Monday 22 October 2018

ജലംകൊണ്ട് മുറിവേറ്റവര്‍ക്കൊപ്പം


ഡോ. പ്രിയ ദേവദത്ത്


ന്നോളം കാണാത്ത കാഴ്ചകളുടെയും അനുഭവങ്ങളുടെയും ദുരന്തപ്പെരുമഴയിലൂടെയാണ് ഈ ആഗസ്റ്റില്‍ ഞാനും കടന്നു പോയത്. ശമനമില്ലാതെ പെയ്യുന്ന മഴയില്‍ ചുറ്റുവട്ടം ഉള്ളവരെല്ലാം ദുരിതക്കയത്തില്‍പ്പെട്ടത് 19 വര്‍ഷമായി മാന്നാറില്‍ താമസിക്കുന്ന എന്നെ സംബന്ധിച്ച് അത്യന്തം സങ്കടകരമായ ഒരനുഭവം ആയിരുന്നു... ഒടുവില്‍ തിരക്ക് കൂട്ടി തുള്ളിത്തുളുമ്പി നിന്ന പുഴ ഓരവും വയലും കടന്നു കരകളെല്ലാം സ്വന്തമാക്കി കുതിച്ച് ഒഴുകി. അതോടെ ഇതുവരെ അവര്‍ കാത്തുവച്ചതെല്ലാം അപ്രതീക്ഷിതമായി കുത്തോഴുക്കില്‍പ്പെട്ടു പോയി.. മെല്ലെ മെല്ലെയാണ് മഴ പിടിമുറിക്കിയത്. ഒരുസെക്കന്റ് പോലും വിശ്രമിക്കാതെ ഒന്നടങ്ങി എന്നുതോന്നുമ്പോള്‍ ആര്‍ത്തലച്ചെത്തുന്ന പെരുമഴ. ആഗസ്റ്റ് 15 ന് കോരിച്ചൊരിയുന്ന മഴതുടരുന്നതിനിടയില്‍ കൊഴുവല്ലൂരുള്ള ജയിംസ് മാത്യൂ വന്നു തന്നെ വേഗം വിടണമെന്ന് പറഞ്ഞു. ചെങ്ങന്നൂരില്‍ വെള്ളം കയറുന്നുണ്ടെന്നും രണ്ടുമൂന്നാഴ്ചത്തേയ്ക്ക് മരുന്നുവേണമെന്നും പറഞ്ഞു. അയാള്‍ ആകെ സംഭ്രമിച്ചിരുന്നു. ദുരിതാശ്വാസക്യാമ്പ്, അവിടെ തുടങ്ങുന്നുവെന്നും മരുന്നു വാങ്ങുന്നതിനിടയില്‍ അയാള്‍ പറയുന്നുണ്ടായിരുന്നു.അന്ന് സന്ധ്യയായതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറാന്‍ തുടങ്ങി. രാത്രിഞ്ചരനെപ്പോലെ രാവിന്റെ മറവിലായിരുന്നു പളയത്തിന്റെ കടന്ന് വരവ്. നേരം പുലര്‍ന്നപ്പോഴേയ്ക്കും ചെങ്ങന്നൂര്‍ വെള്ളത്തിലാണ്ടു. മിക്കവരും രാവിലെ ഉണര്‍ന്നത് മുട്ടൊപ്പം വെള്ളത്തില്‍ ചവിട്ടിക്കൊണ്ടാണ്. ഇതിനകം തുടങ്ങിയ ക്യാമ്പുകളിലേയ്ക്ക് നിരവധി പേര്‍ കൂട്ടമായി എത്തിതുടങ്ങി. രാത്രി മഴയിലും കാറ്റിലും വൈദ്യുതി ബന്ധം നിലച്ചതിനാല്‍ മൊബൈലും ടിവി യും പ്രവര്‍ത്തന രഹിതമായി. പത്രവും വിതരണം ചെയ്യാനാളില്ലാതെ കെട്ടിക്കിടന്നു. നാട് ഒറ്റപ്പെട്ടു. വീട്ടിലുള്ളവരെയും ബന്ധുക്കളെയും വിളിച്ച് കിട്ടാതെവന്നപ്പോള്‍ മറ്റ് സ്ഥലങ്ങളിലുള്ളവര്‍ ആശങ്കയിലായി. പലരും എന്നെ വിളിച്ചു. പിറ്റേന്ന് രാവിലെ വോളന്റിയര്‍മാരുടെ സഹായത്തോടെ കണ്ടെത്തിയവരുടെ വിവരങ്ങള്‍ നല്‍കാനായി.

ചെങ്ങന്നൂരെയും റാന്നിയിലെയും പ്രളയദുരിതങ്ങള്‍ കേട്ടും അറിഞ്ഞും കുട്ടനാട്ടിലും ഭീതി പടര്‍ന്നിരുന്നു. ജൂണ്‍ മഴയുടെ ആദ്യ പ്രഹരത്തില്‍ നിന്ന് അവര്‍ മുക്തരായി വരുന്നതേയുള്ളൂ. മാത്രമല്ല ഇത്തവണ പകര്‍ച്ചവ്യാധികളുടെ ആക്രമണം ഇല്ലാതിരുന്നതിന്റെ ആശ്വാസത്തിലുമായിരുന്നു അവര്‍. മിത്രക്കരിയിലുള്ള ആഭ എന്ന പേഷ്യന്റിനെ വിളിച്ച് ഞാന്‍ വിവരങ്ങള്‍ തിരക്കി. കുട്ടനാട്ടുകാരെ സംബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന വെള്ളപ്പൊക്കം അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ചില്ലറ ദുരിതങ്ങള്‍ അവശേഷിപ്പിക്കുമെങ്കിലും വെള്ളപ്പൊക്കത്തെ ഒരു ജലോല്‍സവമായി കാണാനാണ് അവര്‍ ഇഷ്ടപ്പെടുക. പെരുമഴയത്ത് പിണ്ടിച്ചങ്ങാടമോ, ചെറുചങ്ങാടമോ കെട്ടി പുഞ്ചപ്പാടത്ത് പോകുന്നതും ഒറ്റാലുമായി ഊത്ത(ചെറുമീന്‍)പിടിക്കുന്നതും സുഖമുള്ള ഒരോര്‍മ്മയായി അവരില്‍ പലരും പങ്കുവച്ചിട്ടുണ്ട്. ഇത്തവണ കാര്യങ്ങള്‍ കരുതുന്നതിലും അപ്പുറമായിരുന്നു. ആറുകളെല്ലാം കരകവിഞ്ഞതോടെ കുട്ടനാടും അപ്പര്‍ കുട്ടനാടുമെല്ലാം മുങ്ങിയമര്‍ന്നു. 

ഒറ്റപ്പെട്ട് കഴിയുന്നവര്‍ ക്യാമ്പിലെത്തണമെന്ന് പറഞ്ഞുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് ദൂരെയെവിടെയോ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടടുത്തുള്ള മാന്നാര്‍ നായര്‍ സമാജം സ്‌കൂളിലെ ക്യാമ്പിലേയ്ക്ക് പോയി. അവിടെ ഒരു മെഡിക്കല്‍ ക്യാമ്പ് അനിവാര്യമായിരുന്നു. സ്‌കൂള്‍ ഗേറ്റിനടുത്തുവച്ച് തന്നെ പേഷ്യന്റ് സുജ കരഞ്ഞുകൊണ്ടോടിയെത്തി. എല്ലാം നഷ്ടമായി. ഭര്‍ത്താവ് ബിജുവിനെ കാത്ത് നില്‍ക്കുകയാണ്. വീട് നോക്കാന്‍ പോയതാ. ഫോണില്‍ ചാര്‍ജ്ജും തീര്‍ന്നു എന്ന് പറഞ്ഞാണ് കരച്ചില്‍.  ക്ലിനിക്കില്‍ പോയി റീചാര്‍ജു ചെയ്യാന്‍ ഏര്‍പ്പാടാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ഒരു വലിയ കൂട്ടം തന്നെ അവിടെയുണ്ടായിരുന്നു. മുഖപരിചയം ഉള്ളവരും ഇല്ലാത്തവരുമായി. ഒന്നര മണിയായി. ഊണിന്റെ തിരക്ക് കഴിഞ്ഞിരിക്കുകയാണെല്ലാവരും.

അവരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞശേഷം മരുന്നെടുക്കാനായി വീണ്ടും ക്ലിനിക്കില്‍ പോയി. ഒരു പലചരക്ക് കടയും സൂപ്പര്‍മാര്‍ക്കറ്റും ഒഴിച്ച് കടകളെല്ലാം അടഞ്ഞുകിടക്കുന്നു. വരുന്നവഴി സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി പരമാവധി സാനിട്ടറി നാപ്കിനുകളും അവര്‍ക്കായി കരുതി. ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങള്‍, കുട്ടികള്‍, വൃദ്ധര്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയവരെല്ലാവരും ക്യാമ്പിലുണ്ടായിരുന്നു. വീട്ടിനുള്ളിലൂടെ പുഴ ഒഴുകുന്നത് കണ്ട് പകച്ചുപോയവര്‍. പ്രളയം ശക്തമായ മാനസികാഘാതമാണ് ഇവരില്‍ സൃഷ്ടിച്ചിരിക്കുന്നത്. രണ്ടു ബഞ്ച് ചേര്‍ത്തിട്ട് കിടത്തിയിരുന്ന കുഞ്ഞിനാണ് ആദ്യം മരുന്ന് നല്‍കിയത്. ആമിന എന്നാണവളുടെ പേര്. ചൂടും പനിയുമുണ്ട്. അച്ഛന്‍ കുഞ്ഞിനെ പൊക്കിഉയര്‍ത്തി പിടിച്ച് രണ്ട് കിലോമീറ്റര്‍ കഴുത്തൊപ്പം വെള്ളത്തിലൂടെ നടന്നാണ് റോഡിലെത്തിയത്. കരഞ്ഞ് കരഞ്ഞ് പനിപിടിച്ചതാണ് അവര്‍ കൂട്ടിച്ചേര്‍ത്തു. 

പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ നഷ്ടപ്പെട്ടവര്‍ അവിടെ ധാരാളമുണ്ടായിരുന്നു. രണ്ടാഴ്ചത്തേയ്ക്കുള്ള മരുന്നുകള്‍ അവര്‍ക്ക് നല്‍കി. തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും മലിനജലവുമായുള്ളസമ്പര്‍ക്കം മൂലം വളംകടിയും ചൊറിച്ചിലും ബാധിച്ചിരുന്നു. ഇതിനെല്ലാമുപരി മാനസികമായ ആഘാതമാണ് അവരെ തളര്‍ത്തിയിരുന്നത്. ഉറക്കക്കുറവ്, ആകാംക്ഷ, ഭയം, ഉത്കണ്ഠ, നിസ്സഹായാവസ്ഥ, അലഞ്ഞുതിരിയാനുള്ള പ്രവണത, സ്ഥലകാല വിഭ്രാന്തി ഒക്കെ ഉള്ളവര്‍ ഉണ്ടായിരുന്നു. ഒരു വീട്ടിലെ ആളുകള്‍ പല ക്യാമ്പുകളിലായി കൂട്ടംതെറ്റിപ്പോയതും ചിലരില്‍ മനോവിഷമത്തിനിടയാക്കി.

മുട്ടുവേദനയും കാലുവേദനയുമായി വന്നവരായിരുന്നു പിന്നെയേറെയും. ലോണെടുത്തുവാങ്ങിയ 1500 താറാവുകള്‍ ഒഴുകിപ്പോയതിന്റെ ദുഃഖത്തിലായിരുന്നു ജോസഫും മറിയയും. കടുത്ത ആസ്ത്മരോഗിയാണ് മറിയ. താറാവുകളെ കരയ്ക്ക് ഭദ്രമായി വലയ്ക്കുള്ളില്‍ കെട്ടിയിട്ടിരുന്നതാണ്. പെരുവെള്ളത്തില്‍ അവ ഒലിച്ചുപോയി. ശ്വാസംമുട്ടലിനിടയിലും മറിയ പറഞ്ഞുകരഞ്ഞു. കരയുന്ന മൂന്ന് വയസ്സുകാരന്‍ ആര്യനെയും കൊണ്ട് അമ്മ ഇടയ്ക്ക് കയറി. നിര്‍ത്താതെ കരച്ചിലാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടാണ് അവന്റെ പ്രശ്‌നം. ബാഗില്‍ സൂക്ഷിച്ചിരുന്ന ചെറിയൊരു ലെറ്റര്‍ ഹെഡും സ്‌കെച്ച്പപെന്നും അവന് നല്‍കി. ചില കുട്ടികള്‍ പുതിയ സൗഹൃദങ്ങളുമായി ഇഴുകിച്ചേരുന്നുണ്ട്. സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് പെട്ടെന്ന് പറിച്ച് മാറ്റിയതിന്റെ അരക്ഷിതാവസ്ഥ മിക്ക കുട്ടികളുടെയും മുഖത്തുണ്ട്.

സന്ധ്യയാകുന്നു. മഴ വീണ്ടും കരുത്താര്‍ജിക്കുകയാണ്. തത്കാലം പരിശോധന നിര്‍ത്തി പുറത്തേക്കിറങ്ങുവാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ കയ്യില്‍ പിടിച്ചുകൊണ്ട് ഒരമ്മ ചോദിച്ചു, കിടപ്പ് രോഗിയെ നോക്കാമോയെന്ന്! പാചകപുരയ്ക്ക് സമീപമുള്ള ക്ലാസ്സ് മുറിക്കടുത്തേയ്ക്ക് ഞങ്ങള്‍ നടന്നു. മിനിട്ട് വച്ച് ക്യാമ്പില്‍ ആള് കൂടുകയാണ്. വലിയ ആരവങ്ങള്‍. നനഞ്ഞ തുണിയുമൊതുക്കിപിടിച്ച് ട്രക്കില്‍ നിന്ന് ഇറങ്ങുന്നവര്‍. അധ്വാനിച്ചതെല്ലാം വെള്ളത്തിലമരുന്നതിന്റെ മരവിപ്പ് എല്ലാ മുഖങ്ങളിലുമുണ്ട്. വിരിവച്ച് കിടക്കുന്ന ഭര്‍ത്താവിനെ ആ അമ്മയും രണ്ട് പേരും ചേര്‍ന്ന് താങ്ങി എഴുന്നേല്‍പ്പിച്ചിരുത്തി. അയാള്‍ ആര്‍ക്കും മുഖം തരുന്നില്ല. രണ്ടുമുട്ടുകളിലും നീരുണ്ട്, വേദനയും. അയാള്‍ക്കെന്തോ പറയാനുള്ള പോലെ. മുഖത്ത് കടുത്ത ദുഃഖം, അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. അവള്‍ അറിയണ്ട. വീട് മുഴുവന്‍ മുങ്ങിത്താണു.ഞാന്‍ പോയിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതാണ്. കുറിപ്പടിയും മരുന്നുമായി ഭാര്യ വരുന്നത് കണ്ട് അയാള്‍ കണ്ണീരൊപ്പി. ഇവിടെ കഴിയുന്ന നാളെങ്കിലും അവള്‍ സമാധാനമായിരിക്കട്ടെ. കണ്ണുകള്‍ നിറഞ്ഞൊഴുകിയ ആ വൃദ്ധനെ ഒരിക്കലും മറക്കില്ല.

റോഡിലേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ബ്രഡും റസ്‌കും വിതരണം ചെയ്യുന്നതിന്റെയിടയില്‍ നിന്നൊരു വോളന്റിയര്‍ ഓടിയെത്തി. പ്രശ്‌നം രൂക്ഷമാണ്. ഇടനാട്ടില്‍ ഓട് പാകിയ വീടുകളുടെ മേല്‍ക്കൂര അപ്പടി ഒഴുകിപ്പോയി. മാന്നാറിന്റെ രണ്ടര കിലോമീറ്റര്‍ ചുറ്റിലും കടപ്രയുടെ ഉയര്‍ന്നപ്രദേശങ്ങളും ഒഴിച്ച് ബാക്കിയെല്ലാം വെള്ളം മൂടിയിരിക്കുകയാണ്. തികച്ചും ആശങ്കയുടെ നിമിഷങ്ങളായിരുന്നു അത്. ഒറ്റപ്പെട്ടവരെ രാത്രി വൈകിയും പ്രതികൂലകാലാവസ്ഥയില്‍ നാട്ടുവഴികളിലൂടെ വള്ളമോടിച്ച് രക്ഷിച്ചത് മത്സ്യത്തൊഴിലാളികളാണ്. ആഴത്തില്‍ മുങ്ങിയും ഊളിയിട്ടും കയ്യാലയും വാഴത്തടകളും വെട്ടിമാറ്റിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ അവരെ എത്ര പ്രശംസിച്ചാലും അധികമാവില്ല. പാണ്ടനാട്ടില്‍ പ്രളയത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ശരീരം ഒഴുകിപ്പോകാതെ കെട്ടിവച്ച് കാവലിരുന്ന വീട്ടമ്മയുടെ വേദന ഹൃദയത്തില്‍ ആഴത്തില്‍ തൊട്ടു. ഗൃഹനാഥനും മകനും മുത്തശ്ശിയുമടക്കം മൂന്നു പേര്‍ മരിച്ച കൂടൂംബവും നീറുന്ന ഓര്‍മ്മയിലെ ചിലതു മാത്രം. സ്വന്തം ജീവന്‍ രക്ഷിക്കുന്ന തിരക്കില്‍ മിണ്ടാപ്രാണികളെ അഴിച്ച് വിടാന്‍ മറന്നവരും, കിട്ടിയ വിലയ്ക്ക് ജീവിതമാര്‍ഗ്ഗമായ പശുക്കളെ വിറ്റവരുമൊക്കെ ദുഃഖിതരാണ്.

എണ്ണിയാലൊടുങ്ങാത്ത ഒട്ടനവധി വെല്ലുവിളികളാണ് ഈ ആഗസ്റ്റ് നമുക്ക് നല്‍കിയത്. സംസ്ഥാന ഏകോപനസെല്ലിന്റെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റെയും നിര്‍ദ്ദേശങ്ങള്‍ ചിട്ടയോടെ പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങിയ ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വയം സന്നദ്ധ സേവനത്തിനിറങ്ങിയ പതിനായിരക്കണക്കിന് യുവാക്കള്‍, എഴുപത്തിരണ്ട് മണിക്കൂറോളം തുടര്‍ച്ചയായി ഉറങ്ങാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍, നാവികസേന, എയര്‍ഫോഴ്‌സ് ഇവരുടെ ഒരുമയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തനമാണ്  മരണനിരക്ക് ഗണ്യമായി കുറച്ചത്.

പ്രളയം കഴിഞ്ഞ് മൂന്നാഴ്ചയോളം പിന്നിട്ടു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സാന്ത്വനസ്പര്‍ശമായി പാണ്ടനാട്ടില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് നടത്തുകയുണ്ടായി. അങ്ങോട്ടുള്ള യാത്രയില്‍ ഉത്തരേന്ത്യയിലെ മഴകണ്ടിട്ടില്ലാത്ത ഉള്‍നാടന്‍ ഗ്രാമത്തിലൂടെ പോകുന്ന പ്രതീതിയാണെനിക്കുണ്ടായത്. എവിടെയും ചെളിയുണങ്ങിയ മണ്ണും പൊടിയും. പ്രളയം പാണ്ടനാടിന്റെ പച്ചപ്പും പ്രസരിപ്പും ചോര്‍ത്തിക്കളഞ്ഞിരുന്നു. തകര്‍ന്നടിഞ്ഞ വീടുകളും മതിലുകളും കുന്നുകൂടിക്കിടക്കുന്ന ഉപയോഗശൂന്യമായ ഗൃഹോപകരണങ്ങളും ആളൊഴിഞ്ഞ കെട്ടിടങ്ങളും കേടായ വാഹനങ്ങളുമെല്ലാം പാണ്ടനാടിന്റെ നഷ്ടപ്രതാപങ്ങള്‍ വിളിച്ചോതുന്നു. ഭ്രാന്തമായി ഒഴുകിയ പമ്പയാര്‍ മെലിഞ്ഞുണങ്ങി ശാന്തമായൊഴുകുന്നു. ഒടിഞ്ഞ് വീണൊഴുകിയ വൃക്ഷത്തലപ്പുകളൊന്നുമില്ല, പകരം പുതുതായി രൂപപ്പെട്ട മണല്‍ത്തിട്ടകള്‍ മാത്രം. പൊടിക്കാറ്റില്‍ നിന്നും രക്ഷനേടാന്‍ മൂക്കും വായയും മറച്ചാണ് മിക്ക രോഗികളും ക്യാമ്പിലെത്തിയത്. മാനസികമായും ശാരീരികമായും തളര്‍ന്നവര്‍. തിരിച്ചെത്തിയപ്പോള്‍ അവരെ കാത്തിരുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും രോഗങ്ങളുമെല്ലാം സങ്കടകണ്ണീരായൊഴുകി. ദുഃഖങ്ങള്‍ മറക്കാന്‍ പഠിക്കുകയാണവരിപ്പോള്‍. ഗവണ്‍മെന്റും സുമനസ്സുകളും ചൊരിഞ്ഞ സ്‌നേഹത്തണലില്‍ പുതുജീവിതം തളിരിടുകയാണിവിടെ. പ്രളയം ബാക്കിവച്ച മുറിവുകള്‍ ഉണങ്ങട്ടെ. ജീവിതത്തിലേയ്ക്ക് പതുക്കെ തുഴഞ്ഞടുക്കുകയാണവര്‍.

No comments:

Post a Comment