Tuesday 25 December 2018

വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും പ്രമേഹത്തെ അകറ്റാം

ഡോ. ശ്രീജിത്ത് എന്‍ കുമാര്‍/വിന്‍സന്റ് പീറ്റര്‍

പ്രമേഹചികിത്സയിലും ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ ഐ എം എയുടെ ദേശീയ ഭക്ഷ്യസുരക്ഷാ സമിതി ചെയര്‍മാനും ട്രോമാ റെസ്‌ക്യൂ ഇനീഷ്യേറ്റീവ് ടി ആര്‍ ഐ സെക്രട്ടറിയുമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് പൂര്‍ത്തിയാക്കിയ ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ പൂനെ എ എഫ് എം സിയില്‍ നിന്ന് മെഡിസിനില്‍ എം ഡിയും ക്രൊയേഷ്യയിലെ വക്‌വര്‍ഹൊവാക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയബറ്റോളജിയില്‍ ഡിപ്ലോമയും നേടി. റിസര്‍ച്ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്‍ ഇന്ത്യയുടെ ന്യൂഡല്‍ഹി സമ്മേളനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രമേഹ ഗവേഷണത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രം പ്രമേഹചികിത്സാരംഗത്ത് നടത്തിയ കണ്ടെത്തലുകളെപ്പറ്റി ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു.

പ്രമേഹരോഗചികിത്സയില്‍ ആധുനിക വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ആഹാര നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം ക്രമീകരിച്ചാല്‍ പ്രമേഹത്തെ അകറ്റി നിര്‍ത്താനും മാറ്റാനും കഴിയുമെന്നാണത്. മരുന്നുകളില്ലാതെ പ്രമേഹത്തെ ചെറുക്കാന്‍ കഴിയുമോ? വിശദീകരിക്കാമോ?
പ്രമേഹം പ്രധാനമായും രണ്ട് തരത്തിലാണ്. ടൈപ്പ് ഒന്നും ടൈപ്പ് രണ്ടും. ടൈപ്പ് ഒന്ന് എന്ന പ്രമേഹം ഇന്‍സുലിന്‍ അഭാവം നിമിത്തമുണ്ടാകുന്നതാണ്. ഇത്തരത്തിലുള്ള പ്രമേഹത്തിന് ഇന്‍സുലിന്‍ തന്നെയാണ് ചികിത്സ. ഇത് ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവ കൊണ്ടുമാത്രം 
നിയന്ത്രിക്കാന്‍ കഴിയില്ല. ടൈപ്പ് രണ്ടില്‍ വിവിധ രീതികളിലും വിവിധ തലങ്ങളിലുമുള്ള പ്രമേഹങ്ങളുണ്ട്. എന്ന് പറയുമ്പോള്‍തന്നെ ഭൂരിപക്ഷം പേരിലും കണ്ടുവരുന്നത് കുടുംബപാരമ്പര്യമുള്ള, അമിതവണ്ണമുള്ളവരിലുള്ള പ്രമേഹമാണ്. അമിത വണ്ണം പ്രമേഹത്തിന് പ്രധാന കാരണമാണ്. അത് നിയന്ത്രിക്കുകയാണെങ്കില്‍ത്തന്നെ പ്രമേഹത്തിന് വലിയൊരളവ് പരിഹാരമാകും. ശരിയായ ശരീര ഭാരത്തിലേക്കെത്തുകയാണെങ്കില്‍ 60% ആളുകള്‍ക്കും രോഗം നിയന്ത്രിക്കാനോ അല്ലെങ്കില്‍ പ്രമേഹം വരാതെ കാക്കാനോ കഴിയും. പ്രമേഹപ്രതിരോധപഠനങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. പ്രമേഹം ബാധിക്കുന്നതിന് മുന്‍പ് പ്രീഡയബറ്റീസ് എന്നൊരവസ്ഥയുണ്ട്. ഈ അവസ്ഥയിലുള്ള ആളുകള്‍ നന്നായി വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ശരീരഭാരം നിയന്ത്രിച്ചാല്‍ 50 മുതല്‍ 60 ശതമാനം ആളുകളിലും പ്രമേഹം ഉണ്ടാകുന്നതുതന്നെ തടയാന്‍ കഴിയും. 6 വര്‍ഷംവരെ പ്രമേഹമുള്ള രോഗികള്‍ക്ക് ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും ശരീരഭാരം നിയന്ത്രിച്ച് രോഗം മാറ്റുവാന്‍ പറ്റുമോ എന്ന പഠനമായിരുന്നു 2017 ല്‍ നടന്നത്. പ്രമേഹം മാറ്റിനിര്‍ത്താനാവുമോ എന്നതായിരുന്നു അത്. കുറച്ച് ജീവിതകാലം മുഴുവന്‍ ആണോ അതോ ഏതാനും വര്‍ഷങ്ങളാണോ എന്നത് വര്‍ഷങ്ങള്‍ കൊണ്ടേ നമുക്ക് മനസിലാക്കാന്‍ കഴിയൂ. 2017 പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 15 കിലോയോളം ശരീരഭാരം കുറച്ചവരില്‍ 80 ശതമാനത്തോളം പേര്‍ക്ക് ഒരു വര്‍ഷത്തോളം പ്രമേഹം മാറിനിന്നു എന്നത് വസ്തുതയാണ്. അവര്‍ക്ക് രണ്ട് മാസത്തിലധികം മരുന്നുകളില്ലാതെ തന്നെ പ്രമേഹമില്ലാത്ത അവസ്ഥ കാണുകയും ചെയ്തു. അതുകൊണ്ട് പ്രമേഹം പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം മാറ്റുവാന്‍ സാധിക്കില്ല എന്ന് പറയുന്നത് ശരിയല്ല. ആരംഭക്കാരിലും അമിതവണ്ണമുള്ളവരിലും നന്നായി ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം നിയന്ത്രിക്കുകയാണെങ്കില്‍ ഏറെപ്പേരില്‍ ഒന്നുകില്‍ പൂര്‍ണമായി മാറ്റുവാനോ അല്ലെങ്കില്‍ ഏറെക്കാലം മാറ്റിനിര്‍ത്തുവാനോ പറ്റുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പലരിലും പല രീതിയിലായിരിക്കുമല്ലോ ലക്ഷണങ്ങളും രോഗാവസ്ഥയും ഉണ്ടാവുക?
ഏത് രോഗത്തിന്റെയും ഗതി ത്വരിതപ്പെടുത്തുവാന്‍ പ്രമേഹത്തിന് കഴിയും. അതുകൊണ്ട് രക്തത്തില്‍ പഞ്ചസാര കൂടിനില്‍ക്കുന്നത് ചിലരില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചിലരില്‍ അത്രതന്നെ പ്രശ്‌നങ്ങളുണ്ടാക്കാതെ പോകുകയും ചെയ്യുന്നുണ്ട്. അതിന് ജനിതക കാരണങ്ങളും മറ്റ് ചില കാരണങ്ങളുമുണ്ട്. അത്തരം കാരണങ്ങള്‍ പൂര്‍ണ്ണമായി ഏതാണെന്ന് നമുക്ക് വ്യക്തതയില്ല. നിലവിലെ സാഹചര്യത്തില്‍ ഈ പറയുന്ന രോഗി ആരായാലും ഏത് തരം ശരീരപ്രകൃതമുള്ളയാളായാലും കഴിയുന്നിടത്തോളം ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ച് നിര്‍ത്തുക എന്നത് തന്നെയാണ് ചെയ്യേണ്ടത്. അമിതവണ്ണമുള്ളവരില്‍ കൂടുതല്‍ ഗുണം ചെയ്യുമെങ്കിലും വണ്ണം കുറഞ്ഞവരിലും തീര്‍ച്ചയായും ഭക്ഷണക്രമീകരണം ഗുണം ചെയ്യും. അതുകൊണ്ട് ശരീരപ്രകൃതത്തിനനുസരിച്ചുള്ള പ്രത്യേക ചികിത്സാ ഓരോ രോഗിക്കും വേണ്ടിവന്നേക്കും. എന്നാലും ഭക്ഷണ ക്രമീകരണവും വ്യായാമവും എല്ലാപേരും ചെയ്യുന്നത് സമൂഹത്തിനാകെ ഗുണമുണ്ടാകും.

മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ ഭക്ഷണം കാര്യമായി നിയന്ത്രിക്കേണ്ട എന്നൊരുതോന്നല്‍ മലയാളികളുടെ ഇടയിലുണ്ട്. അത് ശരിയാണോ?
ആ ധാരണ പൂര്‍ണമായും തെറ്റാണ്. മറ്റ് രോഗങ്ങള്‍ക്ക്, ഉദാഹരണത്തിന് ആസ്ത്മയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നിരിക്കട്ടെ. ആ രോഗം നമുക്ക് പൂര്‍ണമായും നിയന്ത്രിക്കാന്‍ പറ്റുന്ന രോഗമല്ല. മരുന്നുകൊണ്ട് മാത്രമേ നിയന്ത്രിക്കാനാകൂ. അപസ്മാരമുള്ള ഒരാള്‍ക്ക് മരുന്ന് കൊടുക്കാതെ രോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. അത് നടക്കില്ല. ആസ്ത്മയെ സംബന്ധിച്ചും അലര്‍ജിയുണ്ടാക്കുന്ന പല ഘടകങ്ങളും ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കുമെങ്കിലും തീര്‍ച്ചയായും നമുക്ക് മരുന്ന് വേണ്ടിവരും. എന്നാല്‍ ജീവിത ശൈലീ രോഗങ്ങളങ്ങനെയല്ല. നിങ്ങള്‍ ജീവിതശീലിനിയന്ത്രിക്കുന്നതുകൊണ്ട് പൂര്‍ണമായും മാറ്റുവാനോ നിയന്ത്രിക്കുവാനോ കഴിയുമെന്നത് ഉറപ്പാണ്. 
ജീവിതശൈലീരോഗങ്ങളിലാണ് അമിതരക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍, പ്രമേഹം ഒക്കെ ഉള്‍പ്പെടുന്നത്. ഭക്ഷണക്രമീകരണവും വ്യായാമവും കൊണ്ട് മാറ്റാതെ മരുന്ന് കൊണ്ട് മാത്രം മാറ്റാനാണ് ശ്രമിക്കുന്നതെങ്കില്‍ അതൊരുപാട് ദോഷം ഉണ്ടാക്കാം. എന്ന് മാത്രമല്ല അങ്ങനെയുള്ളവരില്‍ വണ്ണം കൂടും. അമിതവണ്ണവും അമിത കൊളസ്‌ട്രോളും രക്താതിമര്‍ദ്ദവും ക്ഷണിച്ച് വരുത്തും. ഇത് ഹൃദയസ്തംഭനത്തിനും പക്ഷാഘാതത്തിനും കാരണമാകും. ശരീരഭാരം കുറയ്ക്കുകയാണെങ്കില്‍ പ്രമേഹത്തിന്റെ മരുന്ന് മാത്രമല്ല ഹൃദ്രോഗത്തിന്റെയും കൊളസ്‌ട്രോളിന്റെയും രക്താതിമര്‍ദ്ദത്തിന്റെയുമൊക്കെ മരുന്നുകള്‍ ഒഴിവാക്കാന്‍ സാധിക്കും എന്നുമാത്രമല്ല ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും കാന്‍സറിന്റെയുമൊക്കെ സാധ്യതകുറയ്ക്കാനും കഴിയും. അപ്പോള്‍ മരുന്ന് മാത്രം കഴിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ നോര്‍മല്‍ വാല്യൂ കൂട്ടിയാല്‍ മതിയോ അതോ ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം കുറച്ച് ശരീരത്തിന്റെ അവസ്ഥ ആരോഗ്യകരമായി നിലനിര്‍ത്തണമോ എന്നുള്ളതാണ് ചോദ്യം. മരുന്നുകള്‍ മോശമായതുകൊണ്ടല്ല ഭക്ഷണക്രമീകരണം വഴി ശരീരഭാരം നിയന്ത്രിച്ച് മരുന്നുകളുടെ അളവ് പരിമിതപ്പെടുത്തുന്നത് ശാരീരികാരോഗ്യത്തിനും സാമ്പത്തികാരോഗ്യത്തിനും കൂടുതല്‍ ഗുണകരം.

ജീവിതശൈലീജന്യമായ പ്രമേഹരോഗത്തെ ജീവിതശൈലീ ക്രമീകരണത്തിലൂടെ മാറ്റാം എന്നുതന്നെയല്ലേ അതിനര്‍ത്ഥം?
അതെ. രോഗഹേതുവിനെ നാം പരിഗണിക്കണം. കാരണം കാണാതെ ചവറിന്റെ മേല്‍ ചവിട്ട്‌മെത്തയെടുത്തുവച്ചതുകൊണ്ടായില്ല. ചവറും മാറ്റാന്‍ സാധിക്കണം. ചവറിനെത്തന്നെ മാറ്റുന്ന തരത്തിലുള്ള ചികിത്സയാണ് വേണ്ടത്. ഹേതു അമിതവണ്ണമാണെന്ന് മനസിലാക്കി ശരീരഭാരം കുറച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളുമൊക്കെ നോര്‍മലാകും. ശരീരഭാരം കുറയണമെങ്കില്‍ ഭക്ഷണ നിയന്ത്രണവും ചിട്ടയായ വ്യായാമവും കൃത്യമായും നടത്തണം. അത് ഒന്നോ രണ്ടോ ദിവസം ചെയ്തതുകൊണ്ടാവില്ല. ജീവിതചര്യയായി മാറ്റാന്‍ കഴിയണം. അപ്പോള്‍ ജീവിതശൈലീ ജന്മനാ രോഗമായ പ്രമേഹവും അനുബന്ധ രോഗങ്ങളും ജീവിത ശൈലി തിരുത്തി കൊണ്ട് അകറ്റി നിര്‍ത്താന്‍ കഴിയും. അതുകൊണ്ട് മാറാത്തപക്ഷം വേണ്ടുന്ന അളവില്‍ മാത്രം മരുന്നുകള്‍ ഉപയോഗിക്കാം.

കേരളത്തിന്റെ അവസ്ഥയില്‍ പ്രമേഹം വലിയതോതില്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. ജീവിതശൈലി ക്രമീകരിച്ച് ഭാരനിയന്ത്രണത്തിലൂടെ മാറ്റാനോ അകറ്റിനിര്‍ത്താനോ കഴിയുമെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമൂഹത്തിന് ഗുണമാകാന്‍ വേണ്ടി സ്‌കൂളിള്‍ പാഠ്യപദ്ധതിയിലൊക്കെ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ?
സത്യം പറഞ്ഞാല്‍ ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാനാവുമെന്ന് നാം മനസിലാക്കുന്നില്ല. വളരെ ലളിതമായ ഒരു സത്യമായതിനാല്‍ ഇത് അവിശ്വസനീയമായി തുടരുകയാണ്. ഇത് വായിക്കുമ്പോഴും ആള്‍ക്കാരിത് വിശ്വസിക്കില്ല. അതിലൊക്കെ കള്ളക്കളിയാണെന്നാവും കരുതുക. ഇത് വളരെ സിമ്പിളായ കാര്യമാണ്. നമ്മുടെ രക്ഷാകര്‍ത്താക്കള്‍, ഭരണാധികാരികള്‍ ആരും ഇത് ശ്രദ്ധിക്കുന്നില്ല. വ്യായാമത്തിനും ഭക്ഷണ ക്രമീകരണത്തിനുമുള്ള ഒരവസരവും ആരും ഉപയോഗപ്പെടുത്തുന്നില്ലെന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. അത് അജ്ഞതകൊണ്ട് മാത്രമാണ്. ഈ തലത്തിലേക്ക് അറിവ് കൊണ്ടുവരുന്നതിനായി ഐ എം എയുടെ നേതൃത്വത്തില്‍ ഒരു പ്രസ്ഥാനം തുടങ്ങിയിട്ടുണ്ട്. ദേശീയതലത്തില്‍ 26 സംസ്ഥാനങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. ഞാനതിന്റെ നാഷണല്‍ ചെയര്‍മാന്‍ കൂടിയാണ്. ഈ തത്വം ജനങ്ങളിലേക്കെത്തിക്കാന്‍ ഫുഡ് പ്ലേറ്റ് അഡാപ്റ്റ് ചെയ്തുകൊണ്ട് പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും ഉപയോഗം കൂട്ടി അരിയുടെ അമിതമായ ഉപയോഗം കുറച്ച്കൊണ്ട് അന്നജത്തിന്റെ അളവ് ഒരു അന്‍പത് ശതമാനമെങ്കിലും കുറച്ചാല്‍ സ്ത്രീക്കും പുരുഷനും ശുപാര്‍ശ ചെയ്തിരിക്കുന്ന ഉദര ചുറ്റളവ് യഥാക്രമം സ്ത്രീക്ക് 80 സെന്റീമീറ്റര്‍ പുരുഷന് 90 സെന്റീമീറ്റര്‍ എന്ന പരിധിയിലെത്തിച്ചാല്‍ ഗണ്യമായി നമുക്കീരോഗം കുറയ്ക്കാനാകും. അത് പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണം. എന്റെ അഭിപ്രായത്തില്‍ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അമിതോപയോഗം നിയന്ത്രിച്ചുകൊണ്ട് പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള നിയമ നിര്‍മ്മാണം നടത്തണം. അത്രയും പ്രധാനമാണ് അത്. അല്ലെങ്കില്‍ വളരെ ചുരുങ്ങിയ നമ്മുടെ വിഭവ സ്രോതസ്സുകള്‍ പ്രമേഹം പോലുള്ള രോഗങ്ങളും അതിന്റെ സങ്കീര്‍ണതകളും ചികിത്സിക്കുന്തോറും ചെലവഴിച്ച് കൊണ്ടിരിക്കേണ്ടിവരും. അത് അങ്ങേയറ്റത്തെ തെറ്റാണ്. സങ്കീര്‍ണതകള്‍ വരുത്തിവച്ചിട്ട് അവയെ ചികിത്സിക്കാമെന്നുള്ള പൊതുജനാരോഗ്യനയംതന്നെ തെറ്റാണ്.

സാമൂഹികാരോഗ്യത്തെ വലിയൊരളവില്‍ ബാധിക്കുന്ന രോഗമാണല്ലോ പ്രമേഹം. നമ്മുടെ പരമ്പരാഗത ഭക്ഷണ രീതികളും ജീവിതരീതികളും മാറിയതാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമെന്ന് പറയാന്‍ പറ്റുമോ?
യഥാര്‍ത്ഥത്തില്‍ ഞാന്‍ പറയുന്നത് തിരിച്ചാണ്. നമ്മുടെ പാരമ്പര്യാനുസൃതമുള്ള ഭക്ഷണ രീതികള്‍ കാലാനുസൃതമായി പുനര്‍നിര്‍വചിക്കാത്തതിന്റെ പ്രശ്‌നമാണിത്. കാരണം നമ്മള്‍ ഉച്ചക്ക് ചോറ് തിന്നുന്നു. രാത്രിയില്‍ കഞ്ഞികുടിക്കുന്നു. ഇതെല്ലാം മാറ്റേണ്ട സമയം അതിക്രമിച്ചു. നാം അതല്ല ചെയ്യേണ്ടത്. നമുക്ക് കഴിഞ്ഞ അരനൂറ്റാണ്ട് മുന്‍പുണ്ടായിരുന്ന കായികാധ്വാനം വളരെ കുറഞ്ഞു. അന്ന് നമ്മള്‍ നോക്കിയാല്‍ കുടവയര്‍ ഉണ്ടായിരുന്നവര്‍ കുറവായിരുന്നു. ഇന്ന് കുടവയറും അമിതവണ്ണവുമുള്ളവര്‍ കൂടുതലാണ്. അതിന് കാരണം തീര്‍ച്ചയായും കഞ്ഞിയും ചോറുമൊക്കെത്തന്നെയാണ്. അപ്പോള്‍ പരമ്പരാഗത രീതിയായ രാവിലെ പുട്ടും കടലയും അല്ലെങ്കില്‍ ദോശയും ചമ്മന്തിയുമൊക്കെ ചേര്‍ന്ന മൂന്ന് നേരത്തെ അരിഭക്ഷണവും വളരെ കുറഞ്ഞ നിരക്കില്‍ പച്ചക്കറികള്‍ കഴിക്കുകയും ചെയ്യുന്ന രീതി മാറണം. നമ്മള്‍ പഴങ്ങള്‍ കഴിക്കുന്നത് 
തുലോം കുറവാണ്. അതിലും കുറവാണ് നട്ട്‌സ് കണ്‍സംപ്ഷന്‍. ആകെ നമ്മള്‍ ഭക്ഷണമെന്ന് പറയുന്നത് കൊഴുപ്പും വലിയൊരളവില്‍ അന്നജവുമാണ്. അത് നമുക്ക് പുനര്‍നിര്‍ണയിക്കണം വേണം. അതിന് നമുടെ പാരമ്പര്യം ഒരുപരിധിവരെ കാരണമാണ്. വേദങ്ങളിലൊക്കെ പറഞ്ഞിട്ടുള്ളതുപോലെ ഒരുനേരം കഴിക്കുന്നവന്‍ യോഗി, രണ്ട് നേരം കഴിക്കുന്നവന്‍ ഭോഗി, മൂന്ന് നേരം കഴിക്കുന്നവന്‍ രോഗി, നാല് നേരം കഴിക്കുന്നവന്‍ ദ്രോഹി എന്നത് നാം മനസ്സിലാക്കണം. അതുകൊണ്ട് വളരെ മിതമായ ഭക്ഷണം എന്ന രീതിയിലേക്ക് നാം മാറണം.

ഭക്ഷണ നിയന്ത്രണത്തിനും വ്യായാമത്തിനും പ്രാധാന്യം നല്കിക്കൊണ്ടുള്ള ചികിത്സകള്‍ ആയുര്‍വേദത്തിലും നാച്ചുറോപ്പതിയിലുമൊക്കെ പറയുന്നുണ്ട്. അതുമൊക്കെയായി പൊരുത്തപ്പെടാവുന്ന മേഖലകള്‍ ആധുനിക വൈദ്യശാസ്ത്രത്തിലുണ്ടോ?
ഏത് ശാസ്ത്രമേഖലയായാലും ഭക്ഷണക്രമീകരണത്തെയും വ്യായാമത്തെയും പ്രോത്സാഹിപ്പിക്കുന്നത് തീര്‍ച്ചയായും നല്ലതു തന്നെയാണ്. ആധുനിക വൈദ്യത്തിലും ശാസ്ത്രസിദ്ധാന്തങ്ങള്‍ പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുന്നകാലമാണ്. രണ്ട് വര്‍ഷമായി വന്നുകൊണ്ടിരിക്കുന്ന പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണനിയന്ത്രണത്തിനും വ്യായമത്തിനും കൂടുതല്‍ പ്രാധാന്യം നല്കണമെന്നാണ് പറയുന്നത്. 20 കൊല്ലം മുന്‍പ് 25 ദശലക്ഷണം ഡയബറ്റിക് രോഗികളുണ്ടായിരുന്നു എന്നത് ഇപ്പോള്‍ 72 ദശലക്ഷം എന്നായിരിക്കുന്നു. അപ്പോള്‍ ഡയറ്റ് ആന്റ് എക്‌സര്‍സൈസ് എന്ന ഒരുപ്രതിരോധമാര്‍ഗം ഉണ്ട് എന്നുള്ളപ്പോള്‍ അതിന് പ്രത്യേകമായും ഒരു ചെലവും ഇല്ല എന്നുള്ളപ്പോള്‍ അത് ജനങ്ങളിലേക്ക് എത്തിക്കുക എന്നതിന്റെ ചുമതല എല്ലാ ചികിത്സാ ശാസ്ത്രങ്ങള്‍ക്കുമുണ്ട്. അതിന്റെ ഗുണം സമൂഹത്തിനാകെയാണ് കിട്ടുക. 

പഴങ്ങള്‍ കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കില്ല എന്ന് പറയുന്നത് ശരിയാണോ?
പലതരത്തിലുള്ള പഴങ്ങളുണ്ടല്ലോ. അവയില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയതും കുറഞ്ഞവയുമുണ്ട്. അരിയിലും ഗോതമ്പിലുമുള്ള ഗ്ലൂക്കോസിന്റെ അളവുമായി താരതമ്യം ചെയ്യുമ്പോള്‍ പഴങ്ങളില്‍ അത് കുറവാണ്, പക്ഷേ പഴവര്‍ഗ്ഗങ്ങളെല്ലാം ഒരുപോലെയല്ല. ചില പഴങ്ങള്‍ക്ക് ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനുള്ള ശേഷിയുണ്ട്. പഴം, മാമ്പഴം എന്നിവക്ക് പെട്ടെന്ന് ഗ്ലൂക്കോസിന്റെ അളവ് കൂട്ടാന്‍ കഴിയും. അതില്‍ കലോറി കൂടുതലുമാണ്. എന്നാല്‍ പേരയ്ക്ക, സബര്‍ജല്ലി, ആപ്പിള്‍ തുടങ്ങിയവയ്ക്ക് ഗ്ലൈസിവിക്ക് കുറവാണ്. നല്ലപോലെ പഴുക്കാത്ത പഴങ്ങളിലും ഗ്ലൈസിവിക് കുറവായിരിക്കും. ഗ്ലൈസിവിക് കുറഞ്ഞ പഴങ്ങള്‍ കൂടുതലായി കഴിക്കാം. വാഴപ്പഴമൊക്കെ നല്ലതുപോലെ പഴുക്കാതെ കഴിക്കുന്നതാണ് പ്രമേഹരോഗികള്‍ക്ക് നല്ലത്. പഴച്ചാറ് പ്രമേഹരോഗികള്‍ക്ക് ഉത്തമമല്ല. ഡയബറ്റിക് ഇല്ലാത്തവര്‍ക്ക് ലോ കലോറി പഴങ്ങളാണ് നല്ലത്. ഡ്രൈഫ്രൂട്ട് കുറഞ്ഞ അളവിലേ കഴിക്കാവൂ.

നാച്ച്വറോപ്പതി അനുശാസിക്കുന്ന ഭക്ഷണരീതികളുമായി ഡോക്ടര്‍ പറഞ്ഞ മെനു ഒത്തു പോകുന്നുണ്ടോ?
നാച്ച്വറോപ്പതിക്കാരായാലും ആയുര്‍വേദക്കാരായാലും അലോപ്പതിക്കാരായാലും അധുനിക ഡയറ്റ് അനുശാസിക്കുന്ന ഫുഡ് പ്ലെയിറ്റ് അനുസരിച്ച് പ്ലെയിറ്റിന്റെ പകുതി പച്ചക്കറികളും മറുപകുതിയുടെ പകുതി ധാന്യങ്ങളും ബാക്കി പകുതിയില്‍ മാംസ്യവും അടങ്ങുന്ന ഒരു ഭക്ഷണ രീതിയാണ് നാം പിന്‍തുടരേണ്ടത്. അരി ആഹാരങ്ങളായ ചോറ്, ഇഡ്ഡലി, പുട്ട്, ദോശ തുടങ്ങിയവയൊക്കെ കഴിക്കുമ്പോള്‍ അമിത അളവിലുള്ള അന്നജമാണ് ശരീരത്തിലെത്തുന്നത്. രോഗിയായിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ 
ശാരീരികാവസ്ഥ പഠിച്ചതിന് ശേഷമേ ഡയറ്റ് നിര്‍ദ്ദേശിക്കാന്‍ പാടുള്ളു. രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനമുണ്ടാകാം ഇന്‍സുലിന്‍ എടുക്കുന്നയാളോട് ഭക്ഷണം നിയന്ത്രിച്ചുകൊണ്ട് ഇന്‍സുലിന്‍ പൂര്‍ണമായും നിര്‍ത്തിക്കോളൂ എന്നൊക്കെ പറയുന്ന ചികിത്സകള്‍ അപകടകരമാണ്. അതാതുകാലത്ത് അതാത് സ്ഥലത്ത്  കിട്ടുന്ന ഭക്ഷണങ്ങളാണ് നാം കഴിക്കേണ്ടത്.
തീരെ അസ്വാഭാവികമായ കാര്യങ്ങള്‍ അടിച്ചേല്പിക്കാതെ രോഗിക്ക് പൊരുത്തപ്പെട്ടുപോകാന്‍ പറ്റുന്ന ഒരു ചികിത്സപദ്ധതി സ്ഥിരമായി ചെയ്യുക എന്നതാണ് പ്രമേഹചികിത്സയില്‍ പ്രധാനം.

No comments:

Post a Comment