Tuesday 11 September 2018

അതിജീവനത്തിന്റെ കാര്‍ഷികപാഠങ്ങള്‍

കെ ബിനോയ് പ്രസാദ്

പാട്ടത്തിനെടുത്ത 13 ഏക്കര്‍ സ്ഥലം മുഴുവന്‍ പച്ചക്കറി കൃഷി ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ 14-ാം മൈല്‍ ഏളന്നൂര്‍ സ്വദേശിയായ രാജീവന്‍. ഓണം വിപണിയെ ലക്ഷ്യമിട്ട് വിഷരഹിതമായ പച്ചക്കറി വിപണിയിലെത്തിക്കാന്‍ രാജീവന്‍ എന്ന ചെറുപ്പക്കാരന്‍ നടത്തുന്ന പരിശ്രമമാണ് ഇവിടെ പൂക്കളിട്ട് നില്ക്കുന്നത്. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞ ഒരു കുന്നിന്‍ പ്രദേശം മുഴുവന്‍ കഠിന പ്രയത്‌നം കൊണ്ട് ഹരിതാഭമാക്കിയിരിക്കുകയാണ് രാജീവന്‍. തികച്ചും ജൈവരീതിയില്‍ കൃഷിചെയ്യുന്ന തന്റെ കൃഷിയിടത്തില്‍ ചീര, വെള്ളരി, പീച്ചിലി (പൊട്ടിക്ക), മുളക് (സിയാറ ഇനത്തില്‍പ്പെട്ടത്), പടവലം, നാടന്‍ കക്കിരി, വെണ്ട, നാടന്‍ തക്കാളി, ബീന്‍സ്, വഴുതിന, മത്തന്‍, പയര്‍, വെള്ളരി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇനങ്ങള്‍. വിത്തുമുളച്ച് നാല്‍പ്പത്തിഅഞ്ചു ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കുവാന്‍ പാകമാകുന്ന പച്ചക്കറി ഇനങ്ങളാണ് ഇവയെല്ലാം കോഴിവളവും, ജൈവ കീടനാശിനിയായ ബ്യൂവേറിയ ബസിയാന, സ്യൂഡോ മോണസ്, ട്രൈക്കോഡര്‍മ്മ എന്നീവയുമാണ് കീടനാശിനികളായി ഉപയോഗിക്കുന്നത്. രാസവള രഹിതമായ കൃഷിയായതിനാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണെന്നും ഇരട്ടി വില ലഭിക്കുന്നുണ്ടെന്നും രാജീവന്‍ പറയുന്നു. കൃഷി വകുപ്പിന്റെ തന്നെ കാര്‍ഷിക സുരക്ഷയെന്ന സ്ഥാപനത്തിലേക്കാണ് എല്ലാ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത്. അതിവര്‍ഷം പ്രതികൂലമായി ബാധിച്ചതിനാല്‍ പയര്‍, വെണ്ട, ചീര, കക്കിരി, പാവല്‍, പടവലം എന്നിവ മാത്രമേ ഓണവിപണിയിലെത്തിക്കാനാവൂ.

പത്തുവര്‍ഷമായി രാജീവന്‍ കൃഷിയില്‍ സജീവമായിട്ട്. വീടിനോട് ചേര്‍ന്ന് ഒരേക്കര്‍ സ്ഥലത്ത് കരനെല്‍കൃഷിയും ചെയ്യുന്നു. ജലലഭ്യത കുറഞ്ഞ മേഖലയായതിനാല്‍ പ്രധാനമായും മഴയെ ആശ്രയിച്ചുള്ള പച്ചക്കറി കൃഷിയാണ് ചെയ്യുന്നത്. മഴക്കാലം കഴിഞ്ഞാല്‍ വെള്ളത്തിന് ഒരു കിണറാണ് ഏക ആശ്രയം. കിണറു വറ്റുന്നതോടെ കൃഷി നിര്‍ത്തും. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കൃഷി ചെയ്യാന്‍ പറ്റില്ല. വര്‍ഷത്തില്‍ രണ്ട് തവണ കൃഷി ചെയ്യാം. പതിമൂന്ന് ഏക്കറില്‍ നടത്തുന്ന കൃഷി കൂടാതെ മട്ടന്നൂര്‍ നഗരസഭയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പുഴയോര പച്ചക്കറി കൃഷിയിലും രാജീവന് പങ്കാളിത്തമുണ്ട്. പഴശ്ശി ഡാമിന്റെ താഴ്ഭാഗത്തായുള്ള ഏളന്നൂരിലാണ് പുഴയോര പച്ചക്കറി കൃഷിയുള്ളത്. സമൃദ്ധി പച്ചക്കറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ പതിന്നാലുപേര്‍ ചേര്‍ന്ന് പതിനാറ് ഏക്കര്‍ കൃഷി ചെയ്തു. വിവിധ ഇനങ്ങളായി 70 ടണ്‍ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചു. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി ഇല്ലാത്ത ബീന്‍സ്, മല്ലിയില തുടങ്ങിയവകൂടി ഉല്പാദിപ്പിക്കുന്നുണ്ട് രാജീവന്റെ തോട്ടത്തില്‍. ശീതകാല പച്ചക്കറിയായി കാബേജും കോളിഫ്‌ളവറും ഉല്‍പ്പാദിപ്പിക്കുന്നു. നല്ല വിളവുണ്ട് ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ചെയ്യാവുന്ന ശീതകാല പച്ചക്കറി കൃഷി കേരളത്തിലെവിടെയും ചെയ്യാം. പുറമെ നിന്നും വരുന്ന കാബേജും കോളിഫ്‌ളവറും നിറയെ രാസ കീടനാശിനികള്‍ ഉപയോഗിച്ച് ഉല്പാദിപ്പിച്ചവയാണ്. സ്യൂഡോമോണസും ട്രൈക്കോഡര്‍മ്മയും പോലുള്ള ജൈവകീടനാശിനികള്‍ രാസകീടനാശിനകളെക്കാള്‍ നല്ല റിസള്‍ട്ട് നല്കുന്നുണ്ട്. കൃഷി വകുപ്പിന്റെ ഇടപെടല്‍ ഉള്ളതുകൊണ്ട് വിലനഷ്ടമില്ലാതെ ഉല്പന്നങ്ങള്‍ വില്ക്കാന്‍ രാജീവന് പറ്റുന്നുണ്ട്.

കൃഷിയില്‍ നിന്നുണ്ടാകുന്ന മാനസികമായ സന്തോഷം ആരോഗ്യമുള്ള സമൂഹമായി മാറാന്‍ നമ്മെ സഹായിക്കുമെന്ന് രാജീവന്‍ ഉറച്ച് വിശ്വസിക്കുന്നു. വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്നവരൊക്കെ തോട്ടത്തില്‍ വന്ന് വിത്ത് മുളയ്ക്കുന്നതും ചെടി പൂക്കുന്നതും ഫലമുണ്ടാകുന്നതുമൊക്കെ കണ്ട് സന്തോഷപൂര്‍വ്വം കൃഷിയിലേക്ക് വരാന്‍ താല്പര്യപ്പെടുന്നു. താന്‍ ചെയ്യുന്ന പ്രവര്‍ത്തി മറ്റൊരാള്‍ക്ക് പ്രചോദനമാകുന്നതിന്റെ പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തിയിലാണ് രാജീവന്‍. സ്‌കൂളില്‍ കുട്ടികള്‍ക്കും കൃഷിയിലേക്ക് വരാന്‍ താത്പര്യമുള്ള യുവാക്കള്‍ക്കും കൃഷി പാഠം പകര്‍ന്ന് കൊടുത്തുകൊണ്ട് കൃഷിയിലൂടെ ആരോഗ്യമുള്ള സമൂഹത്തിനായുള്ള മുന്നേറ്റമാണ് ഗ്രന്ഥശാലാ സെക്രട്ടറിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ രാജീവന്‍ നടത്തുന്നത്. മട്ടന്നൂരിലെ കൃഷിവകുപ്പിന്റെ 2017-ലെ കര്‍ഷക അവാര്‍ഡ് രാജീവനായിരുന്നു. ഇപ്പോള്‍ കാര്‍ഷിക വികസന സമിതിയംഗവുമാണ് രാജീവന്‍. അവനവന്റെ തൊടിയില്‍ സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ കൃഷി ചെയ്യുകയാണെങ്കില്‍ വരും നാളുകളിലെ എല്ലാ ഓണവും ആഘോഷങ്ങളുമെല്ലാം വിഷ രഹിതമാക്കി മാറ്റാമെന്നും രാജീവന്‍ കരുതുന്നു. ഭാര്യ അജിതയും മക്കളായ ശ്രീനന്ദയും ശ്രീരാഗും കൃഷി കാര്യങ്ങളില്‍ എപ്പോഴും ഒപ്പമുണ്ടെന്നുള്ളതും രാജീവന് പ്രചോദനമാകുന്നു.

No comments:

Post a Comment