Wednesday 25 July 2018

കൃഷി ജീവിതം തന്നെയാണ്

കെ ബിനോയ് പ്രസാദ്

ണ്ണൂര്‍ ജില്ലയിലെ കണിച്ചാറില്‍ രാസവള രഹിതമായ കൃഷിയിലൂടെ മികച്ച വിളവ് കൊയ്യുകയാണ് കര്‍ഷകനായ തങ്കച്ചന്‍ മുളയ്ക്കല്‍. കോട്ടയത്തെ പാലായില്‍ നിന്നും 80 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലെ മലയോര ഗ്രാമമായ പേരാവൂരിലേക്ക് കുടിയേറിയ കുടുംബമാണ് തങ്കച്ചന്റേത്. തന്റെ അഞ്ചേമുക്കാല്‍ ഏക്കര്‍ കൃഷിയിടത്തില്‍ തെങ്ങും റബറും വാഴയും കുരുമുളകും മാങ്കോസ്റ്റിനും റംബൂട്ടാനും കപ്പയും ചേനയും ചേമ്പും പയറും ചീരയും പപ്പായയുമൊക്കെ കൃഷിചെയ്യുന്നു. മുന്‍പ് നെല്‍കൃഷിയുണ്ടായിരുന്ന നെല്‍പ്പാടം ഇപ്പോള്‍ തെങ്ങിന്‍ തോപ്പാണ്.

പരമ്പരാഗതരീതിയില്‍ ചാണകവും പച്ചിലവളങ്ങളും കോഴിവളവുമൊക്കെയുപയോഗിച്ചുകൊണ്ട് കൃഷിചെയ്യുന്ന തങ്കച്ചന്റെ കൃഷിയിടത്തില്‍ രാസവളത്തിന് പ്രവേശനമില്ല. രണ്ട് പശുക്കളില്‍ നിന്ന് ലഭിക്കുന്ന ചാണകത്തില്‍ നിന്നും ബയോഗ്യാസ് പ്ലാന്റിലൂടെ ഗ്യാസ് ഉല്‍പാദിപ്പിച്ചതിന് ശേഷമുള്ള ചാണക സ്ലറിയും പച്ചച്ചാണകവും കുലവെട്ടിയ വാഴയുടെ തണ്ടും തടയും പിണ്ടിയും അത്യാവശ്യത്തിന് കുമ്മായവും തെങ്ങുകള്‍ക്ക് വളമായ് നല്കിയാണ് മികച്ച ഉല്പാദനം ഉറപ്പുവരുത്തുന്നത്. തെങ്ങില്‍ ഒറ്റവിളവെടുപ്പില്‍ 24 ക്വിന്റല്‍ വരെ തേങ്ങകിട്ടുന്നുണ്ട്. ഒരു വര്‍ഷം നാലു പ്രാവശ്യം തേങ്ങയിടാം. റബര്‍ വെട്ടുന്നതും പാലെടുക്കുന്നതും തെങ്ങിന്‍ തോപ്പിലെ പണിയും പശുപരിപാലനവുമൊക്കെ ഒറ്റയ്ക്കുതന്നെ. കൃത്യമായ സമയക്രമം നിശ്ചയിച്ച് പണികള്‍ ക്രമീകരിച്ച്‌കൊണ്ടാണ് അഞ്ചേമുക്കാല്‍ ഏക്കറിലും കൃഷി ചെയ്യുന്നത്. റബര്‍ ഇപ്പോള്‍ ലാഭകരമല്ലാത്തതുകൊണ്ടും അത് നമ്മുടെ പ്രകൃതിക്കും മണ്ണിനും ചേര്‍ന്ന കൃഷിയല്ലാത്തതുകൊണ്ടും റബര്‍ വെട്ടിമാറ്റി പകരം തീറ്റപുല്‍കൃഷിചെയ്ത് ആടു ഫാം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് തങ്കച്ചന്‍. കൃഷി സ്വന്തമായി ചെയ്താല്‍ ലാഭകരമാണെന്ന സന്ദേശമാണ് ഇദ്ദേഹത്തിന് കൃഷിയിലേക്ക് വരുന്ന പുതുതലമുറയോട് പറയാനുള്ളത്. സ്വന്തമായി ഉല്പാദിപ്പിച്ച് കഴിക്കുന്നതിലും ആവശ്യക്കാര്‍ക്ക് കൊടുക്കുന്നതിലുമുള്ള സന്തോഷമാണ് ഇതില്‍ പ്രധാനം. വാഴയ്ക്കയും പപ്പായയും ചേനയും ചേമ്പുമൊക്കെ അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ കൊടുക്കും. കുടിയേറ്റത്തിന്റെ വറുതിക്കാലം മുതല്‍ ഉള്ള ശീലമാണ് ഉല്പന്നങ്ങള്‍ പങ്കുവച്ച് ഉപയോഗിക്കുക എന്നുള്ളത്. അത് തങ്കച്ചന്‍ ഇപ്പോഴും തുടരുന്നു. ജീവിച്ചിരിക്കുമ്പോള്‍ ആവുന്നത് ചെയ്യണമെന്നതാണ് കര്‍ഷകനെന്നനിലയിലുള്ള തങ്കച്ചന്റെ ആഗ്രഹം. തേങ്ങ തൊട്ടടുത്ത കണിച്ചാര്‍ ടൗണില്‍ തന്നെവില്ക്കും. തേങ്ങയാട്ടി എണ്ണയാക്കിക്കൊടുക്കുന്ന സംഘത്തിലും അംഗമാണ്. സംഘം വഴി നേരിട്ടും കടകള്‍ വഴിയും മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ ജനങ്ങള്‍ക്ക് നല്കാന്‍ ഇതുവഴി കഴിയുന്നുണ്ട്. മാര്‍ക്കറ്റ് വിലയില്‍ നിന്നും കൂടിയ വിലക്കാണ് സംഘം കര്‍ഷകരില്‍ നിന്നും തേങ്ങ ശേഖരിക്കുന്നത്. എണ്ണ കുറവുള്ള ഠ ത ഉ തെങ്ങാണ് തങ്കച്ചന്റെ കൃഷിയിടത്തില്‍ കൂടുതലും. അതുകൊണ്ട് തേങ്ങ പൗഡറാക്കി അറബ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന കമ്പനികളിലേക്കാണ് തേങ്ങ വില്‍ക്കുന്നത്. മുംബൈ, ബംഗളുരു തുടങ്ങിയ നഗരങ്ങളിലേക്കാണ് തേങ്ങ പോകുന്നത്.

ഒരുപാട് ജാതി മരങ്ങള്‍ വച്ച് പിടിപ്പിച്ചിരുന്നു. നിറയെ വിളവുമുണ്ട്. പക്ഷേ വിലയില്ല. കുരുമുളകിനും വില വല്ലാതെ കുറഞ്ഞു. 710 രൂപ കിലോയ്ക്ക് ലഭിച്ചിരുന്ന കുരുമുളകിന് ഇപ്പോള്‍ 350 രൂപ മാത്രമാണ് വിലയുള്ളത്. ഉല്പന്നങ്ങള്‍ക്ക് വില സ്ഥിരതയില്ലായ്മ കര്‍ഷകനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത് പുതിയ ആളുകള്‍ക്ക് കൃഷിയിലേക്ക് വരാന്‍ തടസമാകുന്ന കാര്യമാണ്. കര്‍ഷകന് സാമൂഹ്യമായ അംഗീകാരവും പരിഗണനയും കിട്ടുന്ന ഒരു സമൂഹമായി നാം ഇനിയും മാറിയിട്ടില്ല എന്നാണ് തങ്കച്ചന്റെ അഭിപ്രായം. വന്‍ കുത്തകകള്‍ കൃഷിയില്‍ മുതല്‍ മുടക്കുന്ന ഒരു കാലം കൂടിയാണിത്. അത് ചെറുകിട കര്‍ഷകനെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഇവിടെ കുടുംബശ്രീക്കാര്‍ വ്യാപകമായി മുട്ട ഉല്പാദിപ്പിച്ചപ്പോള്‍ അതിലും വിലകുറച്ച് ബംഗ്ലുരുവില്‍ നിന്നുള്ള മുട്ടവന്നു. അപ്പോള്‍ ഇവിടത്തേതിന് ഡിമാന്റില്ലാതായി. അങ്ങനെ വില്‍ക്കാന്‍ പറ്റാതെ കേടുവന്ന മുട്ടകള്‍ നശിപ്പിക്കേണ്ടിവന്നു. ഇത്തരം വിഷയങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് മതിയായ പരിഗണനയും വരുമാനവും ഉറപ്പ് വരുത്താന്‍ ഭരണകൂടം തയ്യാറാവണം. അരിയും മീനുമൊഴികെ എല്ലാം പറമ്പില്‍ നിന്നും ലഭിക്കുന്ന ഈ കര്‍ഷക കുടുംബത്തിനാവശ്യമായ പച്ചക്കറികളും ചീരയുമൊക്കെ കൃഷി ചെയ്യുന്നത് തങ്കച്ചന്റെ ഭാര്യ ലിസിയാണ്. സിവില്‍ എന്‍ജിനീയറിംഗും ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സും പൂര്‍ത്തിയാക്കിയ മക്കള്‍ കൃഷിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

No comments:

Post a Comment