Saturday 2 September 2017

ഓണം ഒരു സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ

അജയ് ഗോവര്‍ധന്‍

അതിബൃഹ്ത്തായ പുരാതന സാംസ്‌കാരിക പൈതൃകത്തോടൊപ്പം അത്രതന്നെ പെരുമയുള്ള ഉത്സവങ്ങളുടെ ഭൂമികയായും ഭാരതം അറിയപ്പെടുന്നു. ആഘോഷങ്ങളുടെ ഋതുക്കള്‍ പരിശോധിച്ചാല്‍ മതത്തിന്റെ അഴിയാക്കുരുക്കുകളില്‍ പിണഞ്ഞ് വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ലെങ്കിലും കൊയ്ത്ത് കാലത്തുള്ള നമ്മുടെ പൂര്‍വ്വികരുടെ ആഹ്ലാദങ്ങളായിരുന്നു ആധുനിക ഭാരതീയ ആഘോഷങ്ങളുടെയെല്ലാം തായ്‌വേരെന്ന് കണ്ടെത്താന്‍ സാധിക്കും. മകര സംക്രാന്തി മുതല്‍ ബെയ്‌സാഖി (പഞ്ചാബ്, ഹരിയാന) ലോഹ്‌റി (വിന്റര്‍ ഫെസ്റ്റിവല്‍), ഉത്തരേന്ത്യയിലെ ബസന്ത് പഞ്ചമി, അസ്സാമിന്റെ ബിഹു, വങ്കല, ഗുടി പടുവ (മഹാരാഷ്ട്ര), നബന്ന (ബംഗാള്‍) തുടങ്ങി തെക്കേ ഇന്ത്യയുടെ ഘോഷങ്ങളായ പൊങ്കല്‍, ഉഗാദി, വിഷു, ഓണം എന്നിങ്ങനെ മനുഷ്യരില്‍ സന്തോഷവും സമൃദ്ധിയും നിറച്ചുകൊണ്ട് കൊയ്ത്തുത്സവങ്ങളുടെ നീണ്ടനിരതന്നെ നമ്മുടെ പ്രാക്തന സംസ്‌കാരത്തില്‍ വേരുന്നി നിറഞ്ഞു നില്‍ക്കുന്നു.

വാല്‍മാക്രി വെള്ളത്തില്‍ നിന്നെന്നപോലെ ചേറും ചളിയും നീന്തിക്കടന്നാണ് നാമിന്നീക്കാണുന്ന ക്രോണ്‍ക്രീറ്റ്, ഗ്ലാസ്സ് സൗധങ്ങളില്‍ കൃത്രിമശ്വാസം വലിച്ചിരിക്കുന്നതെന്നറിയാന്‍ ഒരുപക്ഷേ നമ്മുടെ ആഘോഷങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു. 

ഒരു ജനതയുടെ ഏകമതമായി ആഘോഷിച്ചിരുന്ന കൊയ്ത്തുത്സവം തന്നെയായിരുന്നു ഓണവും. പ്രാചീന കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരവും വ്യാപാര ഉത്സവവും കൂട്ടായ്മയും അതില്‍ നിന്നുരുവംകൊണ്ട മാനസിക ആരോഗ്യവും ഓണം പ്രദാനം ചെയ്തു. കാര്‍ഷികസംസ്‌ക്കാരം പാടെ നഷ്ടപ്പെട്ടുപോയ ഒരു ദേശത്ത് ഓണഘോഷത്തിന്റെ പ്രസക്തിയെന്തെന്ന് പോലും ചിന്തിക്കേണ്ടത് അനിവാര്യമാണ്. പാടത്തുനിന്നെടുക്കുന്ന ചുടാത്ത കളിമണ്ണില്‍ ചതുഷ്‌ക്കോണ്‍ ആകൃതിയില്‍ പരുവപ്പെടുത്തിയെടുക്കുന്ന തൃക്കാക്കരയപ്പന്റെ സ്വരൂപം പലയിടങ്ങളിലും കോണാകൃതിയില്‍ കാണപ്പെടുന്ന സസ്യദേവാരാധനയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. മണ്ണിനെ ബഹുമാനിച്ചിരുന്ന, മരത്തെ ആരാധിച്ചിരുന്ന നമ്മുടെ പൂര്‍വ്വിക നന്മയുടെ ആധുനിക പരിസമാപ്തി ഇതില്‍ വായിച്ചെടുക്കാം. മണ്ണിര കൃഷിക്കാരന്റെ മിത്രം എന്നു പറയുന്നതുപോലെ കൃഷിക്ക് അനുകൂലമായ മണ്ണിലടങ്ങിയിരിക്കുന്ന ജൈവിക ഘടകത്തെ അവര്‍ ചുട്ടു കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ല. പാടത്തു നിന്നെടുക്കുന്ന ചുടാത്ത കളിമണ്ണില്‍ തൃക്കാക്കരയപ്പനെ നിര്‍മ്മിച്ചെടുക്കുന്നത് അതുകൊണ്ടാണ്. അവര്‍ ആരാധിച്ചിരുന്നത് തൃക്കാക്കരയപ്പനിലൂടെ കൃഷിയെയായിരുന്നു എന്ന് ചുരുക്കം. ആകാശവും ജലവും വായുവും സൂര്യനെയുമൊക്കെ ആരാധിച്ച് അവര്‍ പ്രകൃതിയുമായുള്ള പാരസ്പര്യത്തില്‍ ഒട്ടിച്ചേര്‍ന്നു നിന്നു. ഇന്ന് ചേറും ജീവനും നഷ്ടപ്പെട്ട് കോണ്‍ക്രീറ്റ് വയലുകള്‍ക്കു മുകളില്‍ തൃക്കാക്കരയപ്പന്‍ ചോദ്യചിഹ്നമായോ അപഹാസ്യനായോ നില്‍ക്കുന്നു.

ഇന്നും ചിങ്ങം പിറക്കുമ്പോള്‍ സോഷ്യല്‍ മീഡിയാ ട്രോള്‍ ഹാസ്യങ്ങളുടെ രൂപത്തിലാണെങ്കിലും ഒരു ആര്‍പ്പുവിളിയുടെ പുരാതന നാട്ടുവഴക്കം നമ്മുടെ ചെവികളില്‍ മുഴങ്ങി കേള്‍ക്കാറുണ്ട്.
തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
ആര്‍പ്പോ... റ്വോ... റ്വോ... റ്വോ...
ഓണത്തപ്പനെ ആര്‍ത്തുവിളിച്ച് നമ്മുടെ പൂര്‍വ്വികര്‍ വരവേല്‍ക്കുന്നു. തൃക്കാക്കരയപ്പനെ സമൃദ്ധിയിലേയ്ക്ക് വരവേല്‍ക്കാന്‍ അരിമാവുകൊണ്ടുള്ള കോലമിടുന്നു. എന്നിട്ട് വീട്ടിലെ മൃഗങ്ങള്‍ക്കും ഉറുമ്പുകള്‍ക്കും ഇതര ജീവികള്‍ക്കുമായി അരിമാവ് കുറുക്കി ചെറിയ മണ്‍കലങ്ങളില്‍ വീടിന്റെ കോണുകളില്‍ വയ്ക്കും. പ്രകൃതിയില്‍ നിന്നും പൊക്കിള്‍ക്കൊടി ബന്ധം അറുത്തെറിയാത്ത, ഭൂമി ചൂഷണത്തിനും കൊള്ളയടിക്കാനുമുള്ള ഉപകരണം മാത്രമാണെന്ന് ചിന്തിക്കാത്ത പൂര്‍വ്വിക സമൂഹത്തിന്റെ നന്മയെ ആവാഹിക്കാന്‍ ചിലപ്പോള്‍ ഈ പ്രാക്തന വിശ്വാസങ്ങള്‍ ഉപകരിച്ചേക്കും.

ഓണക്കളികള്‍

ഓണക്കളികളിലെ വിശാലത പരിശോധിച്ചാല്‍ സര്‍വ്വമത കൂട്ടായ്മയുടെ, സാഹോദര്യത്തിന്റെ അടരുകള്‍ കണ്ടെത്താന്‍ കഴിയുന്ന എത്രയെങ്കിലും കളികള്‍ കാണാന്‍ കഴിയും. കൈകൊട്ടിക്കളിയെന്ന സ്ത്രീപക്ഷ കൂട്ടായ്മയില്‍ തുടങ്ങി ആട്ടക്കളം കുത്തല്‍, കുമ്മാട്ടിക്കളി, ഓണത്തല്ല്, കമ്പിത്തായംകളി, ഭരക്കളി, നായയും പുലിയും വയ്ക്കല്‍, തലപ്പന്തുകളി, കിളിത്തട്ടുകളി തുടങ്ങി സ്മൃതികളില്‍ നിന്ന് മാഞ്ഞു തുടങ്ങിയതും ആധുനിക ചേരുവകള്‍ ചേര്‍ത്ത് നിലനിന്ന് പോകുന്നതുമായ വള്ളം കളിയും പുലിക്കളികളുമായി കൂട്ടായ്മയുടെ ആഘോഷങ്ങള്‍ എത്രയെങ്കിലുമുണ്ട്.

മുറ്റത്തെ പൂക്കളത്തിനു ചുറ്റും വലംവച്ചു കൊണ്ട് നടത്തിവന്നിരുന്ന കൈകൊട്ടിക്കളി കേരളത്തിലെ പ്രാചീന ഗോത്ര നൃത്തങ്ങളുടെ ശീലുകള്‍ അനുസ്മരിപ്പിക്കുന്ന നല്ലൊരു കൂട്ടായ്മതന്നെയാണ്. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ഒപ്പം വട്ടത്തില്‍ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് കളിയുടെ രീതി. ചന്ദ്രന്റെ വൃദ്ധിക്ഷയമാണ്   വൃത്താകൃതിക്ക് പിന്നിലെ ശാസ്ത്രം. എല്ലാം ഉള്‍ക്കൊള്ളുന്ന വിശാലതയെ വൃത്താകാര രൂപം പ്രതിനിധാനം ചെയ്യുന്നു. പ്രകൃതിയുമായി സമരസപ്പെട്ടു ലയിച്ചുചേര്‍ന്ന കളികള്‍. ആരോഗ്യകരമായ കൂട്ടായ്മയുടെ മകുടോദാഹരണങ്ങള്‍. വെബ് ജാലകമെന്ന അനന്തമായ ശൂന്യതയില്‍ കുടുങ്ങി പ്രകൃതി-സാമൂഹിക-പാരസ്പര്യങ്ങളില്‍ നിന്നും പ്രകൃതിയോടുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നും കാതങ്ങള്‍ അകന്നുപോയ ആധുനിക തലമുറ-കൊലയാളി ഗെയിമുകളിലേക്ക് നിപതിക്കുമ്പോള്‍ പ്രാചീന ഒണം ഒരു ഓര്‍മ്മപ്പെടുത്തലായി നമുക്കരികില്‍ത്തന്നെയുണ്ട്. പരിഹാസ്യമായ ട്രോള്‍ (ആര്‍പ്പ്) വിളിക്കും കുടവയറന്‍ മിമിക്രി മാവേലിക്കും ഷോപ്പിംഗ് ഉത്സവത്തിനും കൂപ്പണ്‍ ഓഫറുകള്‍ക്കുമപ്പുറം ഓണത്തെ തിരിച്ചറിയാന്‍ കഴിയാത്ത തലമുറയായി അന്ധകാരത്തിന്റെ പാതാളത്തിലേക്ക് സ്വയം താഴ്ന്നുകൊണ്ടിരിക്കുന്നു.

അനുഷ്ഠാന കലകള്‍

അനുഷ്ഠാന കലകളായ കൂട്ടായ്മയുടെ ചില ഉദാഹരണങ്ങളാണ് കാല്‍ നിലത്തുറപ്പിക്കാതെ താളം ചവിട്ടുകയും ഓടുകയും ചെയ്യുന്ന വായ്തുറക്കാത്ത ഓണപ്പൊട്ടന്‍. പ്രാചീനമായ ഓണ തെയ്യത്തില്‍പ്പെടുന്ന ഒന്നാണ് ഓണപ്പൊട്ടന്‍. ക്ഷേമൈശ്വര്യങ്ങള്‍ നേര്‍ന്ന് വീടുകള്‍ തോറും കയറിയിറങ്ങി വേലന്മാര്‍ നടത്തുന്ന വേലന്‍ തുള്ളല്‍, പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവകൊണ്ട് തീര്‍പ്പിച്ച പ്രാകൃതമായ വയലിന്‍ പോലുള്ള ഓണവില്ലെന്ന സംഗീതോപകരണം, വണ്ണാന്‍മാര്‍ കൊട്ടിയാടിയിരുന്ന ഓണത്താര്‍ എന്ന് പേരിട്ടുവിളിച്ചിരുന്ന ഓണതെയ്യം, പട്ടണങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലായിരുന്നു ഇവയ്ക്ക് പ്രചാരമുണ്ടായിരുന്നത്. ഇവയൊക്കെ നമ്മുടെ സംസ്‌കൃതിയുമായി അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. പ്രാദേശികമായിരുന്ന ഇത്തരം അനുഷ്ഠാനങ്ങള്‍ ഗൃഹാതുരത്വത്തിന്റെ അസ്ഥിത്വമായി അവശേഷിക്കുന്നു. പര്‍വ്വതീകരിക്കപ്പെട്ട ഐതീഹ്യങ്ങളുടെ തിരതള്ളലുകളില്‍ നിന്ന് തെന്നിമാറി യാഥാര്‍ത്ഥ്യത്തിന്റെ താളിയോലകള്‍ പരിശോധിച്ചാല്‍ ദാനധര്‍മ്മിഷ്ഠതയുടെ മഹാബലി സത്യത്തിനപ്പുറം കാല-ദേശ-മത ഭേദങ്ങളില്ലാത്ത ഒരു ജനസഞ്ചയത്തിന്റെ ആഘോഷമായിരുന്ന ഓണത്തെ ദര്‍ശിക്കാന്‍ സാധിക്കും.

ചരിത്രത്തിലേയ്ക്ക് നോക്കി വായിച്ചാല്‍

തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമെന്നും അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയതെന്നുമാണ് ഐതീഹ്യം. അതിനെക്കാളുമൊക്കെ വളരെ മുന്‍പേ കേരളത്തിലും മധുര ഉള്‍പ്പെടെ പാണ്ഡ്യദേശങ്ങളിലും ഓണാഘോഷം നടത്തിയിട്ടുള്ളതായി സംഘ സാഹിത്യത്തിലെ പത്ത് പാട്ടുകളില്‍ ഉള്‍പ്പെടുന്ന മധുരൈ കാഞ്ചിയില്‍ പരാമര്‍ശമുണ്ട്. ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കമുള്ള ചരിത്ര രേഖയായി ഇത് കണക്കാക്കപ്പെടുന്നു. ബി.സി. രണ്ടാം ശതകത്തില്‍ മാങ്കുടി മരുതനാര്‍ എന്ന പാണ്ഡ്യ രാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയില്‍ ശ്രാവണ പൗര്‍ണ്ണമി നാളില്‍ ഓണം ആഘോഷിച്ചിരുന്നു. ഏഴു ദിവസം നടന്നിരുന്ന ആഘോഷത്തില്‍ ജനങ്ങള്‍ കുളിച്ചു തൊഴുത് ക്ഷേത്ര പരിസരത്ത് പലതരം കളികളും മത്സരങ്ങളും നടത്തിയിരുന്നു. ആഘോഷങ്ങളുടെ അവസാനമായ ഏഴാം നാള്‍ രാജാവ് ഭടന്മാര്‍ക്കും രാജ്യസ്‌നേഹികള്‍ക്കും കവികള്‍ക്കും രാജമുഖ്യന്മാര്‍ക്കും സമ്മാനങ്ങള്‍ കൊടുക്കുന്നു. ജനങ്ങള്‍ പുതിയ വസ്ത്രങ്ങള്‍ ധരിച്ച് വിഭവ സമൃദ്ധമായ സദ്യ കഴിച്ച് ഓണം ആഘോഷിക്കുന്നു.*

സംഘകാല കൃതികളില്‍ ഇന്ദ്രവിഴാ എന്ന് ഓണത്തെ വിളിച്ചിരുന്നതായി പറയപ്പെടുന്നു. വാമന-മാവേലി ഐതീഹ്യ കഥകള്‍ക്കപ്പുറം ഉണ്‍മയുടെ സ്പര്‍ശം അതിലുള്ളതായി പ്രഗത്ഭര്‍ സമ്മതിയ്ക്കുന്നു. ഇടവമാസം മുതല്‍ കര്‍ക്കിടകം അവസാനിക്കുന്നതുവരെ പാരിസ്ഥിതികനാശം വിതച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ വ്യാപരവിഘ്‌നങ്ങള്‍ വരുത്തിക്കൊണ്ട് മഴയുടെ ഘോര താഢനമായിരിക്കും. കപ്പലുകളിലൂടെയുള്ള ചരക്കു നീക്കം അസാദ്ധ്യമായിത്തീരും. പെരുമഴക്കാലത്തോര്‍ച്ച നോറ്റ് കപ്പലുകള്‍ മറ്റു രാജ്യങ്ങളില്‍ നങ്കൂരമിട്ട് പ്രശാന്ത സുന്ദരമായ ചിങ്ങപ്പുലരിക്കായി കാത്തിരിക്കും. ധീര നാവികര്‍ അന്യദേശങ്ങളില്‍ നിന്നുകൊണ്ടുവരുന്ന സമൃദ്ധി, വ്യാപാര കയറ്റിറക്കുമതി പുനഃസ്ഥാപിക്കുന്നതോടുകൂടി കെട്ടിക്കിടന്നിരുന്ന തദ്ദേശീയമായ സുഗന്ധദ്രവ്യങ്ങള്‍ കയറ്റി അയയ്ക്കുകയും പൊന്നിന്‍ പണം കൈയ്യിലേയ്ക്ക് എത്തുകയും ചെയ്യുന്ന സമൃദ്ധിയെ പൊന്നിന്‍ ചിങ്ങമാസമായി ആഘോഷിച്ചിരുന്നു എന്ന് പറയപ്പെടുന്നു. പൗര്‍ണ്ണമി നാളില്‍ കപ്പലുകള്‍ കടലില്‍ ഇറക്കുകയും അഭിമാനത്തോടെ നാളികേരവും പഴങ്ങളും കടലില്‍ നേതിച്ച് വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതുമായ പരാമര്‍ശങ്ങള്‍ അകനാനൂറിലുണ്ട്.

മാവേലിക്കര ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരില്‍ മാവേലി എന്ന് വിളിയ്ക്കുന്നത് പള്ളിബാണപ്പെരുമാളിനെയാണെന്നും അദ്ദേഹത്തിന്റെ മറ്റൊരു പേരാണ് ഒഡന്‍ എന്നും അനുമാനിക്കപ്പെട്ടിട്ടുണ്ട്. ഓടനാട് എന്നാണ് മാവേലിക്കരയുടെ മറ്റൊരു പേര്. അദ്ദേഹത്തിന്റെ ഓര്‍മ്മ നാളിനെ ഓഡന്‍ നാള്‍ അഥവാ ഓണനാളായി ആചരിച്ചിരുന്നതെന്നും വിശ്വാസമുണ്ട്.

പ്രശസ്ത ചരിത്രകാരനായ എന്‍ വി കൃഷ്ണവാരിയര്‍ വളരെ വ്യത്യസ്തമായ മറ്റൊരു ചരിത്രകഥ പറയുന്നു. പുരാതന ഇറാക്കിലെ അസിറിയയില്‍ നിന്നാണ് ഓണാചാരങ്ങള്‍ക്ക് തുടക്കമിടുന്നത് എന്നാണത്. അവിടുത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു. അസിറിയാക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുന്‍പ് ഭാരതത്തിലെത്തി തെക്കെ ഇന്ത്യയില്‍ സ്ഥാനം ഉറപ്പിച്ചതോടുകൂടിയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ കുടിയിരുത്തിയതെന്നും എന്‍ വി തെളിവായി സൂചിപ്പിക്കുന്നു. മറ്റൊരു എതിര്‍വാദത്തില്‍ തൃക്കാക്കരയപ്പന്‍ ബുദ്ധസ്ഥൂപത്തിന്റെ ഓര്‍മ്മയാണെന്നും ബോധോദയത്തിനു ശേഷം ശ്രീബുദ്ധന്‍ ശ്രവണ പദത്തിലേയ്ക്കു പ്രവേശിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ബുദ്ധമതത്തിന് കേരളത്തില്‍ പ്രചാരമുണ്ടായിരുന്ന കാലഘട്ടത്തില്‍ അതൊരു ആഘോഷമായി പരിണമിച്ചുവെന്നും പറയപ്പെടുന്നു. ശ്രവണ പദത്തിലേയ്ക്ക് പ്രവേശിച്ചവര്‍ക്ക് മഞ്ഞ വസ്ത്രം നല്‍കുന്നതിനെ ഓണക്കോടിയായും ഓണപ്പൂവിന്റെ (മുക്കുറ്റിപ്പൂവ്)**

അഞ്ച് ദളങ്ങള്‍ ബുദ്ധധര്‍മ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായും ബുദ്ധാനുയായികള്‍ വിശ്വസിച്ചു പോരുന്നു. ഓണാഘോഷത്തെ പരാമര്‍ശിച്ചിട്ടുള്ള ഒരു ശിലാലിഖിതത്തില്‍ ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട് എന്ന് പറഞ്ഞിരിക്കുന്നു. ആഘോഷങ്ങള്‍ ജീവിതത്തില്‍ സമൃദ്ധിയും ഉത്സാഹവും 
കൊണ്ടുവരുന്നു.

റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി (റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി, ന്യൂജേഴ്‌സി) നടത്തിയ ഒരു പഠനത്തില്‍ കുടുംബത്തോടൊപ്പം ആഹ്ലാദത്തോടെ ചിലവഴിക്കുന്നതും ഒത്തൊരുമിച്ച് ഭക്ഷണം കഴിയ്ക്കുന്നതും പൊണ്ണത്തടി കുറയ്ക്കുമെന്ന് പറയുന്നു. കഴിയ്ക്കുന്നത് എന്താണെന്നുള്ള തിരിച്ചറിവുകൊണ്ട് മാനസിക പിരിമുറുക്കം കുറഞ്ഞ് സന്തോഷവും മെച്ചപ്പെട്ട മാനസിക ആരോഗ്യവും ലഭ്യമാകുമെന്നും പഠനം അവകാശപ്പെടുന്നു.

വെബ്ബ് ജാലകങ്ങളില്‍ ആണ്ടുപോയ; സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെട്ടുപോയ നമ്മുടെ യുവ തലമുറയ്ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. ചരിത്രത്തിന്റെയും മിത്തുകളുടെയും സംഘര്‍ഷങ്ങളില്‍ നിന്ന് ഓണത്തെ വേര്‍പെടുത്തിയെടുക്കേണ്ടത് ഒരു സാര്‍വ്വ ദേശീയ ഉത്സവം എന്ന നിലയ്ക്കാണ്. അതില്‍ നാനാ ജാതി മതസ്ഥര്‍ ഉള്‍പ്പെടുന്നു. ആര്യ-ദ്രാവിഡ ഈഗോ (അഹംഭാവം) സംഘര്‍ഷ കെട്ടുകഥയില്‍ കുടുക്കിയിടാതെ ആരോഗ്യകരമായ മാനുഷിക കൂട്ടായ്മയുടെ, ഒത്തൊരുമയുടെ ഘോഷമാക്കി നാം ആര്‍പ്പു വിളിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി തീര്‍ന്നിരിക്കുന്നു. കാര്‍ഷിക സംസ്‌കൃതി കുറ്റിയറ്റുപോയ ഒരു ജനതയ്ക്ക് വിളവെടുപ്പ് ഉത്സവമായ ഓണം അതിന്റെ എല്ലാ ആശയ ഗാംഭീര്യത്തോടെയും തിരികെ എഴുന്നള്ളിക്കുന്നതോടുകൂടി വിഷരഹിതമായ സദ്യയും നഷ്ടപ്പെട്ടുപോയ നമ്മുടെ ആരോഗ്യവും തിരിച്ചുവരുമെന്ന് പ്രത്യാശിക്കാം.

*  പി എന്‍ കുഞ്ഞന്‍ പിള്ള, ലാന്‍ഡ്മാര്‍ക്‌സ് ഓഫ് സിവിലൈസേഷന്‍ പുറം. 159
** മലയാളികളുടെ ഓണ ഉത്സവവുമായി ഇഴചേര്‍ന്നു കിടക്കുന്ന, ധാരാളം ഔഷധ ഗുണമുള്ള പൂവ്. തൊഴിലുറപ്പ് സംഘം ചെത്തിപ്പറിച്ച് വംശനാശം വരുത്തിക്കൊണ്ടിരിക്കുന്ന അനേകം ഔഷധ സസ്യങ്ങളില്‍ ഒന്ന്.

No comments:

Post a Comment