Tuesday 11 September 2018

രോഗിയുടെ വേദന മാറ്റുക മാത്രമല്ല ഡോക്ടറുടെ കടമ

പത്മശ്രീ ഡോ. എം ആര്‍ രാജഗോപാല്‍/വിന്‍സന്റ് പീറ്റര്‍

അനസ്‌ത്യേഷ്യോളജിയിലും പാലിയേറ്റീവ് മെഡിസിനിലും സ്‌പെഷ്യലൈസ് ചെയ്ത പത്മശ്രീ ഡോ. എം ആര്‍ രാജഗോപാല്‍ ഇന്ത്യയിലെ പാലിയേറ്റീവ് ചികിത്സാ മേഖലയുടെ തുടക്കക്കാരനാണ്. വേദനയനുഭവിക്കുന്ന രോഗികള്‍ക്ക് സാന്ത്വന ചികിത്സയുമായി അവരുടെ അടുത്തേക്ക് പോകുന്ന ഡോക്ടറുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാഗവണ്‍മെന്റിന്റെ ഹെല്‍ത്ത് മിനിസ്റ്ററി നാഷണല്‍ പ്രോഗ്രാം ഫോര്‍ പാലിയേറ്റീവ് കെയര്‍ എന്ന പദ്ധതി തയ്യാറാക്കുന്നതിന് കാരണമായി. രോഗത്തിന് കാരണമായ സാമൂഹിക സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടും വൈദ്യനൈതികതയിലടിയുറച്ച് നിന്നുകൊണ്ടും അവയ്ക്ക് തന്നാലാവും വിധം പരിഹാരം കാണാന്‍ ശ്രമിക്കുന്ന ഡോ. എം ആര്‍ രാജഗോപാല്‍ സാന്ത്വന ചികിത്സയാവശ്യമുള്ള കോടിക്കണക്കിന് രോഗികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സ്വാസ്ഥ്യത്തിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്. വേദനയകറ്റിക്കൊണ്ട് രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും ഡോ. എം ആര്‍ രാജഗോപാല്‍ ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു.

അതി കഠിനമായ വേദനയനുഭവിക്കുന്ന രോഗികളെയാണ് ഡോക്ടര്‍ ചികിത്സിക്കുന്നത്. ഡോക്ടര്‍ നല്കിവരുന്ന സാന്ത്വന ചികിത്സ അനേകമാളുകള്‍ക്ക് ആശ്വാസമാകുന്നുണ്ട്. രോഗങ്ങള്‍ക്കും വേദനയ്ക്കും കാരണങ്ങള്‍ പലതാകാം. ഇന്ത്യയിലെ സാന്ത്വന ചികിത്സാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സാന്ത്വന ചികിത്സാരംഗത്ത് മുന്നേറ്റം നടത്തുന്ന ഡോക്ടറുടെ അഭിപ്രായത്തില്‍ എന്തായിരിക്കണം ചികിത്സ?

വേദനയെയാണ് ഞാന്‍ ചികിത്സിച്ച് തുടങ്ങിയത്. അനസ്‌തേഷ്യസ്റ്റാണ് ഞാന്‍. നെര്‍വ്വ് ബ്ലോക്ക് ചെയ്താല്‍ വേദനയും അതുവഴിയുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും താത്കാലിക മായി മാറ്റാന്‍ കഴിയും. ഇത് ഞാന്‍ പഠിച്ചതും പ്രായോഗികമായി ചെയ്തുവരുന്നതുമായ ചികിത്സയാണ്. പക്ഷേ എന്റെ കയ്യിലുള്ളത് കൊടുക്കുന്നതും ആളുകള്‍ക്ക് ആവശ്യമുള്ളത് കൊടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

വേദനയ്ക്ക് പല കാരണങ്ങളുണ്ടെന്നും അവയ്ക്ക് പരിഹാരം കാണുന്നതിലൂടെയേ ചികിത്സ പൂര്‍ണ്ണമായും ഫലപ്രദമാകൂ എന്നും എന്നെ പഠിപ്പിച്ചത് രോഗികളാണ്. തീവ്രമായ വേദനയനുഭവിക്കുന്ന ഓരോ രോഗിയുടെയും അവസ്ഥ വ്യത്യസ്ഥമാണ്. കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗം മൂലം കഠിനമായ വേദന അനുഭവിക്കുന്നവരുണ്ട്. ശ്വാസം മുട്ടോ, ഉണങ്ങാത്ത വൃണമോ ഉള്ള ഒരാള്‍ക്ക് അയാളുടെ ബോഡി ഇമേജിനെപ്പറ്റിയുള്ള ചിന്തകള്‍ വിഷാദരോഗത്തിലേക്ക് വഴിമാറാം. ഞാന്‍ ആ സമയത്ത് ഇന്നത് ചെയ്തില്ലല്ലോ, എന്റെ കുടുംബം അതുകൊണ്ട് ബുദ്ധിമുട്ടുന്നല്ലോ എന്നൊക്കെയുള്ള കുറ്റബോധം വേദനയനുഭവിക്കുന്ന രോഗികളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്. കൂടാതെ ഞാന്‍ ജീവിച്ചിട്ടെന്താകാര്യം, ദൈവം എന്നോട് ഇത് ചെയ്തല്ലോ എന്നൊക്കെയുള്ള ആത്മീയ പ്രശ്‌നങ്ങളും ഉണ്ടാകാം. ഇതൊക്കെ ആ വ്യക്തിയുടെ സഫറിംഗിന്റെ ഭാഗമാണ്. ഇത്തരം സഫറിംഗ്‌സ് മുഴുവന്‍ എന്റെ ഫോക്കസാണ്. ഒരുപാട് രോഗങ്ങളുടെ മുഖമാണ് വേദന. അത് പലപ്പോഴും തടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും. അത് പരിഹരിക്കാതെ ആ മനുഷ്യന്റെ മറ്റ് മാനസിക സാമൂഹിക പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ പറ്റിയെന്ന് വരില്ല. വേദന പരിഹരിച്ചതിന് ശേഷം ബാക്കിയുള്ള കാര്യങ്ങളിലേക്ക് കൂടി ഇറങ്ങിച്ചെന്ന് അവയ്ക്ക് കൂടി പരിഹാരം കാണുമ്പോള്‍ മാത്രമാണ് ചികിത്സ അര്‍ത്ഥവത്താകുന്നത്.

വേദനയൊഴികെയുള്ള മറ്റ് കാര്യങ്ങള്‍ എന്തൊക്കെയാകാം? എന്ത് പരിഹാരമാണ് ചെയ്തു വരുന്നത്?

ഒരു രോഗി ഞങ്ങളുടെ അടുത്തുവരുമ്പോള്‍ വേദനയോ മറ്റ് ശാരീരിക വിഷമതകളോ 
ഉണ്ടെങ്കില്‍ അതൊക്കെ പരിഗണിക്കും. രോഗത്തെപ്പറ്റി രോഗിയുടെ ധാരണയെന്ത്, കുടുംബപശ്ചാത്തലം, ബന്ധുക്കള്‍ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെല്ലാം അന്വേഷിക്കും. എങ്കില്‍ മാത്രമേ ഏത് തരത്തിലുള്ള ഇടപെടലാണ് നടത്തേണ്ടതെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളു.

ഒരിക്കല്‍ ഗര്‍ഭാശയ കാന്‍സറുള്ള 42 കാരി കഠിനവേദനയും ബ്ലീഡിംഗുമായി വന്നു. ഭര്‍ത്താവില്ലാത്ത അവര്‍ക്ക് 18 വയസുള്ള ഒരു മകള്‍ മാത്രമാണുള്ളത്. കഠിനമായ വേദനയ്ക്കിടയിലും അവരെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത് മകള്‍ തലേന്ന് മുതല്‍ ഒന്നും കഴിച്ചിട്ടില്ല എന്നതാണ്. അവിടെ രോഗം എന്ന ശാരീരികാവസ്ഥമാത്രമല്ല ദാരിദ്രം എന്ന ഭൗതിക പ്രശ്‌നവും കൂടിയുണ്ട്. ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവര്‍ക്ക് ഗുളിക നല്‍കി വിടുന്നതില്‍ ക്രൂരമായ അര്‍ത്ഥശൂന്യതയുണ്ട്. അവര്‍ക്ക് അപ്പോള്‍ മരുന്നിനെക്കാള്‍ പ്രധാനം ഭക്ഷണമാണ്. അത് നല്‍കിയിട്ട് മരുന്ന് കൊടുക്കുമ്പോഴാണ് യഥാര്‍ത്ഥ ചികിത്സയാവുന്നത്. ഒരു രോഗിയെ കാണുമ്പോള്‍ രോഗത്തെ മാത്രമല്ല രോഗിയുടെ ശാരീരിക മാനസിക സാമൂഹിക ആത്മീയ വശങ്ങള്‍ പഠിക്കാം. പാലിയം ഇന്ത്യ തിരുവനന്തപുരത്ത് 85 രോഗികള്‍ക്ക് മാസത്തിലൊരിക്കല്‍ ഫുഡ്കിറ്റ് നല്‍കും. അരിയും പലവ്യഞ്ജനങ്ങളും ഒക്കെ ഉള്‍പ്പെടുന്ന ഒരുചാക്ക് സാധനങ്ങള്‍. ഒരു മാസത്തേക്ക് പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാധനങ്ങള്‍ അതിലുണ്ടാകും. ഇന്ത്യയിലെ ദാരിദ്ര്യം മുഴുവന്‍ മാറ്റാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ നടക്കില്ല എന്നാണുത്തരം. പക്ഷേ വിശക്കുന്നവന് ഭക്ഷണം കൊടുക്കാതെ മരുന്ന് കൊടുത്താല്‍ പ്രയോജനം ലഭിക്കില്ല. അവന്റെ/അവളുടെ ക്വാളിറ്റി ഓഫ് ലൈഫ് നന്നാക്കുക എന്നതാണ് പ്രധാനം.

സാമ്പത്തിക ശേഷിയില്ലാത്ത രോഗബാധിതരുടെ കുടുംബത്തിലെ മുന്നൂറോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ട്. 12-ാം ക്ലാസുവരെ പഠിപ്പിക്കും. തുടര്‍ന്ന് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ചേരുന്നവരെ സ്‌പോണ്‍ സര്‍ഷിപ്പ് കണ്ടെത്തി പഠിപ്പിക്കും. ഇത്തരം സാമൂഹ്യമായ ഇടപെടല്‍ കൂടിയുണ്ടാവുമ്പോള്‍ മാത്രമേ ചികിത്സ പൂര്‍ണ്ണമായും ഫലപ്രദമാകുകയുള്ളു.

ശരിയായ അര്‍ത്ഥത്തില്‍ ആരോഗ്യം എന്താണ്?

ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. ശാരീരികവും മാനസികവും സാമൂഹികവുമായ സ്വാസ്ഥ്യമാണ് ആരോഗ്യം. നമ്മുടെ ആശുപത്രികളും ആരോഗ്യ പരിപാലനവും ഇന്ന് അതാണോ? രോഗം കണ്ടുപിടിച്ച് അത് ഭേദമാക്കാനുള്ള ചികിത്സ ചെയ്യല്‍ മാത്രമാണോ വൈദ്യനൈതികത? അതുമാത്രല്ല യഥാര്‍ത്ഥ ചികിത്സകന്‍ ചെയ്യേണ്ട അടിസ്ഥാനകാര്യം. മെഡിസിന് പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും ഇക്കാര്യം പഠിച്ചിട്ടാണ് ഡോക്ടറായി സമൂഹത്തിലിറങ്ങുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ചികിത്സ രോഗത്തിന് മാത്രമാകുന്നത്? എന്താണ് ഇതിന് കാരണം? എളുപ്പമുള്ളത് ചെയ്യുന്നു. ബാക്കിയുള്ളത് ഉപേക്ഷിക്കുന്നു. എന്നതാണ് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ആരോഗ്യരംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് ആരോഗ്യപരിപാലനരംഗം 'ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രി' ആയി മാറിക്കഴിഞ്ഞു. രോഗം കണ്ടെത്തലിലും (ഡയഗ്നോസിസ്) ചികിത്സ (ക്യൂവര്‍)യിലും ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഇന്‍ഡസ്ട്രിക്ക് ആകെ എളുപ്പവും ലാഭവുമുള്ള കാര്യങ്ങളായതുകൊണ്ടാണ്. അങ്ങനെ വരുമ്പോള്‍ നമ്മുടെ രോഗ ചികിത്സകൊണ്ട് ആരോഗ്യം കൂടുതല്‍ മോശമാകും. ഓരോ വര്‍ഷവും 55 മില്ല്യന്‍ ഇന്ത്യക്കാര്‍ ചികിത്സാ ചെലവ് താങ്ങാനാവാതെ ജീവിതം വഴിമുട്ടുന്നുണ്ട്. 3.8 കോടി ജനങ്ങള്‍ ചികിത്സാ ചെലവ് കൊണ്ടുമാത്രം ഓരോവര്‍ഷവും ഇന്ത്യയില്‍ ദാരിദ്ര്യരേഖക്ക് താഴെയാകുന്നുണ്ട്. ഈ അഞ്ചരക്കോടി ജനങ്ങളുടെ കാര്യത്തില്‍ ചികിത്സാചെലവ് അവരുടെ ആരോഗ്യം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. സെന്റ്‌ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ പഠനത്തില്‍ 29 ശതമാനം ദാരിദ്ര്യവും ചികിത്സാചെലവ് മൂലമാണുണ്ടാകുന്നതെന്ന് കണ്ടെത്തി. ഇത്തരമൊരു സാമൂഹ്യ പശ്ചാത്തലത്തിലാണ് നമ്മള്‍ ആരോഗ്യപ്രവര്‍ത്തനം നടത്തുന്നത്. നമ്മള്‍ കാണുന്ന രോഗികള്‍ക്കെല്ലാം പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നുണ്ട്. അതോടൊപ്പംതന്നെ ഈ പ്രവര്‍ത്തനങ്ങള്‍ കാണാനും പഠിക്കാനും താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നു. താത്പര്യമുള്ള കൂടുതല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ഈ പ്രവര്‍ത്തനങ്ങളിലേക്ക് വരുമ്പോള്‍ ഉചിതമായ ആരോഗ്യപരിരക്ഷാ നയം രൂപീകരിച്ചുകൊണ്ട് ആരോഗ്യ പരിപാലനരംഗത്ത് കാര്യമായ വ്യത്യാസം ഉണ്ടാക്കാനാവും.

ദേശീയ ആരോഗ്യ പരിപാലനനയം പൂര്‍ണമായും പ്രയോഗത്തില്‍ വന്നിട്ടുണ്ടോ?

ഇല്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ ചില ടാര്‍ഗറ്റുകള്‍ വച്ചിട്ടുണ്ട്. അത് എത്തുമോ എന്നറിയില്ല. പാലിയേറ്റീവ് കെയര്‍ രംഗത്ത് പൂര്‍ണ്ണമായും ഒരു സ്ട്രാറ്റജി ആയിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് പോളിസിയുടെ ഇംപ്ലിമെന്റേഷന്‍ ഇനിയും കാര്യക്ഷമമായി നടത്തേണ്ടതുണ്ട്.

സാന്ത്വന ചികിത്സാരംഗത്ത് പാലിയം ഇന്ത്യ നടത്തുന്ന പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്?

നമ്മുടെ നാടിന്റെ ആവശ്യം പരിഗണിച്ചാല്‍ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് വളരെക്കുറച്ചേ ആകുന്നുള്ളു. ഈ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം ഇതില്‍ പങ്കാളികളാകാന്‍ പറ്റും. ഇവിടെ വരുന്ന രോഗികളെ നോക്കുക എന്നത് മാത്രമല്ല, കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ഒപ്പം നിന്ന് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക എന്നതാണ് പാലിയം ഇന്ത്യയുടെ ഉദ്ദേശം. ഇന്ത്യയുടെ ആരോഗ്യരംഗത്ത് സാന്ത്വനചികിത്സയുടെ പ്രാധാന്യം കണ്ടെത്തി ആളുകളുടെ വേദന പരമാവധി കുറയ്ക്കുവാനും ശിഷ്ടകാലത്തെ അവരുടെ ക്വാളിറ്റി ലൈഫ് മെച്ചപ്പെടുത്തുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.

ആരോഗ്യ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന വിര്‍ഷോയുടെ നിരീക്ഷണത്തെ താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്നുണ്ടോ?

രാഷ്ട്രീയം എന്ന വാക്ക് പലരും മനസിലാക്കുന്നത് പലതരത്തിലാണ്. കേള്‍ക്കുന്നയാള്‍ രാഷ്ട്രീയ പ്രവര്‍ത്തനം എന്നതുകൊണ്ട് മനസിലാക്കുന്നത് വളരെ പരിമിതമായ അര്‍ത്ഥത്തിലായിരിക്കും. രാഷ്ട്രീയം എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചതായിരിക്കില്ല ഇന്നത്തെ ഒരു രാഷ്ട്രീയക്കാരന്‍ അര്‍ത്ഥമാക്കുന്നത്. അതുല്‍ ഗാവാന്‍ഡേ സിറ്റിസണ്‍ ഡോക്ടര്‍ എന്നാണ് പ്രയോഗിക്കുന്നത്. സമൂഹത്തിലെ ഒരംഗമെന്ന നിലയില്‍ ഡോക്ടര്‍ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം. തൊഴില്‍ എന്ന നിലയിലല്ല ഒരു ഡോക്ടര്‍ ചികിത്സയെ കാണേണ്ടത് എന്നര്‍ത്ഥം. ഇത് ഡോക്ടര്‍മാര്‍ക്ക് മാത്രം ബാധകമായ കാര്യമല്ല. ഇത് മുഴുവന്‍ മനുഷ്യര്‍ക്കും ബാധകമാണ്. അതാണ് അടിസ്ഥാന കാര്യം. പക്ഷേ ഇത് ഡോക്ടര്‍ക്ക് കൂടുതല്‍ ബാധകമാക്കാം.

മെഡിക്കല്‍ വിദ്യാഭ്യാസത്തെ വ്യവസായമാക്കി മാറ്റുമ്പോള്‍ അതില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ മാലാഖമാരാവണമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നതില്‍ ശരികേടുണ്ട്. യാഥാര്‍ത്ഥ്യ ബോധമില്ലായ്മയുണ്ട്. നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ളവരെ മെഡിക്കല്‍ പ്രൊഫഷണിലേക്ക് കൊണ്ടുവന്നാല്‍ നമുക്ക് അവരില്‍ നിന്ന് നന്മ പ്രതീക്ഷിക്കാം. അല്ലാതെ കോടികള്‍ മുടക്കി ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നവരില്‍ പലരും മനുഷ്യത്വമുള്ളവരാകാം. പക്ഷേ അവര്‍ക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മുടക്കിയ മുതല്‍ തിരിച്ച് പിടിക്കേണ്ട ബാധ്യതയുടെ സമ്മര്‍ദ്ദം അനുഭവപ്പെടാം.

പാലിയേറ്റീവ് കെയറിനാവശ്യമായ മരുന്നുകള്‍ എന്തൊക്കെയാണ്? അവ ആവശ്യത്തിന് ലഭ്യമാണോ?

പാലിയേറ്റീവ് കെയറില്‍ മറ്റൊരു വലിയ കുറവുള്ളത് മരുന്നുകളുടെ ലഭ്യതയ്ക്കാണ്. പ്രത്യേകിച്ചും വേദന മാറ്റാനാവശ്യമായ മോര്‍ഫിന്‍ പോലുള്ള മരുന്നുകളുടെ ലഭ്യത തുലോം പരിമിതമെന്നേ പറയാനാവൂ. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ എത്രയോ മുന്‍പിലാണെന്നതില്‍ നമുക്കഭിമാനിക്കാം. രാജ്യത്തിന്റെ ശരാശരി മോര്‍ഫിന്‍ ഉപയോഗത്തിന്റെ പതിനഞ്ചിരട്ടി നമ്മുടെ സംസ്ഥാനത്ത് 170 ഓളം സ്ഥാപനങ്ങളിലൂടെ നല്‍കപ്പെടുന്നുണ്ട്. ഇത് നല്ലരീതിയില്‍ നടക്കുന്ന രാജ്യങ്ങളില്‍ ഉള്ളതിന്റെ 100 ല്‍ 1 ശതമാനം മാത്രമാണ്. കേരളത്തില്‍ രോഗം കൊണ്ടു വേദനിക്കുന്നവരുടെ വേദന മുഴുവന്‍ ഒന്നു കൂട്ടി വച്ചാല്‍ അതിന്റെ നൂറിലൊന്നു ഭാഗം മാത്രമേ ഇപ്പോള്‍ ഇല്ലാതാക്കാന്‍ കഴിയുന്നുള്ളു. പ്രത്യേകിച്ചും ആശുപത്രികളില്‍ ഓപ്പറേഷന്‍ കഴിഞ്ഞും അപകടങ്ങള്‍ പറ്റിയും വരുന്നവരുടെ വേദന മാറ്റപ്പെടുന്നേയില്ല എന്ന് നാം അറിയണം. ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന കാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ ആശുപത്രി വാസക്കാലത്ത് മാസങ്ങളോ വര്‍ഷങ്ങളോ വേദന മാറാതെ പലപ്പോഴും അന്ത്യകാലത്ത് കുറച്ച് ആഴ്ചകള്‍ മാത്രമാണ് വേദന മാറാനുള്ള മരുന്നുകള്‍ ലഭിക്കുന്നത്. ഇതില്‍ ക്രൂരമായൊരു വൈരുദ്ധ്യമുണ്ട്. വേദന നമ്മുടെ സങ്കല്പ ശക്തിക്കതീതമാകാം. കാന്‍സറുള്ളവരില്‍ 75 ശതമാനം ആളുകളും ഒരവസരത്തില്‍ വേദന അനുഭവിക്കുന്നു. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗം വേദന മാറണമെങ്കില്‍ മോര്‍ഫിന്റെ വര്‍ഗത്തിലുള്ള മരുന്നുകള്‍ 
കൂടിയേ തീരൂ.

മോര്‍ഫിന്‍ പോലുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടോ?

അവയുടെ ലഭ്യതക്ക് വിഘാതം നില്ക്കുന്ന പല നിയമങ്ങളും കേരളത്തില്‍ മാറ്റിക്കഴിഞ്ഞു. ഇനിയും മുന്‍പോട്ട് പോകാനാവുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, ഭാരതത്തിലൊട്ടാകെ നോക്കിയാല്‍ സ്ഥിതി ഇപ്പോഴും വളരെ മോശമാണ്. കുറേ നല്ലകാര്യങ്ങള്‍ നടന്നിട്ടുണ്ട്. 19 വര്‍ഷം നീണ്ടു നിന്ന നമ്മുടെ ശ്രമങ്ങള്‍ക്കൊടുവില്‍ 2014 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എന്‍ ഡി പി എസ് ആക്ട് പരിഷ്‌കരിച്ച് നിയമ നിര്‍മ്മാണം നടത്തി. പക്ഷേ പുതുക്കിയ നിയമം ഓരോ സംസ്ഥാനവും നടപ്പില്‍ വരുത്തിയാലേ വലിയ പ്രയോജനമുണ്ടാവൂ. ഈ ഇംപ്ലിമെന്റേഷന്‍ ഗ്യാപ്പ് ആണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. മോര്‍ഫിന്റെ ഉപയോഗത്തിന് വിഘാദം നില്ക്കുന്ന മറ്റൊരു കാര്യം ഡോക്ടര്‍മാരുടെയും പൊതുജനങ്ങളുടെയും തെറ്റിദ്ധാരണയാണ്. രണ്ട് തലമുറകളിലെ ഡോക്ടര്‍മാര്‍ മോര്‍ഫിന്‍ ഗുളികകള്‍ കണ്ടിട്ടു പോലുമില്ല എന്നതാണ് സത്യം. ഇത് ഭയമുണ്ടാക്കുന്ന കാര്യമാണ്. 'മോര്‍ഫിന്‍ കൊടുക്കാറായില്ല; മരണത്തോടടുത്തിട്ടൊന്നുമില്ല' എന്ന് പറയുന്ന ഡോക്ടര്‍മാരും എന്തായാലും അച്ഛന് മോര്‍ഫിന്‍ കൊടുക്കേണ്ട' എന്ന് പറയുന്ന മകളും നമുക്കിടയില്‍ വളരെ സാധാരണമാണ്. ഇത്തരം വിചാരങ്ങളധികവും തെറ്റിദ്ധാരണകൊണ്ടാണ്.

മോര്‍ഫിന് പാര്‍ശ്വ ഫലങ്ങളില്ലന്നല്ല. മറ്റുപലമരുന്നുകളുമായി താരതമ്യപ്പെടുത്തിയാല്‍ അതില്‍ താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറവാണ്. അത് കൊടുക്കേണ്ട രീതിയില്‍ കൊടുത്താല്‍ അപകടം സംഭവിക്കാന്‍ സാധ്യത തീരെയില്ല. മയക്ക് മരുന്നിന് അടിപ്പെടുമോ എന്ന ഭയം അസ്ഥാനത്താണ്. ഉപയോഗിക്കേണ്ട രീതിയില്‍ പ്രത്യേകിച്ചും ഗുളിക രൂപത്തിലോ സിറപ്പ് രൂപത്തിലോ കഴിച്ചാല്‍ പാര്‍ശ്വഫലത്തിനുള്ള സാധ്യത അതി വിദൂരമാണ്. പ്രായോഗികമായി നോക്കിയാല്‍ ഏറ്റവും അപകടകാരിയായ പാര്‍ശ്വഫലം മലബന്ധമാണ്. ഇത് വേണ്ടരീതിയില്‍ മരുന്നുകള്‍ കഴിച്ചാല്‍ ഇല്ലാതാക്കാം. ദീര്‍ഘകാലമായി മരുന്നുകള്‍ കഴിക്കുന്ന മിക്കവാറും എല്ലാവര്‍ക്കും മലശോധനക്കുള്ള മരുന്നുകള്‍ കൂടിയേ തീരൂ.

പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ടോ?

മരുന്ന് ലഭ്യതയുടെ അത്രതന്നെ പ്രധാനമാണ് ആരോഗ്യപ്രവര്‍ത്തകരുടെ പാലിയേറ്റീവ് കെയര്‍ പഠനം. കേട്ടാല്‍ വിശ്വാസം വരില്ല; പക്ഷേ സത്യമാണ്. ഇന്നും എം ബി ബി എസ് പാസാകുന്ന ഡോക്ടര്‍ പാലിയേറ്റീവ് കെയര്‍ പഠിക്കുന്നില്ല. ഇതിനെ എങ്ങനെ ചികിത്സിക്കാമെന്ന ശാസ്ത്രീയ പാഠം പുസ്തകത്തിന്റെ കോണിലുണ്ടാകും. പക്ഷേ പഠിപ്പിക്കപ്പെടുന്നില്ല. വളരെ ചുരുക്കം ചില മെഡിക്കല്‍ കോളേജുകളില്‍ അത് പാഠ്യഭാഗമായിട്ടുണ്ടെങ്കിലും അത് വിരലിലെണ്ണാവുന്നവ മാത്രമാണ്. മെഡിക്കല്‍ കൗണ്‍സില്‍ അതിന്റെ പാഠ്യപദ്ധതിയില്‍ പാലിയേറ്റീവ് കെയര്‍ പ്രത്യേക വിഷയമായി ഉള്‍പ്പെടുത്തുകയും അത് നടപ്പില്‍ വരുത്താന്‍ പ്രായോഗികമായ ഒരു നടപടി ക്രമം ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടതനിവാര്യമാണ്. ഇക്കാര്യത്തില്‍ കേരള യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് അല്പം ഭേദമാണ്. 2016 ല്‍ കേരള യൂണിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ കരിക്കുലത്തില്‍ പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് നടപ്പില്‍ വരുത്താന്‍ ഒരു മാര്‍ഗരേഖ തെളിഞ്ഞിട്ടില്ല. ഇപ്പോഴും പാലിയം ഇന്ത്യയും മറ്റ് സുഹൃദ് സംഘങ്ങളും ചേര്‍ന്ന് ആകുന്നത്ര മെഡിക്കല്‍ കോളേജുകളിലും നെഴ്‌സിംഗ് കോളേജുകളിലും ഇതെത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ട് മാത്രമായില്ല. ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവരിലും കൂടെ ഒരല്‍പം പാലിയേറ്റീവ് കെയര്‍ പഠനം എത്തിച്ചേരേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളില്‍ തീരെ നടക്കാത്ത വളരെ നല്ല ഒരു കാര്യം നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. സാധാരണ മനുഷ്യര്‍-സന്നദ്ധ പ്രവര്‍ത്തകന്‍ - പാലിയേറ്റീവ് കെയര്‍ സ്വന്തം ദൗത്യമായെടുത്ത് മറ്റുള്ളവരുടെ സൗഖ്യത്തിനായി അശ്രാന്തപരിശ്രമം ചെയ്യുന്നു. വലിയൊരു ശക്തിയാണിത്. ഈ വിഷയത്തിലുള്ള അവരുടെ അറിവ് വര്‍ദ്ധിപ്പിച്ചുകൊണ്ട് വൈദ്യശാസ്ത്ര രംഗം അവരെയും കൂടി സ്വീകരിക്കാന്‍ തയ്യാറാകുന്ന ഒരുകാലം വരുമെന്നാശിക്കാം. അന്ന് ഭാരതീയര്‍ക്ക് ശരിയായ ആരോഗ്യപരിരക്ഷ കിട്ടും. ഓരോ വര്‍ഷവും അഞ്ചരക്കോടി ഭാരതീയര്‍ ചികിത്സാ ചെലവുകള്‍ കൊണ്ട് മാത്രം ദാരിദ്ര്യരേഖക്ക് താഴെപ്പോകുന്ന ഇന്നത്തെ അവസ്ഥ അന്ന് മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.

No comments:

Post a Comment