ഡോ. പി എം മധു
ഗവ.ആയുര്‍വേദ കോളജ്
കണ്ണൂര്‍
കേരളത്തിന് പുതിയൊരു ആരോഗ്യനയം വരികയാണ്. ഡോ. ബി ഇക്ബാല്‍ അദ്ധ്യക്ഷനായുള്ള പതിനേഴംഗ സമിതി നവംബര്‍ അവസാനത്തോടെ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന കരടു നിര്‍ദ്ദേശം വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം പ്രാബല്യത്തില്‍ വരുത്തുവാനും അതുപ്രകാരം കേരളത്തിന്റെ ആരോഗ്യരംഗത്ത് സമൂലമായ മാറ്റത്തിന് തുടക്കം കുറിക്കാനുമാണ് പുതിയ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. അതിനു മുന്നോടിയായുള്ള ആലോചനകള്‍ക്കും സംവാദങ്ങള്‍ക്കും വ്യത്യസ്തതലങ്ങളില്‍ വേദിയൊരുങ്ങിക്കൊണ്ടിരി ക്കുമ്പോള്‍ ആദ്യം പരിഗണനയില്‍ വരേണ്ട ചില വസ്തുതകളുണ്ട്.
സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുതന്നെ സോക്കി കമ്മിറ്റിയുടെയും ഭോര്‍ കമ്മിറ്റിയുടെയും മറ്റും നിര്‍ദ്ദേശാനുസൃതം ദേശീയതലത്തില്‍ നടപ്പിലാക്കിയ ആരോഗ്യനയ പദ്ധതികളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളായ ജനസംഖ്യാനിയന്ത്രണവും പകര്‍ച്ചവ്യാധി നിയന്ത്രണവുമൊക്കെ വളരെ കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ ആരോഗ്യ സൂചകങ്ങളുടെ കാര്യത്തിലാണെങ്കില്‍ ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നിലാണ് നമ്മള്‍. ഉയര്‍ന്ന സാക്ഷരതയും സ്വകാര്യ ആശുപത്രികളുടെ ബാഹുല്യവും കൊണ്ട് രോഗങ്ങളെയും ചികിത്സയെയും കുറിച്ചുള്ള അറിവും ജനങ്ങള്‍ക്ക് വളരെ കൂടുതലാണ്. പലവികസിത വിദേശ രാജ്യങ്ങളിലുമുള്ളതിനേക്കാള്‍ ഏറെ ചെലവു കുറഞ്ഞ രീതിയില്‍ ശസ്ത്രക്രിയയും മറ്റും ഇവിടെ ലഭ്യമാകുന്നതുകൊണ്ട് അതിനുവേണ്ടി വിദേശികള്‍ പോലും ധാരാളമായി ഇവിടേക്കൊഴുകുന്നുണ്ട്. 'കേരള മോഡല്‍' എന്നു പേരുകേട്ട ഈ ആരോഗ്യസംവിധാനം പഠിക്കാനായി നിരവധി വിദേശ രാജ്യങ്ങളാണ് ഇവിടേക്ക് പ്രതിനിധികളെ അയക്കുന്നത്.
ആരോഗ്യമേഖലയെ പൊലിപ്പിച്ചു കാട്ടാന്‍ ഇനിയും ഒട്ടേറെ മാതൃകകള്‍ മുന്നോട്ടുവെയ്ക്കാനുണ്ടെങ്കിലും കേരളീയരുടെ ആരോഗ്യം സംബന്ധിച്ച സത്യസന്ധമായ വിശകലനങ്ങളും അവലോകനങ്ങളും മറിച്ചൊരു ചിത്രം കൂടി നമുക്ക് മുന്നില്‍ വരച്ചിടുന്നുണ്ട്.
പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമായിക്കൊണ്ടിരിക്കുകയാണ് കേരളം. ഇന്ത്യന്‍ ശരാശരിയെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് ഇവയുടെ കേരളത്തിലെ നിരക്ക്. മരണംവരെ കൂടിയ അളവില്‍ ഔഷധം കഴിച്ചുകൊണ്ടിരിക്കേണ്ട രോഗങ്ങളാണിവയൊക്കെ. മരുന്നിന്റെ പാര്‍ശ്വഫലമായുമുണ്ടാകുന്നുണ്ട് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍. മഴക്കാലാരംഭത്തോടെ സമൂഹത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് പടര്‍ന്നു പിടിക്കുകയാണിവിടെ സാംക്രമിക രോഗങ്ങള്‍. നിസ്സാരനായ ഒരു കൊതുകിനു പിന്നാലെ കേരളം മുഴുവന്‍ ഭ്രാന്തുപിടിച്ചോടുന്ന ദുരവസ്ഥ ഏതാനും വര്‍ഷങ്ങളായി നാം കണ്ടുവരികയാണ്. രോഗങ്ങളുടെ കാര്യത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഭീതുമൂലം ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പോലും വലിയ സജ്ജീകരണങ്ങളുള്ള സ്വകാര്യാശുപത്രികളെ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഇതുവഴി, ഓരോ കുടുംബവും ചികിത്സക്കുവേണ്ടി ചെലവഴിക്കുന്നത് വന്‍തുകയാണ്. ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക സംഘര്‍ഷങ്ങളും ആത്മഹത്യാ പ്രവണതകളുമൊക്കെ വേറൊരു ഘട്ടത്തില്‍ വായിക്കേണ്ടതല്ല. മരുന്നു കച്ചവട ഭീമന്മാരുമായി ഡോക്ടര്‍മാര്‍ പുലര്‍ത്തുന്ന അവിഹിതബന്ധങ്ങളും അതുവഴി രോഗികള്‍ക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങളും മറ്റും മാധ്യമങ്ങള്‍ തന്നെ നിരവധി തവണ വെളിച്ചത്തുകൊണ്ടുവന്നതാണ്.
ഇത്തരം പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട് ആയുര്‍ദൈര്‍ഘ്യവും ശിശുമരണനിരക്കും പോലുള്ള ഏകകങ്ങള്‍ വെച്ച് ആരോഗ്യനിലവാരം അളക്കുന്നത് ഒട്ടും ശരിയാകുമെന്ന് തോന്നുന്നില്ല. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളാകട്ടെ, കതിരിന്മേല്‍ വളം വെക്കുമ്പോള്‍ വളക്കമ്പനിക്കു മാത്രം ലാഭം കിട്ടുന്ന ഇടപാടാണുതാനും.
പഞ്ചവത്സര നയരേഖകളും ഐസിഎംആര്‍/ഐസിഎസ്എസ്ആര്‍ കമ്മിറ്റി, സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളും 2005 ല്‍ ആരംഭിച്ച ദേശീയ ഗ്രാമീണാരോഗ്യ ദൗത്യവുമൊക്കെ ഇവിടുത്തെ പദ്ധതി നടത്തിപ്പിനും രോഗഭാരം കുറക്കുന്നതിനും ചെറിയ പങ്കൊന്നുമല്ല വഹിച്ചിട്ടുള്ളത്. വാക്‌സിനേഷന്‍ വഴി കുറേയേറെ രോഗങ്ങളെ ഫലപ്രദമായി പിടിച്ചുകെട്ടാനും കഴിഞ്ഞു. പക്ഷേ ഒരു പത്തിരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ നാട്ടില്‍ മൊത്തത്തില്‍ സംഭവിച്ചിട്ടുള്ള രാഷ്ട്രീയ-സാംസ്‌കാരിക പരിണാമങ്ങളോടു ചേര്‍ത്തല്ലാതെ ആരോഗ്യരംഗത്തെ വിലയിരുത്താനാവില്ല. 1980നു ശേഷം സര്‍ക്കാറിന്റെ സാമ്പത്തിക സഹായ ശതമാനം ആരോഗ്യമേഖലയില്‍ നിന്ന് മെല്ലെ പിന്‍വലിക്കാന്‍ തുടങ്ങി. മറ്റെല്ലാ മേഖലയിലുമെന്നപോലെ ആരോഗ്യമേഖലയിലും സ്വകാര്യമുതലാളിമാര്‍ പിടിമുറുക്കാന്‍ തുടങ്ങി. തുടക്കത്തിലത് ജനകീയാരോഗ്യത്തിന് മുതല്‍ക്കൂട്ടായി തോന്നിയെങ്കിലും മെല്ലെ മെല്ലെ ആഗോള ഔഷധ ഭീമന്മാരുടെ പിടിയിലകപ്പെട്ട സ്വകാര്യ ആശുപത്രികള്‍ അവരുടെ നീരാളിക്കൈകള്‍ കൊണ്ട് രോഗികളെ ചൂഷണം ചെയ്യാന്‍ തുടങ്ങി. ഹെല്‍ത്ത് ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും മരുന്നിന് കൂടുതല്‍ വിപണി കണ്ടെത്താനുമൊക്കെ തുടങ്ങി. ഗവണ്‍മെന്റിന് ഈ മുഖ്യധാരയില്‍ നിന്ന് അകന്നു നില്‍ക്കാനാവാത്ത അവസ്ഥയുണ്ടായി. പിന്നീടുണ്ടായ ആരോഗ്യ നയങ്ങളിലെല്ലാം, പ്രാധാന്യം കൊടുക്കേണ്ടിയിരുന്ന മേഖലകളെ ഒന്നു സ്പര്‍ശിച്ചു പോയിട്ടുണ്ടെന്നല്ലാതെ കാര്യക്ഷമമായൊരു സര്‍ക്കാര്‍ ഇടപെടല്‍ വഴി സമൂലമായൊരു പരിവര്‍ത്തനം നടന്നിട്ടേയില്ലെന്നു വേണം പറയാന്‍. ഉണ്ടായ മാറ്റങ്ങളുടെയെല്ലാം ആത്യന്തിക ലാഭം ഔഷധക്കമ്പിനികള്‍ക്കു മാത്രമായിരുന്നു. നയരൂപീകരണത്തില്‍ മുന്നോട്ടുവെച്ച മഹത്തായ ആശയങ്ങളൊന്നും പ്രവൃത്തിപഥത്തിലെത്തിയിട്ടില്ല. ഇതിനുദാഹരണമാണ് അടുത്ത കാലത്തായി കേരളത്തിലെ പല ജില്ലകളിലും നടപ്പാക്കിയ എന്‍പിസി ഡിസിഎസ് (നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് കാന്‍സര്‍, ഡയബറ്റ്‌സ്, കാര്‍ഡിയോവസ്‌കുലാര്‍ ഡിസീസസ് ആന്റ് സ്‌ട്രോക്ക്) പ്രാഥമിക തലത്തില്‍ ആരോഗ്യ ബോധവല്‍ക്കരണവും ജീവിത ശൈലീ നിയന്ത്രണവും ലക്ഷ്യമിട്ട ഈ പദ്ധതിയില്‍ പ്രഷറും ഷുഗറുമൊക്കെയുണ്ടെന്ന് കണ്ടെത്തുന്ന രോഗികള്‍ക്ക് കുറേ ഗുളികകള്‍ കൊടുക്കുന്നതിലുപരി ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ ഭാഗമായും, വിഭാവനം ചെയ്ത ഉദാത്തമായ ലക്ഷ്യങ്ങളൊന്നും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനൊക്കെ വേണ്ടി ബജറ്റില്‍ വകയിരുത്തപ്പെട്ട വലിയ തുകകള്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് ഉത്സവത്തിന്റെ ആനയ്ക്കും അമ്പാരിയ്ക്കുമാണ് ചെലവായത്. ബാക്കി വന്നത് മരുന്ന് വാങ്ങാനും ചുരുക്കം ചില സ്ഥലങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും.
ഒരു വ്യക്തി, തന്റെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ നിറവില്‍ ചെയ്തിരിക്കേണ്ട നന്മകളുടെ സാമൂഹിക മാനം കണക്കിലെടുത്താണ് അയാളുടെ ആരോഗ്യം അളക്കപ്പെടേണ്ടത്. അത് ഉന്നത നിലവാരത്തില്‍, സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവനും ലഭ്യമാക്കുകയെന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തവുമാണ്. അതിന് ഏതൊക്കെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താമോ അതെല്ലാം മുതല്‍ കൂട്ടിക്കൊണ്ട് സുവ്യക്തമായൊരു പാത വെട്ടിത്തെളിക്കുകയാവണം ആരോഗ്യനയ രൂപീകരണം കൊണ്ട് സാധിക്കേണ്ടത്.
കുറേയേറെ മരുന്നുകളോ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ആശുപത്രികളോ മെഡിക്കല്‍ കോളേജുകള്‍ തന്നെയോ നിര്‍മ്മിക്കുന്നതിനു പകരം ആരോഗ്യമേഖലയില്‍ നിന്നു വഴിമാറിയുള്ള ചിന്തകള്‍ക്കു കൂടി വിത്തുപാകിയാലേ സമൂലമായ ഒരു മാറ്റം പ്രതീക്ഷിക്കാന്‍ കഴിയൂ.
ഇന്നു പിന്തുടരുന്ന ആഹാര ശീലങ്ങളും ഭക്ഷ്യവിഭവങ്ങളും മാറ്റേണ്ടിവരും. വ്യായാമം നിര്‍ബന്ധിതമാക്കേണ്ടിവരും. മാനസികോല്ലാസത്തിന് പദ്ധതികളാവിഷ്‌കരിക്കേണ്ടിവരും. പരിസ്ഥിതി സംരക്ഷണത്തിനും ശുദ്ധജല ലഭ്യതയ്ക്കും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും വെവ്വേറെ സംവിധാനങ്ങളും കണ്ടെത്തേണ്ടിവരും. ഇതുപോലുള്ള സമാന്തര പാതകളില്‍ കൂടെ മാത്രം എത്തംവന്ന മാറ്റങ്ങളാണ് ആരോഗ്യമേഖല ആവശ്യപ്പെടുന്നത് എന്നിടത്താണ് ആരോഗ്യനയം പ്രസക്തമാകുന്നത്.
ഏതു വൈദ്യശാസ്ത്രമായാലും പൗരന്റെ ആരോഗ്യസംരക്ഷണത്തിനായിരിക്കണം ആദ്യപരിഗണന. ഇത് ഏറ്റവും നന്നായി നടപ്പിലാക്കിവരുന്ന പല വികസിത വിദേശ രാജ്യങ്ങളും മാതൃകയായി ഇന്ന് സ്വീകരിച്ചു വരുന്നത് ക്യൂബ, ചൈന തുടങ്ങിയ വികസ്വര രാജ്യങ്ങളെയാണ്. അമേരിക്കയുടെ ആരോഗ്യനിലവാരത്തെക്കാള്‍ എത്രയോ മേലെയാണ് ക്യൂബയിലെ ജനകീയാരോഗ്യം. ഇവിടുത്തെ ത്രിതല ആരോഗ്യസംവിധാനം പലര്‍ക്കും മാതൃകയാണ്.
ഇതില്‍ ഏറ്റവും അടിസ്ഥാനതലത്തിലുള്ളത് കുടുംബ ഡോക്ടര്‍ സംവിധാനമാണ്. ഓരോ കുടുംബത്തിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കി അവര്‍ക്കാവശ്യമായ ആരോഗ്യനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഡോക്ടറും സഹപ്രവര്‍ത്തകരും. അതിനു മീതെ പോളിക്ലിനിക് സംവിധാനം. ഇതില്‍, രോഗികള്‍ക്കാവശ്യമായ കൃത്യതയുള്ള ആദ്യഘട്ട മരുന്നകള്‍ വിതരണം ചെയ്യും. ആശുപത്രികളും പ്രത്യേക വിഭാഗങ്ങളും ശസ്ത്രക്രിയയുമൊക്കെ മൂന്നാം ഘട്ടത്തില്‍.
ഇതിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം, അവിടുത്തെ തനത് വൈദ്യസമ്പ്രദായത്തിനു കൊടുക്കുന്ന പരിഗണനയാണ്. കോംബ്ലിമെന്ററി ആന്റ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ (സിഎഎം) എന്ന പേരില്‍ അക്യുപങ്ചര്‍, പച്ചമരുന്നുകള്‍, ധ്യാനരീതികള്‍, ഹിപ്‌നോട്ടിസം തുടങ്ങിയ സമാന്തര പാരമ്പര്യരീതികള്‍ മുഖ്യധാരാ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ത്തന്നെ ഉള്‍ക്കൊള്ളിക്കാനും അതിന്റെ പ്രയോഗങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ മുന്‍ഗണനകൊടുക്കാനും ദേശീയതലത്തില്‍ത്തന്നെ നിയമങ്ങളുണ്ട്. അവിടുത്തെ ഇരുപത്തിമൂന്ന് മെഡിക്കല്‍ കോളേജുകളിലും ഇതിന് വ്യക്തമായ സിലബസ്സും പഠിപ്പിക്കാന്‍ ഗുരുക്കന്മാരുമുണ്ട്.
1990ല്‍ ഫിഡല്‍ കാസ്‌ട്രോവിന്റെ സഹോദരന്‍ റൗള്‍ കാസ്‌ട്രോ അധികാരത്തിലിരിക്കുമ്പോഴാണ് സസ്യൗഷധങ്ങള്‍ സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള സമഗ്രനിയമങ്ങള്‍ നിലവില്‍ വന്നത്. ദേശീയ വൈദ്യത്തിന് എല്ലാ തലത്തിലും പ്രാമുഖ്യം കൊടുക്കാനുള്ള രാഷ്ട്രീയ നിലപാടുതന്നെ അവര്‍ സ്വീകരിച്ചു. അതേത്തുടര്‍ന്ന് കുടുംബഡോക്ടര്‍ സംവിധാനം മുതല്‍ ആശുപത്രി തലം വരെ തനത് വൈദ്യത്തിന് പ്രഥമ പരിഗണന ലഭിച്ചു. ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യക്കു പകരം അക്യുപംങ്ചര്‍ ചെയ്യുന്ന അവരുടെ രീതിയും മറ്റും ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധപിടിച്ചുപറ്റി. ചെലവും വളരെ കുറവാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കന്‍ വൈദ്യപഠനസംഘം ക്യൂബയില്‍ നടത്തിയ സന്ദര്‍ശനത്തിനും നയരൂപികരണത്തിനും ശേഷം എഴുപത്തിയഞ്ച് അമേരിക്കന്‍ മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് സിഎഎം പഠിപ്പിക്കുന്നുണ്ട്.
സാന്ദര്‍ഭികമായി ഈയൊരു സാഹചര്യം പരാമര്‍ശിക്കേണ്ടിവന്നത്, മഹത്തായ തനത് വൈദ്യപാരമ്പര്യം കൈമുതലായി ഉണ്ടായിരുന്നിട്ടുകൂടി അതിനെ പാര്‍ശ്വവല്‍ക്കരിച്ച ശേഷം തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കപ്പലില്‍ ഇപ്പോള്‍ തുടരുന്ന ആരോഗ്യനയങ്ങള്‍ തന്നെയാണ് മഹത്തരമെന്ന് വിശ്വസിച്ച് അള്ളിപ്പിടിച്ചിരിക്കുന്ന നമ്മുടെ ദുരവസ്ഥയോര്‍ത്താണ്.
ഇന്ന് നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവാനുള്ള സൂത്രവാക്യങ്ങള്‍ നമ്മുടെ തനത് വൈദ്യ സമ്പ്രദായത്തിലുണ്ട്. രോഗപ്രതിരോധാത്വകമായ ഒരു ജീവിത ശൈലി വളര്‍ത്തിയെടുക്കാനാവശ്യമായ ഭക്ഷണ രീതികളും യോഗ-വ്യായാമ ശീലങ്ങളുമെന്നു തുടങ്ങി മാതൃ-ശിശു-കൗമാര-വാര്‍ദ്ധക്യ ആരോഗ്യ പദ്ധതികള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി ഒരുപാട് വിലപ്പെട്ട പാഠങ്ങള്‍ ഇനിയും പ്രയോജനപ്പെടുത്തേണ്ടതായിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ഇത് മുഖ്യധാരയില്‍ വരുത്തേണ്ടതിനായുള്ള നീക്കങ്ങള്‍ ഗവണ്‍മെന്‍ര് തലത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ ഉദ്ദേശ്യ ലക്ഷ്യത്തോടെ ഇവിടുത്തെ സമാന്തര വൈദ്യങ്ങളായ ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെല്ലാം ചേര്‍ത്ത് ആയുഷ് വിഭാഗം ദേശീയ-സംസ്ഥാനതലങ്ങളില്‍ ഇന്ന് ആരംഭിച്ചിട്ടുണ്ട്.

No comments:
Post a Comment