Monday, 17 October 2016

ശുചിത്വ കേരളപ്പിറവി

കെ.ടി.ജലീല്‍/ഷിജു ഏലിയാസ്‌

രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികദിനം ആചരിക്കുന്ന 2019 ഓടെ തുറസ്സായ സ്ഥലത്തെ മലവിസര്‍ജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തൊട്ടാകെ വിപുലമായ ക്യാംപെയിന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണല്ലോ. ജീവിത നിലവാര സൂചികകളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളം ഇതിനെ എങ്ങനെയാണ് സമീപിക്കുന്നത്? കേരളപ്പിറവി ദിനത്തോടെ സംസ്ഥാനത്തെ പരസ്യ മലവിസര്‍ജനമുക്തമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം എത്രമാത്രം യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണ്?
തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജനം ഇല്ലാതാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വലിയ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിവരികയാണ്. മന്ത്രിമാരും ചീഫ് സെക്രട്ടറിയുമുള്‍പ്പെടയുള്ളവര്‍ ദൈനംദിന മോണിട്ടറിംഗ് നടത്തുന്ന ഇതുപോലൊരു ക്യാംപെയിന്‍ സമീപകാലത്ത് കേരളത്തില്‍ നടന്നിട്ടില്ല. തങ്ങളുടെ നിയോജനകമണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്നതിന് എം എല്‍ എമാര്‍ പുലര്‍ത്തുന്ന മുന്‍കൈയും എടുത്തു പറയേണ്ടതാണ്. മിക്ക നിയോജകമണ്ഡലങ്ങളിലും എം എല്‍ എമാരുടെ സാന്നിധ്യത്തിലുള്ള പുരോഗതി വിലയിരുത്തല്‍ യോഗങ്ങള്‍ നടന്നു കഴിഞ്ഞു. നവംബര്‍ 1-നകം ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് സര്‍ക്കാരിനുള്ളത്.

'ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ' ക്യാംപെയിനിലെ ഏറ്റവും പ്രധാന ഇനം ഗാര്‍ഹിക കക്കൂസുകളുടെ നിര്‍മാണമാണല്ലോ. ഇത്രയേറെ സാമൂഹികപുരോഗതി കൈവരിച്ച കേരളത്തില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ കുടുംബങ്ങളില്‍ ശൗചാലയങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന കണക്ക് താങ്കളെ അത്ഭുതപ്പെടുത്തുന്നില്ലേ?
മാനവവികസന സൂചികകളുടെ കാര്യത്തില്‍ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്നതാണ് കേരളത്തിന്റെ നേട്ടങ്ങള്‍. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേരള മോഡല്‍ വികസന തന്ത്രത്തിന്റെ ഫലമാണ് ഈ നേട്ടങ്ങള്‍. 1990 കളുടെ തുടക്കം വരെ സാമൂഹിക നീതിയില്‍ അടിയുറച്ച വികസനമെന്ന സങ്കല്പത്തോട് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക് പൊതുവില്‍ യോജിപ്പുണ്ടായിരുന്നു. എന്നാല്‍ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പില്‍ വന്നതോടെ പ്രാദേശിക സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷ പാര്‍ട്ടികളെ ആശയപരമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്താന്‍ വ്യാപക ശ്രമമുണ്ടായി. 1996 ലും 2006 ലും അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. കേരള മോഡല്‍ വികസനത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അതിന്റെ പരിമിതികളെ മറികടക്കണമെന്ന ഇ എം എസിന്റെ ആഹ്വാനം ശിരസ്സാവഹിച്ചത് ഇടതുപക്ഷം മാത്രമാണ്. സംസ്ഥാനത്തെ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ മറ്റുള്ളവര്‍ തയ്യാറായില്ല. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ജനകീയ വികസന ബദല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടര്‍ച്ച നഷ്ടമായപോഴൊക്കെ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനം കൈവരിച്ച സാമ്പത്തിക വളര്‍ച്ചയുടെ ഫലങ്ങള്‍ ദരിദ്രരിലേക്കും ദുര്‍ബലരിലേക്കും എത്തിക്കുന്നതിന് ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 'ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ' ക്യാംപെയിനിന്റെ ഭാഗമായി ഇതിനകം 1,40,000 ഓളം ഗാര്‍ഹിക കക്കൂസുകള്‍ നിര്‍മിച്ചിട്ടുണ്ട്. ലക്ഷ്യമിട്ടതിന്റെ 80 ശതമാനമാണിത്. ഈ അഭിമുഖം അച്ചടിച്ചു വരുമ്പോഴേക്കും അത് 90 ശതമാനത്തിലെത്തുമെന്ന് എനിക്കുറപ്പുണ്ട്.

നിവിലുള്ള സബ്‌സിഡി നിയമങ്ങള്‍ അനുസരിച്ച് ഗാര്‍ഹിക കക്കൂസിന് അനുവദിക്കാവുന്ന വ്യക്തിഗത സബ്‌സിഡി 15,400/- രൂപയാണ്. വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവുവച്ചു നോക്കിയാല്‍, ഈ തുക അപര്യാപ്തമാണെന്ന് താങ്കളും സമ്മതിക്കുമല്ലോ?
തീര്‍ച്ചയായും. എന്നാല്‍, സബ്‌സിഡി തുക എത്രയെന്നതിനപ്പുറത്ത്, മാതൃകാപരമായ ഒരു സാമൂഹിക വികസന പരിപാടിയെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ക്യാംപെയിനിനെ കാണുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുതല്‍ സന്നദ്ധ സംഘടനകള്‍ വരെയുള്ള വിപുലമായ സംവിധാനങ്ങളെ, സംസ്ഥാന ശുചിത്വമിഷന്‍ ഇതിനുവേണ്ടി ഏകോപിപ്പിച്ചിട്ടുണ്ട്. ഫീല്‍ഡ് തല ഉദ്യോഗസ്ഥന്മാരുടെ മുന്‍കൈയോടെ ഇവര്‍ നടത്തിവരുന്ന 'എക്‌സ്റ്റന്‍ഷന്‍' പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഗാര്‍ഹിക ശൗചാലയം ഉണ്ടായേ തീരു എന്ന തോന്നല്‍ എല്ലാവരിലും ഉണ്ടാക്കുകയെന്നതു പ്രധാനമാണ്. എന്നാല്‍ അതുകൊണ്ടായില്ല. സര്‍ക്കാര്‍ നിശ്ചയിച്ച 15,400/- രൂപ മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്ന ധാരണ തെറ്റാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക തലത്തില്‍ വലിയ തോതില്‍ വിഭവ സമാഹരണം നടത്തുന്നുണ്ട്. ഈ പരിപാടിയെ പണം കൊണ്ടും സ്‌പോണ്‍സര്‍ഷിപ്പായും സഹായിക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ട്. പ്രവൃത്തി ദുഷ്‌കരമായ സ്ഥലങ്ങള്‍ പ്രത്യേകം കണ്ടെത്തി 'ഡിഫിക്കല്‍റ്റ് ആന്റ് റിമോട്ട് ഏറിയ' എന്ന പേരില്‍ ശുചിത്വമിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് അധിക സഹായമെത്തിക്കുന്നതിന് സ്വകാര്യ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഉള്‍പ്പെടെ സാധ്യമായ എല്ലാ സ്രോതസുകളില്‍ നിന്നും വിഭവസമാഹരണം നടത്തുന്നതിന് ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. ബ്ലോക്ക് തലത്തില്‍ നടക്കുന്ന പുരോഗതി റിവ്യൂവിന്റെ അടിസ്ഥാനത്തില്‍ ഈ അധിക തുക അതത് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കി വരികയാണ്. സമ്പൂര്‍ണ ശുചിത്വമെന്ന ലക്ഷ്യത്തിലേക്കുള്ള ഏറ്റവും നിര്‍ണായകമായ ചുവടുവയ്പിന് കേരളം സജ്ജമായിക്കഴിഞ്ഞു.

നമ്മുടെ നഗരങ്ങള്‍ പലതും മാലിന്യ കൂമ്പാരങ്ങളായി തുടരുകയാണ്. ജലാശയങ്ങളും തെരുവുകളും പ്ലാസ്റ്റിക് വേസ്റ്റു കൊണ്ട് നിറയുന്നു. ജൈവമാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി തെരുവോരങ്ങളില്‍ തള്ളുന്ന രീതി ഇല്ലാതായിട്ടില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെയുള്ള ശ്രമഫലമായി ഈ വക കാര്യങ്ങളില്‍ മാറ്റം പ്രകടമായിട്ടുണ്ട്. സമ്പൂര്‍ണ ശുചിത്വം സാക്ഷാല്‍ക്കരിക്കുന്നതിന് വിപുലമായ ജനമുന്നേറ്റം അനിവാര്യമാണ്. ശീലങ്ങളില്‍ മാറ്റം വരുത്താന്‍ നമ്മള്‍ തയ്യാറാകേണ്ടതുണ്ട്. 'ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ' ക്യാംപെയിന്‍ ആ ദിശയിലുള്ള ഒരു 'എക്സ്റ്റന്‍ഷന്‍' പ്രവര്‍ത്തനം കൂടിയാണ്. 
മാലിന്യ നിര്‍മാര്‍ജനത്തിന് വന്‍തുകകള്‍ സംഭാവന ചെയ്യാന്‍ സ്വകാര്യ കോര്‍പറേറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ടുവരുന്നത് സര്‍ക്കാര്‍ നടത്തുന്ന മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണ്. മൊത്തം പ്ലാന്‍ തുകയുടെ നിശ്ചിത ശതമാനം മാലിന്യ പരിപാലനത്തിനു വേണ്ടി മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സര്‍വ്വാത്മനാ ഏറ്റെടുത്തു കഴിഞ്ഞു.

No comments:

Post a Comment