍ സസ്യം), ക്യാബേജ്, നോറി (കടല്‍ സസ്യം), വലിയ ഉള്ളി, സോയ സ്പ്രൗട്ട് (മുളപ്പിച്ചത്), ഹെചിമ (വെള്ളരിക്ക വര്‍ഗ്ഗം), സോയബീന്‍, മധുര കിഴങ്ങ്, കുരുമുളക്, റെഡ് പെപ്പര്‍, സാന്‍പിന്‍ - ച (ജാസ്മിന്‍ ടീ)
'സാന്‍പിന്‍-ച' എന്നത് ഗ്രീന്‍ ടീയും മുല്ലപ്പൂവും ചേര്‍ത്ത് ഉണ്ടാക്കുന്ന ചായ ആണ്. ഒക്കിനാവക്കാര്‍ 3 കപ്പ് വരെ അവ സേവിക്കുന്നു, കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും, ബലം വര്‍ദ്ധിക്കുന്നതിനും വിശേഷ ഔഷധം കൂടിയാണ് 'സാന്‍പിന്‍ - ച'. ആയുര്‍വേദം അനുശാസിക്കുന്ന ഭക്ഷ്യശൈലിയും ഒക്കിനാവന്‍ ശൈലിയും തമ്മില്‍ വളരെ സാമ്യത കാണാം.

  • രണ്ട് സംസ്‌കാരങ്ങളും വയറിന്റെ 3/4 ഭാഗം മാത്രം ഭക്ഷണം സേവിക്കാന്‍ അനുശാസിക്കുന്നു.
  • അരി (ചെന്നലരി, ഞവരയരി) തുടങ്ങിയവ പ്രധാന ധാന്യം ആയി ഉപയോഗിക്കുന്നു. ഗ്ലൂട്ടന്‍ അടങ്ങിയ ഗോതമ്പ്, മൈദ തുടങ്ങിയവ തീരെ ഉപയോഗിക്കുന്നില്ല.
  • അല്പ മാത്രയില്‍ ആഹാരം സേവിക്കാന്‍ അനുശാസിക്കുന്നു. കുറഞ്ഞ കാലറി ഭക്ഷണങ്ങള്‍ വിവിധ തരം ന്യൂട്രിഷന്‍ അടങ്ങുന്ന പഴങ്ങളും പച്ചക്കറികളും.
  • കുറഞ്ഞ അളവില്‍ ഉപ്പ്, പഞ്ചസാര ഉപയോഗം. ആയുര്‍വേദത്തില്‍ ഇന്തുപ്പ് ദിവസവും ഉപയോഗിക്കാന്‍ വിധിക്കുന്നു.
  • പ്രധാനമായും സസ്യ ആഹാരം ശീലിക്കാന്‍ അനുശാസിക്കുന്നു. മാംസം, തൈര്, പാല്‍വര്‍ഗ്ഗങ്ങള്‍ എന്ന ഗുരു ആയ ആഹാരങ്ങളുടെ ഉപയോഗം ശീലിക്കാതിരിക്കുക.

ലോകത്ത് ഇന്ന് കാണുന്ന കാന്‍സറുകളില്‍ 30-50% രോഗങ്ങളും ആഹാര-വിഹാര ക്രമീകരണങ്ങള്‍ കൊണ്ട് തടയിടുവാന്‍ സാധിക്കുന്നവയാണ്. അന്നനാളം, ആമാശയം, കരള്‍ തുടങ്ങിയവയില്‍ വരുന്ന അര്‍ബുദങ്ങള്‍ ഭൂരിഭാഗവും നമ്മുടെ ആഹാരശൈലിയും വ്യായാമക്കുറവും കാരണം രൂപപ്പെടുന്നതാണ്. പുകവലിയും മദ്യപാനവും അര്‍ബുദ രോഗത്തിലേക്ക് നയിക്കാവുന്ന പ്രധാന കാരണങ്ങള്‍ ആണ്. എന്നിരുന്നാലും ആഹാരവും വ്യായാമക്കുറവും തന്നെയാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളെയും ഹൃദ്രോഗികളെയും സൃഷ്ടിക്കുന്നത്. കേരളം ആണ് ഇന്ന് ഇന്ത്യയിലെ കാന്‍സര്‍ തലസ്ഥാനം ഇതിന് പ്രധാനകാരണം മലയാളികളുടെ ആഹര ശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ്. ഗ്ലൂട്ടന്‍ അടങ്ങിയ ഗോതമ്പ്, മൈദ, റവ എന്നിവയുടെ നിത്യ ഉപയോഗം, അമിതമായ മാംസാഹാര ശീലം, പാല്‍ തൈര് മറ്റ് പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും മലയാളിയുടെ കുടലില്‍ ഇംഫ്‌ളമേഷന്‍ ഉണ്ടാക്കുകയും മലബന്ധം, കൂടുതല്‍ തവണ മലം അയഞ്ഞു പോകുകയും അര്‍ശസ്സ്, ഫിഷര്‍ തുടങ്ങിയ രോഗാവസ്ഥയ്ക്കും കാരണം ആകുന്നു. നിരന്തരം കുടലില്‍ ഉണ്ടാകുന്ന ചുടുച്ചില്‍ മൂലം കുടലിലെ കോശങ്ങള്‍ക്കും ബാക്ടീരിയയ്ക്കും മാറ്റങ്ങള്‍ സംഭവിക്കുകയും അവ കോശങ്ങള്‍ക്ക് മ്യൂട്ടേഷന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുടലില്‍ ബാക്ടീരിയയ്ക്ക് വരുന്ന മാറ്റങ്ങള്‍ ശരീര കോശങ്ങളില്‍ മ്യൂട്ടേഷന്‍ ഉണ്ടാക്കി അര്‍ബുദ വളര്‍ച്ചയ്ക്ക് സാധ്യത കൂട്ടുന്നു.

നമ്മള്‍ ജനിക്കുമ്പോള്‍ കുടിക്കുന്ന മുലപ്പാല്‍ മുതല്‍ ഇന്നലെ രാത്രി കഴിച്ച പെറോട്ടവരെ ശരീരത്തിലെ ഓരോ കോശം രൂപപ്പെടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങള്‍ കഴിക്കുന്നത് ആണ് നിങ്ങളായി പരിണമിക്കുന്നത് എന്ന പ്രപഞ്ച സത്യം ഉള്‍ക്കൊള്ളാന്‍ മനുഷ്യന് ഇത് വരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് കശ്യപ മഹര്‍ഷി ആഹാരത്തെ മഹാഭൈഷജ്യം എന്ന് വിളിക്കുന്നത്. ആഹാര ശീലങ്ങള്‍ ലോകത്ത് സിഗരറ്റ്, മദ്യം എന്നിവയുടെ എത്രയോ ഇരട്ടി മനുഷ്യരെ കൊല്ലുന്നു. പെറോട്ടയും ബീഫും 
കഴിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന ചുടിച്ചിലും കോശ വ്യതിയാനങ്ങളും മദ്യത്തെക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ്.

എന്താണ് ഗ്ലൂട്ടന്‍
ഗ്ലൂട്ടന്‍ എന്നത് ഗോതമ്പ്, മൈദ, റൈ തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങളില്‍ കാണുന്ന പ്രോട്ടീന്‍ ആണ്. പൗരാണിക ധാന്യങ്ങളില്‍ ഗ്ലൂട്ടന്റെ അളവ് വളരെ കുറവായിരുന്നു. 2-3%. എന്നാല്‍ 'ഗ്രീന്‍ റെവല്യൂഷ'നുശേഷം രോഗ പ്രതിരോധ ശേഷി വര്‍ദ്ധിച്ച, ഗ്ലൂട്ടന്‍ 18% വരെ ഉള്ള 'സൂപ്പര്‍ ക്രോപ്‌സ്' എന്ന് അറിയപ്പെടുന്നവയാണ് ഇന്ന് കൃഷി ചെയ്യുന്നത്. ബേക്കറി, പേസ്ട്രി, ബര്‍ഗര്‍ ഇന്‍ഡസ്ട്രി എന്നിവയില്‍ ഗ്ലൂട്ടന്‍ കൂടിയ ഗോതമ്പ്, മൈദ എന്നിവ ഉപയോഗം അനിവാര്യമാക്കി. ഗ്ലൂട്ടന്‍ പശ പോലെയാണ് വേഗം ഒട്ടിപ്പിടിക്കും. 18% ഗ്ലൂട്ടന്‍ ഉള്ള ഗോതമ്പ്, മൈദ, റവ എന്നിവയാണ് ഇന്ന് നമുക്ക് ലഭിക്കുന്നത്. ഗ്ലൂട്ടന്‍ ദഹിപ്പിക്കാന്‍ മനുഷ്യന്റെ കുടലുകള്‍ക്ക് സാധിക്കില്ല. ചപ്പാത്തി കഴിക്കുമ്പോള്‍ ദഹിക്കാത്ത ഗ്ലൂട്ടന്‍ കാരണം, 'സീറം സോണുലിന്‍' എന്ന വസ്തു ഉത്പാദനം കൂടുന്നു. സോണുലിന്‍ കുടലില്‍ ആഹാര രസം വലിച്ചെടുക്കേണ്ട ദ്വാരങ്ങള്‍ വലുതാക്കുന്നു അവയിലൂടെ ദഹിക്കാത്ത ഗ്ലൂട്ടനും മറ്റ് ആഹാരവിഷങ്ങള്‍ രക്തത്തിലേക്ക് കലരുന്നു. ഇവ പലതരം ആന്റിബോഡീസ് പ്രവര്‍ത്തിപ്പിക്കുകയും പ്രമേഹം, വാതരക്തം, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് കാരണം ആകുന്നു. നിങ്ങള്‍ പിസ്സ കഴിച്ച ശേഷം അല്ലെങ്കില്‍ പറോട്ട കഴിച്ച ശേഷം വയറ് പെരുകുന്നതും ഗ്യാസ് ഉണ്ടാകുന്നതും ഗ്ലൂട്ടന്‍ കുടലില്‍ ഉണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനം മൂലം ആണ്.

പ്രമേഹ രോഗികള്‍ 'ചപ്പാത്തി' കഴിക്കണം എന്ന മണ്ടന്‍ ആശയം, കേരളത്തില്‍ പ്രചരിപ്പിച്ചത് അല്പജ്ഞാനികളായ മെഡിക്കല്‍ സമൂഹം തന്നെയാണ്. വേഗത്തില്‍ ഗ്ലൂക്കോസായി പരിണമിച്ച് ഇന്‍സുലിന്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങളെ പ്രൊ ഇംഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍ എന്ന് പറയുന്നു. ഇന്ന് മാര്‍ക്കറ്റില്‍ ഉപയോഗിക്കുന്ന പാക്കറ്റ് ഗോതമ്പിന്റെ ഗ്ലൈസിമിക്ക് ഇന്‍ടെക്‌സ് 80% ആണ്. വെള്ളത്തിന് 0% ഒരു ടീസ്പൂണ്‍ പഞ്ചസാരയ്ക്ക് 100% എന്നതാണ് ഗ്ലൈസിമിക്ക് ലെവല്‍.

100-200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലും മറ്റും ഉത്പാദിപ്പിച്ച ഗോതമ്പില്‍ 2-3% ഗ്ലൂട്ടന്‍ മാത്രമെ ഉള്ളു. അവയുടെ ഗ്ലൈസിമിക് ലെവല്‍ 20-30% ആയിരുന്നു. പൗരാണിക ഗോതമ്പിനെ 'ഗോധൂമം' എന്നാണ് സംസ്‌കൃതത്തില്‍ ചരകന്‍ വിശേഷിപ്പിക്കുന്നത് അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഗോധൂമം, യവം എന്നിവ ഭക്ഷണമായി ഉപയോഗിക്കാന്‍ വിധിക്കുന്നു. 20% ഗ്ലൈസിമിക്ക് ലെവല്‍ ഉള്ള 'ഗോധൂമം' വിധിച്ചെടത്ത് 80% ഉള്ള 'ആട്ട' ഉപയോഗിക്കുന്നത് തികച്ചും അശാസ്ത്രീയവും അപകടകരവുമാണ്. ചപ്പാത്തി സേവിച്ചാല്‍ ഗ്ലൂക്കോസ് കൂടുകമാത്രമല്ല പ്രശ്‌നം ഗ്ലൂട്ടന്‍ ഉണ്ടാക്കുന്ന ആന്റി ബോഡീസ് പ്രമേഹ രോഗം വഷളാക്കുകയും ചെയ്യുന്നു. കൂടാതെ വാതരക്തം, അര്‍ബുദം തുടങ്ങിയ അനുബന്ധരോഗത്തിനും കാരണം ആകുന്നു.

ലോകത്ത് 1% ആള്‍ക്കാര്‍ സീലിയക്ക് രോഗം ഉള്ളവരാണ്, 50-60% ആള്‍ക്കാര്‍ ഗ്ലൂട്ടന്‍ അസഹിഷ്ണുത ഉള്ളവര്‍, ഗോതമ്പ് 8-ാമത് മികച്ച അലര്‍ജന്‍ കൂടിയാണ്. അതുകൊണ്ടാണ് ഇന്ന് ഏറ്റവും കൂടുതല്‍ കുടല്‍ മലാശയ അര്‍ബുദങ്ങള്‍ കാണുന്നത് വടക്കെ ഇന്ത്യയിലും കേരളത്തില്‍ മലബാര്‍ പ്രദേശത്തുമാണ്. മലബാറില്‍ നോമ്പ് തുറക്കാന്‍ ഉപയോഗിക്കുന്ന മിക്ക പലഹാരങ്ങളും മൈദ ചേര്‍ന്നതാണ്, പറോട്ട മലബാറുകാരന്റെ കാമുകിയും, ഈ പ്രണയം ചോര തുപ്പിചാവുന്നതു വരെ മലയാളി തുടരും. പ്രമേഹ രോഗികള്‍ ചപ്പാത്തി പ്രണയം നിര്‍ത്തി ചെന്നലരി, നവരയരി, റാഗി, ക്യുനോവ തുടങ്ങിയ ധാന്യങ്ങള്‍ ഉപയോഗിക്കണം. പച്ചക്കറികള്‍ കൂടുതലായും ഉള്‍പ്പെടുത്തണം. ഏതെങ്കിലും ഡോക്ടര്‍മാര്‍ ചപ്പാത്തി തിന്നാന്‍ പറഞ്ഞാല്‍ ഈ വസ്തുത ചോദിച്ച് അറിയുകയും ചെയ്യണം.

മാംസാഹാര ശീലമാണ് കാന്‍സര്‍ വളരെ അധികം വര്‍ദ്ധിക്കാന്‍ മറ്റൊരു കാരണം. ബര്‍ഗര്‍, പിസ്സ, സോസേജ് എന്നിവയില്‍ ഉള്ള പ്രൊസെസ്ഡ് മാംസം ഗ്രൂപ്പ് -1 കാര്‍സിനോജന്‍ ആയി ആണ് ഡബ്ല്യു എച്ച് ഒ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഗ്രൂപ്പ് - 1 കാര്‍സിനോജന്‍സ് ആസ്‌ബെസ്‌റ്റോസ്, പുകയില, പ്ലൂട്ടോണിയം. അതെ കേട്ടതു ശരിതന്നെ 'പ്ലൂട്ടോണിയ'വും മാംസവും കാന്‍സര്‍ ഉണ്ടാക്കാന്‍ ഒരുപോലെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. കുട്ടികള്‍ക്ക് ബര്‍ഗര്‍ കൊടുക്കുമ്പോള്‍ ഒരു ബാര്‍ പ്ലൂട്ടോണിയമാണ് നിങ്ങള്‍ സ്‌നേഹത്തോടെ വായില്‍ വയ്ക്കുന്നത് എന്ന് ഓര്‍ക്കുക. ചിക്കന്‍, മട്ടണ്‍, ബീഫ്, പോര്‍ക്ക് തുടങ്ങിയതില്‍ അടങ്ങിയിരിക്കുന്ന ഡെഡ് മീറ്റ് ബാക്ടീരിയല്‍ ടൊക്‌സിന്‍സ് വളരെ വേഗം ഇംഫ്‌ളമേഷന്‍ തുടങ്ങുന്നു. ദിവസവും 50 ഗ്രാം മാംസം കഴിച്ചാല്‍ കുടല്‍ മാലാശയ അര്‍ബുദത്തിനുള്ള സാധ്യത 18% വര്‍ദ്ധിക്കുന്നു, പ്രമേഹം വരാനുള്ള സാധ്യത 51% വരെ വര്‍ദ്ധിക്കുന്നു.

പാലും പാല്‍ ഉല്‍പ്പനങ്ങളും ഇന്ന് എല്ലാ വിധ ഭക്ഷണത്തിലും ചേര്‍ത്ത് കാണുന്നു. പാലില്‍ ഉള്ള പ്രോട്ടീനുകള്‍ കുട്ടികള്‍ക്ക് ദഹിപ്പിക്കാന്‍ കഴിവുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ലഭിക്കുന്ന പാല്‍, തൈര് ഉല്‍പന്നങ്ങളില്‍ ആന്റിബയോട്ടിക്ക് അളവ് വളരെ കൂടുതല്‍ ആണ്. ലാക്ടോസ് ഇന്‍ടോളറന്‍സ്, കുട്ടികളില്‍ ഓട്ടിസം ലക്ഷണങ്ങള്‍ വരുന്നതിനും അലര്‍ജി തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് പ്രധാന കാരണം പാലും പാലില്‍ അടങ്ങിയിരിക്കുന്ന ആന്റി ബയോട്ടിക്‌സുമാണ്. അതുകൊണ്ടുതന്നെ 'ഓട്ടിസം ഫ്രീ പ്രോട്ടോകോള്‍, ഗ്ലൂട്ടന്‍ ഫ്രീ, ഡയറി ഫ്രീ, ക്രസീന്‍ ഫ്രീ) ഡയറ്റ് ആണ് അനുശാസിക്കുന്നത്.

ആരോഗ്യത്തിനും കാന്‍സര്‍ മുതലായ രോഗങ്ങള്‍ വരാതിരിക്കാനും ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റ് പാലിക്കുക എന്നത്. അനിവാര്യമാണ്. ആന്റി ഇഫ്‌ളമേറ്ററി ഡയറ്റില്‍ ശ്രദ്ധിക്കേണ്ടവ:
  • ഗ്ലൂട്ടന്‍ അടങ്ങിയ ഗോതമ്പ്, മൈദ, റവ ഉദാ: ബിസ്‌ക്കറ്റ്, പിസ, ബര്‍ഗര്‍ എന്നിവ ഒഴിവാക്കുക.
  • സസ്യ ആഹാരം ശീലിക്കുക ധാരാളം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും സേവിക്കുക.
  • പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ കുറയ്ക്കുക ഉദാ: ചായ, ഐസ്‌ക്രീം പകരം തേങ്ങാ പാല്‍, സോയ മില്‍ക്ക് എന്നിവ ഉപയോഗിക്കുക.

ഗ്ലൂട്ടന്‍ അധികം ഉള്ള ഭക്ഷണങ്ങള്‍ (ഒഴിവാക്കേണ്ടത്) ഗോതമ്പ്, ബാര്‍ളി, റൈ, ട്രിടികേല്‍ (ഹൈബ്രിഡ് - ഗോതമ്പ് + റൈ), മൈദ, ബീര്‍ ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണം മില്ലറ്റ്, റാഗി, റൈസ്, സൊര്‍ഗം, സോയ, മേസ്, ക്യുനോവ, അമരാന്ത്, ആരോറൂട്ട്, കപ്പ, കിഴങ്ങ്പ്ലൂ ട്ടോണിയം കഴിച്ചു വളരുന്ന ഒരു തലമുറയാണ് ഇന്ന് നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. എന്നിട്ട് എന്തേ കേരളത്തില്‍ ഇത്രയും കാന്‍സര്‍ വരുന്നത് എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ മര കൊമ്പില്‍ ഇരുന്ന് മഴുകൊണ്ട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവന്റെ കഥയാണ് ഓര്‍മ്മവരുന്നത്. ഹാഫ് ബേക്ട് ചപ്പാത്തിയും ബീഫും ഐസ്‌ക്രീം ഷേക്കും കുഞ്ഞുങ്ങള്‍ക്ക് വിളമ്പുന്ന മാതാ-പിതാക്കളെ, ചെര്‍ണോബില്‍ പ്ലൂട്ടോണിയത്തില്‍ കത്തി എരിഞ്ഞതുപോലെ എരിയും അവരുടെ ശരീരവും.

No comments:

Post a Comment