Saturday 13 April 2019

പ്രമേഹരോഗികളില്‍ ദുഷ്‌ക്കരമാകുന്ന ഹൃദ്രോഗ ചികിത്സ

ഡോ. ജോര്‍ജ്ജ് തയ്യില്‍

ഭൂമുഖത്ത് പ്രമേഹ ബാധിതരുടെ എണ്ണം ഭീതിദമാംവിധം വര്‍ദ്ധിക്കുകയാണ്. 1980-ല്‍ 108 ദശലക്ഷമായിരുന്നത് 2014 ആയപ്പോള്‍ 422 ദശലക്ഷമായി ഉയര്‍ന്നു. 18 വയസ്സില്‍ കവിഞ്ഞവരില്‍ 1980-ല്‍ 4.7 ശതമാനമായിരുന്ന പ്രമേഹ ബാധ 2014 ആയപ്പോള്‍ 8.5 ശതമാനമായി വര്‍ദ്ധിച്ചു. പ്രമേഹം മൂലം 2015-ല്‍ 1.6 ദശലക്ഷം പേരാണ് മരണപ്പെട്ടത്. പണക്കാരേക്കാളുപരി സാമ്പത്തികമായി താഴെക്കിടയിലുള്ളവരെ കൂടുതലായി ബാധിക്കുന്ന ഒരു രോഗാതുരതയായി ഈ മഹാമാരി മാറുകയാണ്. 2015-ലെ കണക്കു പ്രകാരം ഇന്ത്യയില്‍ 69.1 ദശലക്ഷം പേര്‍ക്ക് പ്രമേഹബാധയുണ്ട്. ഇന്ത്യയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 9 ശതമാനം പേരും പ്രമേഹത്തിന്റെ പിടിയിലാണ്. അതായത് ഈ മഹാരോഗത്തിന്റെ ലോക തലസ്ഥാനമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക്. ഇന്ത്യയില്‍ 2010-ല്‍ 51 ദശലക്ഷമുണ്ടായിരുന്ന പ്രമേഹബാധിതര്‍ 2030 ആകുമ്പോള്‍ 58 ശതമാനമായി വര്‍ദ്ധിച്ച് 87 ദശലക്ഷമായി ഉയരും. നമ്മുടെ കൊച്ചു കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണെന്നു പറഞ്ഞാല്‍ ഞെട്ടരുത്. ഇവിടെയുള്ള 20 ശതമാനം പേര്‍ക്കും  ഈ രോഗം സ്വന്തം. അതായത് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി. കേരളത്തിലെ ഗ്രാമീണരും പ്രമേഹബാധയില്‍ നഗരവാസികളോടൊപ്പമെത്തുന്ന പ്രവണത നാം കാണുന്നു. ഏറ്റവും ദാരുണമായ പ്രശ്‌നം, പ്രമേഹബാധയുള്ള ഏതാണ്ട് 50 ശതമാനം ആള്‍ക്കാര്‍ക്കും ഈ രോഗമുണ്ടെന്ന അവബോധമുണ്ടാകുന്നില്ല എന്നതാണ്. ഇന്റര്‍നാഷണല്‍ ഡയബെറ്റിക് ഫെഡറേഷന്റെ കണക്കുപ്രകാരം ലോകത്തുള്ള 193 ദശലക്ഷം ആള്‍ക്കാരും തങ്ങള്‍ പ്രമേഹ ബാധക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. കൂടാതെ പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരില്‍ 40 ശതമാനം പേര്‍ മാത്രമേ രക്തത്തിലെ പഞ്ചസാര പരിധികള്‍ക്കുള്ളില്‍ നിയന്ത്രിക്കുന്നുള്ളൂ. 17 ശതമാനം പേര്‍ യാതൊരു ചികിത്സയും എടുക്കാന്‍ മുതിരുന്നില്ല. 15 ശതമാനം പേര്‍ ഭക്ഷണം ക്രമീകരിച്ച് ചികിത്സിക്കുന്നു. 68 ശതമാനം പേര്‍ മരുന്നുകള്‍ എടുക്കുന്നു.

അസാംക്രമികരോഗങ്ങളുടെ അനിയന്ത്രിതമായ വര്‍ദ്ധനയെ കടിഞ്ഞാണിടാന്‍ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും പലതവണ യോഗം ചേരുകയും അവയെ പിടിയിലൊതുക്കുവാനുള്ള ക്രിയാത്മക മാര്‍ഗ്ഗങ്ങളാരായുകയും ചെയ്തു. ഹൃദ്രോഗവും പ്രമേഹവും അര്‍ബുദവും ചേര്‍ന്ന് ലോകജനസംഖ്യയുടെ സിംഹഭാഗം പേരെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ പുതിയ ബോധവത്കരണ ശൈലിയിലൂടെ ഇവയെ നേരിടാന്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സംവിധാനം ചെയ്യുകയുണ്ടായി. പ്രമേഹ ചികിത്സയുടെ പരാജയത്തിനുള്ള പ്രധാന കാര്യം രോഗികള്‍ക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സമുചിതമായ പരിഗണനയും കരുതുലും ലഭിക്കാത്തതുകൊണ്ടാണെന്ന് പഠനങ്ങള്‍ തെളിയിച്ചു. പ്രമേഹരോഗി ഒറ്റക്കല്ല, കുടംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി രോഗിയോടൊപ്പം നിന്ന് പ്രമേഹനിയന്ത്രണത്തിന് സാഹചര്യമൊരുക്കണമെന്ന് ആഹ്വാനമുണ്ടായി. ഈ ആശയം തന്നെയാണ് കഴിഞ്ഞ വര്‍ഷത്തെ പ്രമേഹദിന സന്ദേശവും. പ്രമേഹ നിയന്ത്രണം രോഗിയുടെ മാത്രമല്ല, അയാള്‍ ഉള്‍ക്കൊള്ളുന്ന കുടുംബാംഗങ്ങളുടെ മൊത്തമായ പരിശ്രമത്തിലൂടെയാണ് സമഗ്രമാക്കേണ്ടത്. ആത്മാര്‍ത്ഥമായ പിന്തുണയും കരുതലുമായി കുടുംബത്തിലെ എല്ലാ അംഗങ്ങളും എപ്പോഴും രോഗിയോടൊപ്പമുണ്ടാവണം. അതായത് രോഗിക്കു മാത്രമായി ഒരു ഭക്ഷണക്രമമില്ല. അതും രോഗിയെ ഒറ്റപ്പെടുത്തും. ശാസ്ത്രീയവും പഥ്യവുമായ ഭക്ഷണശൈലി പ്രമേഹ രോഗിക്കുമാത്രമല്ല കുടംബത്തിലെ മറ്റംഗങ്ങള്‍ക്കും പ്രയോജനപ്പെടും. അവര്‍ക്ക് പ്രമേഹ സാധ്യതയുണ്ടെങ്കില്‍ അതും കുറയ്ക്കുകയും ചെയ്യും. പഥ്യമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമശീലവും മുടങ്ങതെയുള്ള ഔഷധ സേവനവും സ്വായത്തമാക്കാന്‍ രോഗിക്ക് താങ്ങും തണലുമായി കുടുംബാംഗങ്ങളും എപ്പോഴുമുണ്ടാവണം.

പ്രമേഹ രോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാന കാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ പരാജയം, അമിതരക്തസമ്മര്‍ദ്ദം, ധമനികളുടെ പൊതുവായ ജരിതാവസ്ഥ എന്നിവയാണ്. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്‍സുലിന്‍ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തര മരണം പത്തിരട്ടിയും ഇന്‍സുലിന്‍ അനാശ്രിതപ്രമേഹ രോഗികളിലെ മരണ സംഖ്യ നാലിരട്ടിയുമാണ്. നിയന്ത്രണ വിധേയമാകാത്ത പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തില്‍ കുമിഞ്ഞുകൂടുന്ന കൊളസ്‌ട്രോളും മറ്റ് ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീഞരമ്പുകള്‍, ധമനികള്‍ എന്നീ അവയവങ്ങളില്‍ വൈവിധ്യമാര്‍ന്ന ജരിതാവസ്ഥയുണ്ടാക്കുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പുകണികകള്‍ പറ്റിപ്പിടിച്ച് അവയുടെ ഉള്‍വ്യാസം ചെറുതാകുന്നു. ഹൃദയധമനികളിലെ കൊഴുപ്പുനിക്ഷേപം വീണ്ടുകീറി അവിടെ ഒരു രക്തക്കട്ട ഉണ്ടായി ധമനിയിലൂടെ ഉള്ള രക്തപര്യയനം ദുഷ്‌കരമായാല്‍ ഹാര്‍ട്ടറ്റാക്കാണ് അനന്തരഫലം.

പ്രമേഹ രോഗികളിലെ ഹൃദയാഘാതം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങള്‍ രോഗികള്‍ എപ്പോഴും തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പലപ്പോഴും പൂര്‍ണ്ണമായി അനുഭവപ്പെടാത്ത ഹാര്‍ട്ടറ്റാക്ക് (സയലന്റ് അറ്റാക്ക്) പ്രമേഹ ബാധിതര്‍ക്ക് സ്വന്തം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന 'ഓട്ടോണമിക് നാഡീവ്യൂഹ'ത്തിനു സംഭവിക്കുന്ന അപചയംതന്നെ ഇതിന്റെ കാരണം. നാഡീവ്യൂഹത്തിന്റെ മാന്ദ്യം നിമിത്തം ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ നെഞ്ചുവേദനയുടെ തീവ്രത അനുഭവിച്ചറിയാന്‍ രോഗിക്ക് പറ്റാതെ പോകുന്നു. ഏതാണ്ട് 35 ശതമാനം രോഗികള്‍ക്കും നെഞ്ചുവേദന കൃത്യമായി അനുഭവപ്പെടാറില്ല. അതിനുപകരം ശ്വാസതടസ്സം, ഓക്കാനം, തളര്‍ച്ച, തലകറക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. അതുപോലെ ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച മരണസാധ്യതയും പ്രമേഹരോഗികളില്‍ അധികരിച്ചു കാണുന്നു. 

മേല്‍പറഞ്ഞ സങ്കീര്‍ണ്ണമായ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തില്‍ പ്രമേഹബാധിതരിലെ ഹൃദ്രോഗ ചികിത്സ അത്യന്തം ദുഷ്‌കരമാണ്. ഒരു ഹൃദ്രോഗ വിദഗ്ധന്റെയടുത്ത് വരുന്ന രോഗികളില്‍ ഭൂരിഭാഗവും പ്രമേഹമുള്ളവരാണ്. 70 ശതമാനം പ്രമേഹരോഗികളും മരണപ്പെടുന്നത് ഹൃദ്രോഗാനന്തരമാണെന്നോര്‍ക്കണം. അതുകൊണ്ട് ഹൃദ്രോഗ വിദഗ്ധന്‍ ഒരു പ്രമേഹ ചികിത്സാ വിദഗ്ധന്‍ കൂടിയാകുന്നു. പ്രമേഹ രോഗിക്ക് ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ വഷളാകുന്നത്. നെഞ്ചുവേദന കാര്യമായി അനുഭവപ്പെടാത്തതു മൂലം പലരും വളരെ വൈകിയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോഴേയ്ക്കും ഹൃദയാഘാതത്തിന്റെ സങ്കീര്‍ണ്ണതകള്‍ മൂര്‍ച്ഛിച്ചിരിക്കും. കലശലായ ശ്വാസതടസ്സവും നെഞ്ചിലെ അസ്വാസ്ഥ്യവും തളര്‍ച്ചയും ക്രമരഹിതമായ നെഞ്ചിടിപ്പും തലകറക്കവും രോഗിയെ അത്യാസന്നനിലയിലെത്തിക്കുന്നു. നിയന്ത്രണത്തില്‍ അശ്രദ്ധ കാണിക്കുന്ന രോഗിയുടെ രക്തത്തിലെ പഞ്ചസാര എപ്പോഴും കൂടിയിരിക്കും. അതുപോലെ കൊളസ്‌ട്രോളും. പ്രമേഹരോഗികളില്‍ ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച് ചെയ്യുന്ന 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി' അത്ര എളുപ്പമുള്ള കാര്യമല്ല. നനുത്ത് ചെറുതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ഏറെ ദുഷ്‌കരമാണ്. പലപ്പോഴും എല്ലാ കൊറോണറി ധമനികളിലും തന്നെ ബ്ലോക്കുണ്ടാകും. കൂടാതെ വൈകി ആശുപത്രിയിലെത്തുന്നതിനാല്‍ ഹൃദയ പരാജയമുണ്ടാകാനുള്ള സാധ്യതയും ഏറും. അതുകൊണ്ട് തന്നെ സാധാരണഗതിയില്‍ പ്രമേഹരോഗികളെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണ് പതിവ്. കൂടുതല്‍ ഹൃദയധമനികളെ ബാധിച്ചിരിക്കുന്ന ബ്ലോക്ക് സങ്കോചന ശേഷിയുടെ മാന്ദ്യം തുടങ്ങിയ കാരണങ്ങളാല്‍ ഒരു പ്രമേഹ രോഗിക്ക് ഏറ്റവും ഉചിതമായത് ബൈപ്പസ് സര്‍ജറി തന്നെ.ആന്‍ജിയോപ്ലാസ്റ്റിക്കോ ബൈപ്പാസ് സര്‍ജറിക്കോ ശേഷം ഒരു പ്രമേഹരോഗിയുടെ ജീവിതക്രമത്തില്‍ കര്‍ശനമായ പലപരിവര്‍ത്തനങ്ങളുമുണ്ടകണം. ഈ ക്രിയാത്മകമായ കരുതല്‍ തന്നെയാണ് രോഗിയെ അകാല മൃത്യുവില്‍ നിന്ന് രക്ഷപ്പെടുത്തുന്നതും. പഞ്ചസാര അധികമുള്ളതെന്തും വര്‍ജിച്ചു കൊണ്ടുള്ള പഥ്യമായ ആഹാരശൈലി ഏറ്റവും പ്രധാനം. പ്രമേഹ രോഗി പട്ടിണി കിടക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. യോജിച്ച ഭക്ഷണക്രമം തെരഞ്ഞെടുക്കാന്‍ പഠിക്കണം. കൃത്യവും ഊര്‍ജ്ജസ്വലവുമായ വ്യായാമ പദ്ധതി ആരംഭിക്കണം കുറഞ്ഞത് 45 മിനിട്ടെങ്കിലും ദിവസേന വ്യായാമം ചെയ്യണം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും പൊതുവായ ശാരീരാരോഗ്യം സന്തുലിതമാകാനും വ്യായാമം എന്ന ഔഷധം അനിവാര്യം. ഹൃദ്രോഗ വിദഗ്ധന്‍ നിര്‍ദ്ദേശിക്കുന്ന ഔഷധങ്ങള്‍ പിഴവു കൂടാതെ സേവിക്കണം. വൈദ്യ നിര്‍ദ്ദേശമില്ലാതെ യാതൊരു കാരണവശാലും മരുന്നുകള്‍ നിര്‍ത്തരുത്. ബ്ലഡ് ഷുഗറും കൊളസ്‌ട്രോളും നിശ്ചിത കാലയളവില്‍ പരിശോധിച്ച് തിട്ടപ്പെടുത്തണം. ഹൃദ്രോഗ പരിശോധനകളായ എക്കോ കാര്‍ഡിയോ ഗ്രാഫിയും ട്രെഡ്മില്‍ ടെസ്റ്റും കൃത്യകാലയളവില്‍ ചെയ്യണം. പ്രമേഹ സൂചകമായ എച്ച് ബി എ വണ്‍ സി 6.5-ല്‍ താഴെയാവാന്‍ പരിശ്രമിക്കണം. രക്തസമ്മര്‍ദ്ദവും അമിത വണ്ണവും കര്‍ശനമായി നിയന്ത്രിക്കണം.പ്രമേഹ നിയന്ത്രണത്തിന് കുറുക്കുവഴികളില്ലെന്നോര്‍ക്കണം. പരസ്യങ്ങള്‍ക്കോ ഒറ്റമൂലികള്‍ക്കോ പിറകെ പോയി വഞ്ചിതരാകരുത്. അല്പമൊന്നു മെനക്കെട്ടാല്‍ പ്രമേഹരോഗിയുടെ ജീവിതം തികച്ചും ആസ്വാദ്യജനകമാക്കാം.

No comments:

Post a Comment