Friday 8 September 2017

ആരോഗ്യം സാമൂഹ്യമാണ്

സി ആര്‍ നീലകണ്ഠന്‍

ന്ത്യയുടെ ആരോഗ്യരംഗത്തെ വീണ്ടും വലിയ ചര്‍ച്ചയിലേക്ക് നയിക്കുന്നത് യു പിയിലെ ഗോരഖ്പൂരില്‍ നടന്ന ദുരന്തമാണ്, അഥവാ കൂട്ട ശിശുഹത്യയാണ്. മസ്തിഷ്‌കജ്വരം എന്ന പേരില്‍ അറിയപ്പെടുന്ന രോഗം ബാധിച്ച കുട്ടികള്‍ കൊല്ലപ്പെട്ടത് അവര്‍ക്കാവശ്യമായ പ്രാണവായു ലഭ്യമല്ലാതിരുന്നതിനാലാണ് എന്ന് തെളിഞ്ഞിരിക്കുന്നു.,ഭരണകര്‍ത്താക്കള്‍ അക്കാര്യം ഇതുവരെ സമ്മതിച്ചിട്ടില്ലെങ്കിലും. സ്വാതന്ത്രത്തിന്റെ എഴുപത്തൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് തന്നെയാണ് ഈ വാര്‍ത്തയും വന്നത്. പതിവുപോലെ ഇതും കേവലം ഒരു കക്ഷിരാഷ്ട്രീയ ചര്‍ച്ചയും തര്‍ക്കവുമാക്കി മാറ്റാനാണ് മുഖ്യധാരാ രാഷ്ട്രീയ മാധ്യമ നേതൃത്വങ്ങള്‍ ശ്രമിച്ചത്. പക്ഷെ ഇതിന്റെ ഉള്ളിലേക്ക് കടന്നാല്‍ ഇന്ത്യയുടെ പൊതുജനാരോഗ്യസംവിധാനത്തിലെ പുഴുക്കുത്തുകള്‍  കാണാന്‍ കഴിയും.പക്ഷെ അത് മറച്ചുപിടിക്കുന്ന വിധത്തിലാണ്  പലരും പ്രതികരിച്ചത്. മസ്തിഷ്‌കജ്വരം ബാധിച്ചു ഓരോ വര്‍ഷവും പതിനായിരക്കണക്കിന്   കുട്ടികള്‍ മരിക്കുന്നു എന്നതിനാല്‍ ഈ മരണം അത്ര വലിയ ഒരു വിഷയമല്ലെന്ന രീതിയിലാണ് ഇപ്പോഴത്തെ ഭരണക്കാര്‍  വാദിക്കുന്നത്.ഇത്രയും കാലം അവിടത്തെ എം പി യായിരുന്നു  മുഖ്യമന്ത്രി എന്നത് ചൂണ്ടിക്കാട്ടി എതിര്‍പക്ഷം ഇതിനെ നേരിടുന്നു. ഇരുപക്ഷവും കുറേക്കാലം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണകക്ഷിയോ പ്രതിപക്ഷമോ ആയിട്ടും ഈ വിഷയം പരിഹരിക്കപ്പെടാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യം മറക്കപ്പെടുന്നു.

അന്താരാഷ്ട്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ ആരോഗ്യരക്ഷാസൂചകങ്ങള്‍ വളരെ താഴ്ന്നതാണെന്നാണ്.ഏറെ പ്രശസ്തമായ ദി ലാന്‍സെറ്റ് നടത്തിയ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് എന്ന   പഠനമനുസരിച്ചു ആരോഗ്യരക്ഷയല്‍ ഇന്ത്യയുടെ സ്ഥാനം അയല്‍ രാജ്യങ്ങളായ  ശ്രീലങ്ക, ചൈന, ബംഗ്ലാദേശ് എന്നിവയെക്കാള്‍ വളരെ പുറകിലാണ്.ഓരോ രാജ്യങ്ങളിലെയും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ഗുണനിലവാരം, ലഭ്യത എന്നിവയാണ് പഠനവിധേയമാക്കിയത്. ആകെയുള്ള 195 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 154 ആണ്. സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാം സ്ഥാനത്തും സ്വീഡനും നോര്‍വയും രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. അതില്‍ ബംഗ്ലാദേശിന് 52-ാം സ്ഥാനവും ചൈനക്ക് 74-ാം സ്ഥാനവും ശ്രീലങ്കക്ക് 73-ാം സ്ഥാനവും ആണുള്ളത് എന്ന് പറയുമ്പോള്‍ നാം ഏഴു പതിറ്റാണ്ട് കൊണ്ട് നേടിയ വളര്‍ച്ച എത്രയെന്നു ബോധ്യമാകും.1990 നു ശേഷം ഈ രാജ്യങ്ങള്‍ക്കുണ്ടായ വളര്‍ച്ചയാണ് ഈ അവസ്ഥക്ക് കാരണം. 1990 ല്‍ നിന്നും ഇന്ത്യ വളര്‍ച്ച നേടിയിട്ടുണ്ട്. നമ്മുടെ ആരോഗ്യസൂചകം 30.7ല്‍ നിന്നും 44 .8 ആയി ഉയര്‍ന്നു. പക്ഷെ മറ്റു രാജ്യങ്ങളുടെ വളര്‍ച്ച വളരെ കൂടുതലായിരുന്നു എന്ന് മാത്രമല്ല നാം ലക്ഷ്യം വെച്ചതില്‍ നിന്നും ഏറെ പുറകിലുമായിരുന്നു.മറ്റു രാജ്യങ്ങളുമായുള്ള വിടവ് ഏറെ വര്‍ധിക്കുകയുയാണുണ്ടായത്. ക്ഷയം, പ്രമേഹം വാതസംബന്ധമായ ഹൃദയ രോഗങ്ങള്‍, മൂത്രാശയതകരാറുകള്‍ മുതലായ മേഖലകളില്‍ ഇന്ത്യയുടെ പ്രകടനം വളരെ മോശമായിരുന്നു എന്ന് റിപ്പോര്‍ട്ടു പറയുന്നു. സമൂഹങ്ങള്‍ക്കകത്ത് തന്നെ ചികിത്സാലഭ്യതയില്‍ ഉള്ള വിടവ് കൂടുന്നു എന്ന് വിവിധ രാജ്യങ്ങളിലെ നൂറു കണക്കിന് വിദഗ്ധര്‍ പങ്കെടുത്ത  പഠനം കാണിക്കുന്നു. ഉയര്‍ന്ന ആരോഗ്യരക്ഷാനിലവാരമുള്ള രാജ്യങ്ങള്‍പോലും പ്രാഥമികാരോഗ്യസുരക്ഷാ രംഗത്ത് ഏറെ പിന്നിലാണ് എന്നും പഠനം കാണിക്കുന്നു.

ഒരു സമൂഹത്തില്‍ ഏറ്റവും ദരിദ്രരും ദുര്‍ബലരുമായവര്‍ക്കു കിട്ടുന്ന ആരോഗ്യസൗകര്യങ്ങള്‍ അടിസ്ഥാനമായെടുത്താല്‍ ഇന്ത്യ ഏറെ പുറകിലാണ്. ആരോഗ്യരംഗത്ത് സര്‍ക്കാര്‍ മുടക്കുന്ന മുതലിന്റെ കാര്യമെടുത്താലും നാം പുറകിലാണ്. അതിനും പുറമെ സര്‍ക്കാര്‍പണം മുടക്കുന്ന പദ്ധതികളുടെ മുന്‍ഗണനാക്രമം, അതിന്റെ നടത്തിപ്പിലെ അഴിമതി തുടങ്ങിയവയും പ്രശ്‌നമാണ്. ആഗോളീകരണം മുതല്‍ സേവനമേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നതിന്റെ ഫലമായിട്ടും  ഗുരുതരമായ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. സ്വകാര്യമൂലധനത്തിനു സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുക വഴി ആരോഗ്യമടക്കമുള്ള സേവനമേഖലകള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നു. ഇതിന്റെയെല്ലാം ഇരകളാക്കപ്പെടുന്നത് സമൂഹത്തില്‍ ഏറ്റവും താഴെത്തട്ടിലുള്ളവരാണ്. ആദിവാസി സമൂഹങ്ങളില്‍ നല്ലൊരു പങ്കിനും ഇന്ന് ആധുനിക ആരോഗ്യസംവിധാനങ്ങള്‍ പ്രാപ്യമല്ല. അവര്‍ക്കു സ്വന്തമായുണ്ടായിരുന്ന ആരോഗ്യരക്ഷകള്‍ വികസനമെന്ന പേരില്‍ നാം തകര്‍ത്തുകളഞ്ഞു. വനത്തിന്റെയും ജൈവവൈവിധ്യങ്ങളുടെയും നാശം അതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഖനനം,അണക്കെട്ടുകള്‍, റെയില്‍, റോഡ് തുടങ്ങിയ വികാസങ്ങളുടെ ആദ്യ ഇരകള്‍ അവരാണല്ലോ. സ്വന്തം മണ്ണില്‍ നിന്നും ജീവനോപാധികളില്‍ നിന്നും പറിച്ചെറിയപ്പെടുക വഴി അവരുടെ ഭക്ഷണവും പോഷകാംശങ്ങളും സംസ്‌ക്കാരവും നഷ്ടമാകുന്നു. ഇന്ന് ഒട്ടു മിക്ക ആദിവാസിഗോത്രങ്ങളും അന്യം നില്‍ക്കുന്ന ദിശയിലാണു പോകുന്നത്. ആരോഗ്യരംഗം സാങ്കേതികവിദ്യകളുടെ മത്സരമാകുമ്പോള്‍ അതിനുള്ള ചിലവും കൂടുന്നു. പ്രാഥമിക വിദ്യാഭ്യാസം, വിശേഷിച്ചും സ്ത്രീകളുടെ ഇടയില്‍, വളരെ പതുക്കെ മാത്രം വ്യാപിക്കുകവഴി ഉണ്ടാകുന്ന ശിശുമരണങ്ങളും വളരെ കൂടുതലാണ്. ഗ്രാമീണ, നഗര വ്യത്യാസമില്ലാതെ ഇന്ന് ഇന്ത്യക്കാകെ ഈ അവസ്ഥ ബാധകവുമാകുന്നു. ശുദ്ധവായുവും ശുദ്ധജലവും വിഷമില്ലാത്തതും പോഷകസമൃദ്ധവുമായ ഭക്ഷണം ആരോഗ്യ സംരക്ഷണത്തിന് എത്രമാത്രം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. ഇവയുടെ ലഭ്യത ഇന്ന് വളരെ കുറവായിരിക്കുന്നു. വന്‍ തോതില്‍ പണം മുടക്കി സ്ഥാപിക്കപ്പെടുന്ന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും മഹാ ഭൂരിപക്ഷത്തിനും പ്രാപ്യമാകുന്നില്ല.  കാര്‍ഷിക ഗ്രാമീണ മേഖലകളില്‍ ഉണ്ടായ തകര്‍ച്ച സൃഷ്ടിച്ച ആഘാതം കൂടിക്കൊണ്ടാണിരിക്കുന്നതു.

ഗോരഖ്പൂരില്‍ കൊല്ലപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും ദരിദ്രരാണ്, ആദിവാസി, ദളിത് മതന്യുനപക്ഷ വിഭാഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയ ഗ്രമീണജനങ്ങളാണ്. അവര്‍ യുപിയില്‍ നിന്നും മാത്രമല്ല, ബീഹാര്‍, തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കുറേപ്പേര്‍ അയല്‍രാജ്യമായ നേപ്പാളില്‍ നിന്നുമാണ്. വലിയൊരു പ്രദേശത്ത് ജീവിക്കുന്ന ഈ ഗ്രാമീണര്‍ക്ക് ചികിത്സക്കായി ആശ്രയിക്കാവുന്ന ഒരേ ഒരു മെഡിക്കല്‍ കോളേജാണിത്.മസ്തിഷ്‌കജ്വരം പോലുള്ള മാരക പകര്‍ച്ചവ്യാധികള്‍ ഇവിടെ വളരെ വ്യാപകമാണ്. അത് നിയന്ത്രിക്കാന്‍ മാറി മാറി അധികാരമേറ്റ ഭരണകര്‍ത്താക്കള്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകും. ഇത് ഒരിടത്തെ മാത്രം പ്രശ്‌നമല്ല. ഇന്ത്യ ഡിജിറ്റല്‍ ആക്കണം എന്നെല്ലാം പറയുന്ന, എല്ലാവരും ആധാറും ബാങ്ക് അക്കൗണ്ടും ഉള്ളവരാകണമെന്നു പറയുന്ന സര്‍ക്കാരിന് ഇന്നാട്ടിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ഒന്നും അറിയില്ലെന്നാണോ? ലോകത്തില്‍ ഏറ്റവുമധികം ക്ഷയരോഗികളും അന്ധന്മാരും പകര്‍ച്ചവ്യാധികളില്‍ മരിക്കുന്നവരും ജന്മനാ തന്നെ ആരോഗ്യമില്ലാത്ത, ഒരു വയസ്സിനു താഴെയുള്ള ഏറ്റവുമധികം കുട്ടികള്‍ മരിക്കുന്ന രാജ്യം ഇതാണെന്നു അറിയാത്തതാകുമോ? സര്‍ക്കാരുകളുടെ കാര്‍ഷിക വ്യാവസായിക വികസനനയങ്ങളുടെ ഇരകളാണ് ഇവരെന്ന സത്യം ആധാര്‍ വ്യാപകമായാല്‍ മാത്രമേ സര്‍ക്കാര്‍ അറിയൂ എന്നുണ്ടോ? ഇന്നും ആ നയങ്ങളില്‍ തിരുത്തല്‍ വേണമെന്ന ചിന്തപോലും ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടോ ? ഇല്ല . രാജ്യത്തിന്റെ ജി ഡി പി വര്‍ധിക്കാന്‍ കൂടുതല്‍ പേര് രോഗികളായാല്‍ മതി എന്നറിയാവുന്ന ഭരണകര്‍ത്താക്കളോട് നാം എങ്ങനെ പെരുമാറണം?

നമുക്ക് കേരളത്തത്തിലേക്കു വരാം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിന്റെ ആരോഗ്യരംഗം. വളരെ കുറഞ്ഞ ഉത്പാദനസാഹചര്യങ്ങള്‍ ഉള്ളപ്പോള്‍ പോലും സാമൂഹ്യ വികസന സൂചകങ്ങളില്‍ ഒന്നായി ലോകത്തിനു കുടപിടിക്കും വിധം കേരളം വളര്‍ന്നതെന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നത് 1970 കളിലായിരുന്നു. സാമ്പത്തികവിദഗ്ധര്‍ ഇതിനെ കേരളവികസനമാതൃക എന്ന് പേരിട്ടു വിളിച്ചു.

വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മൂന്നാം ലോകത്തില്‍ അപൂര്‍വമായ നേട്ടങ്ങള്‍ നാം ഉണ്ടാക്കിയതെങ്ങനെ? കേരള വികസന മാതൃക എന്നതിനെ അംഗീകരിക്കാതിരിക്കുമ്പോഴും ഇതൊരു വ്യത്യസ്ത വികസനാനുഭവം തന്നെ എന്ന് സമ്മതിച്ച ഡോ. അമര്‍ത്യാസെന്‍ തന്നെ  ഇതിന്റെ പിന്നിലെ ചാലകശക്തി കേരളത്തിലെ പൊതു പ്രവര്‍ത്തനം (പബ്ലിക് ആക്ഷന്‍) ആണെന്ന് തിരിച്ചറിഞ്ഞു. ആ പ്രവര്‍ത്തനങ്ങള്‍ക്കു നിരവധി ഘടകങ്ങള്‍ ഉണ്ട്. തിരുവിതാംകൂറിലെ രാജ ഭരണകൂടം നടത്തിയ വിദ്യാഭ്യാസ-ആരോഗ്യ ഇടപെടല്‍, ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം, ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മമൂലം ഇംഗ്ലീഷ് വിദ്യാഭ്യാസംവഴി വന്ന വിജ്ഞാനം, നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന നിരവധി മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനം, കര്‍ഷക തൊഴിലാളി ഇടതുപക്ഷ രാഷ്ട്രീയം സാംസ്‌കാരിക രംഗത്തെ ഇടപെടല്‍ തുടങ്ങി നീണ്ട നിര തന്നെയുണ്ട് കേരളത്തില്‍ ഒന്നര നൂറ്റാണ്ട് നീണ്ട പൊതു പ്രവര്‍ത്തനങ്ങള്‍ക്കു എന്ന് കാണാം. കേരളത്തില്‍ വിദ്യാഭ്യാസം സാര്‍വ്വത്രികമായതു പൊതു എന്ന സങ്കല്‍പം വ്യാപിപ്പിക്കപ്പെട്ടതിനാല്‍ ആണ്. മഹാത്മാ അയ്യങ്കാളി തന്റെ വില്ലു വണ്ടി രാജപാതയിലൂടെ ഓടിക്കുമ്പോഴാണ് കേരളത്തില്‍ ആദ്യത്തെ പൊതുവഴി ഉണ്ടാകുന്നത്. അതുപോലെ എല്ലാവര്ക്കും പഠിക്കാവുന്ന പൊതുവിദ്യാലയങ്ങള്‍ എന്നത് സാധ്യമാകുന്നതും അദ്ദേഹം പഞ്ചമി എന്ന കുട്ടിയെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ക്കുമ്പോഴാണ്. അന്ന് അതിനെ എതിര്‍ത്തവരെ  നേരിടാന്‍ പണിമുടക്ക് നടത്തിക്കൊണ്ടാണ്.ആ പൊതു വഴിയിലൂടെ നടന്നു പൊതുവിദ്യാലയത്തില്‍ പഠിച്ചു രൂപം കൊണ്ടതാണ് കേരളീയ സമൂഹം. വിദ്യാഭ്യാസം, ശുചിത്വം, യുക്തിബോധം മുതലായവ സാര്‍വ്വത്രികമായപ്പോഴയാണ് ഇങ്ങനെ ഒരു സമൂഹം രൂപപ്പെട്ടത്.

മാനവികത, തുല്യത മുതലായവ പൊതുബോധമായി. ഈ നേട്ടങ്ങളെയും വികസനമാതൃകകളെയും കുറിച്ച് അഭിമാനം കൊള്ളുമ്പോഴും ഇതിനു പുറത്ത് നില്‍ക്കുന്ന കുറെ ജനവിഭാഗങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന വസ്തുത മറച്ചു പിടിക്കാനാവാത്തവിധം പുറത്ത് വന്നിട്ടുമുണ്ട്.കേരളത്ത്‌ന്റെ ആരോഗ്യ വിദ്യാഭ്യാസ വികസന സൂചികകള്‍ക്കു പുറത്ത് എപ്പോഴും നില്‍ക്കുന്ന ആദിവാസികള്‍ ഇതില്‍ പ്രധാന വിഭാഗമാണ്. ഭൂപരിഷകരണത്തില്‍ വഞ്ചിക്കപ്പെട്ട ദളിത് വിഭാഗങ്ങളുടെ സ്ഥിതിയും ഇന്ന് വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പക്ഷെ പഴയകാല നേട്ടങ്ങളെക്കുറിച്ചു അഭിമാനം നടിക്കുന്നതില്‍ ഇന്ന് വലിയ ഫലമില്ല. ഇന്നത്തെ അവസ്ഥ എന്താണ്? പൊതു എന്ന സങ്കല്പത്തില്‍ വളര്‍ന്ന കേരളത്തിലെ പൊതു സങ്കല്‍പം  ഇന്നെവിടെ എത്തി നില്‍ക്കുന്നു? ഒന്നാം ലോകത്തിലെ ആരോഗ്യ സൂചകങ്ങള്‍ മാത്രമല്ല രോഗ സൂചകങ്ങളും കേരളത്തില്‍ പ്രകടമാണ്. അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം, കിഡ്‌നി തകരാറുകള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങളില്‍ നാം ഇന്ത്യയില്‍ ഏറ്റവും മുന്നിലാണ്. ഒരുപരിധിവരെ അതും ഒരു വികസനസൂചകമായി കണക്കാക്കാമായിരുന്നു. പക്ഷെ അതുണ്ടാക്കുന്ന സാമൂഹ്യദുരന്തങ്ങള്‍  സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അങ്ങനെ കാണാന്‍ കഴിയില്ല. ഒരു കാലത്ത് ദാരിദ്ര്യം കൊണ്ട് ധാരാളം പേര്‍ രോഗികളായി മാറിയിരുന്നു എങ്കില്‍ ഇപ്പോള്‍ പലരും രോഗങ്ങള്‍ കൊണ്ട് ദരിദ്രരാകുന്നു എന്നതാണ് അവസ്ഥ. ഇടത്തരം കുടുംബമാണെങ്കില്‍ പോലും അവിടെ  ഒരാള്‍ക്ക് ഒരു മാരക രോഗം വന്നാല്‍ അവര്‍ തീര്‍ത്തും ദരിദ്രവല്‍ക്കരിക്കപ്പെടുന്നു. കടബാധ്യത മൂലം കുടിയൊഴിക്കപ്പെടുന്നവരില്‍ നല്ലൊരു പങ്കും ചികിത്സക്കായി കടമെടുത്തവരാണ്. പൊതു ആരോഗ്യസംവിധാനങ്ങളുടെ തകര്‍ച്ചയും ആരോഗ്യസേവനമെന്നത് ഒരു വന്‍വ്യാപാരമായി മാറിയതും അതില്‍ നടക്കുന്ന കൊള്ളകളും ഇന്നൊരു രഹസ്യമായി. അവയവ മാറ്റി വാക്കല്‍ അടക്കമുള്ള ചിലവേറിയ ചികിത്സകള്‍ക്ക് രോഗികളെ കൊണ്ടെത്തിക്കുന്നവര്‍ക്കു ഉയര്‍ന്ന കമ്മീഷന്‍ ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

ഒരുപക്ഷെ ഇതിനേക്കാള്‍ ഭീതിദമായ മറ്റൊരു മുഖം കൂടി കേരളത്തിനുണ്ട്. നാം ഒന്നാം ലോകത്തിലാണ് എന്ന് പറയുമ്പോഴും മൂന്നാം ലോകത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സമൂഹങ്ങളിലെ പ്രവണതകളും ഇവിടെ വ്യാപകമാണ്. പകര്‍ച്ചവ്യാധികള്‍കൊണ്ട് വലയുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഓരോ വര്‍ഷവും കേരളത്തില്‍ ഉണ്ടാകുന്നു. അഞ്ഞൂറും അതിലധികവും പേര്‍ അത് മൂലം ഓരോ വര്‍ഷവും മരിക്കുന്നു. എത്ര കോടി രൂപയാണ് ജനങ്ങള്‍ ഈ പകര്‍ച്ചവ്യാധികളുടെ ചികിത്സക്കായി ഓരോ വര്‍ഷവും മുടക്കുന്നത്? പുകള്‍പെറ്റ കേരളത്തിന്റെ പൊതു ആരോഗ്യ സംവിധാനത്തിന് എന്ത് സംഭവിച്ചു? ആരോഗ്യവിദ്യാഭ്യാസരംഗത്തെ മൂല്യശോഷണത്തെ പറ്റി ഇനി ആരുണ്ട് വിലപിക്കാന്‍? എവിടെയാണ് നമുക്ക് പിഴച്ചത് എന്ന ആത്മപരിശോധനപോലും സാധ്യമാകാത്തവിധത്തില്‍ തകര്‍ന്നില്ലേ നമ്മുടെ പൊതു എന്ന സങ്കല്‍പം തന്നെ? എന്ത് പൊതു ഇടപെടലാണ് ഇവിടെ നടക്കുന്നത്? ഭരണ പ്രതിപക്ഷങ്ങളായി നിന്ന് മത്സരിക്കുന്ന ഒരു കക്ഷിക്കും ഇനി ഒരു പൊതു ഇടപെടലും സാധ്യമല്ലെന്നു നാം കാണുന്നു. പകര്‍ച്ചവ്യാധി വ്യാപനത്തിനുള്ള പ്രധാന കാരണങ്ങള്‍ നമുക്കറിയാം. നാടാകെ വ്യാപിക്കുന്ന മാലിന്യങ്ങള്‍ ഒന്നാം പ്രതിയാണ്. അധികാരവികേന്ദ്രീകരണത്തെ പിടിച്ചു ആണയിടുന്നവരോട് ഒരേ ഒരു ചോദ്യം ചോദിച്ചാല്‍ മതി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക കടമയാണല്ലോ മാലിന്യ സംസ്‌കരണം. ഏതു കകഷി ഭരിക്കുന്നതായാലും ഒരൊറ്റ ഇടത്ത് പോലും ഈ വിഷയം പരിഹരിക്കാന്‍ കഴിയാതിരിക്കുന്നതെന്തു കൊണ്ട്? ഇത്ര ഗുരുതരമായ അവസ്ഥയുണ്ടാകുമ്പോഴും കോടിക്കണക്കിനു പണം ഇതിനായി മുടക്കിയിട്ടും എല്ലാ സര്‍ക്കാരുകളും ഇതിനായി നിരവധി മിഷനുകളും പദ്ധതികളും തയ്യാറാക്കിയിട്ടും ഒരു പരിഹാരമില്ലാത്തതെന്തു കൊണ്ട്? നായകള്‍ പെരുകുന്നതിനാല്‍ അവയെ ഒക്കെ കൊന്നു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ഇനി എല്ലാ കൊതുകുകളെയും ഈച്ചകളെയും അങ്ങനെ തന്നെ നേരിടുമോ? ഒരു യുക്തിബോധവുമില്ലാത്ത സമൂഹമായി കേരളം മാറി എന്ന് തന്നെയാണ് ഇതിനര്‍ത്ഥം.

മാലിന്യം മാത്രമല്ല പ്രശനം. തിരുവാതിര ഞാറ്റുവേല എന്നൊക്കെ ഗൃഹാതുരത്വത്തോടെ പറയുമെങ്കിലും ആ സമയത്തും ഇരുപതു രൂപയ്ക്കു ഒരു കുപ്പി പച്ചവെള്ളം വാങ്ങി കുടിക്കേണ്ടി വരുന്നതെന്നുകൊണ്ട് എന്ന ചിന്ത കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ ഇല്ലാത്തതെന്തു കൊണ്ട്? ഇന്നും വികസനത്തിന്റെ പേരില്‍ എല്ലാ ജലസ്രോതസ്സുകള്‍കളും  നശിപ്പിക്കുന്നതില്‍ ഒരു മടിയുമില്ലാത്തവരായി ഭരണകര്‍ത്താക്കള്‍ മാറിയതെന്തു കൊണ്ട്? ശുദ്ധജലലഭ്യത ആരോഗ്യവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാത്തവരല്ലല്ലോ നമ്മള്‍. പക്ഷെ അതൊന്നും ജീവിതത്തില്‍ പാലിക്കാന്‍ കഴിയാത്തവിധം കപടയുക്തികളായി മാറിയതെങ്ങനെ? അതുപോലെ തന്നെ ശുദ്ധമായ ഭക്ഷണത്തെ കുറിച്ച് നമുക്ക് വേവലാതിയില്ലാത്തതെന്തു കൊണ്ട്? മദ്യപാനവും ആരോഗ്യവുമായുള്ള ബന്ധം നന്നായി അറിയാമെങ്കിലും സര്‍ക്കാരിന്റെ വരുമാനസ്രോതസ്സുകയില്‍ പ്രധാനപ്പെട്ട മദ്യം വ്യാപകമാക്കാനാണ് സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നത്.  പെരുകുന്ന സൂപ്പര്‍ സ്‌പെഷ്യലിറ്റി ആരോഗ്യസ്ഥാപനങ്ങള്‍ കൊണ്ട് സംരക്ഷിക്കാവുന്നതല്ല ആരോഗ്യം എന്ന ബോധം നമുക്ക് നഷ്ടമായതെങ്ങനെ എന്ന് ചിന്തിക്കാന്‍ കഴിയുന്ന ഒരു പൊതു ഇടപെടല്‍ വീണ്ടും ഉണ്ടാകാതെ കേരളത്തിന്റെ ആരോഗ്യരംഗം രക്ഷപ്പെടുകയില്ല.

No comments:

Post a Comment