Monday, 17 October 2016

ആണില്‍നിന്നും പെണ്ണിലേക്കുള്ള ദൂരം

രാജേഷ്.കെ.എരുമേരി

ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ജീവിതത്തിലേക്കുള്ള യാത്രയാണ് പി അഭിജിത്ത് സംവിധാനം ചെയ്ത 'അവളിലേക്കുള്ള ദൂരം' എന്ന ഡോക്യുമെന്ററി. ആണായി ജനിച്ചെങ്കിലും പെണ്ണായി മരിക്കാന്‍ ആഗ്രഹിച്ചക്കുന്നവരാണ് തങ്ങളുടെ അനുഭവങ്ങള്‍ ഇതില്‍ പങ്കുവെയ്ക്കുന്നത്. കേരളം പോലെ 'വികസിച്ച'തും ചിന്താപരമായി വളര്‍ന്നുവെന്നു കരുതപ്പെടുന്നതമായ ഇടത്താണ് ട്രാന്‍സ്‌ജെന്റേഴ്‌സിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നത്. ഇപ്പോള്‍ കുറച്ചൊക്കെ മാറി വരുന്നു എന്നത് തള്ളിക്കളയേണ്ടതില്ല. ചെറുപ്പത്തില്‍ ഏതെങ്കിലും കുട്ടിയില്‍ സ്‌ത്രൈണത കണ്ടെത്തിയാല്‍ വീട്ടില്‍ നിന്നും നാട്ടില്‍നിന്നും അവരെ ഒറ്റപ്പെടുത്തും. മാത്രമല്ല കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ പീഡനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇരയാക്ക പ്പെടുകയും ചെയ്യും. നപുംസകമെന്നും ഹിജഡയെന്നും  മൂന്നാംലിംഗമെന്നും പലകാലം പല പേരുകളില്‍ വിളിച്ച് ആക്ഷേപിക്കപ്പെട്ടവര്‍ ഇന്ന് സംഘടിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ന് കര്‍തൃത്വമുള്ളവരായി ഇവര്‍ മാറിയിരിക്കുന്നു. എല്‍ ജി ബി റ്റി എന്ന് വ്യത്യസ്തമായി തിരിക്കപ്പെവര്‍ ഭരണകൂട സ്ഥാപനങ്ങളില്‍പോലും ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഇത് വലിയ മാറ്റം തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് രണ്ട് ട്രാന്‍സ്‌ജെന്റേഴ്‌സുകള്‍ അവരുടെ അനുഭവങ്ങള്‍ ഡോക്യുമെന്ററിയിലൂടെ പങ്കുവെയ്ക്കുന്നത്. കാഴ്ചയുടെ സൗന്ദര്യതലത്തെയല്ല ഈ സ്പര്‍ശിക്കുന്നത് തിരസ്‌കൃതരുടെ തുറന്നു പറച്ചിലുകളാണ് ഈ സിനിമ. വര്‍ഷങ്ങളായി ഇവരോടൊപ്പം യാത്രചെയ്യുകയും അവരുടെ പ്രശ്‌നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രസ് ഫോട്ടോഗ്രാഫറാണ് പി അഭിജിത്ത്. ഇതിനുമുമ്പും അഭിജിത്ത് ഭിന്നലിംഗക്കാരെക്കുറിച്ച് ഒരു ഫോട്ടോ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. ഹിജഡ എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.
   റിയാലിറ്റി ഷോകളിലൂടെ കേരളത്തില്‍ ഇന്ന് അറിയുന്ന രണ്ട് ട്രാന്‍സ്‌ജെന്ററുകളായ സൂര്യയും ഹരണിയും തങ്ങളുടെ ജീവിതയാത്രയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിലൂടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. തങ്ങള്‍ തിരിച്ചറിഞ്ഞ സ്വത്വത്തിലേക്കുള്ള മടങ്ങിപ്പോക്കിന് ഇവര്‍ക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ഒറ്റപ്പെടലുകളുടെയും അവഹേളനങ്ങളുടെയും ഭൂതകാലമാണ് ഇരുവര്‍ക്കും പറയാനുള്ളത്. തിരുവനന്തപുരത്ത് പാറ്റൂരില്‍ ജനിച്ച സൂര്യയുടെ ബാല്യാകാല ജീവിതം പൂര്‍ണമായും മാതാവിന്റെ സംരക്ഷണയിലായിരുന്നു. കുടിയനായ അച്ഛന്‍ അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ടാണ് സൂര്യ വളര്‍ന്നത്. തട്ടുകട നടത്തിയാണ് അമ്മ സൂര്യയെ വളര്‍ത്തുന്നത്. സ്‌കൂള്‍ പഠന കാലത്തുതന്നെ തന്റെ ഉള്ളിലെ സ്‌ത്രൈണത കണ്ടിട്ടാകാം കൂട്ടുകാര്‍ സുന്ദരിക്കുട്ടി എന്നു വിളിക്കുമായിരുന്നെന്ന് സൂര്യ പറയുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എങ്ങനെയെങ്കിലും ഇവിടം വിട്ടുപോകണമെന്നായിരുന്നു സൂര്യയുടെ ആഗ്രഹം. അങ്ങനെ ആരോടും പറയാതെ ഒരിക്കല്‍ കോഴിക്കോട്ടേക്ക് വണ്ടി കയറി. അവിടെവെച്ച് ആദ്യമായി ലൈംഗികമായി ഉപയോഗിക്കപ്പെടുകയും തുടര്‍ന്ന് കുറെക്കാലം ലൈംഗികത്തൊഴിലാളിയായി ജീവിക്കുകയും ചെയ്തു. ഇക്കാലത്ത് ധാരാളം മര്‍ദ്ദനങ്ങളാണ് ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. തുടര്‍ന്ന് പൂര്‍ണമായും പെണ്ണായി മാറാന്‍ സൂര്യ തയാറായി. തുടര്‍ന്ന് ടി വി ഷോയില്‍ എത്തിയതോടെ സൂര്യയുടെ ജീവിതം തന്നെ മാറി മറിഞ്ഞു. ടി വിയിലെ തന്റെ പരിപാടികള്‍ കണ്ടാണ് അഭിലാഷ് പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും. ഒരു പെണ്ണായി മാറുന്നതിനുള്ള സര്‍ജറിയില്‍ അനുഭവിക്കേണ്ടി വന്ന വേദന പ്രസവവേദനയേക്കാള്‍ വലുതാണ്. കല്യാണം കഴിഞ്ഞതോടെ രണ്ട് വീടുകളില്‍നിന്നും ഉപേക്ഷിക്കപ്പെട്ടു. എന്നാലും സന്തുഷ്ട ജീവിതം നയിക്കുകയാണ് തങ്ങളെന്നാണ് സൂര്യ പറയുന്നത്.  

  തന്റെ ഉള്ളിലെ സ്‌ത്രൈണത തിരിച്ചറിഞ്ഞതോടെ കുടുംബത്തില്‍ മാറ്റിനിര്‍ത്തല്‍ ആരംഭിച്ചു. കല്യാണത്തോടെ അത് പൂര്‍ണമായി. ഹരിണിയെ കണ്ടതോടെയാണ് യഥാര്‍ത്ഥത്തില്‍ താന്‍ ആരാണെന്ന ബോധ്യം ഉണ്ടായതെന്ന് സൂര്യ വെളിപ്പെടുത്തുന്നുണ്ട്. ഹരിണിയെ അമ്മയെപ്പോലെയാണ് കരുതുന്നത്. ഇത്തരത്തില്‍ ജീവിതത്തിന്റെ വ്യതിരിക്തതകളാണ് സൂര്യ പറയുന്നത്.

   ഹരിണിയുടെ ജീവിതവും സങ്കീര്‍ണമായ വഴികളിലൂടെയായിരുന്നു. ചെറുപ്പത്തിലെ തന്റെ ഉള്ളിലെ സ്‌ത്രൈണത തിരിച്ചറിഞ്ഞ അച്ഛന്‍ തന്നെ സെമിനാരിയില്‍ ചേര്‍ക്കുകയായിരുന്നു. എന്നാല്‍ അവിടുത്ത ഫാദര്‍ പറഞ്ഞത് ഇത്തരം സ്വഭാവമുള്ള കുട്ടികള്‍ ഇവിടെ നിന്നാല്‍ മറ്റുള്ളവരും ചീത്തയാകുമെന്നായിരുന്നു. അങ്ങനെ അവിടെനിന്നും ആരുമറിയാതെ ഞാന്‍ രക്ഷപെടുകയായിരുന്നു. അങ്ങനെ ബാംഗൂരില്‍ എത്തി ഭിക്ഷയെടുത്തും സെക്‌സ് വര്‍ക്ക് ചെയ്തും ജീവിതം കഴിച്ചുകൂട്ടി. ബാംഗ്ലൂരില്‍ ഹിജഡകളെ കണ്ടെത്തി അവരോടൊത്ത് കുറെക്കാലം ജീവിച്ചു.  ക്ലബ് ഡാന്‍സറായിട്ടും കുറെക്കാലം ജോലി ചെയ്തു. അവിടെയൊക്കെ സ്ത്രീയുടെ വേഷത്തില്‍തന്നെയാണ് നടന്നത്. പിന്നീട് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറുകയായിരുന്നു. എന്നാല്‍ ട്രാന്‍സ്‌ജെന്ററാണ് എന്ന് മനസിലാക്കിയതോടെ പലരും ഉപദ്രവിക്കാന്‍ തുടങ്ങി. പലരും ഒഴിവാക്കാനും തുടങ്ങി. എന്നാല്‍ നല്ല ഒരു ജീവിതം നയിക്കാന്‍ എനിക്കും ഇഷ്ടമായിരുന്നു. അങ്ങനെ ഞാന്‍ വിവാഹം കഴിച്ചെങ്കിലും ഒരാഴ്ച മാത്രമാണ് ആ ദാമ്പത്യം നിലനിന്നത്. കൂവാത്ത് നടക്കുന്ന ട്രാന്‍സ് ജന്‍ഡറുകളുടെ സൗന്ദര്യ മത്സരത്തില്‍ 'ബ്യൂട്ടി കേരള'യായി തെരഞ്ഞെടുക്കപ്പെട്ടത് ഹരിണിയായിരുന്നു. ഇത്തരത്തില്‍ മറക്കാന്‍ കഴിയാത്ത നിരവധി സന്ദര്‍ഭങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടെന്ന് ഹരണി പറയുന്നുണ്ട്. സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു ഹരണിയുടെ ഏറ്റവും വലിയ മോഹം. ഇപ്പോഴും അത് ഉപേക്ഷിച്ചിട്ടില്ല. നെയ്യാറ്റിന്‍കര സ്വദേശിയായ മിഖ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. സൂര്യ എടുത്തുവളര്‍ത്തുകയാണ് മിഖയെ. അവര്‍ ഇപ്പോള്‍ സൂര്യയോടൊപ്പമാണ് താമസിക്കുന്നത്. കൊല്ലം ജില്ലയിലെ പരവൂരില്‍ ജനിച്ച ബില്ലയ്ക്കും പറയാന്‍ ഏറെ കഥകളുണ്ട്. ബില്ലയും ഇപ്പോള്‍ മിഖയോടൊപ്പമാണ് താമസിക്കുന്നത്. ഇവരെല്ലാം അമ്മയെന്ന് വിളിക്കുന്നത് ഹരണിയെയാണ്. ദൃശ്യത്തിലും സംഗീതത്തിലുമെല്ലാം സൂക്ഷ്മത പുലര്‍ത്താന്‍ ഡോക്യുമെന്ററിക്ക് കഴിയുന്നുണ്ട്. ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തോടുള്ള രാഷ്ട്രീയ ഐക്യഡാര്‍ഢ്യം പ്രഖ്യാപിക്കലാണ് ഈ ഡോക്യുമെന്ററി നിര്‍വഹിക്കുന്നത്. അതുതന്നെയാണ് ഇതിന്റെ പ്രത്യേകതയും.   
   
  'നിരവധികാര്യങ്ങള്‍ ഈ ഡോക്യുമെന്ററി പറയുന്നുണ്ട്. പ്രധാനമായും താമസത്തിനുള്ള ഇടവും വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കലും, തൊളില്‍ സംരംഭങ്ങളുമാണ് ഇവര്‍ക്കായി ചെയ്യാന്‍ കഴിയുക. ഇ എം എസ് ഭവനപദ്ധതിയില്‍ ട്രാന്‍സ്ജന്റേഴ്‌സിന് മുന്‍ഗണന നല്കും. കെ എഫ് സി വഴി വിദ്യാഭ്യാസ ലോണുകള്‍ അനുവദിക്കും. ഈ ഡോക്യുമെന്ററി ചെയ്ത അഭിജിത്തിന് അഭിമാനിക്കാം. നിങ്ങള്‍ വിവരം തരുകമാത്രമല്ല ഒരു സര്‍ക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുകകൂടിയാണ് ചെയ്തിരിക്കുന്നത്'. ഡോഡ്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി തോമസ് ഐസക് നടത്തിയ ഈ പ്രഖ്യാപനം ശ്ലാഖനീയമാണ്. ഡ്രീം ക്യാപ്ച്യറിന്റെ ബാനറില്‍ എസ് ഷോബിലയാണ് ഡോക്യുമെന്ററി  നിര്‍മ്മിച്ചിരിക്കുന്നത്  സംഗീതം നല്‍കിയിരിക്കുന്നത് എ എസ് അജിത്ത് കുമാറാണ്. അമല്‍ജിത്ത് എഡിറ്റിംഗും റോബിന്‍ ബി ആര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഡോക്യുമെന്ററി മേളകളില്‍ ശ്രദ്ധേയമായി.

No comments:

Post a Comment