Friday 21 September 2018

ഹൃദയത്തെ പരിപാലിക്കാം

ഡോ. ജോര്‍ജ്ജ് തയ്യില്‍
സീനിയര്‍ കണ്ടസള്‍ട്ടന്റ്
കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ്ദ് ഹോസ്പിറ്റല്‍
എറണാകുളം

താണ്ട് 50 ശതമാനം ഇന്ത്യക്കാരും സസ്യഭുക്കുകളായിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള ഒരു രാജ്യമായി മാറുകയാണ് ഇന്ത്യ. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ കണക്കുകള്‍ അവലോകനം ചെയ്താല്‍ ഹൃദ്രോഗം ഇന്ത്യയില്‍ വര്‍ദ്ധിച്ചത് 300 ശതമാനമാണ്. അതില്‍ത്തന്നെ നല്ലൊരു ഭാഗം കേരളീയരാണ്. വിദേശരാജ്യങ്ങളില്‍ ഹൃദ്രോഗികളുടെ എണ്ണം കുറയുന്നതായി കാണുമ്പോള്‍ ഇന്ത്യയില്‍ മറിച്ചാണ് സംഭവിക്കുന്നത്. വിദേശത്തുണ്ടായ ഈ അനുകൂല പരിവര്‍ത്തനത്തിന്റെ ഒരു പ്രധാന കാരണം അവരിലെ പുകവലി ശീലം കുറഞ്ഞു എന്നതാണ്. ഇന്ത്യക്കാരില്‍ പുകവലിയോടും അശാസ്ത്രീയമായ ഭക്ഷണശൈലികളോടുമൊപ്പം പല അജ്ഞാത ഘടകങ്ങളും ശക്തമായ ജനിതക പ്രവണതയും വര്‍ദ്ധിച്ച ഹൃദ്രോഗസാധ്യതകള്‍ക്ക് ഹേതുവാകുന്നു. പ്രമേഹം വര്‍ദ്ധിച്ച് കാണുന്നതിനോടൊപ്പം 'നല്ല' എച്ച് ഡി എല്‍ കൊളസ്‌ട്രോളിന്റെ അഭാവവും 'ചീത്ത' എല്‍ ഡി എല്‍ കൊളസ്‌ട്രോളിന്റെ അതിപ്രസരവും രോഗാതുരതയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഒരാള്‍ക്ക് ഹൃദ്രോഗമോ അതിന്റെ മൂര്‍ത്തിമത്ഭാവമായ ഹാര്‍ട്ടറ്റാക്കോ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കുവാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. വിദേശത്ത് അപകടഘടകങ്ങളുടെ രൂക്ഷതയെപ്പറ്റി അറിവുണ്ടായപ്പോള്‍ അത് നിയന്ത്രണവിധേയമാക്കാന്‍ അവര്‍ സന്നദ്ധരായി. ഇന്ത്യയിലാകട്ടെ അറിവ് പലര്‍ക്കുമില്ല. ഇനി അറിവുള്ളവര്‍തന്നെ അതത്രകാര്യമാക്കുന്നുമില്ല. ഹൃദ്രോഗ ഗവേഷണരംഗത്ത് അതിനൂതന പരിശോധനോപാധികളും ചികിത്സാമുറകളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും ഹൃദയദിനത്തില്‍ സ്ഥാനമില്ലെന്നോര്‍ക്കണം. ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി ഇവയെല്ലാം രോഗം തീവ്രമായതിനുശേഷമുള്ള ചികിത്സാ വിധികളാണ്. അവയൊക്കെ ആയുര്‍ദൈര്‍ഘ്യം താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കാനുള്ള ഉപാധികള്‍ മാത്രം. മനുഷ്യ ഹൃദയത്തെ കാര്‍ന്നുതിന്നുന്ന രോഗാതുരതയ്ക്ക് കടിഞ്ഞാണിടാന്‍ അവ ഉപകരിക്കില്ലെന്നോര്‍ക്കണം. പെട്ടെന്നുണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ ദൂരീകരിക്കാന്‍ ആന്‍ജിയോപ്ലാസ്റ്റിയും ബൈപ്പാസ് സര്‍ജറിയും ഏറെ പ്രയോജനം ചെയ്യും. അതുതന്നെയാണ് ഇന്നു നടക്കുന്നതും. മുന്‍കരുതലുകള്‍ എടുക്കണമെന്ന് എത്രയൊക്കെ ശക്തമായ ഭാഷയില്‍ പറഞ്ഞാലും ചെവികൊടുക്കാതെ അവസാനം തീവ്രപരിചരണ വിഭാഗത്തിലകപ്പെടുമ്പോഴാണ് പൊട്ടികരയുന്നതും. അപ്പോള്‍ ചെയ്യുന്ന 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി' തീര്‍ച്ചയായും ഹാര്‍ട്ടറ്റാക്കിന്റെ സങ്കീര്‍ണ്ണതകളെ പിടിയിലൊതുക്കാന്‍ സഹായിക്കും. എന്നാല്‍ രാജ്യത്തെ 70 ശതമാനത്തോളം പേര്‍ക്കും ഇത്തരം ചെലവേറിയ ചികിത്സാപദ്ധതികള്‍ തികച്ചും അപ്രാപ്യമാണെന്നോര്‍ക്കണം. കടുത്ത സാമ്പത്തിക ബാധ്യതതന്നെ കാരണം. ഇക്കൂട്ടര്‍ക്ക് അഭയമായി ഒന്നേയുള്ളൂ; രോഗം വരാതെ നോക്കുക; അതു സാധ്യവുമാണ്.

52 രാജ്യങ്ങളില്‍ നിന്നായി 27,000 ആള്‍ക്കാരെ ഉള്‍പ്പെടുത്തി നടത്തിയ വിഖ്യാതമായ 'ഇന്റര്‍ഹാര്‍ട്ട്' പഠനത്തില്‍ ഒമ്പത് ആപത്ഘടകങ്ങളുടെ (പുകവലി, രക്താതിമര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, വ്യായാമക്കുറവ്, മദ്യസേവ, വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍, അപഥ്യമായ ആഹാരക്രമം, സ്‌ട്രെസ്) അതിപ്രസരം 85 ശതമാനത്തോളം ഹൃദ്രോഗമുണ്ടാകുവാന്‍ കാരണമാകുമെന്ന് അസന്നിഗ്ധമായി തെളിയിച്ചു. ഈ ഒന്‍പത് ആപത്ഘടകങ്ങളെ സമയോചിതമായി നിയന്ത്രിക്കുക വഴി 85-90 ശതമാനത്തോളം ഹൃദ്രോഗ സാധ്യത തടയാമെന്ന് വ്യക്തമായി. ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം 'എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം' (മൈ ഹാര്‍ട്ട്, യുവര്‍ ഹാര്‍ട്ട്) എന്നതാണ്. നിങ്ങളുടെയും മറ്റുള്ളവരുടെയും ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന സത്ത്വര നടപടികള്‍ സംയുക്തമായി കൈക്കൊള്ളുക. ഒരു ലളിതമായ പ്രതിജ്ഞ നിങ്ങളെടുക്കണം: ഹൃദയസൗഹൃദ ഭക്ഷണവും ഊര്‍ജ്ജസ്വലമായ വ്യായാമവും നിങ്ങളുടെ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം. പുകവലി കര്‍ശനമായി സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റണം. ഇതാണ് ഈ വര്‍ഷത്തെ ഹൃദയ ദിനസന്ദേശം ഏവരോടും അഭ്യര്‍ത്ഥിക്കുന്നത്. എന്തൊക്കെ മേന്മയേറിയ സാങ്കേതികമികവുള്ള പരിശോധനാ-ചികിത്സാസംവിധാനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും ഹൃദയദിനത്തില്‍ സ്ഥാനമില്ല.ഹൃദയാരോഗ്യം കാത്തുപരിപാലിക്കാന്‍ നിങ്ങള്‍ അനുവര്‍ത്തിക്കുന്ന ജീവിത ശൈലിയും മുന്‍കരുതലുകളും പ്രതിരോധ നടപടികളും മറ്റുള്ളവര്‍ക്കും പ്രയോജനകരമാം വിധം പങ്കുവയ്ക്കുക. ചുറ്റും എത്ര പേരാണ് ഈവക കാര്യങ്ങളെപ്പറ്റി അവബോധമില്ലാത്തവര്‍. ഭൂമുഖത്തുള്ള എല്ലാവര്‍ക്കും ഹൃദയാരോഗ്യം കാത്തു പരിപാലിക്കാനുള്ള പ്രചോദന സ്രോതസ്സായി ഓരോരുത്തരുടെയും ജീവിതശൈലി മാറണമെന്ന് ഹൃദയദിനം ഓര്‍മ്മപ്പെടുത്തുന്നു. അതിനായി നാല് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു.ഹൃദയത്തിന്റെ ഇന്ധനം (ഭക്ഷണം) ആരോഗ്യപൂര്‍ണ്ണമാക്കുക, കൃത്യമായ വ്യായാമമുറകളിലൂടെ ഹൃദയത്തിന് കെല്പും ഓജസ്സും നല്‍കുക, പുകയില ഉപയോഗം വര്‍ജ്ജിച്ചുകൊണ്ട് ഹൃദയത്തെ സ്‌നേഹിക്കുക. കൂടാതെ രക്തസമ്മര്‍ദ്ദത്തിന്റെയും കൊളസ്‌ട്രോളിന്റെയും ശരീരഭാരത്തിന്റെയും അളവുകള്‍ പരിധിക്കുള്ളിലാക്കുക. പ്രകൃതിതത്ത്വങ്ങള്‍ക്ക് വിപരീതമായി പോഷണശാസ്ത്രത്തെ മാറ്റിമറിച്ച മനുഷ്യന് കാലാന്തരത്തില്‍ രോഗപീഢകള്‍ ഒന്നൊന്നായി വന്നുപെട്ടു. വിശപ്പുമാറ്റാന്‍ മാത്രമല്ല, ആസ്വദിക്കാന്‍ കൂടിയുള്ളതാണ് ഭക്ഷണം എന്ന ചിന്ത ആധുനിക മനുഷ്യനെ രോഗാതുരതകളിലേക്ക് വലിച്ചിഴച്ചു. വിചിത്രമായ ഭക്ഷണ വിഭവങ്ങള്‍ക്ക് പിറകെ അവന്‍ വെറിപൂണ്ട് ഓടിത്തുടങ്ങി. രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉദ്യമിക്കുന്ന ഇന്നത്തെ ഗവേഷകരും അതുതന്നെയാണ് ഉറച്ച സ്വരത്തില്‍ പറയുന്നത്. മാംസാഹാരങ്ങളോടുള്ള ആര്‍ത്തികുറച്ച് കൂടുതലായി സസ്യവിഭവങ്ങള്‍ കഴിച്ചു തുടങ്ങുക. പൂരിതകൊഴുപ്പും ട്രാന്‍സ്ഫാറ്റുകളും അടങ്ങുന്ന രുചിവിഭവങ്ങള്‍ വെടിഞ്ഞ് കൂടുതലായി ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കുക. അതുപോലെ പഞ്ചസാരയും മുഖ്യവില്ലനാകുന്നു. 'വെളുത്തവിഷം' എന്നാണ് പഞ്ചസാരയുടെ പുതിയ നാമധേയം. ശരീരത്തെ രോഗാതുരമാക്കാന്‍ ഏറ്റവും വീര്യമുള്ള പദാര്‍ത്ഥമായി മാറുകയാണ് പഞ്ചസാര. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, അന്നജം നാം ആഹരിക്കുന്ന ആകെയുള്ള കലോറിയുടെ 10 ശതമാനത്തില്‍ കുറവേ ആകാന്‍ പാടുള്ളൂ. മുമ്പുണ്ടായിരുന്ന 25 ശതമാനം എന്ന തോത് വെട്ടിക്കുറച്ചു. മധുരമുള്ള ഒരു സോഡ കുടിച്ചാല്‍ ഈ തോതായി എന്നോര്‍ക്കണം. അപ്പോള്‍ മധുരപാനീയങ്ങളും ബേക്കറി പലഹാരങ്ങളും നന്നേ കുറയ്ക്കണം. അമിതവണ്ണവും പ്രമേഹവും കൊളസ്‌ട്രോളും ഹൃദയ ധമനീ രോഗങ്ങളും വര്‍ദ്ധിപ്പിക്കുന്നതില്‍ ഉപരി ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണവും അത് കുറയ്ക്കുന്നു.

32 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഹൃദ്രോഗബാധ ഭീതിജനകമാം വിധം ചെറുപ്പക്കാരിലേക്ക് പടരുകയാണ്. പത്തു ശതമാനം ഹാര്‍ട്ട് അറ്റാക്കും 40 വയസ്സില്‍ കുറഞ്ഞവരിലാണ് സംഭവിക്കുന്നത്. കാനഡയിലുള്ളവരേക്കാള്‍ ഇരട്ടിയും ജപ്പാന്‍കാരേക്കാള്‍ 20 മടങ്ങുമാണ് ഇന്ത്യക്കാരുടെ ഹൃദ്രോഗ സാധ്യത. ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ കേരളീയര്‍ ഇന്ത്യന്‍ ശരാശരിയുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇന്ത്യയില്‍ ഏറ്റവും അധികം മാംസം ഉപയോഗിക്കുന്നവരാണ് കേരളീയര്‍. മറ്റുള്ളവരെക്കാള്‍ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ കൊളസ്‌ട്രോള്‍ അളവിലും ഹൃദ്രോഗബാധ കൂടുതലായി കാണുന്നു. അതുകൊണ്ട് വിദേശ രാജ്യങ്ങളിലെ അളവുകളും നിര്‍ദ്ദേശങ്ങളും അപ്പാടെ ഇന്ത്യക്കാരിലേക്ക് പകര്‍ത്തുവാന്‍ പറ്റില്ല.

നാം ആഹരിക്കുന്ന ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കലോറിയും ശരീരാദ്ധ്വാനത്തിലൂടെ ദിവസേന ചെലവഴിക്കുന്ന കലോറിയും സന്തുലിതമായാലേ ശരീരഭാരം ആരോഗ്യപൂര്‍ണ്ണമായി നിലനില്‍ക്കുകയുള്ളൂ. ആ അനുപാതം തെറ്റിയാല്‍ പിന്നെ ശരീരം രോഗങ്ങളുടെ വിളഭൂമിയായി മാറുകയാണ്. എന്നാല്‍ ഭാരം കുറയ്ക്കാനായി പട്ടിണി കിടന്ന് ശരീരത്തിന്റെ ഊര്‍ജ്ജസ്രോതസ്സായ ആഹാരവിഭവങ്ങള്‍ വളരെ കുറച്ച് എഴുന്നേറ്റ് നടക്കാന്‍ പോലും ത്രാണിയില്ലാതെ ജീവിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. സമീകൃത ഭക്ഷ്യവിഭവങ്ങള്‍ തെരഞ്ഞെടുക്കണം.

ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണ ക്രമീകരണത്തോടൊപ്പം പ്രാധാന്യം കൊടുത്ത് മുന്നോട്ടു വയ്ക്കുന്ന ഒന്നാണ് കൃത്യവും ഊര്‍ജ്ജസ്വലവുമായ വ്യായാമ പദ്ധതികള്‍. മരണത്തിലേയ്ക്ക് നയിക്കുന്ന പത്ത് പ്രധാന ആപത്ഘടകങ്ങളുടെ മുന്‍പന്തിയില്‍ വ്യായാമരാഹിത്യം സ്ഥാനം പിടിച്ചിരിക്കുന്നു. പൊതുവായി പറഞ്ഞാല്‍ ഭൂമുഖത്തുള്ള 25 ശതമാനം പേര്‍ക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. 11നും 17നും ഇടയ്ക്ക് പ്രായമുള്ള 80 ശതമാനം കുട്ടികളും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല. വ്യായാമം ചെയ്യണമെന്നു പറഞ്ഞാല്‍ മലയാളിക്ക് പൊതുവെ മടിയാണ്. രാവിലെ എഴുന്നേറ്റ് വെയിലുറയ്ക്കുന്നതിന് മുമ്പ് 45 മിനിട്ടോളം ആഴ്ചയില്‍ ആറുദിവസമെങ്കിലും കൃത്യമായി നടക്കുക. വെറുതെ നടന്നാല്‍പ്പോര, 45 മിനിട്ടില്‍ കുറഞ്ഞത് 5 കിലോമീറ്ററെങ്കിലും തീര്‍ക്കാന്‍ സാധിച്ചാല്‍ ശരീരത്തിന്റെ ആരോഗ്യസ്രോതസ്സിനെ സമ്പുഷ്ടമാക്കാന്‍ പിന്നെ കൂടുതലൊന്നും ചെയ്യണ്ട. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഊര്‍ജ്ജസ്വലമാക്കുന്ന ഈ പ്രക്രിയ ഏവരും കൃത്യനിഷ്ടയോടെ അനുവര്‍ത്തിക്കണം.

17.5 ദശലക്ഷം പേരുടെ ജീവനാണ് ലോകത്ത് പ്രതിവര്‍ഷം ഹൃദ്രോഗം അപഹരിച്ചെടുക്കുന്നത്. ഈ സംഖ്യ 2030-ല്‍ 23.6 ദശലക്ഷമായി ഉയരും. അതില്‍ 80 ശതമാനവും പട്ടിണി രാജ്യത്തുള്ളവര്‍തന്നെ. ഇന്ത്യ ഹൃദ്രോഗ തലസ്ഥാനമായി മാറുന്ന ദാരുണ പ്രതിഭാസം നാം കാണുന്നു. ഹാര്‍ട്ടറ്റാക്കിനെത്തുടര്‍ന്ന് എല്ലാ 33 സെക്കന്റിലും ഒരാള്‍ ഇവിടെ മരണപ്പെടുകയാണ്. വികസിത രാജ്യങ്ങളുടെ ശരാശരിയെക്കാള്‍ അധികമാണ് ഇന്ത്യയില്‍ ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന ആപത്ഘടകങ്ങളുടെ അതിപ്രസരം. കേരളത്തില്‍ ആകെയുള്ള മരണസംഖ്യയില്‍ 14 ശതമാനത്തിലേറെ ഹൃദ്രോഗാനന്തരമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളത്തിലെ ഹൃദ്രോഗികളുടെ സംഖ്യ. വിദ്യാസമ്പന്നരായ മലയാളികള്‍ക്കും ആരോഗ്യം കാത്തു പരിപാലിക്കുവാന്‍ ആകെ മടിയാണ്. പിന്നെ ഇവിടെയുള്ള മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങള്‍കൊണ്ട് ആയുസ്സ് നീട്ടിക്കിട്ടുന്നു. ഇങ്ങനെപോയാല്‍ പോര. ഹൃദ്രോഗത്തിലേയ്ക്ക് തള്ളിവിടുന്ന അപകട ഘടകങ്ങളേതെന്ന് തിരിച്ചറിഞ്ഞ് അവയെ കാലേക്കൂട്ടി പ്രതിരോധിക്കാന്‍ ഏവരും ഉദ്യമിക്കണം. പ്രതിരോധമാണ് ചികിത്സയുടെ നെടുംതൂണ്.

No comments:

Post a Comment