Saturday 13 October 2018

പ്രളയം തുറന്ന കണ്ണുകള്‍

ഷിജു ഏലിയാസ്

യിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിലെ വെള്ളപ്പൊക്കം ദൈവത്തിനു പറ്റിയ കൈപ്പിഴയല്ലെന്ന് 2018 തെളിയിച്ചിരിക്കുന്നു. 1924 നു മുന്‍പും അതിനു ശേഷവും ഉണ്ടായ ചെറുതും വലുതുമായ പ്രളയങ്ങളുടെ ചരിത്രം അറിയാത്തതുപോലെ നടിച്ചവര്‍ക്ക് ഇനി ഉണര്‍ന്നേ കഴിയൂ. കേരള സംസ്ഥാനത്തിന്റെ വലിയൊരു ഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന സ്ഥലങ്ങളാണ്. പേമാരിക്കു ശേഷം പ്രളയത്തിന്റെ മുന്നറിയിപ്പു നല്‍കി ആളുകളെ രക്ഷിക്കുക എന്നത് കേരളത്തിന്റെ സാഹചര്യത്തില്‍ പ്രായോഗികമല്ല. സഹ്യപര്‍വ്വതത്തിനും അറബിക്കടലിനും ഇടയിലുള്ള ചെറിയ ദൂരം മഴവെള്ളം ഒഴുകാന്‍ മണിക്കൂറുകള്‍ മതി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള പോംവഴി. ഭൂവിനിയോഗവും ജലവിനിയോഗവും ശാസ്ത്രീയമാവണം. നിര്‍മാണ ചട്ടങ്ങള്‍ കാലത്തിനും കേരളത്തിന്റെ ഭൂപ്രകൃതിക്കും അനുസൃതമായി മാറണം. ശാസ്ത്രവും സാങ്കേതിക വിദ്യയും ശരിയായ ലക്ഷ്യബോധത്തോടെ വിനിയോഗിക്കാന്‍ നമുക്കാവണം. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഔദ്യോഗിക സംവിധാനങ്ങളെക്കാളേറെ, ജനങ്ങള്‍ തന്നെ ജനങ്ങളെ രക്ഷിച്ചതാണ്  ഈ പ്രളയകാലത്തെ അനുഭവം. മല്‍സ്യത്തൊഴിലാളികളായി അവതരിച്ച 'ദൈവങ്ങള്‍' ഇല്ലായിരുന്നുവെങ്കില്‍ കേരളം ശവപ്പറമ്പായി മാറുമായിരുന്നു. നമ്മുടെ വികസന മുന്‍ഗണനകളിലും സമീപനത്തിലും മാറ്റം വരാത്ത പക്ഷം, ഇനിയൊരു പ്രളയമോ ഭൂകമ്പമോ ഉണ്ടായാലും - അങ്ങനെ ഉണ്ടാകില്ലെന്ന് കണ്ണുമടച്ച് വിശ്വസിക്കുന്നത് ഭോഷ്‌ക്കാണ് - ഇതു തന്നെ ആവര്‍ത്തിക്കും. ജീവന്‍ പണയം വച്ചും ഉടപ്പിറപ്പുകളെ രക്ഷിക്കാന്‍ പതിനായിരങ്ങള്‍ അന്നും രംഗത്തിറങ്ങും. അതൊരു പദ്ധതിയല്ല; ഈ ജനതയുടെ നന്മ മാത്രമാണത്.

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കീഴില്‍, കേരളത്തിലും ലക്ഷദ്വീപിലും കര്‍ണ്ണാടകത്തിലുമായി പതിന്നാലോളം നിരീക്ഷണകേന്ദ്രങ്ങളും എഴുപതോളം മഴവെള്ള മാപനകേന്ദ്രങ്ങളും ഉണ്ടായിരുന്നിട്ടും, കേരളത്തെ മുക്കിക്കളയുന്ന ഈ ദുരന്തം പടിവാതില്‍ക്കല്‍ എത്തിയത് നമ്മള്‍ അറിഞ്ഞില്ല. അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍, ഭൗമ വികിരണത്തിന്റെ അളവു മുതല്‍ അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വരെ യഥാസമയം മനസ്സിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ട്.  ജിപിഎസ് അടക്കമുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് അപ്പപ്പോള്‍ ശേഖരിക്കുന്ന കാലാവസ്ഥാ സംബന്ധമായ വിവരങ്ങള്‍ അവ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കൈയിലെത്തുമ്പോള്‍, വെറും സര്‍ക്കാര്‍ ഫയലുകളായി ചുരുങ്ങിപ്പോകരുത്. കേരളത്തില്‍ പ്രളയം ഉണ്ടാകില്ലെന്ന അന്ധമായ തോന്നലാണ് നമ്മെ നയിച്ചത്. മുന്നൂറിലധികം പേരുടെ ജീവനും ആയിരക്കണക്കിനു കോടിയുടെ സ്വത്തുവകകള്‍ക്കുമൊപ്പം നമ്മുടെ ഈ അബദ്ധവിശ്വാസം കൂടിയാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. നൂറുകണക്കിന് കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നുപോയി. അതിന്റെ എത്രയോ ഇരട്ടി റോഡുകള്‍ക്ക് കേടുപാടു സംഭവിച്ചു. ആയിരക്കണക്കിന് വീടുകള്‍ നിലംപൊത്തി. പതിനായിരക്കണക്കിന് വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചു. കന്നുകാലികളും ആടുകളുമടക്കം പതിനായിരത്തിലേറെ വളര്‍ത്തുമൃഗങ്ങള്‍ ചത്തു. പതിനായിരക്കണക്കിന് ഹെക്ടറിലെ കൃഷി നശിച്ചു. പലയിടത്തും മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ഭൂമി കൃഷിയോഗ്യമല്ലാതായി. പൊതു സ്ഥാപനങ്ങള്‍ക്കും പൊതു സൗകര്യങ്ങള്‍ക്കുമുണ്ടായ നഷ്ടം നികത്താനും സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനും സര്‍ക്കാരിനു കഴിഞ്ഞേക്കും. എത്ര തന്നെ സര്‍ക്കാര്‍ സഹായം ഉണ്ടെങ്കിലും, സ്വകാര്യ വ്യക്തികളുടെ സ്വത്തുവകകള്‍ക്കുണ്ടായ നഷ്ടം പൂര്‍ണ്ണമായി നികത്താന്‍ അതൊന്നും പര്യാപ്തമാവില്ല. കൈവിട്ടു പോയ ജീവിതം തിരിച്ചുപിടിക്കേണ്ട പ്രാഥമികമായ ബാധ്യത ദുരിതം ബാധിച്ച മനുഷ്യരുടേതു തന്നെയാണ്.

ദുരന്തത്തിന്റെ വ്യാപ്തി കണക്കുകള്‍ നിരത്തി പറയുന്നതിലും മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതിലും എത്രയോ അധികമാണ്. അന്നന്നത്തെ അധ്വാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഒന്നോ രണ്ടോ മാസം തൊഴിലില്ലാതായാല്‍ അവരനുഭവിക്കുന്ന ദുരിതം ഒരു കണക്കെടുപ്പിലും ഉള്‍പ്പെട്ടിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രാത്രിയും പകലുമില്ലാതെ ഓടി നടക്കുന്ന പതിനായിരക്കണക്കിന് ചെറുപ്പക്കാരും സന്നദ്ധ പ്രവര്‍ത്തകരും മറ്റു തൊഴിലുകള്‍ ഇല്ലാത്തവരല്ല. ഈ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും പോലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ ജീവിതത്തെ ബാധിക്കാതിരിക്കില്ല. വിലപ്പെട്ട റവന്യൂ രേഖകള്‍ നഷ്ടപ്പെട്ടു പോയ വില്ലേജ് ഓഫീസുകളുണ്ട്. സര്‍ക്കാര്‍ എന്തൊക്കെ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചാലും ഈ ഓഫീസുകള്‍ കയറിയിറങ്ങി ജനങ്ങള്‍ പെടാപ്പാടു പെടുന്ന നാളുകളാണ് വരാനിരിക്കുന്നത്. എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും ജനങ്ങളെ നടത്തി കാലൊടിച്ച അതേ അധികാരികള്‍ തന്നെയാണ് ഒരു രേഖയും ഇല്ലാത്ത ഓഫീസില്‍ ഇരുന്ന് ഇനിയുള്ള കാലം ജനങ്ങളെ സേവിക്കാന്‍ പോകുന്നത്. ആത്മഹത്യകള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഇത് ആവശ്യത്തില്‍ അധികമാണ്.

വടക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കലിതുള്ളിയ 2018 ഇനിയുള്ള ഒരു നൂറ്റാണ്ടുകാലം കേരളത്തിന്റെ ചരിത്രത്തിലെ മഹാപ്രളയകാലമായി ഓര്‍മിക്കപ്പെടും. ഇതിനു മുന്‍പ്  പ്രളയത്തിന്റെ സൂചനകള്‍ കണ്ടപ്പോഴൊക്കെ, നമ്മള്‍ പറഞ്ഞു പോന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെ കുറിച്ചാണ്. പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പു വരെ ആ വെള്ളപ്പൊക്കം നേരില്‍ കണ്ട ആളുകള്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു. അവരുടെ വാക്കുകളില്‍ നിന്ന് മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളാണ് ആ മഹാപ്രളയത്തെ കുറിച്ച് നമ്മുടെ മനസ്സിലുള്ളത്. ഒരു വെള്ളപ്പൊക്കം എത്രകണ്ട് ഭയാനകമായിരിക്കുമെന്ന് നാമിന്ന് നേരിട്ടനുഭവിച്ച് മനസ്സിലാക്കിയിരിക്കുന്നു. നമുക്കിനി തൊണ്ണൂറ്റി ഒമ്പതിനേക്കുറിച്ച് പറയേണ്ടി വരില്ല. അതിലും വ്യാപ്തിയുള്ള ദുരന്തത്തിന്റെ നാളുകളാണ് നാമിപ്പോള്‍ പിന്നിട്ടിരിക്കുന്നത്. മഴയുടെ അളവോ, വെള്ളം വിഴുങ്ങിയ പ്രദേശങ്ങളുടെ വ്യാപ്തിയോ അല്ല, ജനങ്ങള്‍ അനുഭവിച്ച ദുരന്തത്തിന്റെ ഭയാനകതയാണ് ഈ വെള്ളപ്പൊക്കത്തെ ചരിത്രത്തില്‍ വേറിട്ടതാക്കുന്നത്. ഈ വെള്ളപ്പൊക്ക കാലത്ത്  കേരളത്തിലെ ഒരു പ്രദേശവും ദുരിതമുക്തമായിരുന്നില്ല. വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ഇരട്ടിയാക്കി, മലമ്പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പോലും മണ്ണിടിഞ്ഞ് ആളും അര്‍ത്ഥവും നശിച്ചു. അണക്കെട്ടുകളില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ, ആകെയുള്ള 42 അണക്കെട്ടുകളില്‍ 35 എണ്ണത്തിന്റെയും ഷട്ടറുകള്‍ തുറന്നു. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടര്‍ന്നപ്പോള്‍, ദിവസങ്ങളോളം ഷട്ടറുകള്‍ തുറന്നു തന്നെ വയ്‌ക്കേണ്ടി വന്നു. മറ്റു പ്രദേശങ്ങളിലെ കനത്ത മഴ കൂടിയായപ്പോള്‍, കേരളം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തില്‍ മുങ്ങി. പ്രളയത്തിന്റെ വ്യാപ്തി ശരിയായി പ്രവചിക്കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ അതിദയനീയമായി പരാജയപ്പെട്ടു. പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തുന്നതിനു മുന്‍പു തന്നെ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കണമെന്ന യാതൊരു സൂചനയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നല്‍കാന്‍ ഈ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞില്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ,  മഴ അടങ്ങുമെന്ന സാധാരക്കാരുടെ പ്രതീക്ഷ അവരും പങ്കുവയ്ക്കുകയായിരുന്നു. 

മഴ കൂടുതലായി പെയ്തതു കൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായത് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.  മഴയാണ് വില്ലന്‍ എന്നൊരു സൂചനയാണ് ഇത് നല്‍കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സഹ്യപര്‍വ്വതത്തില്‍ 1 മീറ്റര്‍ മഴ പെയ്താല്‍, ഇതേ ദുരന്തം ഇതുപോലെ ഇനിയും ആവര്‍ത്തിക്കും എന്നാണതിന്റെ അര്‍ത്ഥം. മഴ പെയ്താല്‍ വെള്ളപ്പൊക്കമുണ്ടാവും, മഴ തോര്‍ന്നാല്‍ വെള്ളമിറങ്ങും എന്ന് പറയാനാണെങ്കില്‍, കോടികള്‍ മുടക്കി നിലനിര്‍ത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും കാലാവസ്ഥാ നിരീക്ഷണോപാധികളും ദുരന്തനിവാരണ നിയമങ്ങളും ഭൂവിനിയോഗ മാനദണ്ഡങ്ങളും നിര്‍മാണ ചട്ടങ്ങളും എന്തിനാണെന്ന ചോദ്യം പ്രസക്തമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ പരിമിത വട്ടത്തിനുള്ളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നവര്‍ പരിഹാസ്യരാവും. അണക്കെട്ടുകളാണ് വെള്ളപ്പൊക്കമുണ്ടാക്കുന്നത് എന്നൊരു മുടന്തന്‍ വാദവും ഇതിനിടെ ഉയരുന്നുണ്ട്. പ്രളയമുണ്ടാക്കുകയല്ല, വെള്ളപ്പൊക്കം നിയന്ത്രിക്കുകയാണ് അണക്കെട്ടുകള്‍ ചെയ്യുന്നത്. അശാസ്ത്രീയമായ മാനേജ്‌മെന്റിലൂടെ പ്രളയം സൃഷ്ടിക്കാനും അണക്കെട്ടുകള്‍ കൊണ്ട്  സാധിക്കുമെന്നതാണ് അതിന്റെ മറുവശം. ഒരു തത്ത്വമെന്ന നിലയില്‍ പറഞ്ഞാല്‍, മലനിരകളില്‍ പെയ്യുന്ന മഴവെള്ളം ഒറ്റയടിക്ക് കുത്തിയൊലിച്ച് താഴെയെത്താന്‍ അനുവദിക്കാതെ റിസര്‍വ്വോയറുകളില്‍ തടഞ്ഞു നിര്‍ത്തി പ്രളയ സാധ്യത ഇല്ലാതാക്കുകയാണ് ഡാമുകള്‍ ചെയ്യുന്നത്. ഡാമുകളില്‍ ശേഖരിക്കുന്ന വെള്ളം സുരക്ഷിതമായ അളവില്‍ യഥാസമയം തുറന്നു വിടണം. അതു ചെയ്യാതെ, പരമാവധി സംഭരണ ശേഷി എത്തുന്നതു വരെ ഡാമിന്റെ ഷട്ടറുകള്‍ അടച്ചിട്ടതിനു ശേഷം, കണക്കില്ലാത്ത വെള്ളം ഒറ്റയടിക്ക് തുറന്നു വിട്ടാല്‍ പ്രളയമുണ്ടാകും. ഒരേ നദിയില്‍ ഒന്നിലധികം അണക്കെട്ടുകള്‍ ഉള്ളപ്പോള്‍, താഴെയുള്ള ഡാമുകളിലെ ഷട്ടറുകള്‍ ആദ്യം തുറന്നില്ലെങ്കില്‍, മുകളിലുള്ള ഡാമുകള്‍ തുറക്കുമ്പോള്‍, പരമാവധി സംഭരണ ശേഷിക്കും മുകളില്‍ വെള്ളം എത്താനുള്ള സാധ്യതയുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. അണക്കെട്ടുകളിലെ വെള്ളം കൈകാര്യം ചെയ്ത രീതിയില്‍ അശാസ്ത്രീയതയുണ്ടോ എന്ന് പരിശോധിക്കുന്നത് ഭാവിയില്‍ സമാന സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ സഹായകമാവും. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകളിലെ ഷട്ടറുകള്‍ തുറന്നത് അവര്‍ക്ക് തോന്നിയ സമയത്താണ്. കരകവിഞ്ഞൊഴുകുന്ന നദികളിലേക്കാണ്, മതിയായ മുന്നറിയിപ്പില്ലാതെ, ഈ വെള്ളം ഒഴുക്കിവിട്ടത് എന്നോര്‍ക്കണം.  ബാണാസുര, ശബരിഗിരി മുതലായവയിലെ അണക്കെട്ടുകള്‍ തുറന്നു വിട്ടതു സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉണ്ടായി. ഡാം സുരക്ഷാ അതോറിറ്റി കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതി എത്രകണ്ട് ശാസ്ത്രീയമാണെന്ന അന്വേഷണം ഇനിയും വൈകാനിടയില്ല. ഒരു പെരുമഴക്കാലത്ത് ഡാമിന്റെ ഷട്ടറുകളില്‍ കൂടി വരുന്ന വെള്ളത്തിന്റെ അളവു മാത്രം വച്ച് പ്രളയമുണ്ടാകുമോ എന്ന് കണക്കു കൂട്ടാനാവില്ല. ആറുകളിലൂടെയും തോടുകളിലൂടെയും ചെറു നീര്‍ച്ചാലുകളിലൂടെയും അതിന്റെ എത്രയോ ഇരട്ടി ജലം ഒഴുകിയെത്താനിടയുണ്ട്. അതിനു മുകളിലേക്കാണ് തുറന്നു വിട്ട അണക്കെട്ടുകളില്‍ നിന്നുള്ള ജലം എത്തുന്നത്. അപ്പോഴും ഡാമുകളാണ് വില്ലന്‍ എന്ന് പറയാനാവില്ല. പശ്ചിമഘട്ടത്തില്‍ പെയ്ത മഴയ്ക്കുത്തരവാദി നമ്മളാണെന്ന് പറഞ്ഞാല്‍ അത് അര്‍ദ്ധ സത്യമാവും. എന്നാല്‍, ഈ പേമാരി ഇത്ര ഭയാനകമായ പ്രളയമാക്കിയതില്‍ അശാസ്ത്രീയമായ ഭൂവിനിയോഗത്തിനും ജലവിഭവ മാനേജ്‌മെന്റിനും സുസ്ഥിരമല്ലാത്ത നിര്‍മാണത്തിനും പങ്കുണ്ടെന്നത് തര്‍ക്കമറ്റ കാര്യമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെതിരായ പ്രകൃതിയുടെ താക്കീത് ഇതിലുണ്ട്.

കേരളത്തിലെ വൈവിധ്യമാര്‍ന്ന തണ്ണീര്‍ത്തടങ്ങളില്‍ ബഹുഭൂരിപക്ഷവും അപ്രത്യക്ഷമായിക്കഴിഞ്ഞു. വെള്ളം സംഭരിച്ചു നിര്‍ത്തിയിരുന്ന വയലുകളും കുളങ്ങളും ചെറുനീര്‍ത്തോടുകളും ഒട്ടു മുക്കാലും നികന്നു. മഴവെള്ളം മണ്ണില്‍ കിനിഞ്ഞിറങ്ങാനുള്ള സാധ്യതയും ഒരളവുവരെ നമ്മള്‍ അടച്ചു കഴിഞ്ഞു. ചെറിയ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ മിക്കതും നികന്ന് റോഡുകളോടോ പുരയിടങ്ങളോടോ കൂട്ടിച്ചേര്‍ക്കപ്പെട്ടു. വെള്ളം പിടിച്ചു നിര്‍ത്തുന്ന മണ്ണിന്റെ ഹരിതാവരണവും ഇല്ലാതാവുകയാണ്. മലകളില്‍ പെയ്യുന്ന മഴവെള്ളം കുത്തിയൊലിച്ചു വന്ന് താഴ്ന്ന പ്രദേശങ്ങളെ മൂടാന്‍ ഏതാനും മണിക്കൂറുകള്‍ മതി.

ഭൂവിനിയോഗത്തിന്റെയും ജലവിഭവ മാനേജ്‌മെന്റിന്റെയും തണ്ണീര്‍ത്തട സംരക്ഷണത്തിന്റെയും  നിര്‍മാണ ചട്ടങ്ങളുടെയും ഖനനത്തിന്റെയും കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള നിലപാടുകള്‍ ആവശ്യമാണെന്ന് വാദിക്കുന്നവര്‍ ഇത്രയും കാലം കേരളത്തില്‍ ആര്‍ക്കും വേണ്ടാത്തവരായിരുന്നു. പൊതുവില്‍  എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഈ വക കാര്യങ്ങളില്‍ ഏറെക്കുറേ ഒരേ കാഴ്ചപ്പാടായിരുന്നു. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ സംഘടനകള്‍ പോലും, പൊതുവികാരത്തിനൊപ്പം നിന്നതാണ് സംസ്ഥാനത്തിന് വിനയായത്. ദുരന്തങ്ങളാണ് മനുഷ്യരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ ദുരന്തത്തിന്റെ  പശ്ചാത്തലത്തില്‍ കേരളം ഒരു പുനര്‍ചിന്തനത്തിന് തയ്യാറായിരിക്കുന്നു. മുതലാളിത്ത വികസന സങ്കല്‍പ്പങ്ങളുടെ തിമിരം ബാധിച്ച മലയാളി മാറിചിന്തിക്കാന്‍ തയ്യാറാവുന്ന ഈ ഘട്ടത്തില്‍ അവനെ പിറകില്‍ നിന്ന് പിടിച്ചു വലിക്കാതിരിക്കാനുള്ള വിവേകം പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണം. 'നിങ്ങള്‍ക്ക് വികസനം വേണ്ടേ' എന്ന് ജനങ്ങളോട് ചോദിക്കുന്നവര്‍ ' സുസ്ഥിര വികസനം' എന്ന ലക്ഷ്യത്തിലേക്ക് മാറ്റിപ്പിടിക്കാന്‍ തയ്യാറാവണം. ഒലിച്ചുപോയ റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതും തകര്‍ന്നു പോയ കെട്ടിടങ്ങള്‍ അതേ സ്ഥലത്ത് കെട്ടിയുയര്‍ത്തുന്നതും മാത്രമാവരുത് കേരളത്തിന്റെ പുനര്‍നിര്‍മാണം. പരിസ്ഥിതി ലോല പ്രദേശങ്ങളെ സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ വിവേകശാലികളായ നേതാക്കള്‍ മുന്‍കൈയെടുക്കണം. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കൂടുതല്‍ ശാസ്ത്രീയവും സമഗ്രവും കര്‍ക്കശവുമാകണം. മണലും പാറയും അടക്കമുള്ള പ്രകൃതി വിഭവങ്ങളെ ലക്കും ലഗാനുമില്ലാതെ ചൂഷണം ചെയ്യുന്ന രീതിയാണ് ഇന്നനുഭവിക്കുന്ന ദുരിതത്തില്‍ മലയാളിയെ എത്തിച്ചത്. എന്നിട്ടും നിര്‍മാണ ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കാനുള്ള സമ്മര്‍ദ്ദമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കൊണ്ടിരുന്നത്. നിയമപരമായി അനുവദനീയമായതിനെ എതിര്‍ക്കേണ്ട കാര്യമെന്ത് എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. പ്രകൃതിക്കും പരിസ്ഥിതിക്കും ചേരാത്ത നിയമങ്ങള്‍ മാറണം. മാറ്റാനുള്ള ഇച്ഛാശക്തി ഭരണാധികാരികള്‍ക്ക് ഉണ്ടാവണം. രണ്ടു പേര്‍ക്ക് താമസിക്കാന്‍ 4000 ച. അടി വീട് പണിയുന്നവരും അതിന് അനുമതി നല്‍കുന്നവരും വരും തലമുറകളോട് കടുത്ത ദ്രോഹമാണ് ചെയ്യുന്നത്. കൈയ്യേറ്റം ചെയ്യപ്പെട്ട പുഴകള്‍ ഒന്നു കുതറിയപ്പോള്‍ അത് കേരളത്തിന് താങ്ങാവുന്നതില്‍ അപ്പുറമായി. നികത്തപ്പെട്ടു പോയ അസംഖ്യം നീര്‍ത്തോടുകളും അമര്‍ത്തപ്പെട്ട ഉറവകളും,  ഉണ്ടാക്കിയ സമ്മര്‍ദ്ദമാണ് ഈ പെരുമഴക്കാലത്ത് കേരളത്തിന്റെ പല പ്രദേശങ്ങളെയും തകര്‍ത്തു കളഞ്ഞത്. എല്ലാവരും ദുരന്തബാധിതരുടെ പുനരധിവാസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് കരുതുന്നവരുണ്ടാകും. വാസ്തവം നേരേ മറിച്ചാണ്. ഇതാണ് ഒരു പുനരാലോചനയ്ക്ക് യോജിച്ച സമയം. അടുത്ത മഹാപ്രളയം വരെ നമുക്കതിന് കാത്ത് നില്‍ക്കാനാവില്ല. വികസനം മുന്നോട്ടു പോകണമെങ്കില്‍ അതിന് സുസ്ഥിരമായ അടിത്തറ വേണം. കേവല വികസനമല്ല, സുസ്ഥിര വികസനമാണ് നമുക്കു വേണ്ടത്. 3 മീറ്ററിലധികം മഴ ലഭിക്കുന്ന ആയിരക്കണക്കിന് ച.കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുള്ള കേരളത്തില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ അവഗണിച്ചു കൊണ്ടുള്ള വികസനം സ്ഥായിയാവുകയില്ല. അതിന്റെ സൂചന ഈ ദുരന്തത്തില്‍ കാണാനാവുന്നില്ലെങ്കില്‍, ഈ മഹാപ്രളയത്തില്‍ നിന്ന് നമ്മള്‍ ഒന്നും പഠിക്കുന്നില്ല എന്ന് പറയേണ്ടി വരും.

No comments:

Post a Comment