Wednesday 30 January 2019

സാംസ്‌കാരിക കൂട്ടായ്മയുടെ കൃഷിപാഠങ്ങള്‍

കെ ബിനോയ് പ്രസാദ്

ണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത പായം ഗ്രാമത്തിലെ ഗ്രന്ഥശാല പുസ്തകവായനയുടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം മാത്രമല്ല. നാടിന്റെ നന്മ ലക്ഷ്യമാക്കിയുള്ള സര്‍ഗാത്മകമായ നിരവധി ഇടപെടലുകള്‍ നടത്തുമ്പോഴും കൃഷിയിലൂടെയും പരസ്പര സഹകരണത്തിലൂടെയും ദുരിത സഹായ സാന്ത്വന പ്രവര്‍ത്തനങ്ങളിലൂടെയും മാതൃകയാവുകയാണ് 1951 ല്‍ സ്ഥാപിതമായ പായം ഗ്രാമീണ ഗ്രന്ഥാലയം. കര്‍ഷക സമരത്തിന്റെ ഭാഗമായി ധീരരായ ആറു കര്‍ഷകര്‍ മരിച്ചുവീണ മണ്ണിലാണ് വായനയുടെയും കൃഷിയുടെയും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും വിത്തുകള്‍ വീണ്ടും വീണ്ടും മുളപൊട്ടിക്കൊണ്ടിരിക്കുന്നത്. 

ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം വിഷരഹിതവും രാസരഹിതവുമായ കൃഷിയില്‍ വര്‍ഷങ്ങളായി സജീവമാണ് ഗ്രന്ഥശാലാസംഘം. അതിന്റെ മുന്‍കയ്യിലുള്ള കാര്‍ഷികക്ലബ് ഇരുപത്തി ഒന്ന് അംഗങ്ങളുമായി കൃത്യതയാര്‍ന്നതും സമയബന്ധിതവും ഊഴം വച്ചുള്ളതുമായ കാര്‍ഷിക വൃത്തിയിലൂടെ ഒരു ഗ്രാമത്തിനാവശ്യമായ ജൈവ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നു. മുരളീധരന്‍ അത്തിക്കയും, എം ദിനേശന്‍ മാസ്റ്ററും നേതൃത്വം നല്‍കുന്ന കാര്‍ഷിക ക്ലബ് പ്രധാനമായും കൃഷി ചെയ്യുന്നത് ചീര, വെണ്ട, തക്കാളി, മത്തന്‍, പാവല്‍, പച്ചമുളക്, കത്തിരി, വെള്ളരി, പയര്‍, കുമ്പളം, ചേന തുടങ്ങിയ പച്ചക്കറികളും നെല്‍കൃഷിയുമാണ്. കാര്‍ഷിക ക്ലബിന്റെ ഭാഗമായി പരിശീലനം സിദ്ധിച്ച അന്‍പതിലധികം തേനീച്ച കര്‍ഷകരും പായം ഗ്രാമത്തിലുണ്ട്. 

ഒന്നിലധികം പത്രമാസികകള്‍ എല്ലാ വീട്ടിലും വരുത്തുന്നതിനാല്‍ ഗ്രന്ഥശാലയില്‍ പത്രം വായനക്കായി ആളുകള്‍ ഒത്തുകൂടുന്നത് മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവായതിനാല്‍ പുസ്തകവായനയിലേയ്ക്കും സാമൂഹ്യ സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും കൃഷിയിലേയ്ക്കും കുട്ടികളെയും മുതിര്‍ന്നവരെയും അടുപ്പിക്കുക എന്ന സാമൂഹികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കാന്‍ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് ഗ്രന്ഥശാല ഭാരവാഹികളായ രഞ്ജിത് കമലും എം പവിത്രനും പറയുന്നു.കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചിരുന്ന പായം ഗ്രാമത്തില്‍ നിന്ന് ഇപ്പോള്‍ വിവിധ വകുപ്പുകളിലായി ധാരാളം സര്‍ക്കാര്‍, ഉദ്യോഗസ്ഥന്മാരുണ്ട്. 1951 മുതലാരംഭിച്ച ഗ്രന്ഥശാലാപ്രവര്‍ത്തനങ്ങളാണ് തൊഴിലിലും കൃഷിയിലും വിദ്യാഭ്യാസത്തിലും ഈ ഗ്രാമത്തിന് മുന്നേറ്റമുണ്ടാകാനുള്ള കാരണം. പട്ടാളത്തില്‍ നിന്ന് വിരമിച്ചവരും കൃഷി വകുപ്പില്‍ ജോലി ചെയ്തിരുന്നവരും അധ്യാപകരും ബാങ്ക് ജീവനക്കാരുമൊക്കെ ഉള്‍പ്പെടുന്ന നാട്ടുകൂട്ടായ്മ വിളയിക്കുന്ന പച്ചക്കറികളും അരിയുമൊക്കെ ഈ ഗ്രാമത്തിന്റെ ആവശ്യത്തിനെടുത്തതിനുശേഷം ബാക്കിവരുന്നവ 
മാത്രമാണ് അടുത്ത പട്ടണമായ ഇരിട്ടിയില്‍ വില്‍ക്കുന്നത്.

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ കണ്ണൂര്‍ ജില്ലയിലെ മികച്ച ഗ്രന്ഥശാലയായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പായം ഗ്രാമീണ ഗ്രന്ഥാലയം സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്‌കാരത്തിനായുള്ള പരിഗണന പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിലെ സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവരെയുമൊക്കെ കൃഷിയിലേയ്ക്കും വായനയിലേയ്ക്കും ചര്‍ച്ചകളിലേയ്ക്കും സംവാദങ്ങളിലേയ്ക്കും അടുപ്പിച്ച് നിര്‍ത്താന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന വായനശാലകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കും ആവുമെന്ന സന്ദേശമാണ് ഗ്രാമീണ ഗ്രന്ഥശാല പകര്‍ന്നു നല്‍കുന്നത്. വരുന്ന ഓണം വിപണിയെ ലക്ഷ്യമാക്കി കൃഷി ചെയ്തിട്ടുള്ള ഒരേക്കറിയിലെ ചേനയും നാലേക്കറോളം വരുന്ന നെല്‍ക്കൃഷിയും തികച്ചും രാസവളരഹിതമായി കൃഷി ചെയ്തിരിക്കുന്നു. 

മണ്ണും മനുഷ്യനും പ്രകൃതിയും ഒത്തുചേരുന്ന കാര്‍ഷിക ജീവിതത്തിന്റെ പാരമ്പര്യം തുടരുന്ന ഈ നാട്ടുകൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഈ ആധുനികയുഗത്തിലും മണ്ണും കൃഷിയും അന്യമാവരുതെന്ന് കരുതുന്നവര്‍ക്ക് മാതൃകയാക്കാം. സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പലതലങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ കൂട്ടായ്മ നിലനില്‍ക്കുന്നത്. ആദിവാസികുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതുള്‍പ്പെടെ പരിസ്ഥിതി, റോഡ്, അംഗന്‍വാടി, മൃഗസംരക്ഷണം, കൃഷി തുടങ്ങി ഒരു നാടിന്റെ എല്ലാ അടിസ്ഥാന കാര്യങ്ങളിലും സമഗ്രമായി നടത്തുന്ന ഇടപെടല്‍ അനുകരണീയമായ മാത്യക തന്നെയാണ്.

No comments:

Post a Comment